by Midhun HP News | Apr 19, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ രാവിലെ പത്തു മണിയോടെയാണ് ഷൈൻ ഹാജരായത്. പത്തരയ്ക്ക് എത്തുമെന്നായിരുന്നു പൊലീസിനു ലഭിച്ച വിവരം. എന്നാൽ പറഞ്ഞതിനും അര മണിക്കൂർ മുൻപേ ഷൈൻ സ്റ്റേഷനിൽ എത്തുകയായിരുന്നു
ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഷൈൻ ഹാജരാകുമെന്നായിരുന്നു പിതാവ് ഇന്നലെ അറിയിച്ചിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലാണ് പൊലീസ് നടത്തുക. 32 ചോദ്യങ്ങൾ അടങ്ങിയ ലിസ്റ്റ് പോലീസ് ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ചോദ്യം ചെയ്യൽ നീണ്ടേക്കുമെന്നാണ് വിവരം.
എസിപി അടക്കമുള്ള ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനിൽ ഉണ്ട്.
by Midhun HP News | Apr 19, 2025 | Latest News, ജില്ലാ വാർത്ത
തലശ്ശേരി: ട്രിവാൺഡ്രം റോയൽസ്, കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൻ്റെ സെമിയിൽ കടന്നു. ലീഗ് റൌണ്ടിലെ അവസാന മല്സരത്തിൽ റേസ് ബ്ലാസ്റ്റേഴ്സിനോട് തോൽവി വഴങ്ങിയെങ്കിലും ആദ്യ രണ്ട് മല്സരങ്ങളിലെ ജയത്തിൻ്റെ മികവിൽ റോയൽസ് സെമിയിലേക്ക് മുന്നേറി. ആദ്യം ബാറ്റ് ചെയ്ത റേസ് ബ്ലാസ്റ്റേഴ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 91 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന് 20 ഓവറിൽ ഒൻപത് വിക്കറ്റിന് 86 റൺസ് മാത്രമാണ് നേടാനായത്. സെമിയില്‍ ക്ലൌഡ്ബെറിയാണ് ട്രിവാൺഡ്രം റോയൽസിന്‍റെ എതിരാളി.
ടോസ് നേടിയ റോയൽസ്, ബ്ലാസ്റ്റേഴ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി നിയതി റോയൽസിന് മികച്ച തുടക്കം നല്കി. ഈ ടൂര്‍ണ്ണമെന്റിലെ ആദ്യ ഹാര്‍ട്ടിക് വിക്കറ്റും നിയതിക്കാണ്. എന്നാൽ 20 റൺസെടുത്ത അനശ്വര സന്തോഷിൻ്റെയും 19 റൺസെടുത്ത ക്യാപ്റ്റൻ സായൂജ്യയുടെയും മികവിൽ ബ്ലാസ്റ്റേഴ്സ് 91 റൺസെടുത്തു. റോയൽസിന് വേണ്ടി നിയതി നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് ബാറ്റിങ് നിരയിൽ ക്യാപ്റ്റൻ സജന സജീവനും, നജ്ല സിഎംസിയും മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. 37 റൺസെടുത്ത സജന അവസാന ഓവർ ടീമിന് വിജയപ്രതീക്ഷ നല്കി. എന്നാൽ കളി തീരാൻ രണ്ട് പന്ത് ബാക്കി നില്ക്കെ സജന പുറത്തായത് റോയൽസിന് തിരിച്ചടിയായി. റോയൽസിൻ്റെ മറുപടി 86 റൺസിൽ അവസാനിച്ചതോടെ ബ്ലാസ്റ്റേഴ്സ് അഞ്ച് റൺസിൻ്റെ വിജയം സ്വന്തമാക്കി. റോയൽസിന് വേണ്ടി നജ്ല 24 റൺസ് നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അനുശ്രീ അനിൽകുമാറും രണ്ട് വിക്കറ്റ് നേടിയ അനശ്വര സന്തോഷുമാണ് ബ്ലാസ്റ്റേഴ്സ് ബൌളിങ് നിരയിൽ തിളങ്ങിയത്.
by Midhun HP News | Apr 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറെന്ന് പറഞ്ഞ പോലെയാണ് നമ്മുടെ സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും. കോടിക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ സഹായം കിട്ടിയിട്ടും രജിസ്റ്റര്‍ ചെയ്യുന്ന പേറ്റന്റുകളുടെ എണ്ണം വളരെ കുറവാണ്. ഗവേഷണത്തിനായി ഏറ്റവും കൂടുതല്‍ പണം മുടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പക്ഷെ രജിസ്റ്റര്‍ ചെയ്യുന്ന പേറ്റന്റുകളുടെ എണ്ണത്തില്‍ വളരെ പിറകിലാണ് നമ്മള്‍.
2023-24 മുതല്‍ കേരള സര്‍ക്കാര്‍ ഗവേഷണത്തിനായി പ്രത്യേക ബഡ്ജറ്റ് അവതരിപ്പിക്കുന്നുണ്ട്. ഇക്കൊല്ലം 4000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പക്ഷെ ഇതുകൊണ്ട് കാര്യമായ ഒരു ഫലവും ഉണ്ടായിട്ടില്ല. തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളില്‍ കേരളത്തിന് ലഭിച്ച 100 പേറ്റന്റുകളില്‍ 66 ശതമാനം കേന്ദ്ര ഗവേഷണ സ്ഥാപനങ്ങള്‍ നേടിയതാണ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സര്‍വ്വകലാശാലകള്‍ 7 ശതമാനവും ഗവേഷണ സ്ഥാപനങ്ങള്‍ വെറും രണ്ട് ശതമാനവും നേടി.
ഗവേഷണ വികസന (ആര്‍ & ഡി) മേഖലയില്‍ കേരള സര്‍ക്കാരിന്റെ നിക്ഷേപങ്ങള്‍ ബൗദ്ധിക സ്വത്തവകാശ തലത്തിലേക്ക് വികസിപ്പിക്കാനാകുന്നില്ല. സംസ്ഥാനം അതിന്റെ ജിഎസ്ഡിപിയുടെ 0.30 ശതമാനം ഗവേഷണത്തിനായി നീക്കിവയ്ക്കുന്നുണ്ട്. ഇത് അന്തര്‍ സംസ്ഥാന ശരാശരിയായ 0.24 ശതമാനത്തേക്കാള്‍ കൂടുതലാണ്. എന്നാല്‍ 0.14 പേറ്റന്റ് അപേക്ഷകള്‍ മാത്രമേ ലഭിക്കുന്നുള്ളൂ. 14 പ്രധാന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 13-ാം സ്ഥാനത്താണ് കേരളമെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ ‘കേരള ഇക്കണോമി’ എന്ന എഡിഷനില്‍ വ്യക്തമാക്കുന്നു.
ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ബഡ്ജറ്റില്‍ തുക നീക്കിവയ്ക്കുന്നുണ്ടെങ്കിലും പേറ്റന്റ് ജനറേഷനില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറും മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ടെക്നോളജി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ സ്ഥാപക ഡയറക്ടറുമായ രാജേഷ് മെനി വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ‘എവിഡന്‍സ്-ബേസ്ഡ് ഫിനാന്‍ഷ്യല്‍ ഫോര്‍ കേരളാസ് നോളജ് എക്കണോമി: പേറ്റന്റ് മെട്രിക്‌സ് ഫോര്‍ പോളിസി റിഫോം’ എന്ന പ്രബന്ധത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
മൊത്തം വിഹിതത്തിന്റെ 44.81 ശതമാനം ലഭിച്ചിട്ടും, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ കേരളത്തിലെ പേറ്റന്റുകളില്‍ 7.29 ശതമാനം മാത്രമേ നേടിയിട്ടുള്ളൂ. കാര്‍ഷിക ഗവേഷണത്തിന് 14.03 ശതമാനം ഫണ്ട് ലഭിച്ചു, പക്ഷേ 1.65 ശതമാനം പേറ്റന്റുകളാണ് നേടിയത്. അതേസമയം വ്യവസായ ഗവേഷണ രംഗത്ത് താരതമ്യേന മികച്ച പ്രകടനമാണ്. വ്യവസായ രംഗത്ത് 9.16 ശതമാനം മാത്രം വകയിരുത്തിയപ്പോള്‍, 24 ശതമാന പേറ്റന്റുകളാണ് ലഭിച്ചത്. ഗവേഷണ സ്ഥാപനങ്ങളും വ്യവസായവും തമ്മിലുള്ള വിജ്ഞാന കൈമാറ്റ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഫണ്ടിങ്ങ് മോഡലുകള്‍ നടപ്പിലാക്കുക തുടങ്ങിയവ ഈ മേഖലയിലെ വെല്ലുവിളികളെ നേരിടാന്‍ സഹായിക്കുമെന്ന് രാജേഷ് പറഞ്ഞു.
by Midhun HP News | Apr 18, 2025 | Latest News, ജില്ലാ വാർത്ത
പാലക്കാട്: സിനിമാ സെറ്റിന് പ്രത്യേക പവിത്രതയോ, പരിഗണനയോ ഒന്നുമില്ലെന്ന് മന്ത്രി എംബി രാജേഷ്. ലഹരി സംബന്ധിച്ച് വിവരം ലഭിച്ചാല്‍ എവിടെയാണെങ്കിലും പരിശോധനകള്‍ ഉണ്ടാകും. അതില്‍ ആരെയും ഒഴിച്ചു നിര്‍ത്തില്ല. ഇതു സംബന്ധിച്ച് ഏതു വിവരവും വളരെ ഗൗരവത്തോടെ സര്‍ക്കാര്‍ കാണുമെന്നും മന്ത്രി രാജേഷ് പറഞ്ഞു.
സര്‍ക്കാര്‍ ഗൗരവത്തോടെയാണ് സമീപിക്കുന്നത് എന്നതിന് തെളിവാണ് ഇത്തരം വിവരങ്ങള്‍ ധാരാളം ലഭിക്കുന്നത്. ലഹരി വിവരം അറിയിക്കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ എക്‌സൈസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പൊലീസും ഇതുമായി ബന്ധപ്പെട്ട് നമ്പര്‍ നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് മാസത്തില്‍ മാത്രം പതിനാലായിരത്തിലധികം റെയ്ഡാണ് സംയുക്തമായി നടത്തിയിട്ടുള്ളത്. മുമ്പില്ലാത്ത വിധം റെയ്ഡ് നടത്താന്‍ കഴിയുന്നത് അത്തരം വിവരങ്ങള്‍ ജനങ്ങളില്‍ നിന്നും കിട്ടുന്നതു കൊണ്ടാണ്. ആ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാധാരണഗതിയില്‍ പിടിക്കുക എളുപ്പമല്ലാത്ത കേസുകള്‍ പോലും ഇപ്പോള്‍ പിടിക്കാനാകുന്നത്.
കൃത്യം വിവരം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്. ഇത്തരം വിവരങ്ങള്‍ എവിടെ നിന്നു ലഭിച്ചാലും ഗൗരവത്തോടെ കാണും, ഉദാസീനത ഉണ്ടാകില്ല. എവിടെയാണെങ്കിലും പരിശോധനയുണ്ടാകും. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിക്കുന്നു എന്ന് വിശ്വസനീയമായ വിവരം ലഭിച്ചാല്‍ അവിടെയും പരിശോധിക്കേണ്ടി വരും. അതൊന്നും പവിത്രമായ സ്ഥലമൊന്നുമല്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു ലക്ഷത്തി പതിനേഴായിരം വാഹനപരിശോധനയാണ് മാര്‍ച്ച് മാസത്തില്‍ നടന്നത്. 14,000 റെയ്ഡ് നടന്നു. 10,000 കേസുകളെടുത്തു. 3000 പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് എന്ന പേരില്‍ എക്‌സൈസ് പരിശോധന നടത്തുന്നു. ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ പൊലീസും ലഹരിവേട്ട നടത്തുന്നു. സംയുക്തമായും പരിശോധന നടത്തുന്നുണ്ട്. അതിന്റെ മാറ്റം ഇപ്പോള്‍ കാണാനും സാധിക്കുമെന്ന് മന്ത്രി രാജേഷ് കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Apr 18, 2025 | Latest News, ജില്ലാ വാർത്ത
വ്യാജ രേഖകളുമായി ബംഗ്ലദേശ് പൗരൻ അറസ്റ്റിൽ. ഇന്ത്യൻ പൗരൻ ആണെന്ന് സ്ഥാപിക്കുന്നതിനായി വ്യാജ ആധാർ കാർഡ് നിർമിച്ച് അനധികൃതമായി കരുനാഗപ്പള്ളി മരുതുർകുളങ്ങരയിലെ പൊടിപ്പുമില്ലിൽ ജോലി ചെയ്തു വന്ന ബംഗ്ലദേശ് പൗരനായ മുഹമ്മദ് അൽ അമീൻ ഇസ്‌ലാം (25)നെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. അസം സ്വദേശിയാണെന്നു തെളിയിക്കുന്ന വ്യാജ ആധാർ കാർഡും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാസ്പോർട്ടും മറ്റു രേഖകളും ഇല്ലാതെ അനധികൃതമായി താമസിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന, പൊലീസ് ഇൻസ്പെക്ടർ വി.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗ്ലദേശ് പൗരനെ അറസ്റ്റ് ചെയ്തത്.
by Midhun HP News | Apr 18, 2025 | Latest News, ജില്ലാ വാർത്ത
പോത്തൻകോട് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു. കഞ്ചാവ് വിൽപ്പന പോലീസിൽ വിവരം അറിയിച്ച യുവാക്കളെയാണ് ആക്രമിച്ചത്. കാട്ടായിക്കോണം അരിയോട്ടുകോണത്താണ് സംഭവം. സഹോദരങ്ങളായ രതീഷിനും രജനീഷിനുമാണ് ആക്രമണത്തിൽ പരുക്കേറ്റത്. എട്ടോളം പേരടങ്ങുന്ന സംഘമാണ് സഹോദരങ്ങളെ വെട്ടി പരിക്കേൽപ്പിച്ചത്. പ്രതികളിൽ പ്രായപൂർത്തിയാകാത്തവരും ഉള്ളതായി പൊലീസ് പറയുന്നു.വീടിന് സമീപത്തായ ഇവർ ഒരു പശു ഫാം നടത്തിവരികയായിരുന്നു.
ഈ ഫാമിനടുത്ത് ലഹരി ഉപയോഗവും വിൽപനയും സജീവമാണെന്ന് ഇവരുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് പോത്തൻകോട് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. പരാതി നൽകിയ ഇവരുടെ വിവരങ്ങൾ പൊലീസിൽ നിന്ന് ചോർന്നുപോയി എന്ന് ആക്രമണത്തിന് ഇരയായ യുവാക്കൾ പറയുന്നു.ഇന്നലെ വൈകിട്ട് രജനീഷിനെ ലഹരിമാഫിയ സംഘം ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇവിടെ നിന്ന് ഓടി പോത്തൻകോട് പൊലീസ് സ്റ്റേഷനിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പൊലീസിനോട് വിവരം പറഞ്ഞു. നടപടിയെടുക്കുമെന്ന് പൊലീസ് മറുപടി നൽകുകയും ചെയ്തിരുന്നു. പിന്നീട് ഫാമിലേക്ക് എത്തിയപ്പോഴാണ് രജനീഷിനെയും രതീഷിനെയും ലഹരി മാഫിയ സംഘം ക്രൂരമായി ആക്രമിച്ചത്.വടിവാൾ പോലത്തെ ആയുധം ഉപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. രതീഷിനാണ് ഗുരുതരമായി പരുക്കേറ്റത്. തലയിൽ ഇരുപതോളം സ്റ്റിച്ച് ഉണ്ട്. കൈയിൽ പൊട്ടലും ഉണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ ലഹരി മാഫിയ സംഘം അവിടേക്കെത്തി ഇവരെ പരിഹസിച്ചെന്നും ഇവർ പറയുന്നു.
Recent Comments