by Midhun HP News | May 28, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആലംകോട് കടയ്ക്കാവൂർ റോഡിലെ രാംനഗറിൽനിന്നും തെഞ്ചേരികോണം റോഡിലെ വെള്ളക്കെട്ട് ഏറെ നാളായി നാട്ടുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ്.മഴ മാനത്ത് കണ്ടാൽ ഇവിടത്തെ യാത്ര നിലക്കും. മുട്ടോളം റോഡിൽ വെള്ളം പൊങ്ങും.ഇത് വർഷങ്ങളായി പരിസരവാസികൾ അനുഭവിക്കുന്ന ദുരിതമാണ്. നിരവധി പരാതികളും അപേക്ഷകളും കൊടുത്തിട്ടും നടപടി ഒന്നുമുണ്ടായില്ല. മണമ്പൂർ പഞ്ചായത്തിന്റെതാണ് റോഡ്.
ആലംകോട് കടയ്ക്കാവൂർ റോഡിൻറെ വികസനത്തിനായി റോഡ് പുതുക്കി നിർമ്മിക്കുമ്പോൾ ഉണ്ടായ പാകപ്പിഴ മൂലമാണ് ഇവിടെ വെള്ളം നിറയുന്നത്. റോഡ് പണിയുമ്പോൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആരും കാര്യമാക്കിയില്ല. അതിന്റെ ഫലമാണ് നാട്ടുകാർ ഇപ്പോൾ അനുഭവിക്കുന്നത്.
ഇപ്പോൾ പഞ്ചായത്ത് അധികൃതർ എത്തി സമീപത്തെ കടകളുടെ ഇറക്കിയിരിക്കുന്ന ഭാഗം പൊളിച്ചു മാറ്റാൻ ആവശ്യപ്പെട്ടു. പാവം കടക്കാർ അത് അനുസരിച്ച് പൊളിച്ചു മാറുകയും ചെയ്തു. ഇനി ഇവിടത്തെ പ്രശ്നം പഞ്ചായത്ത് അധികൃതരിൽ ആണ്. തീരാത്ത പേമാരിയിൽവിഷമിക്കുന്ന നാട്ടുകാർ അങ്ങനെയെങ്കിലും റോഡ് നന്നാവട്ടെ എന്ന സ്ഥിതിയിലാണ് ഇപ്പോൾ. ഇപ്പോൾ പന്ത് പഞ്ചായത്തിന്റെ കോർട്ടിലാണ്. അവർ ഉചിതമായ തീരുമാനം എടുക്കും എന്ന ആശയിലാണ് നാട്ടുകാരും കടക്കാരും.
by Midhun HP News | May 28, 2025 | Latest News, ജില്ലാ വാർത്ത
നെടുംങ്ങണ്ട പ്രദേശത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലെ വിജയികളെ അനുമോദിച്ചു. സിപിഐഎം നെടുംങ്ങണ്ട ബ്രാഞ്ച് കമ്മിറ്റിയാണ് അനുമോദന ചടങ്ങുകൾ സംഘടിപ്പിച്ചത്. ചടങ്ങിൽ വച്ച് വിവിധ ക്ലാസുകളിൽ പഠിക്കുന്ന നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികളും രക്ഷിതാക്കളും ലഹരിക്കെതിരെ പോരാടുമെന്ന് പ്രതിജ്ഞ ചെയ്തു. മെറിറ്റ് ഡേയുടെയും പഠനോപകരണ വിതരണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം നിർവഹിച്ചു. കേരള യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാൻ വിജയ് വിമൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, എസ്. പ്രവീൺ ചന്ദ്ര, പി വിമൽ രാജ്, ജയാ ശ്രീരാമൻ, സരിത എന്നിവർ സംസാരിച്ചു.
by Midhun HP News | May 28, 2025 | Latest News, ജില്ലാ വാർത്ത
മുദാക്കൽ: ചെമ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹരിശ്രീ സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ ഗവൺമെന്റ് എൽ.പി. എസ് . ചെമ്പൂര്, ഇളമ്പ, വാളക്കാട് എന്നീ വിദ്യാലയങ്ങളിലെ 15 വിദ്യാർത്ഥികൾക്ക് ബാഗും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ പഠനത്തിന് പുത്തൻ ഉന്മേഷം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തപ്പെട്ടത്. ഹരിശ്രീ സാംസ്കാരിക സംഘടനയുടെ പ്രതിനിധികൾ സ്കൂൾ അധികൃതർ, പി.ടി.എ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
by Midhun HP News | May 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് മുന്നോടിയായി അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട് പരിശോധിക്കാനും തിരുത്താനും ബുധനാഴ്ച വൈകുന്നേരം അഞ്ചുമണി വരെ സമയം. 24നാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്.
ജൂണ്‍ രണ്ടിന് പ്രവേശനം സാധ്യമാകുംവിധം ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. 18ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. അപേക്ഷ നല്‍കുന്നതിന്റെ ഭാഗമായി കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാന്‍ നല്‍കിയ വിവരങ്ങളില്‍ പേരു മാത്രമേ തിരുത്താന്‍ അനുമതിയുള്ളൂ. വിലാസം, ജാതി, ബോണസ് പോയിന്റിന് അര്‍ഹമാകുന്ന മറ്റു വിവരങ്ങള്‍ തുടങ്ങിയവയില്‍ പിശകുണ്ടെങ്കില്‍ തിരുത്താനുള്ള അവസാന അവസരമാണിത്. അപേക്ഷയില്‍ അവകാശപ്പെടുന്ന യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പ്രവേശന സമയത്ത് ഹാജരാക്കണം. ഇതിന് കഴിയില്ലെങ്കില്‍ ബന്ധപ്പെട്ട വിവരങ്ങള്‍ തിരുത്തേണ്ടതാണ്.
സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് വ്യാഴാഴ്ച വരെ അപേക്ഷിക്കാം. ജൂണ്‍ മൂന്നിനാണ് ആദ്യ അലോട്ട്‌മെന്റ്. എയ്ഡഡ് സ്‌കൂളുകളില്‍ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യാനാണ് ഹയര്‍സെക്കന്‍ഡറി വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. ജൂണ്‍ 10 മുതലാണ് പ്രവേശനം.
by Midhun HP News | May 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന വിഷു ബംപർ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. 45ലക്ഷം ടിക്കറ്റ് അച്ചടിച്ച് വിപണിയിലെത്തിച്ചു. ഇതുവരെ 44 ലക്ഷത്തിലധികം ടിക്കറ്റും വിറ്റുപോയി. 300രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വിൽപനയിൽ ഇത്തവണയും പാലക്കാട് ജില്ലയാണ് മുന്നിൽ.
ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നൽകും. കൂടാതെ മറ്റു സമ്മാനങ്ങളും ഉൾപ്പെടുന്നു.
by Midhun HP News | May 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍ -ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദ്ദം കൂടി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്നു മുതല്‍ ഈ മാസം 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും, ഈ മാസം 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചു ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമായി തുടരാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ (ബുധനാഴ്ച ) കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അതിതീവ്ര മഴ മുന്നറിയിപ്പ് ( റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്.
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Recent Comments