സംസ്ഥാനത്ത് നാളെ മുതല്‍ അതിതീവ്രമഴയ്ക്ക് സാധ്യത, വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മുതല്‍ അതിതീവ്രമഴയ്ക്ക് സാധ്യത, വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം തീവ്രവും അതിതീവ്രവുമായ മഴയ്ക്ക് സാധ്യത. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കാലവര്‍ഷം രണ്ടുദിവസത്തിനകം കേരള തീരം തൊടുമെന്നാണ് പ്രവചനം. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാട-ഗോവ തീരത്തിന് മുകളിലായാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. തുടര്‍ന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുന്നത്.

ഇന്ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ വരും ദിവസങ്ങളിലും വിവിധ ജില്ലകളില്‍ തീവ്രമഴ പ്രതീക്ഷിക്കുന്നുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വരെ മഴ മുന്നറിയിപ്പ് ഇല്ലാത്ത ഒരു ജില്ലയുമില്ല. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ സീറ്റ് ഒഴിവ്

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ സീറ്റ് ഒഴിവ്

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ ബി ടെക് കമ്പ്യൂട്ടർ സയൻസ്, ബി ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സ് ആൻഡ് മെഷീൻ ലേണിംഗ്) എന്നീ ബ്രാഞ്ചുകളിലേക്ക് എൻ ആർ ഐ സീറ്റിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിൽ 45% മാർക്ക് കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം.

അപേക്ഷകർ കീം പരീക്ഷ എഴുതേണ്ടതില്ല. അപേക്ഷകൾ ഓൺലൈനായി https://nri.ihrd.ac.in എന്ന വെബ്സൈറ്റിലോ അല്ലെങ്കിൽ കോളേജ് വെബ് സൈറ്റ് http://ceattingal.ihrd.ac.in ലോ 04.06.2025 നു വൈകുന്നേരം 4.00 PM മണിക്കു മുൻപായി സമർപ്പിക്കേണ്ടതാണ്. സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിൻ്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും 1000/- രൂപ രജിസ്ട്രേഷൻ ഫീ (ഓൺലൈൻ / പ്രിൻസിപ്പാളിൻ്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്ട്) സഹിതം 07.06.2025 വൈകുന്നേരം 4.00 PM മണിക്കു മുൻപായി കോളേജിൽ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 9446700417, 7034635121

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ആലംകോട്: വഞ്ചിയൂർ-കട്ടപ്പറമ്പ് ഗവ. എൽ.പി.എസ് -ൽ ദിവസവേതന അധ്യാപകരുടെ ഒഴിവുണ്ട്.
അഭിമുഖം – 29/05/2025 വ്യാഴാഴ്ച രാവിലെ 11 മണിയ്ക്ക്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ( ഫോട്ടോ കോപ്പി ഉൾപ്പെടെ) വിദ്യാലയത്തിൽ ഹാജരാകേണ്ടതാണ്.

‘നീ ഒഴിഞ്ഞാലേ അവളെ കല്യാണം കഴിക്കാന്‍ പറ്റൂ, എന്നു ചാവും?’; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിന്റെ ചാറ്റുകള്‍ പൊലീസിന്

‘നീ ഒഴിഞ്ഞാലേ അവളെ കല്യാണം കഴിക്കാന്‍ പറ്റൂ, എന്നു ചാവും?’; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിന്റെ ചാറ്റുകള്‍ പൊലീസിന്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയായ യുവതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ സഹപ്രവർത്തകനും സുഹൃത്തുമായ സുകാന്തിന്റെ ചാറ്റുകള്‍ പൊലീസിന് ലഭിച്ചു. നീ എപ്പോള്‍ മരിക്കുമെന്ന് സുകാന്ത് യുവതിയോട് ചോദിക്കുന്നതും ചാറ്റിലുണ്ട്. അതിന് ഓഗസ്റ്റ് 9 ന് മരിക്കുമെന്ന് യുവതി സുകാന്തിന് മറുപടി സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സുകാന്തിന്റെ ഐ ഫോണില്‍ ടെലഗ്രാം വഴി നടത്തിയ ചാറ്റുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സുകാന്തിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇതിന് ശക്തി പകരുന്ന ചാറ്റുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. എനിക്ക് നിന്നെ വേണ്ടെന്ന് സുകാന്ത് യുവതിയോട് ചാറ്റില്‍ പറയുന്നു. എനിക്ക് ഭൂമിയില്‍ ജീവിക്കാന്‍ താത്പര്യമില്ലെന്ന് യുവതി മറുപടി നല്‍കുന്നു.

നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാന്‍ പറ്റൂവെന്ന് സുകാന്ത് പറയുന്നു. അതിന് ഞാനെന്ത് ചെയ്യണമെന്ന യുവതിയുടെ ചോദ്യത്തിന് നീ പോയി ചാകണം എന്നായിരുന്നു സുകാന്തിന്റെ മറുപടി. നീ എന്ന് ചാകുമെന്നും ഇയാള്‍ ചോദിക്കുന്നു. അതിന് തുടക്കത്തില്‍ മറുപടി പറയാതിരുന്നതിനെത്തുടര്‍ന്ന് സുകാന്ത് ആവര്‍ത്തിച്ച് ഇക്കാര്യം ചോദിക്കുന്നു. ഇതേത്തുടര്‍ന്ന് ഒാഗസ്റ്റ് 9 ന് മരിക്കുമെന്ന് യുവതി മറുപടി പറയുന്നുമുണ്ട്.

സുകാന്തിന്റെ ബന്ധുവിന്റെ മുറിയില്‍ നിന്നാണ് പൊലീസിന് ഇയാള്‍ ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ ലഭിച്ചത്. ഒളിവില്‍ പോകുന്നതിന് തലേന്ന് ഈ മുറിയില്‍ സുകാന്ത് എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഫോണ്‍ കസ്റ്റഡിയിലെടുക്കുമ്പോള്‍ അതിലെ വാട്‌സ് ആപ്പ്, ടെലഗ്രാം ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് ഫോണ്‍ പൊലീസ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

പിന്നീട് വിശദമായ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഫോണ്‍ തിരികെ വാങ്ങി വിദഗ്ധ പരിശോധന നടത്തിയത്. ഫെബ്രുവരി ഒമ്പതിന് നടത്തിയ ചാറ്റിന്റെ വിശദാംശങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ വിവരങ്ങള്‍ തെളിവുകള്‍ സഹിതം അന്വേഷണ സംഘം മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. ചാറ്റ് നടത്തിയതിന് ഒരു മാസത്തിന് ശേഷമാണ് യുവതി ജീവനൊടുക്കുന്നത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. സുകാന്തിനെ ഇതുവരെ പിടികൂടാന്‍ കഴിയാത്തതില്‍ പൊലീസിനെ ഹൈക്കോടതി കഴിഞ്ഞദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

വരുന്നൂ കാലവർഷം; ഇന്നു മുതൽ മഴ കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്ട്

വരുന്നൂ കാലവർഷം; ഇന്നു മുതൽ മഴ കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ മഴ കനക്കും. കാലവർഷം രണ്ടുദിവസത്തിനകം കേരള തീരം തൊടുമെന്നാണ് പ്രവചനം. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. തുടർന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമർദ്ദം തീവ്രന്യൂനമർദമായി ശക്തി പ്രാപിയ്ക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

കേരളത്തിലെ 12 ജില്ലകളിൽ ഇന്ന് അതിശക്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിനും, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാളെ മുതൽ വടക്കൻ ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 26-ാം തീയതി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

കള്ളക്കടൽ ജാഗ്രതാ നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്നു രാത്രി 08.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും കന്യാകുമാരി തീരത്ത്‌ 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം; പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പുറത്തിറക്കും

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം; പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പുറത്തിറക്കും

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് സമാപിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. നാലു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടും മുഖ്യമന്ത്രി പ്രകാശിപ്പിക്കും.

റവന്യൂ മന്ത്രി കെ രാജന്‍ ചടങ്ങില്‍ അധ്യക്ഷനാകും. വാര്‍ഷികാഘോഷ സമാപനത്തിന് മുന്നോടിയായി ഇന്നുരാവിലെ 10.30 ന് വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാതല യോഗത്തില്‍ വ്യത്യസ്ത മേഖലകളിലെ വ്യക്തികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് സംവദിക്കും. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട 500 പേര്‍ പരിപാടിയില്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ അമ്പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് മന്ത്രിമാരായ വി ശിവന്‍കുട്ടിയും ജി ആര്‍ അനിലും അറിയിച്ചു.