തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റർ വേ​ഗത്തിൽ ശക്തമായ കാറ്റ്; ജാ​ഗ്രത

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റർ വേ​ഗത്തിൽ ശക്തമായ കാറ്റ്; ജാ​ഗ്രത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേ​ഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ജാ​ഗ്രതാനിർദേശങ്ങൾ:

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് ഇന്ന് അവധി

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

പട്ടം പറത്തുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

‘അത് പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത ആണ്’; മറുപടിയുമായി ദിവ്യ എസ് അയ്യർ

‘അത് പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത ആണ്’; മറുപടിയുമായി ദിവ്യ എസ് അയ്യർ

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെ പുകഴ്ത്തിയുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റ് വിവാദമായതിന് പിന്നാലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദിവ്യ എസ് അയ്യർ. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ തന്നെയായിരുന്നു ദിവ്യയുടെ മറുപടി. തനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവ് അർപ്പിക്കുക അന്നും ഇന്നും ഒരു പതിവ് ആണ്. അതു പത അല്ല, താൻ നടക്കുന്ന ജീവിത പാത ആണെന്നാണ് ദിവ്യയുടെ പോസ്റ്റ്.

“മഴ പെയ്തു കഴിഞ്ഞു മരം പെയ്യുന്നു എന്ന പോലെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ എവിടൊക്കെയോ ചിലമ്പുന്നതും, പുലമ്പുന്നതും കേൾക്കുന്നുണ്ട്. എന്റെ ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടു പോകുമ്പോൾ, അവരുമായി ചേർന്നു പ്രവർത്തിക്കുവാൻ അഭിമാനം തോന്നി എന്നു എനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവ് അർപ്പിക്കുക അന്നും ഇന്നും എന്റെ ഒരു പതിവ് ആണ്. അതു പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത ആണ്. ഇനിയും തുടരും. ഏവരോടും, സസ്നേഹം” – എന്നാണ് ദിവ്യ കുറിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനു പിന്നാലെ ദിവ്യ എസ് അയ്യർ എഴുതിയ അഭിനന്ദന പോസ്റ്റിനെതിരെ കെ മുരളീധരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളിൽ നിന്നു വിമർശനം ഉയർന്നിരുന്നു.

സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യുമെന്നായിരുന്നു ദിവ്യയ്ക്കു നേരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ വിമർശനം. അതേസമയം, ദിവ്യയുടെ ഭർത്താവും മുൻ എംഎൽഎയുമായ കെ എസ് ശബരീനാഥന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് നേരെ വലിയതോതിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്.

വനിതാ സിപിഒ: സമരത്തിനിടെ 45 പേര്‍ക്ക് അഡ്വൈസ് മെമ്മോ, റാങ്ക് ലിസ്റ്റിന്റെ കാലാവധി രണ്ട് ദിവസം കൂടി

വനിതാ സിപിഒ: സമരത്തിനിടെ 45 പേര്‍ക്ക് അഡ്വൈസ് മെമ്മോ, റാങ്ക് ലിസ്റ്റിന്റെ കാലാവധി രണ്ട് ദിവസം കൂടി

തിരുവനന്തപുരം: വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം തുടരുന്നതിനിടെ 45 ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചിരിക്കുന്നത്. സമരം ചെയ്യുന്നവരില്‍ മൂന്ന് പേര്‍ക്കുള്‍പ്പെടെയാണ് അഡ്വൈസ് മെമ്മോ നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20 നാണ് 964 പേരുള്‍പ്പെട്ട വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 268 നിയമനം മാത്രമാണ് ഈ ലിസ്റ്റില്‍ നിന്നും ഇതുവരെ നടത്തിയിട്ടുള്ളത്. ലിസ്റ്റിന്റെ കാലാവധി നാളെ പുര്‍ത്തിയാവും. കേരള പോലീസ് അക്കാദമിയില്‍ വിവിധ കാരണങ്ങളാല്‍ ഒഴിഞ്ഞ് പോയതും ചിലര്‍ മറ്റ് ജോലികള്‍ക്ക് പോയതുമായ ഒഴിവിലേക്കാണ് ഇപ്പോള്‍ അഡ്വൈസ് മെമ്മോ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 815 ഉദ്യോഗാര്‍ത്ഥികളെയാണ് നിയമിച്ചിരുന്നത്.

അതേസമയം, അഡ്വൈസ് മെമ്മോ ലഭിക്കാത്തവര്‍ സമരം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് നിയമനം ലഭിക്കാവുന്ന സാഹചര്യത്തിലുള്ള ഒഴിവുകള്‍ നിലവിലുണ്ടെന്നും അവ റിപ്പോര്‍ട്ട് ചെയ്യാന്‍ പലതവണ ഓഫീസുകളെ സമീപിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; കേരളത്തിന് അഭിമാന നിമിഷം

വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; കേരളത്തിന് അഭിമാന നിമിഷം

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. രാവിലെ 11 നാണ് ഔദ്യോഗിക ചടങ്ങ്. ഇതു സംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭിച്ചതായി തുറമുഖമന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.

വിജിഎഫ് കരാര്‍ ഒപ്പിടല്‍കൂടി പൂര്‍ത്തിയാക്കിയതോടെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. ആര്‍ബിട്രേഷന്‍ നടപടികള്‍ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് നിര്‍മാണപ്രവര്‍ത്തനം വേഗത്തിലായത്. ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളരുകയാണ്. 2024 ജൂലൈ 13നാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്. ഡിസംബര്‍ മൂന്നു മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇതുവരെ 263 കപ്പല്‍ എത്തി. 5.36 ലക്ഷം ടിഇയു കൈകാര്യം ചെയ്തു. പ്രതിമാസം ഒരു ലക്ഷം ടിഇയു എന്ന നേട്ടവും സ്വന്തമാക്കി.

ഇന്ത്യയിലെത്തിയതില്‍ ഏറ്റവും വലിയ കപ്പല്‍ എംഎസ്സി തുര്‍ക്കി വിഴിഞ്ഞത്ത് സുഗമമായി ബെര്‍ത്ത് ചെയ്തു. എംഎസ്സിയുടെ യൂറോപ്പിലേക്കുള്ള പ്രതിവാര സര്‍വീസായ ജേഡ് സര്‍വീസും ആരംഭിച്ചു. കരാറിനേക്കാള്‍ കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലഭ്യമാവുന്ന നിലയിലാണ് നിലവിലെ ധാരണ. 2034 മുതല്‍ തന്നെ വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിന് ലഭിക്കും. തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിര്‍മ്മാണം 2028-ല്‍ പൂര്‍ത്തിയാകും.

മുനമ്പത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; ബിഷപ്പുമാരെ ചര്‍ച്ചയ്ക്ക് വിളിച്ചു

മുനമ്പത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; ബിഷപ്പുമാരെ ചര്‍ച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസ് വഴിയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഈസ്റ്ററിന് ശേഷം ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.

വഖഫ് ഭേദഗതിയില്‍ ബിജെപി പറഞ്ഞു പറ്റിച്ചെന്ന വികാരം ക്രൈസ്തവ സഭ നേതൃത്വത്തിനിടയില്‍ ശക്തമാകുന്നതിനിടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നത്. മുനമ്പം പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു വഖഫ് ബില്ലിന് കെസിബിസി അടക്കം പിന്തുണ നല്‍കിയിരുന്നത്. എന്നാല്‍ മുനമ്പം വിഷയം പരിഹരിക്കാന്‍ ഇനിയും നിയമപോരാട്ടം തുടരേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു സൂചിപ്പിച്ചിരുന്നു.

ഭൂമിയുടെ അവകാശത്തിനായി വഖഫ് ബോര്‍ഡിനെതിരെ സമരം ചെയ്യുന്ന മുനമ്പം നിവാസികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. മുനമ്പം സമരസമിതിയുടെ ഭാരവാഹികളായ 12 പേരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. രാഷ്ട്രീയക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്നും, നിയമഭേദഗതി കൊണ്ട് ശാശ്വത പരിഹാരമാകാത്തതില്‍ നിരാശയുണ്ടെന്നും സിറോ മലബാര്‍ സഭ പ്രതികരിച്ചിരുന്നു.

ഓരോ ജില്ലയിലും 500 വിശിഷ്ടാതിഥികള്‍; സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് 21ന് കാസര്‍കോട് തുടക്കം

ഓരോ ജില്ലയിലും 500 വിശിഷ്ടാതിഥികള്‍; സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് 21ന് കാസര്‍കോട് തുടക്കം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട് നിര്‍വഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 ന് രാവിലെ പത്തുമണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരും എംഎല്‍എമാരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും.

ഏപ്രില്‍ 21 മുതല്‍ മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല,മേഖലാതല യോഗങ്ങള്‍ നടക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രദര്‍ശന വിപണന മേളകളും സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് വാര്‍ഷികാഘോഷ പരിപാടിയുടെ സമാപനം. പരിപാടികളുടെ ഏകോപനത്തിന് ജില്ലാതല കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതല കമ്മിറ്റികളുടെ ചെയര്‍മാന്‍ ജില്ലയുടെ ഏകോപന ചുമതലയുള്ള മന്ത്രിയാണ്. കോ ചെയര്‍മാന്‍ ജില്ലയിലെ മന്ത്രിയും ജനറല്‍ കണ്‍വീനര്‍ ജില്ലാ കളക്ടറും കണ്‍വീനര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമാണ്. ജില്ലയിലെ എംപിമാര്‍,എംഎല്‍എമാര്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,പരിപാടി നടക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍ / അധ്യക്ഷ,വാര്‍ഡ് മെമ്പര്‍,വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസര്‍മാര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗങ്ങള്‍ ഏപ്രില്‍ 21 ന് കാസര്‍കോടും ഏപ്രില്‍ 22 ന് വയനാടും ഏപ്രില്‍ 24ന് പത്തനംതിട്ടയിലും ഏപ്രില്‍ 28 ന് ഇടുക്കിയിലും ഏപ്രില്‍ 29 ന് കോട്ടയത്തും മെയ് 5 ന് പാലക്കാടും മെയ് 6 ന് ആലപ്പുഴയിലും മെയ് 7 ന് എറണാകുളത്തും മെയ് 9 ന് കണ്ണൂരും മെയ് 12 ന് മലപ്പുറത്തും മെയ് 13 ന് കോഴിക്കോടും മെയ് 14 ന് തൃശ്ശൂരും മെയ് 22 ന് കൊല്ലത്തും മെയ് 23 ന് തിരുവനന്തപുരത്തും നടക്കും. ജില്ലാതല യോഗത്തില്‍ ക്ഷണിക്കപ്പെട്ട 500 വ്യക്തികള്‍ പങ്കെടുക്കും. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭാക്താക്കള്‍, ട്രേഡ് യൂണിയന്‍/ തൊഴിലാളി പ്രതിനിധികള്‍, യുവജനത, വിദ്യാര്‍ത്ഥികള്‍, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകള്‍, പ്രൊഫഷണലുകള്‍, വ്യവസായികള്‍,പ്രവാസികള്‍ സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികള്‍,സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. യോഗം രാവിലെ 10.30 ന് തുടങ്ങി 12.30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മേഖലാ അവലോകന യോഗങ്ങളും നടക്കും. പാലക്കാട്,മലപ്പുറം,തൃശൂര്‍ ജില്ലകളുടെ യോഗം മെയ് 8 ന് പാലക്കാട് നടക്കും. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളുടെ യോഗം മെയ് 15 ന് തിരുവനന്തപുരത്തും കാസര്‍കോട്,കണ്ണൂര്‍,വയനാട്,കോഴിക്കോട് ജില്ലകളുടെ യോഗം കണ്ണൂരില്‍ മെയ് 26 നും എറണാകുളം,ഇടുക്കി,ആലപ്പുഴ,കോട്ടയം ജില്ലകളുടെ യോഗം മെയ് 29 ന് കോട്ടയത്തും നടക്കും.

എന്റെ കേരളം പ്രദര്‍ശന വിപണന മേള ഏപ്രില്‍ 21 മുതല്‍ 27 വരെ കാസര്‍കോട് പിലിക്കോട് കാലിക്കടവ് മൈതാനത്തും ഏപ്രില്‍ 22 മുതല്‍ 28 വരെ വയനാട് കല്‍പറ്റ എസ് കെ എം ജെ സ്‌കൂളിലും ഏപ്രില്‍ 25 മുതല്‍ മെയ് 1 വരെ കോട്ടയം നാഗമ്പടം മൈതാനത്തും ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ ഇടുക്കി ചെറുതോണി വാഴത്തോപ്പ് വി എച്ച് എസ് മൈതാനത്തും മെയ് 3 മുതല്‍ 12 വരെ കോഴിക്കോട് ബീച്ചിലും മെയ് 4 മുതല്‍ 10 വരെ പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് എതിര്‍ വശത്തുള്ള മൈതാനത്തും മെയ് 6 മുതല്‍ 12 വരെ ആലപ്പുഴ ബീച്ചിലും മെയ് 7 മുതല്‍ 13 വരെ മലപ്പുറം കോട്ടക്കുന്നിലും മെയ് 8 മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനത്തും മെയ് 11 മുതല്‍ 17 വരെ കൊല്ലം ആശ്രാമം മൈതാനത്തും മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ശബരിമല ഇടത്താവളം മൈതാനത്തും മെയ് 17 മുതല്‍ 23 വരെ എറണാകുളം മറൈന്‍ ഡ്രൈവിലും തിരുവനന്തപുരം കനകകുന്നിലും മെയ് 18 മുതല്‍ 24 വരെ തൃശ്ശൂര്‍ സ്വരാജ് ഗ്രൗണ്ടിലെ വിദ്യാര്‍ത്ഥി കോര്‍ണറിലും നടക്കും. വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാന തല സമാപനം മെയ് 23 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും.

പ്രദര്‍ശന-വിപണന മേളയുടെ ഏകോപനം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍വഹിക്കും. കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. വകുപ്പുകളുടെ സ്റ്റാളുകള്‍ക്ക് പുറമെ വിപണന സ്റ്റാളുകളുമുണ്ടാവും. വകുപ്പുകളുടെ സ്റ്റാളുകളില്‍ സര്‍ക്കാരിന്റെ 9 വര്‍ഷത്തെ വികസന – ക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കും. 2500 ചതുരശ്ര അടിയില്‍ ഐ&പിആര്‍ഡിയുടെ തീം പവലിയന്‍ ഒരുക്കും. കുടുംബശ്രീ ഉള്‍പ്പെടെയുള്ളവരുടെ ഫുഡ്കോര്‍ട്ടുകള്‍, കലാപരിപാടികള്‍, പുസ്തകമേള, കാര്‍ഷിക പ്രദര്‍ശനം, ഹരിത കേരള മിഷന്റെ പ്രവര്‍ത്തനം സംബന്ധിച്ച ഇന്‍സ്റ്റലഷന്‍ എന്നിവ മേളയുടെ ഭാഗമായി ഉണ്ടാകും.

സ്റ്റാര്‍ട്ടപ്പ് മിഷന്‍, ടൂറിസം, കിഫ്ബി, സ്പോര്‍ട്സ് എന്നിവയ്ക്ക് പവലിയനില്‍ പ്രത്യേക ഇടമുണ്ടാവും. കെ.എസ്.എഫ്.ഡി.സിയുടെ മിനി തിയറ്ററും ഉണ്ടാവും. പൊലീസിന്റെ ഡോഗ്ഷോ, കാരവന്‍ ടൂറിസം, മൃഗസംരക്ഷണ വകുപ്പിന്റെ പ്രദര്‍ശനം എന്നിവ പവലിയന് പുറത്തുണ്ടാവും. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ കലാകാരന്‍മാരുടെ ലൈവ് ഡെമോണ്‍സ്ട്രേഷനും ഒരുക്കുന്നുണ്ട്. ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്.

വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത വകുപ്പുകള്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല യോഗങ്ങള്‍ പരിപാടിയുടെ ഭാഗമായി നടക്കും. യുവജനക്ഷേമ വകുപ്പ് മേയ് 3 ന് യുവജനക്ഷേമത്തെക്കുറിച്ച് കോഴിക്കോടും മേയ് 11 ന് പ്രൊഫഷണല്‍ വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് കോട്ടയത്തും മേയ് 17 ന് പ്രൊഫഷണലുകളുമായുള്ള ചര്‍ച്ച ശാസ്ത്ര സാങ്കേതിക വകുപ്പ് തിരുവനന്തപുരത്തും മേയ് 18 ന് പട്ടികജാതി – പട്ടികവര്‍ഗ ക്ഷേമത്തെ അടിസ്ഥാനമാക്കി പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് പാലക്കാടും മേയ് 19 ന് സാംസ്‌കാരിക മേഖലയെ അടിസ്ഥാനമാക്കി സാംസ്‌കാരിക വകുപ്പ് തൃശ്ശൂരും മേയ് 27ന് വനിതാവികസനത്തെ അടിസ്ഥാനമാക്കി വനിതാവികസന വകുപ്പ് എറണാകുളത്തും യോഗങ്ങള്‍ സംഘടിപ്പിക്കും.