by Midhun HP News | Jun 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആകാശവാണിയുടെയും ദൂരദര്‍ശന്റെയും അഡീഷണല്‍ ഡയറക്ടര്‍ ജനറലായി രാജു വര്‍ഗീസിനെ നിയമിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ എന്നിവ ഉള്‍പ്പെടുന്ന വെസ്റ്റ് സോണിന്റെ ചുമതല അദ്ദേഹം വഹിക്കും.ആകാശവാണിയുടെയും ദൂരദര്‍ശന്റെയും ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായി കേരളത്തിന്റെ ചുമതല വഹിക്കെയാണ് നിയമനം.
1989 ബാച്ച് ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് സര്‍വീസിലെ ഉദ്യോഗസ്ഥനാണ് രാജു. അച്ച സെനു തോമസാണ് ഭാര്യ. തിരുവല്ല താലൂക്കില്‍, മുണ്ടിയപ്പള്ളിയില്‍, അങ്ങില്‍ത്താഴെ കുടുബാംഗമാണ്.
by Midhun HP News | Jun 10, 2025 | Latest News, ജില്ലാ വാർത്ത
നാവായിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ സുൽജിത്ത് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർമ്മാണവും നിർവഹിച്ച് കുട്ടികൾക്ക് വേണ്ടി ഒരുക്കിയ ഹ്രസ്വ ചിത്രമാണ് ‘വെളിച്ചത്തിലേക്ക്’.
സ്കൂളിലെ കുട്ടികളും അധ്യാപകരും തന്നെയാണ് അഭിനേതാക്കൾ ആയിരിക്കുന്നത്. സ്കൂളിലും പരിസരപ്രദേശങ്ങളിലും ആയിരുന്നു ഷൂട്ടിംഗ്. 2024 മെയ് 10ന് ഹെഡ്മിസ്ട്രസ് സിനി എം ഹല്ലാജും പിടിഎ പ്രസിഡന്റ് ഹാരിസും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. തുടർന്നു സിനിമയുടെ പോസ്റ്റർ പ്രകാശനം സ്കൂൾ അസംബ്ലിയിൽ നടന്നു. 24/7/2024 ൽ സിനിമയുടെ ട്രെയിലർ റിലീസിംഗ് യൂട്യൂബിൽ 12,000 ആൾക്കാർ കണ്ടു. 7/8/2024ൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി സിനിമയുടെ സിഡി റിലീസിംഗ് കർമ്മം നിർവഹിച്ചു.
എംഎൽഎ വി.ജോയ്, എംപി അടൂർ പ്രകാശ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരുടെ ആശംസാ ബൈറ്റു കൾ ലഭിച്ച ചിത്രം 11/8/2024ൽ ആറ്റിങ്ങൽ ഡ്രീംസ് തിയേറ്ററിൽ ഹൗസ് ഫുൾ ആയ രണ്ട് ഷോയോട് കൂടി പ്രദർശിപ്പിച്ചു. വിവിധ ഫിലിം ഫെസ്റ്റിവലികളിൽ നിന്നായി 13 അവാർഡുകൾ ഇതു വരെ കരസ്ഥമാക്കി.
വിഷൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡ്, മീഡിയ സിറ്റി ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡ്, എ ടി ഉമ്മർ ഷോർട്ട് ഫിലിം അവാർഡ്, പുലരി ടിവി അവാർഡ്, തെക്കൻ മീഡിയ സ്റ്റാർ ഫിലിം അവാർഡ്, ആൾ കേരള സിനിമ സീരിയൽ അസോസിയേഷൻ ഫിലിം ഫെസ്റ്റിവൽ അവാർഡ്, എൽ കെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ്, ഷോർട്ട് കട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് പ്രേംനസീർ സുഹൃത്ത് സമിതി പുരസ്കാരം എന്നിവയിൽ നിന്നായി മികച്ച സംവിധായകനുള്ള അവാർഡുകൾ, മികച്ച ക്യാമറാമാൻ ഉള്ള അവാർഡ്, മികച്ച ബാലനടിക്കുള്ള അവാർഡ്, മികച്ച നടിക്കുള്ള അവാർഡ്, മികച്ച സ്കൂൾ ഷോർട്ട് ഫിലിമിനുള്ള അവാർഡുകൾ, മികച്ച സഹനടനുള്ള അവാർഡ്, മികച്ച നടനുള്ള അവാർഡ് എന്നിങ്ങനെ 13 അവാർഡുകൾ കരസ്ഥമാക്കി.
വിവിധ സ്ഥലങ്ങളിൽ സിനിമയുടെ പ്രദർശനം പുരോഗമിക്കുന്നു. സമകാലിക സമൂഹത്തിൽ കുട്ടികൾ അനുഭവിക്കുന്ന സങ്കീർണമായ ജീവിതപ്രശ്നങ്ങളും അവർക്ക് കൈത്താങ്ങായി ഒരു അധ്യാപകൻ നടത്തുന്ന മാതൃകാപരമായ ഇടപെടലുമാണ് ചിത്രം അനാവരണം ചെയ്യുന്നത്. സമകാലിക സാമൂഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സിനിമ വിജയിച്ചിരിക്കുന്നു. യൂട്യൂബിൽ ചുരുങ്ങിയ ദിവസം കൊണ്ട് പന്ത്രണ്ടായിരം പേര് സിനിമ കണ്ടു.
by Midhun HP News | Jun 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിന്റെ പുറംകടലില്‍ ചരക്ക് കപ്പലിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇവരുടെ ശ്വാസകോശത്തിനടക്കം സാരമായി പൊള്ളലേറ്റിട്ടുണ്ട്. മംഗളൂരു എസ്‌ജെ ആശുപത്രിയില്‍ ചികിത്സയിലുള്ള ലൂ എന്‍ലി(ചൈന), സോണിറ്റൂര്‍ എസൈനി(തായ്വാന്‍) എന്നിവരാണ് അത്യാസന്ന നിലയില്‍ കഴിയുന്നത്. അതേസമയം കപ്പലപകടത്തില്‍ കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കപ്പലിലുണ്ടായ തീപിടിത്തം നിയന്ത്രിക്കാനായി കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളാണ് ബേപ്പൂരില്‍ നിന്ന് 88 നോട്ടിക്കല്‍ മൈല്‍ മാറി നിലയുറപ്പിച്ചിരിക്കുന്നത്. കൊളംബോയില്‍ നിന്ന് നവി മുംബൈയിലേക്ക് പോയ ചരക്കുകപ്പലാണ് ഇന്നലെ കത്തിയത്. കപ്പലിലെ തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. കപ്പലില്‍ ഇടയ്ക്കിടെ പൊട്ടിത്തെറി ഉണ്ടാവുന്നതായാണ് വിവരം.
സിംഗപ്പൂര്‍ കപ്പലിലെ 154 കണ്ടെയ്നറുകളില്‍ ആസിഡുകളും ഗണ്‍പൌഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് പുറത്ത് വരുന്ന വിവരം. തീ പിടിക്കുന്നതും വിഷാംശമുള്ളതുമായ വസ്തുക്കളാണ് കപ്പലിലെ കണ്ടെയ്നറുകളിലുള്ളത്. കപ്പല്‍ മുങ്ങിയാല്‍ എണ്ണ ചോരാനും കടലില്‍ വിഷാംശമുള്ള രാസവസ്തുക്കള്‍ കലരാനും സാധ്യതയേറെയാണ്.
കൊളംബോയില്‍ നിന്നു മുംബൈയിലേക്കുള്ള യാത്രാ മധ്യേ കേരളാ തീരത്ത് നിന്ന് 78 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് വാന്‍ഹായ് 503( MV WAN HAI 1503 ) എന്ന ചരക്കു കപ്പലില്‍ അഗ്‌നി ബാധ ഉണ്ടായത്.അപകടത്തില്‍നിന്ന് രക്ഷപ്പെട്ട 18 പേരെ ചികിത്സക്കായി മംഗളൂരുവിലാണ് എത്തിച്ചത്.ഗുരുതരമായി പരിക്കേറ്റ ആറ് പേരെ മംഗളൂരു എ ജെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.ഇതില്‍ രണ്ടു പേരുടെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്. ഐഎന്‍എസ് വിക്രാന്തില്‍ മംഗളൂരു പോര്‍ട്ടില്‍ എത്തിച്ച ജീവനക്കാരെ പ്രത്യേക ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
by Midhun HP News | Jun 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രണ്ടാം അലോട്ട്‌മെന്റ് അനുസരിച്ച് സംസ്ഥാനത്ത് ഇന്ന് രാവിലെ പത്തുമണി മുതല്‍ പ്ലസ് വണ്‍ പ്രവേശനം നേടാം. ഇന്നലെയാണ് രണ്ടാമത്തെ അലോട്ട്മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണി വരെ സ്‌കൂളുകളില്‍ പ്രവേശനം നേടാവുന്നതാണ്.
അലോട്ട്മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റായ www.hscap.kerala.gov.in ലെ candidate login- sws ലെ സെക്കന്‍ഡ് അലോട്ട് റിസള്‍ട്ട് എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ സെക്കന്‍ഡ് അലോട്ട് റിസള്‍ട്ട്സ് എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററില്‍ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാകണം. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കുന്നതാണ്. ഒന്നാം അലോട്ട്മെന്റില്‍ താല്‍ക്കാലിക പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഈ അലോട്ട്മെന്റില്‍ ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ അലോട്ട്മെന്റ് ലെറ്റര്‍ ആവശ്യമില്ല.
മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലെറ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടക്കേണ്ടതുള്ളൂ. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളുകളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്.
by Midhun HP News | Jun 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഹൈസ്‌കൂളുകളിലെ പ്രവൃത്തിസമയം അരമണിക്കൂര്‍ കൂട്ടിയത് അടുത്തയാഴ്ചമുതല്‍ നടപ്പില്‍ വരും. രാവിലെയും വൈകിട്ടും 15 മിനിറ്റ് വര്‍ധിപ്പിക്കാനാണ് തീരുമാനം. ടൈംടേബിള്‍ പുനഃക്രമീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
പിഎം ശ്രീ നടപ്പാക്കാത്തതിനാല്‍ എസ്എ ഫണ്ട് തടഞ്ഞതുമായി ബന്ധപ്പെട്ട് വീണ്ടും കേന്ദ്രമന്ത്രിയെ കാണുന്നത് ആലോചിക്കുന്നുണ്ട്. ഇക്കൊല്ലത്തെ പ്രവേശനോത്സവത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. കരട് അന്തിമമാക്കുന്നതിന് വിവിധ മേഖലകളിലുള്ളവരുമായി ഈ മാസം 21-ന് ചര്‍ച്ച നടത്തും. പോക്‌സോ കേസെടുത്തതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാത്ത ഡിഡിഇമാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന സിലബസില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍-എയ്ഡഡ് (അംഗീകൃതം) സ്‌കൂളുകളിലെ 2025-26 അധ്യയന വര്‍ഷത്തിലെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനപ്പെടുത്തിയുളള കുട്ടികളുടെ കണക്കെടുപ്പ് ഇന്ന് നടക്കും. വൈകിട്ട് 5 മണി വരെ കുട്ടികളുടെ എണ്ണം ശേഖരിക്കും. അതിനുശേഷം ഉണ്ടാകുന്ന കണക്കുകള്‍ നിര്‍ണയത്തിന് അനുവാദിക്കില്ലയെന്നും കണക്കെടുപ്പില്‍ എന്തെങ്കിലും അപാകത സംഭവിച്ചാല്‍ ഉത്തരവാദിത്വം പ്രധാനാധ്യാപകനായിരിക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. തിരിച്ചറിയല്‍ രേഖ ഉള്ള കുട്ടികളുടെ അടിസ്ഥാനത്തിലാവും തസ്തിക നിര്‍ണയം. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും പ്രവേശനം നിഷേധിക്കരുത്. ആധാര്‍ ലഭിക്കാത്ത ഒരു സാഹചര്യവും സംസ്ഥാനത്തില്ലെന്നും മന്ത്രി പറഞ്ഞു.
by Midhun HP News | Jun 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബാലാവകാശ മേഖലയില്‍ ശ്രദ്ധേയ ഇടപെടലുകള്‍ക്കായി നല്‍കുന്ന ആദ്യ ‘സൗരക്ഷിക പഞ്ചമി പുരസ്‌കാരം’ ജന്മഭൂമി ലേഖകന്‍ അനീഷ് അയിലത്തിന് . 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ജൂണ്‍ 16 തിങ്കളാഴ്ച വൈകിട്ട് 4.30ന് തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
കേരളത്തിലെ ആദ്യ ബാലാവകാശ സമരമായി ചരിത്രത്തില്‍ രേഖപെടുത്തുന്ന മാഹാത്മ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ 1914 ജൂണ്‍ 16-ന് തിരുവനന്തപുരത്തെ ഊരൂട്ടമ്പലം ഗവ. എല്‍.പി. സ്‌കൂളില്‍ നടന്ന പ്രതിഷേധം ഓര്‍ക്കപ്പെടുന്ന ദിനത്തിലാണ് ‘സൗരക്ഷിക’ ഈ പുരസ്‌കാരം നല്‍കുന്നത്. ബാലഗോകുലത്തിന കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ‘സൗരക്ഷിക’ ഈ ദിവസം ബാലാവകാശ ദിനമായി ആചരിക്കുന്നു.
പ്രൊഫ. എ.എം. ഉണ്ണികൃഷ്ണന്‍, പി. ശ്രീകുമാര്‍, മനേഷ് ശ്രീകാര്യം, അഡ്വ. എം. ശശിശങ്കര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസക്കാരം നിര്‍ണ്ണയിവുതിയച്ചത്. സാമൂഹിക പ്രതിബദ്ധതയോടെയും കുട്ടികളുടെ അവകാശ സംരക്ഷണത്തിനായും അനീഷ് എഴുതിയ നിരവധി ശ്രദ്ധേയ റിപ്പോര്‍ട്ടുകള്‍ പുരസ്‌കാരത്തിന് വഴിയൊരുക്കിയതായി സമിതി അഭിപ്രായപ്പെട്ടു.
Recent Comments