by Midhun HP News | Apr 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിൽ ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യൻ അരുണിനെതിരെയാണ് നടപടി. കഴിഞ്ഞ ആഴ്ചയായിരുന്നു അരുൺ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയത്.
ഇത് ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ചോദ്യം ചെയ്തപ്പോൾ വീട്ടിലേക്ക് വീഡിയോ കോൾ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതി ഉയർന്നിട്ടുണ്ട്. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനാണ് അരുൺ.
by Midhun HP News | Apr 19, 2025 | Latest News, ജില്ലാ വാർത്ത
ഡല്‍ഹി: കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും നല്‍കുന്ന പോഷകാഹാരവുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം. ഈ വിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ക്ക് നല്‍കുന്ന പോഷകാഹാരത്തില്‍ പഞ്ചസാര (സംസ്‌കരിച്ച പഞ്ചസാര) , കൊഴുപ്പും ഉപ്പും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണങ്ങള്‍, പ്രിസര്‍വേറ്റീവുകള്‍, നിറങ്ങള്‍, വേറിട്ട രുചികള്‍ എന്നിവ ഉപയോഗിക്കരുതെന്ന് കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും അംഗന്‍വാടികള്‍ വഴി നല്‍കുന്ന പോഷകാഹാര കിറ്റുകളിലും മൂന്ന് മുതല്‍ ആറു വയസ് വരെയുള്ള കുട്ടികള്‍ക്ക് അംഗന്‍വാടികളില്‍ നല്‍കുന്ന ഭക്ഷണത്തിലും ഉയര്‍ന്ന അളവില്‍ പഞ്ചസാര, ഉപ്പ്, മറ്റ് വസ്തുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് വനിതാ-ശിശു വികസന മന്ത്രാലയം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത്തരത്തില്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ പഞ്ചസാര ഉപയോഗിക്കുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം. ആവശ്യമെങ്കില്‍ മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര മാത്രം ഉപയോഗിക്കാവുന്നതാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
അമിതമായ കലോറി ശരീരത്തില്‍ എത്തുന്നത് തടയുന്നതിനായി ശര്‍ക്കരയുടെ ഉപയോഗം പരിമിതപ്പെടുത്തണം. മൊത്തം ഊര്‍ജ്ജത്തിന്റെ അഞ്ചുശതമാനത്തില്‍ താഴെയായി ശര്‍ക്കരയുടെ അളവ് പരിമിതപ്പെടുത്തണമെന്ന് വനിതാ- ശിശു വികസന ഡെപ്യൂട്ടി സെക്രട്ടറി ജ്യോതിക പറഞ്ഞു.
എല്ലാ പ്രായക്കാര്‍ക്കും നല്‍കുന്ന ഭക്ഷണത്തില്‍ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലായി അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കണം. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണം ഒഴിവാക്കണമെന്ന ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം പാലിക്കണം. ഉപ്പിന്റെ ഉപയോഗവും പരിമിതപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
by Midhun HP News | Apr 19, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റിലേക്ക് നയിച്ചതില്‍ നിര്‍ണായകമായത് ഫോണ്‍ വിളികള്‍. ലഹരി ഇടപാടുകാരന്‍ സജീറിനെ തേടിയാണ് ഡാന്‍സാഫ് സംഘം അന്ന് ഹോട്ടലില്‍ എത്തിയത്. ചോദ്യം ചെയ്യലില്‍ സജീറിനെ അറിയാമെന്നും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും സമ്മതിച്ചെങ്കിലും ലഹരി ഇടപാടുകാരനുമായുള്ള ഫോണ്‍ വിളി എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിന് സാധിച്ചില്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഡാന്‍സാഫ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോള്‍ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ സംഭവത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് നടന്റെ അറസ്റ്റ് എറണാകുളം നോര്‍ത്ത് പൊലീസ് രേഖപ്പെടുത്തിയത്. നടനെ ചോദ്യം ചെയ്യുന്നതിനായി 36 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി തയ്യാറാക്കിയിരുന്നു. നടന്റെ കഴിഞ്ഞ ദിവസങ്ങളിലെ ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ ശേഖരിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ലഹരി ഇടപാടുകാരനുമായുള്ള ബന്ധം ആദ്യ നിഷേധിച്ചെങ്കിലും ഫോണ്‍ വിളി വിവരങ്ങള്‍ കാണിച്ചതോടെയാണ് സജീറിനെ അറിയാമെന്ന് നടന്‍ സമ്മതിച്ചത്. തുടര്‍ച്ചയായ ചോദ്യങ്ങളില്‍ നടന്‍ പതറി. ലഹരി ഇടപാടുകാരനുമായുള്ള ഫോണ്‍ വിളി എന്തിനെന്ന് വിശദീകരിക്കാന്‍ പോലും നടന് സാധിച്ചില്ല എന്നാണ് വിവരം.
ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പറഞ്ഞ പൊലീസ്, ഷൈന്‍ ഇറങ്ങി ഓടിയ ദിവസം മാത്രം സജീറുമായി 20,000 രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആ ദിവസം ലഹരി ഉപയോഗിക്കുകയോ, കൈവശം വെയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഷൈന്‍ നല്‍കിയ മൊഴി.
നിലവില്‍ താരത്തിനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27,29 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലഹരി ഉപയോഗം സമ്മതിച്ചതിനെ തുടര്‍ന്നാണ് സെക്ഷന്‍ 27 ചുമത്തിയത്. സംഘം ചേര്‍ന്ന് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിച്ചതോടെയാണ് ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നതിന് ചുമത്തുന്ന സെക്ഷന്‍ 29 പ്രകാരവും കേസെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പൊലീസ് പരിശോധിക്കും.
വൈദ്യ പരിശോധനയുടെ ഭാഗമായി മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള എല്ലാ പരിശോധനയും നടത്തും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാലുദിവസം വരെയുള്ള കാര്യങ്ങള്‍ സാമ്പിളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. ലഹരി ഉപയോഗം കണ്ടെത്താന്‍ ആന്റി ഡോപ്പിങ് ടെസ്റ്റും നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ മറ്റു നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. മെഡിക്കല്‍ പരിശോധനയില്‍ ലഹരി ഉപയോഗം തെളിഞ്ഞാല്‍ എത്രനാള്‍ ലഹരി ഉപയോഗിച്ചിരുന്നു?, താരത്തിന് ലഹരി എവിടെ നിന്നാണ് ലഭിക്കുന്നത്?, ഇതിന് പിന്നില്‍ ആരെല്ലാം ഉണ്ട്? തുടങ്ങിയ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താനുള്ള അന്വേഷണവുമായി പൊലീസിന് മുന്നോട്ടുപോകാന്‍ സാധിക്കും.
by Midhun HP News | Apr 19, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
by Midhun HP News | Apr 19, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ ഒരു സുപ്രധാന ആവശ്യം കൂടി അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 2022 മാര്‍ച്ച് രണ്ടിലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് ആണ് ഇറങ്ങിയത്.
വേതന വര്‍ധന ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം 69 -ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം. 62 വയസ്സില്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖയ്ക്ക് എതിരെ ആശ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ മാര്‍ഗ്ഗരേഖ പിന്‍വലിക്കുമെന്ന് ആരോഗ്യ മന്ത്രി വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നതും ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നതുമടക്കമുള്ള ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.
അതിനിടെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. ആശമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചെങ്കിലും കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഒന്നും പുറത്തിറങ്ങിയിട്ടില്ല. സര്‍ക്കാര്‍ ഹൈക്കോടതിയെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന് ആശമാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
by Midhun HP News | Apr 19, 2025 | Latest News, ജില്ലാ വാർത്ത
റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ചരക്കുനീക്കം സുഗമമാക്കാനും കേരള പൊലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ പരിശോധന. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 32.49 ലക്ഷം രൂപ പിഴ ഈടാക്കി. 84 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഏപ്രില്‍ 8 മുതല്‍ 14 വരെ ഏഴ് ദിവസം നീണ്ട പരിശോധനാ കാലയളവില്‍ 40,791 വാഹനങ്ങള്‍ പരിശോധിക്കുകയും 10,227 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
സംസ്ഥാന പാതകളില്‍ 3760, ദേശീയ പാതകളില്‍ 2973, മറ്റ് പാതകളില്‍ 3494 എന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. അശ്രദ്ധമായ ഡ്രൈവിംഗിനും അമിത വേഗതക്കും 1211 പേര്‍ക്കും അനധികൃത പാര്‍ക്കിങിന് 6685 പേര്‍ക്കും പിഴ ചുമത്തി.
ചരക്ക് നീക്കത്തിനായി ഉപയോഗിക്കുന്ന ഹെവി വാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്ന പാതകള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടന്നത്. ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് ഐ.ജി എസ്.കാളിരാജ് മഹേഷ് കുമാറിന്‍റെ നിര്‍ദേശപ്രകാരം ട്രാഫിക് നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എസ്.പി മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്. ഇത്തരം പരിശോധനകള്‍ തുടര്‍ന്നും നടത്തി റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഐ.ജി അറിയിച്ചു.
Recent Comments