സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെയുള്ള 52 ദിവസം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ട്രോളിങ് നിരോധന സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിങ്ങിനുമായി 9 തീരദേശ ജില്ലകളിലായി 19 സ്വകാര്യ ബോട്ടുകള്‍ വാടകയ്ക്ക് എടുക്കും. കൂടാതെ വിഴിഞ്ഞം വൈപ്പിന്‍ ബേപ്പൂര്‍ എന്നീ ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് മൂന്ന് മറൈന്‍ ആംബുലന്‍സുകളും പ്രവര്‍ത്തിക്കും. കഴിഞ്ഞവര്‍ഷം നിരോധനം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ കൂടുതല്‍ കാര്യക്ഷമമായി ഈ വര്‍ഷവും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അധിക തസ്തികകള്‍ അനുവദിച്ച് മന്ത്രിസഭായോഗം. 2024-2025 അധ്യയന വര്‍ഷത്തില്‍ നടത്തിയ തസ്തിക നിര്‍ണ്ണയ പ്രകാരം, സര്‍ക്കാര്‍ മേഖലയിലെ 552 സ്‌കൂളുകളില്‍ 915 അധിക തസ്തികകള്‍ അനുവദിച്ചു. 658 എയ്ഡഡ് സ്‌കൂളുകളില്‍ 1304 അധിക തസ്തികകളും അനുവദിച്ചു. ആകെ 1210 സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകളാണ് അനുവദിച്ചത്.

1.10.2024 തീയതി പ്രാബല്യത്തില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായാണിത്. മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധിക തസ്തികകളില്‍ തസ്തികനഷ്ടം സംഭവിച്ച ജീവനക്കാരെ ക്രമീകരിച്ചതിനു ശേഷം മാത്രമേ പുതിയ നിയമനം നടത്താന്‍ പാടുള്ളൂ. എയ്ഡഡ് സ്‌കൂളുകളിലെ അധികതസ്തികകളില്‍, കെ.ഇ.ആര്‍ അധ്യായം തതക ചട്ടം 7(2) അനുസരിച്ച് മാത്രമേ നിയമനം നടത്താന്‍ പാടുള്ളൂ. തസ്തിക നഷ്ടം സംഭവിച്ച സ്‌കൂളുകളില്‍ ഈ തസ്തികയില്‍ ആരും തുടരുകയോ ശമ്പളം കൈപ്പറ്റുകയോ ചെയ്യുന്നില്ലെന്ന് വിദ്യാഭ്യാസ ഓഫീസര്‍ /ട്രഷറി/സ്പാര്‍ക്ക് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തേണ്ടതാണ്.

മറ്റ് തീരുമാനങ്ങള്‍

നവകേരള സദസ്സ് നിര്‍‍ദേശങ്ങള്‍ നടപ്പാക്കാന്‍ 982 കോടി രൂപയുടെ പദ്ധതികള്‍

നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. ആ സംവാദത്തില്‍ ഉരുത്തിരി‍ഞ്ഞ നിര്‍ദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്.

നവകേരളസദസ്സിൽ വിവിധ വിഭാഗം ജനങ്ങൾ ആവശ്യപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും നിർദ്ദേശങ്ങൾക്കും മുൻഗണന അനുസരിച്ച് അനുമതി നൽകുന്നതിനും സാങ്കേതികമോ മറ്റ് കാരണങ്ങളോ മൂലം നിലവിലെ പദ്ധതികൾക്ക് പകരം പുതിയ/അധിക പദ്ധതികൾ അംഗീകരിക്കുവാൻ ഉള്ള അനുമതി നൽകുവാനും ചീഫ് സെക്രട്ടറി, സെക്രട്ടറി (PIE&MD), ബന്ധപ്പെട്ട ജില്ലാ കളക്ടർ എന്നിവരടങ്ങുന്ന കമ്മിറ്റിയെ അധികാരപ്പെടുത്തി. ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴ് കോടി രൂപ വീതമാണ് അനുവദിക്കുക. മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകും.

നിയമനം

35-ാമത് ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് റഗ്‌ബിയിൽ വെങ്കലമെഡൽ നേടിയ ഹരിശ്രീ എം. ന് കായിക യുവജനകാര്യ വകുപ്പിൽ ക്ലാർക്കിൻ്റെ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകും.

ഹോംകോയിൽ ERP Software പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് താല്ക്കാലികമായി തസ്തിക സൃഷ്ടിച്ച് 2 ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും.

ശുപാര്‍ശകള്‍ അംഗീരിച്ചു

പൊലീസ് വകുപ്പിലെ പര്‍ച്ചേസ് സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീരിച്ചു.

ടെണ്ടര്‍ അംഗീകരിച്ചു

തിരുവനന്തപുരം ജില്ലയിലെ “Attingal – Improvements to Manamboor NH -Kavalayoor – Kulamuttom road with BM & BC 0/000 to 4/800 and 0/000 to 1/400 എന്ന പ്രവ‍ൃത്തിക്കുള്ള 4,14,94,245 രൂപയുടെ ടെണ്ടർ അം​ഗീകരിച്ചു.

പത്തനംതിട്ട ജില്ലയിലെ മണിമലയാറിന് കുറുകെയുള്ള പാറക്കടവ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് 11,19,86,861 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

തുടര്‍ച്ചാനുമതി

തിരുവനന്തപുരം, കൊല്ലം, അമ്പലപ്പുഴ, കോട്ടയം, നെടുങ്കണ്ടം, കൊച്ചി, കണയന്നൂർ, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, തലശ്ശേരി എന്നീ 11 സ്പെഷ്യൽ റവന്യൂ റിക്കവറി ഓഫീസുകളിലെ 221 താല്കാലിക തസ്തികകളും, നെടുമങ്ങാട്, നെയ്യാറ്റിൻ കര, പത്തനംതിട്ട, പാല, അമ്പലവയൽ, വടകര, കാസർഗോഡ്, ആലുവ എന്നീ 8 തഹസിൽദാർ റവന്യൂ റിക്കവറി ഓഫീസുകളിലെ 167 താല്കാലിക തസ്തികകളും; ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ റിസർച്ച് & ഡവലപ്മെന്റ്റ് വിഭാഗത്തിലെ 5 താല്ക്കാലിക തസ്തികകളും നൈറ്റ് വാച്ച്‌മാൻ 4 താല്ക്കാലിക തസ്തികകളും ഉൾപ്പെടെ 397 താല്കാലിക തസ്തികകൾക്ക് 01.04.2025 മുതൽ 31.03.2026 വരെ ഒരു വർഷത്തേയ്ക്ക് തുടർച്ചാനുമതി നൽകും.

ലാൻഡ് റവന്യൂ വകുപ്പിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചു വരുന്ന എല്ലാ ജില്ലാ കളക്ടറേറ്റുകളിലെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, ബിൽഡിംഗ് ടാക്സ് യൂണിറ്റുകൾ, റവന്യൂ റിക്കവറി യൂണിറ്റുകൾ എന്നിവയിലെ 197 താല്കാലിക തസ്തികകളും ആലപ്പുഴ, കാസർഗോഡ്, കണ്ണൂർ എന്നീ ജില്ലാ കളക്ടറേറ്റുകളിലെ ലാൻഡ് അക്വിസിഷൻ യൂണിറ്റുകളിലെ 20 താല്ക്കാലിക തസ്തികകളും ഉൾപ്പെടെ 217 താല്‍ക്കാലിക തസ്തികകൾക്ക് 01.04.2025 മുതൽ 31.03.2026 വരെ തുടർച്ചാനുമതി നൽകും. മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകും.

സാധൂകരിച്ചു

ക്ഷീര വികസന വകുപ്പിന് കീഴിലുള്ള വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമിലെ 14 സീനിയര്‍‌ കാഷ്വല്‍ തൊഴിലാളികളെ പുനരധിവാസത്തിനായി സ്ഥിരപ്പെടുത്തിയ നടപടി സാധൂകരിച്ചു.

യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യും

വിഴിഞ്ഞം ഹാർബർ ഏരിയ ഗവ.എൽ.പി.സ്കൂൾ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യും. തീരദേശത്തെ കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്നതിൻ്റെ അടിസ്ഥാനത്തിലും വിദ്യാലയത്തിന് 5 കിലോമീറ്റർ ചുറ്റളവിൽ തുടർപഠനത്തിനായി മറ്റുവിദ്യാലയങ്ങൾ നിലവിലില്ല എന്ന വസ്തുത പരിഗണിച്ചും അധ്യാപക/അനധ്യാപക ജീവനക്കാരുടെ ആവശ്യകത പുനർവിന്യാസം വഴി നിറവേറ്റണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണിത്.

തസ്തിക പരിവര്‍ത്തനം

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ നിലവിലുള്ള 21 ഡഫേദാര്‍ തസ്തികകള്‍ ഓഫീസ് അറ്റന്‍ഡന്‍റ് തസ്തികകളാക്കി പരിവര്‍ത്തനം ചെയ്യും. നിലവില്‍ ഡഫേദാര്‍ തസ്തികയില്‍ സേവനം അനുഷ്ഠിക്കുന്ന 8 പേര്‍ക്ക് ശമ്പളം സംരക്ഷിച്ചു നല്‍കും.

വിരമിക്കല്‍ പ്രായം ഉയര്‍ത്തി

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സ്വയംഭരണ ഗ്രാന്റ്-ഇൻ-എയ്‌ഡ് സ്ഥാപനമായ സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ മെന്റ്ലി ചലഞ്ച്‌ഡ് (എസ്.ഐ.എം.സി) സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്ന ഇ.പി.എഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുളള സ്ഥിരം ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 വയസ്സിൽ നിന്നും 58 വയസ്സായി ഉയർത്തും.

സി കണ്ണന്‍ സ്മാരക പ്രതിമ

കണ്ണൂര്‍ ജില്ലയില്‍ കാനത്തൂറില്‍ ഫയര്‍ ആന്‍റ് റസ്ക്യു വകുപ്പിന്‍റെ കൈവശമുള്ള 3 സെന്‍റ് അന്തരിച്ച സി കണ്ണന്‍റെ സ്മരണാര്‍ഥം പ്രതിമ സ്ഥാപിക്കുന്നതിന് കണ്ണൂര്‍ ബീഡി തൊഴിലാളി യൂണിയന് പാട്ടത്തുക ഇളവ് ചെയ്ത് 10 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിക്കും.

പുനര്‍നിയമനം

വനിത വികസന കോര്‍പ്പറേഷനില്‍ മാനേജിങ്ങ് ഡയറക്ടറായ വി സി ബിന്ദുവിന് പുനര്‍നിയമനം നല്‍കും.

ഹൈക്കോടതി ഗവ.പ്ലീഡറായ അഡ്വ. എം രാജീവിന് പുനര്‍നിയമനം നല്‍കും.

വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി

ഹൈക്കോടതിയിലെ കണ്ടം ചെയ്ത 14 വാഹനങ്ങൾക്ക് പകരമായി 5 പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകി.

12 കോടിയുടെ രണ്ടും മൂന്നും സമ്മാനം ആറ്റിങ്ങൽ ഭഗവതി ലോട്ടറിയ്ക്

12 കോടിയുടെ രണ്ടും മൂന്നും സമ്മാനം ആറ്റിങ്ങൽ ഭഗവതി ലോട്ടറിയ്ക്

തിരുവനന്തപുരം: വിഷു ബംപര്‍ ലോട്ടറിയുടെ രണ്ടും മൂന്നും സമ്മാനം ആറ്റിങ്ങൽ ഭഗവതി ലോട്ടറിയ്ക്. രണ്ടാം സമ്മാനം ഒരു കോടി(vb 207068), മൂന്നാം സമ്മാനം 10 ലക്ഷവും (vb 207548, vg 273186) എന്നി നമ്പറുകളിൽ ഭഗവതി ലോട്ടറി വിറ്റ ടിക്കറ്റുകള്‍ക്കാണ്.

വിഷു ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ vd 204266 എന്ന നമ്പറിലുള്ള ടിക്കറ്റിന്. പാലക്കാട് ജസ്വന്ത് ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം ആറുപേര്‍ക്കാണ്. va 699731, vb 699731, vb 207068, vc 263289, vd 277650, ve 758876, vg 203046 എന്നി നമ്പറുകളിലുള്ള ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം.

ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആണ് നറുക്കെടുപ്പ് നടന്നത്. 45ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിപണിയിലെത്തിച്ചത്. ഇതില്‍ 42,87,350 ടിക്കറ്റുകളും വിറ്റുപോയി. 300രൂപയാണ് ടിക്കറ്റ് വില.

കപ്പലില്‍ നിന്ന് തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ നീക്കം ചെയ്യും, ഓരോ 100 മീറ്ററിലും സന്നദ്ധ പ്രവര്‍ത്തകര്‍; ഉന്നതതല യോഗ തീരുമാനം

കപ്പലില്‍ നിന്ന് തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ നീക്കം ചെയ്യും, ഓരോ 100 മീറ്ററിലും സന്നദ്ധ പ്രവര്‍ത്തകര്‍; ഉന്നതതല യോഗ തീരുമാനം

തിരുവനന്തപുരം: കേരളതീരത്ത് അപകടത്തില്‍പെട്ട MSC ELSA 3 എന്ന കപ്പലില്‍ നിന്ന് തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ നീക്കം ചെയ്യാന്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചു. കപ്പലിലെ കെമിക്കലുകളുടെ കൈകാര്യം ചെയ്യല്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ചേര്‍ന്ന വിദഗ്ധരുടെ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ചേര്‍ന്ന വിദഗ്ധരുടെ യോഗത്തില്‍ തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് അതിനുള്ള നടപടികളും സ്വീകരിച്ചു.

കപ്പലപകടം ഉണ്ടായതിന് പിന്നാലെ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. അതിന്റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വിദഗ്ധരുടെ യോഗം ചേര്‍ന്നത്. തീരത്ത് അടിയുന്ന അപൂര്‍വ്വ വസ്തുക്കള്‍, കണ്ടെയ്നര്‍ എന്നിവ കണ്ടാല്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും ഇതിനോടകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ കപ്പല്‍ മുങ്ങിയ സ്ഥലത്തു നിന്ന് 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് മത്സ്യ ബന്ധനം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. എണ്ണപ്പാട തീരത്തെത്തിയാല്‍ കൈകാര്യം ചെയ്യാനായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ റാപ്പിഡ് റസ്പോണ്‍സ് ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഓയില്‍ ബൂം അടക്കമുള്ളവ പ്രാദേശികമായി സജ്ജീകരിച്ച് എല്ലാ പൊഴി, അഴിമുഖങ്ങളിലും നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഡ്രോണ്‍ സര്‍വ്വേ അടക്കം നടത്തി ഓരോ 100 മീറ്ററിലും സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ച് പ്ലാസ്റ്റിക് തരികള്‍ നീക്കം ചെയ്യാനാണ് നിലവിലെ ശ്രമം. പൊലീസ്/അഗ്‌നിരക്ഷാസേന/മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നി വകുപ്പിലെ ഉദ്യോഗസ്ഥരെ ഇതിന്റെ ഏകോപനത്തിനായി നിയോഗിച്ചിട്ടുണ്ട്. സന്നദ്ധസേനയുടെ സുരക്ഷയ്ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അപകടകരമായ രീതിയില്‍ ഒരു നടപടിയും സന്നദ്ധ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നില്ല എന്ന് സൂപ്പര്‍വൈസര്‍മാര്‍ ഉറപ്പുവരുത്തണം. പൊതുജനങ്ങളുടെ സുരക്ഷ പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധനമേഖലുടെ സംരക്ഷണം എന്നിവ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ദുരന്തസാധ്യത ലഘൂകരണ വിദഗ്ദ്ധന്‍ ഡോ. മുരളി തുമ്മാരുകുടി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ എന്നിവരും ആഗോള തലത്തിലെ വിദഗ്ധരും കേരള സര്‍ക്കാരില്‍ കപ്പല്‍ അപകടം കൈകാര്യം ചെയ്യുന്ന വകുപ്പുകളും ചേര്‍ന്നായിരുന്നു യോഗം. ഡോ. ഒലോഫ് ലൈഡന്‍ (മുന്‍ പ്രൊഫെസര്‍, വേള്‍ഡ് മറീടൈം യൂണിവേഴ്‌സിറ്റി), ശ്രീ. ശാന്തകുമാര്‍ (പരിസ്ഥിതി ആഘാത സാമ്പത്തിക കാര്യ വിദ്ധക്തന്‍), ഡോ. ബാബു പിള്ള (പെട്രോളിയം കെമിക്കല്‍ അനാലിസിസ് വിദഗ്ധന്‍), ശ്രീ. മൈക്ക് കോവിങ് (തീര ശുചീകരണ/മാലിന്യ നിര്‍മ്മാര്‍ജ്ജന വിദഗ്ദ്ധന്‍), ചീഫ് സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍, പൊലൂഷന്‍ കോണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍, വിസില്‍ ഡയറക്ടര്‍, വിവിധ ജില്ലകളിലെ കലക്ടര്‍മാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

12 കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; വിഷു ബംപര്‍ ലോട്ടറി ഫലം

12 കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; വിഷു ബംപര്‍ ലോട്ടറി ഫലം

തിരുവനന്തപുരം: വിഷു ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ vd 204266 എന്ന നമ്പറിലുള്ള ടിക്കറ്റിന്. പാലക്കാട് ജസ്വന്ത് ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം ആറുപേര്‍ക്കാണ്. va 699731, vb 699731, vb 207068, vc 263289, vd 277650, ve 758876, vg 203046 എന്നി നമ്പറുകളിലുള്ള ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം.

ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആണ് നറുക്കെടുപ്പ് നടന്നത്. 45ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിപണിയിലെത്തിച്ചത്. ഇതില്‍ 42,87,350 ടിക്കറ്റുകളും വിറ്റുപോയി. 300രൂപയാണ് ടിക്കറ്റ് വില.

ടിക്കറ്റ് വില്‍പനയില്‍ ഇത്തവണയും പാലക്കാട് ജില്ലയാണ് മുന്നില്‍.ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്. വിഷു ബംപറില്‍ മറ്റു ആകര്‍ഷകമായ സമ്മാനങ്ങളും ഉള്‍പ്പെടുന്നു.

മൂന്ന് ദിവസം കൂടി അതിതീവ്രമഴ, വെള്ളിയാഴ്ച ആറു ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ചു ജില്ലകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

മൂന്ന് ദിവസം കൂടി അതിതീവ്രമഴ, വെള്ളിയാഴ്ച ആറു ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ചു ജില്ലകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

തിരുവനന്തപുരം: പടിഞ്ഞാറന്‍ കാറ്റിന്റെയും ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്രമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ റെഡ് അലര്‍ട്ട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്.

പ്രളയ സാധ്യത മുന്നറിയിപ്പ്

അതിനിടെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ മീനച്ചില്‍, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നി നദികളില്‍ ഓറഞ്ചും കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നി നദികളില്‍ മഞ്ഞ അലര്‍ട്ടും പുറപ്പെടുവിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്‍, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയിലെ കോന്നി സ്റ്റേഷന്‍, മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും കോഴിക്കോട് ജില്ലയിലെ കോരപ്പുഴയിലെ കുന്നമംഗലം സ്റ്റേഷന്‍, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയിലെ കല്ലേലി സ്റ്റേഷന്‍, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.