by Midhun HP News | Jun 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിവാഹത്തട്ടിപ്പിൽ അറസ്റ്റിലായ രേഷ്മ, പണമോ സ്വര്‍ണമോ ലക്ഷ്യമിട്ടല്ല തട്ടിപ്പു നടത്തിയിരുന്നതെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. വിവാഹം കഴിച്ചവരില്‍ നിന്ന് ആസൂത്രിതമായി പണം തട്ടാനുള്ള ശ്രമങ്ങളൊന്നും രേഷ്മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. വിവാഹത്തിന് പലരും താലി മാത്രമാണ് കെട്ടിയത്. വിവാഹം കഴിച്ചവരില്‍ നിന്ന് നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് യുവതി വാങ്ങിയിരുന്നത്. ആഭരണങ്ങളെല്ലാം രേഷ്മയുടെ പക്കല്‍ത്തന്നെയുണ്ടായിരുന്നു. കൃത്യമായ ഒരു സമയക്രമം തയ്യാറാക്കി യുവതി ഭര്‍ത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നുവെന്നും പൊലീസ് സൂചിപ്പിക്കുന്നു.
സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് ഒരേസമയം പല വിവാഹജീവിതങ്ങള്‍ രേഷ്മ മുന്നോട്ടുകൊണ്ടുപോയിരുന്നത്. എറണാകുളം ഉദയംപേരൂർ സ്വദേശി രേഷ്മ പത്തുപേരെ വിവാഹം കഴിച്ചതായാണ് പൊലീസ് പറയുന്നത്. ആര്യനാട് സ്വദേശിയായ പഞ്ചായത്ത് അംഗത്തെ വിവാഹം കഴിക്കാനെത്തിയപ്പോഴാണ് രേഷ്മ പിടിയിലായത്. രേഷ്മ താമസിച്ചിരുന്ന വീട്ടിലെ ഗൃഹനാഥയ്ക്ക് തോന്നിയ സംശയമാണ് കള്ളി വെളിച്ചത്താകാൻ കാരണമായത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുകയാണെന്നാണ് രേഷ്മ പൊലീസിനോടു പറഞ്ഞിട്ടുള്ളത്. സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് 2017-19 കാലഘട്ടത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
2014 ൽ എറണാകുളം സ്വദേശിയെയാണ് രേഷ്മ ആദ്യം വിവാഹം ചെയ്തത്. പ്രണയവിവാഹം ആയിരുന്നെങ്കിലും വൈകാതെ ഇയാൾ ഉപേക്ഷിച്ചുപോയി. പിന്നീട് യുവതി പഠനം തുടർന്നു. 2022-ൽ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഇദ്ദേഹം വിദേശത്തേക്കു പോയി. ഇതിനു ശേഷം 2022-ല്‍ ത്തന്നെ വൈക്കം സ്വദേശിയെ വിവാഹം കഴിച്ചു. ട്രെയിനിൽ വെച്ചാണ് രേഷ്മ ഇയാളെ പരിചയപ്പെടുന്നത്. 2023-ൽ പാലക്കാട് സ്വദേശിയുടെ പരിചയക്കാരനായ കൊല്ലം സ്വദേശിയെയും വിവാഹം കഴിച്ചു. വിവാഹത്തിനു മുന്‍പുതന്നെ ഇവര്‍ ഒരുമിച്ചു താമസിച്ചിരുന്നു. ഈ ബന്ധത്തിൽ ഒരു ആണ്‍കുഞ്ഞ് ജനിച്ചു.
വിവാഹം കഴിഞ്ഞ് ഏഴാം മാസം പ്രസവിച്ചതോടെ കൊല്ലം സ്വദേശിയുടെ കുടുംബം പിതൃത്വത്തില്‍ സംശയമാരോപിച്ചു. ഇതേസമയത്ത് വിദേശത്തു നിന്നും പാലക്കാട് സ്വദേശിയായ ഭർത്താവ് തിരികെ നാട്ടിലെത്തി. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഇയാൾ പൊലീസിനെ സമീപിച്ചതോടെ രേഷ്മ പിടിയിലായി. തുടര്‍ന്ന് കോടതി യുവതിയെ മഹിളാമന്ദിരത്തിലാക്കി. ഇവിടെ നിന്നും തിരിച്ചിറങ്ങി അമ്മയ്ക്കും കൊല്ലം സ്വദേശിയായ ഭര്‍ത്താവിനുമൊപ്പം ബിഹാറിലേക്കു പോയി. അവിടെ അധ്യാപികയായി ജോലിചെയ്യുന്നതിനിടെ ഭര്‍ത്താവ് പിണങ്ങിപ്പോയി. ഇതിനു ശേഷം കേരളത്തിൽ തിരിച്ചെത്തിയാണ് അടുത്ത വിവാഹപരമ്പരയ്ക്ക് രേഷ്മ തുടക്കമിട്ടത്.
2024-ല്‍ തിരിച്ച് കേരളത്തിലെത്തിയ ശേഷമാണ് രണ്ടുപേരെ വിവാഹം കഴിക്കുകയും മൂന്നുപേരെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. യുഎസില്‍ നഴ്സായ തൊടുപുഴ സ്വദേശിയെ 2025 ഫെബ്രുവരി 19-നും വാളകം സ്വദേശിയെ മാര്‍ച്ച് ഒന്നിനും വിവാഹം കഴിച്ചു. കോട്ടയം സ്വദേശിയെയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അങ്കമാലി സ്വദേശി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികളും രേഷ്മയുടെ വിവാഹതട്ടിപ്പിന് ഇരയായിരുന്നു. വിവാഹ ശേഷം കൂടുതൽ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിയോടൊപ്പമാണ്. പിടിയിലാകുമ്പോൾ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവർക്കും വിവാഹവാഗ്ദാനം നൽകിയിരുന്നു. വിവാഹങ്ങള്‍ നടത്തിയത് പണത്തിനു വേണ്ടിയല്ലെന്നും സ്‌നേഹത്തിനുവേണ്ടിയാണെന്നുമായിരുന്നു രേഷ്മ പൊലീസിന് മൊഴി നൽകിയിരുന്നത്.
by Midhun HP News | Jun 11, 2025 | Latest News, കായികം, ജില്ലാ വാർത്ത
ലോര്‍ഡ്‌സ്: ലോകടെസ്റ്റ് ചാംച്യന്‍ഷിപ്പ് കിരീടത്തിനായുള്ള കലാശപ്പോരില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്ന് നേക്ക് നേര്‍. ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ ഇന്ത്യന്‍ സമയം പകല്‍ മൂന്നിനാണ് കളി. ടെസ്റ്റിലെ നിലവിലെ ചാംപ്യന്‍മാരാണ്ഓസ്‌ട്രേലിയ. ബൗളിങ്നിരയുടെ കരുത്തിലാണ് ഇക്കുറി ഓസീസ് എത്തുന്നത്.
ഇന്ത്യയുമായുള്ള കഴിഞ്ഞ ടെസ്റ്റ് ഫൈനലില്‍ കളിച്ച പതിനൊന്നില്‍ പത്തുപേരും ടീമിലുണ്ട്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് വിരമിച്ചത്. ബാറ്റര്‍മാരില്‍ സ്റ്റീവന്‍ സ്മിത്താണ് ശ്രദ്ധേയതാരം. സ്മിത്ത് അവസാന അഞ്ച് ടെസ്റ്റില്‍ നാലിലും സെഞ്ച്വറി നേടിയിരുന്നു. ബൗളര്‍മാരില്‍ ഹാസെല്‍വുഡിന്റെ തിരിച്ചുവരവ് ഓസീസിന്റെ കരുത്തുകൂട്ടും. ഉസ്മാന്‍ ഖവാജ, ലാംബുഷെയ്ന്‍, കാമറൂണ്‍ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ്ഹെഡ്, ബ്യൂവെബ്സറ്റര്‍, അലെക്സ് കാരി, പാറ്റ്കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്, നതാന്‍ ല്യോണ്‍, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് ടീമിലുള്ളത്.
ടെംബ ബവുമ നയിക്കുന്ന ദക്ഷിണാഫ്രിക്ക പരിചയസമ്പത്തില്‍ ഏറെ പിന്നിലാണ്. ആദ്യ ഫൈനലിന് ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച യുവനിരയുണ്ട്. പേസ് ബൗളിങ്ങാണ് ശക്തി. കഗീസോ റബാദ ബൗളിങ് നിരയെ നയിക്കുന്നു. ബാറ്റിലും മിന്നുന്ന മാര്‍കോ ജാന്‍സെനാണ് പേസ് നിരയില്‍ റബാദയ്-ക്ക് കൂട്ട്. ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റയാന്‍ റിക്കെല്‍ട്ടണാണ് ബാറ്റിംഗ് ഓര്‍ഡറില്‍ ഒന്നാം സ്ഥാനത്ത്. എയ്ഡന്‍ മാര്‍ക്രം അദ്ദേഹത്തിന് പിന്തുണ നല്‍കും. വിയാന്‍ മള്‍ഡര്‍ മൂന്നാമതായി ഇറങ്ങുമ്പോള്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ടെംബ ബാവുമ എന്നിവര്‍ പിന്നാലെയെത്തും. ഡേവിഡ് ബെഡിങ്ഹാം ആറാം സ്ഥാനത്ത് ഇറങ്ങും.
ദക്ഷിണാഫ്രിക്കന്‍ ടീം: എയ്ഡന്‍ മാര്‍ക്രം,റ്യാന്റിക്കില്‍ട്ടണ്‍, വിയാന്‍മുല്‍ദര്‍, ടെംബബവുമ, ട്രിസ്റ്റണ്‍ സ്റ്റബ്സ്, ഡേവിഡ് ബെഡിങ്ഹാം, കൈല്‍വെരിയെന്ന, മാര്‍കോ ജാന്‍സണ്‍, കേശവ് മഹാരാജ്, കഗീസോ റബാദ, ലുന്‍ഗി എഗിഡി.
by Midhun HP News | Jun 11, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ മൂന്ന് മുക്കിൽ പ്രവർത്തിച്ചിരുന്ന ഷീജ ഹോട്ടലിന്റെ ഉടമ ആറ്റിങ്ങൽ പി.ആർ.എ 26 ൽ കെ. സുകുമാരൻ (84) അന്തരിച്ചു.
by Midhun HP News | Jun 11, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ബി.എസ്.എൽ ലെയിനിൽ റ്റി.ബി ജംഗ്ഷൻ അഞ്ജലിയിൽ എസ്. കമലാസനൻ (76) (റിട്ടയേർഡ് അധ്യാപകൻ, ഗവ: എച്ച്.എസ് അവനവഞ്ചേരി) അന്തരിച്ചു.
ഭാര്യ: ശാന്ത കുമാരി എസ്.
മക്കൾ: ജോഷി എസ്.കെ (ആംമ്ഡ് പോലീസ് എസ്.ഐ ), ജിബു എസ്.കെ.(യു.എ.ഇ).
മരുമക്കൾ: അശ്വതി എം.എസ്, സബിത കെ.
by Midhun HP News | Jun 11, 2025 | Latest News, ജില്ലാ വാർത്ത
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിസന്ധികളിലൂടെ കടന്നു പോവുകയായിരുന്നു നടി അഹാന കൃഷ്ണയും കുടുംബവും. വിഷമഘട്ടങ്ങൾ തരണം ചെയ്തതിന് പിന്നാലെ തങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുകയാണ് അഹാനയും ദിയയും. കഴിഞ്ഞ മൂന്നുനാലു ദിവസങ്ങൾ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളായിരുന്നു.
എന്നാൽ ആ ഇരുട്ട് അനുഭവപ്പെടാതെ ജീവിതം തെളിച്ചമുള്ളതാക്കിയത് കേരളത്തിലെ ജനങ്ങളായിരുന്നു എന്നാണ് അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. തനിക്കും കുഞ്ഞിനും കുടുംബത്തിലെ മറ്റെല്ലാവർക്കും കഠിനമായിരുന്നു ദിവസങ്ങൾ കേരളത്തിലെ ജനങ്ങളുടെ നിരുപാധിക പിന്തുണ കൊണ്ടാണ് മറികടക്കാൻ കഴിഞ്ഞതെന്ന് ദിയ കൃഷ്ണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അഹാന കൃഷ്ണയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്:
‘‘കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങൾക്കിടയിലും ഒരു നിമിഷം എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ 3, 4 ദിവസങ്ങൾ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങളായിരുന്നു. പക്ഷേ നിങ്ങൾ ഓരോരുത്തരും എന്നിലും എന്റെ കുടുംബത്തിലും അർപ്പിച്ച വിശ്വാസവും ഉപാധികളില്ലാത്ത സ്നേഹവും കാരണം ഞങ്ങൾ ആ ഇരുട്ട് അറിഞ്ഞതേയില്ല.
നിങ്ങളുടെ സ്നേഹത്തിന്റെ വെളിച്ചം വളരെ തിളക്കമുള്ളതായിരുന്നു, അത് ഞങ്ങൾക്ക് സുരക്ഷിതത്വവും സ്നേഹവും സംരക്ഷണവും തന്നു ! മനുഷ്യത്വത്തിലും സത്യത്തിന്റെ അപാരമായ ശക്തിയിലും ഞങ്ങളുടെ വിശ്വാസം പുനഃസ്ഥാപിച്ചതിന് കേരളത്തിലെ എല്ലാർക്കും നന്ദി. കേസിനെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ നിയമപരമായി മുന്നോട്ട് പോവുകയാണ്. നിങ്ങളിൽ പലരും ആഗ്രഹിക്കുന്നതുപോലെ ഈ കേസിന്റെ സ്വാഭാവിക നടപടികളും പരിണിതഫലവും ഞങ്ങളും കാത്തിരിക്കുകയാണ്. നമ്മുടെ നിയമവ്യവസ്ഥയിലും നീതി നടപ്പാക്കപ്പെടുമെന്ന വസ്തുതയിലും ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ഒരിക്കൽ കൂടി നിങ്ങൾ ഓരോരുത്തർക്കും നന്ദി.’’
ദിയ കൃഷ്ണയുടെ വാക്കുകൾ:
‘‘കഴിഞ്ഞ കുറച്ച് ദിവസങ്ങൾ എനിക്കും എന്റെ കുഞ്ഞിനും എന്റെ കുടുംബത്തിനും വളരെയധികം കഠിനമായിരുന്നു. ഈ വിഷമഘട്ടത്തിൽ എന്നെയും എന്റെ കുടുംബത്തെയും പിന്തുണച്ച മാധ്യമങ്ങൾക്കും, ഫോളോവേഴ്സിനും മറ്റുള്ള എല്ലാവർക്കും നന്ദി പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുകയാണ്. ഈ ദിവസങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല. ഇത് എന്നെ ഹൃദയം കൊണ്ടും മനസ്സുകൊണ്ടും കൂടുതൽ ശക്തയാക്കി.
കുറ്റകൃത്യങ്ങൾക്കെതിരെ നമ്മൾ കേരളീയർ എത്രത്തോളം ഒറ്റക്കെട്ടാണെന്നും നിങ്ങൾ എനിക്ക് മനസ്സിലാക്കി തന്നു. എനിക്കും എന്റെ കുടുംബത്തിനും നിങ്ങൾ നൽകിയ വലിയ സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി.”
‘ആരൊക്കെ വന്നാലും എന്തൊക്കെ കാണിച്ചാലും ബാല്ലയ്യയുടെ തട്ട് താണ് തന്നെ ഇരിക്കും’! വീണ്ടും ട്രോളുകളിൽ നിറഞ്ഞ് നന്ദമൂരി ബാലകൃഷ്ണ
ദിയ കൃഷ്ണയുടെ ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തിലെ ജീവനക്കാരായ മൂന്ന് പെണ്‍കുട്ടികള്‍ വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ദിയയുടെ പരാതി. ഇതിന് പിന്നാലെ കൃഷ്ണകുമാർ തങ്ങളെ തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പെൺകുട്ടികളും രംഗത്തെത്തിയിരുന്നു.’അവിടെയാണ് അവർ സ്വന്തം കുഴിമാടം കുഴിച്ചത്, തട്ടിപ്പുകാർക്ക് ഇതൊരു ശക്തമായ താക്കീതാണ്’; അഹാന കൃഷ്ണ
രണ്ട് പരാതികളിലും പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന കേസിൽ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.
by Midhun HP News | Jun 11, 2025 | Latest News, ജില്ലാ വാർത്ത, മരണം
സി പി ഐ മുൻ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗവും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാനുമായിരുന്ന കെ.തമ്പി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കേ മരണപ്പെട്ടു. പാർട്ടി ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി അംഗമായും, കർഷക തൊഴിലാളി ബി കെ എം യു ജില്ലാ നേതാവായും, ജില്ലാ സഹകരണ ബാങ്ക് ഡയക്ടർ ബോർഡ് അംഗമായും, കിളിമാനൂർ കാർഷിക ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
Recent Comments