ഇത്തവണ പ്രവേശനോത്സവം ആലപ്പുഴയിൽ; പാഠ്യ പദ്ധതി പരിഷ്കരിച്ചു

ഇത്തവണ പ്രവേശനോത്സവം ആലപ്പുഴയിൽ; പാഠ്യ പദ്ധതി പരിഷ്കരിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി. ഈ മാസം 23 ന് തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിൽ നടക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

16 വർഷത്തിനു ശേഷമാണ് സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്നത്. കഴിഞ്ഞ വർഷം പരിഷ്‌കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ഈ വർഷം പരിഷ്‌കരിക്കുന്ന രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ഒൻപതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ സമയബന്ധിതമായി വിദ്യാർഥികളിലേക്ക് എത്തിക്കാൻ കഴിയുന്നത് അഭിമാനകരമാണെന്ന് മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിൽ 238 ടൈറ്റിൽ പാഠപുസ്തകങ്ങളും രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിൽ 205 ടൈറ്റിൽ പാഠപുസ്തകങ്ങളും ആണ് രണ്ട് വർഷം കൊണ്ട് പരിഷ്‌കരിച്ചത്. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രൈമറി തലങ്ങളിൽ കായിക വിദ്യാഭ്യാസത്തിനു വേണ്ടി ഹെൽത്തി കിഡ്സ് എന്നുള്ള പ്രത്യേക പുസ്തകവും ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി യോഗ പരിശീലനത്തിനായി പ്രത്യേക പാഠപുസ്തകവും കലാ വിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രത്യേക പാഠപുസ്തകങ്ങളും തയ്യാറാക്കി സ്‌കൂളുകളിൽ എത്തിച്ചിട്ടുണ്ട്.

തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൃഷി, പാർപ്പിടം വസ്ത്രം, സാമ്പത്തിക സാക്ഷരത, പാഴ്വസ്തു പരിപാലനം, പ്രിന്റിങ് ആൻഡ് സ്റ്റേഷനറി, പ്ലംബിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഭക്ഷ്യ വ്യവസായം, ടൂറിസം, മാധ്യമങ്ങളും വിനോദങ്ങളും, കരകൗശലം എന്നീ മേഖലകളിൽ അഞ്ചു മുതൽ പത്താം ക്ലാസ് വരെ പ്രത്യേകം പാഠപുസ്തകങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. മെയ് മാസം പത്താം തീയതിയോടു കൂടി മൂന്ന് കോടി എൺപത് ലക്ഷം പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേരും.

സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മെയ് 13 മുതൽ പരിശീലന പരിപാടികൾ ആരംഭിക്കും. പരിശീലനത്തിൽ ലഹരി വിരുദ്ധ പാഠങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

നാലര പവന്റെ മാലയ്ക്കായി കൊല; വിനീത വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്

നാലര പവന്റെ മാലയ്ക്കായി കൊല; വിനീത വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസില്‍ കോടതി ഇന്ന് ശിക്ഷ വിധിക്കും. തമിഴ്‌നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രനാണ് പ്രതി. 2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടിക്കടയില്‍ വച്ച് രാജേന്ദ്രന്‍ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണമാല കവരാനായിരുന്നു ക്രൂരകൊലപാതകം.

കേസില്‍ കൊലപാതകം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് പ്രസൂണ്‍ മോഹന്‍ കണ്ടെത്തിയിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ- ശാസ്ത്രീയ തെളിവുകള്‍ പ്രകാരമായിരുന്നു അന്വേഷണം.

118 സാക്ഷികളില്‍ 96 പേരെ വിസ്തരിച്ചു. പ്രതിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവുകള്‍ ഏഴ് യുഎസ്ബികള്‍ എന്നിവ ഹാജരാക്കി. ഇതുകൂടാതെ 222 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലവും മാനസികാവസ്ഥയും മനസിലാക്കാന്‍ കന്യാകുമാരി, തിരുവനന്തപുരം ജില്ലാ കലക്ടര്‍മാരുടേതടക്കം ഏഴ് റിപ്പോര്‍ട്ടുകളും തേടിയിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സമാനരീതിയില്‍ നേരത്തെ തമിഴ്നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ വളര്‍ത്തുമകളായ അഭിശ്രീ എന്നിവരെയും പ്രതി കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി പേരൂര്‍ക്കടയില്‍ ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്യുമ്പോഴായിരുന്നു വിനീതയുടെ കൊലപാതകം.

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം പകല്‍ചൂട് വര്‍ധിക്കുന്നത് തുടരുകയാണ്. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.

തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ, 20 പേര്‍ ചികിത്സ തേടി

തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ, 20 പേര്‍ ചികിത്സ തേടി

തിരുവനന്തപുരം: മണക്കാടിൽ ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ. വെള്ളിയാഴ്ച വൈകുന്നേരം ഇസ്താംബുൾ ഗ്രിൽസ് ആൻഡ് റോൾസിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച രാവിലെയോടെ ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, പനി തുടങ്ങിയ വിവിധ ലക്ഷണങ്ങൾ അനുഭവപ്പെട്ടു.

സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോ​ഗസ്ഥരെത്തി പരിശോധിച്ച ശേഷം ഭക്ഷണശാല അടച്ചുപൂട്ടി. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് കണ്ടെത്തി. കൂടാതെ ഭക്ഷണ സംഭരണം തെറ്റായ രീതിയിലായിരുന്നുവെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നു. ഷവർമയും സോസുകളും ഉൾപ്പെടെയുള്ള ഭക്ഷണ സാമ്പിളുകൾ വിദ​ഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കേടായ മാംസമോ ചേരുവകൾ വൃത്തിഹീനമായി കൈകാര്യം ചെയ്തതോ ആകാം ബാക്ടീരിയ വളർച്ചയ്ക്ക് കാരണമായതെന്നാണ് സംശയം.

കിംസ്, പിആർഎസ്, എസ്പി ഫോർട്ട്, അൽ ആരിഫ് ആശുപത്രികളിലാണ് ആളുകൾ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ല. സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

കല്ലമ്പലത്ത് നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞു പലരിൽ നിന്നും പണം തട്ടിയ യുവതി അറസ്റ്റിൽ

കല്ലമ്പലത്ത് നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞു പലരിൽ നിന്നും പണം തട്ടിയ യുവതി അറസ്റ്റിൽ

തിരുവനന്തപുരം കല്ലമ്പലത്ത് നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞു പലരിൽ നിന്നും പണം തട്ടിയ യുവതിയെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം ആനയറ കോവൂർ അമ്പൂ ഭവനിൽ ബീന(44)യാണ് പിടിയിലായത്.

സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നഴ്സിങ്ങിനും മറ്റ് കോഴ്സുകൾക്കും അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങളാണ് ഇവർ തട്ടി എടുത്തത്.

ഇവർക്കെതിരെ കല്ലമ്പലം പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും മറ്റ് വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
കല്ലമ്പലം എസ് എച്ച് ഒ പ്രൈജു, ഗ്രേഡ് എസ്.ഐ സുനിൽ, എ.എസ്.ഐ ബിന്ദു
എസ് സി പി ഒ മാരായ അസീം, ഷിജാസ് എന്നിവരിൽപെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.