by Midhun HP News | May 11, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: എസ്എസ്എൽസി പരീക്ഷയിൽ ആറ്റിങ്ങൽ വെക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിന് 100% വിജയം. ആകെ 314 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതിയത്. മിക്സഡ് സ്കൂൾ ആക്കിയതിനു ശേഷം നടന്ന പരീക്ഷയിൽ ഒരു പെൺകുട്ടി ഉൾപ്പെടെ 41 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
by Midhun HP News | May 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും. തിങ്കളാഴ്ച രാവിലെ 9.30 ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ചുമതലയേല്‍ക്കല്‍ ചടങ്ങ് നടക്കുക. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, സ്ഥാനമൊഴിയുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
സണ്ണി ജോസഫിനൊപ്പം, വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ച പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ചുമതലയേല്‍ക്കും. വിവിധ ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരും ചടങ്ങില്‍ പങ്കെടുക്കും. ചുമതലയേറ്റെടുക്കുന്നതിനായി നേതാക്കള്‍ ഇന്ന് വൈകീട്ടോടെ തലസ്ഥാനത്തെത്തും.
അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെ ലളിതമായി ചടങ്ങു നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. മാസത്തില്‍ 10 ദിവസം കെപിസിസി പ്രസിഡന്റ് ഓഫീസില്‍ ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശം. പുതിയ നേതൃത്വം ചുമതലയേറ്റെടുത്ത ശേഷം കെപിസിസി-ഡിസിസി നേതൃത്വങ്ങളില്‍ കാര്യമായ അഴിച്ചുപണി ഉണ്ടായേക്കും. യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും നാളെ ചുമതലയേറ്റെടുത്തേക്കും.
by Midhun HP News | May 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടികൾ നേരത്തെ നിശ്ചയിച്ച പ്രകാരം മെയ് 13 ന് തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിർത്തിയിൽ ഇന്ത്യ-പാക് സംഘർഷാവസ്ഥ നിലനിന്ന സാഹചര്യത്തിൽ സർക്കാരിന്റെ വാർഷിക പരിപാടികൾ നിർത്തിവെയ്ക്കാൻ തീരുമാനിച്ചിരുന്നു. വെടി നിർത്തൽ നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിലാണ് പരിപാടികൾ നടത്താൻ തീരുമാനമായത്.
ജില്ലാതല -സംസ്ഥാനതല യോഗങ്ങളും എൻ്റെ കേരളം പ്രദർശനവും മേഖല അവലോകന യോഗങ്ങളും മെയ് 13 മുതൽ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. മാറ്റിവെച്ച മലപ്പുറം ജില്ലാതല യോഗം ഉൾപ്പെടെ 13 വരെ നിശ്ചയിച്ചിരുന്ന മറ്റ് യോഗങ്ങളുടെ തീയതി പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്യുന്നുവെന്നും ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂർണമാണ്. തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് തുടർന്നുകൊണ്ടുതന്നെ സമാധാനത്തിനും നാടിൻ്റെ പുരോഗതിക്കും വേണ്ടി നിലകൊള്ളുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി കുറിച്ചു.
by Midhun HP News | May 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 107 ഗ്രാം സ്വര്‍ണം മോഷണം പോയതായി പരാതി. ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നാണ് സ്വര്‍ണം കാണാതായിരിക്കുന്നത്. ലോക്കറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്വര്‍ണം തൂക്കി നല്‍കുകയും തിരികെ വയ്ക്കുകയുംചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
by Midhun HP News | May 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ യോഗ്യത നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠന സാധ്യത ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. 2025 മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
അപേക്ഷകര്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 20 ആണ്.
ട്രയല്‍ അലോട്ട്മെന്റ് തീയതി : മേയ് 24
ആദ്യ അലോട്ട്മെന്റ് തീയതി : ജൂണ്‍ 2
രണ്ടാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 10
മൂന്നാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 16
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2025 ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്. മുന്‍ വര്‍ഷം ക്ലാസുകള്‍ ആരംഭിച്ചത് ജൂണ്‍ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2025 ജൂലൈ 23ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്നതായിരിക്കും.
by Midhun HP News | May 10, 2025 | Latest News, ജില്ലാ വാർത്ത
വർക്കല : വർക്കലയിലെ വിവിധ മത്സ്യച്ചന്തകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്ക് എത്തിച്ച 79 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.
പുന്നമൂട് ചന്തയിൽനിന്ന് 50 കിലോ വരയൻ ചൂരയും പാളയംകുന്ന് വണ്ടിപ്പുര ചന്തയിൽനിന്ന് 25 കിലോ പെപ്‌സി ചൂരയും ജനതാ ജങ്ഷൻ പയ്യൻമുക്ക് ചന്തയിൽനിന്ന് നാല് കിലോ ചൂരയുമാണ് പിടിച്ചെടുത്തത്.
പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാവിഭാഗം വർക്കല സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മത്സ്യസാമ്പിളുകൾ ശേഖരിച്ച് മൊബൈൽ ഫുഡ്ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. പിടികൂടിയ മത്സ്യം നശിപ്പിച്ചു.
Recent Comments