സർക്കാർ ഭൂമി വ്യക്തികൾക്ക് പതിച്ചു നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭം

സർക്കാർ ഭൂമി വ്യക്തികൾക്ക് പതിച്ചു നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭം

മുടപുരം: അഴൂർ പഞ്ചായത്തിൽ വിവിധ വികസന പദ്ധതികൾക്കായി ഉപയോഗിക്കേണ്ട സർക്കാർ ഭൂമി വ്യക്തികൾക്ക് പതിച്ചുനൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി ജനകീയക്കൂട്ടായ്മ. പഞ്ചായത്തിലെ പത്താം വാർഡിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ശാസ്തവട്ടത്തെ ഗാന്ധിസ്മാരക നിധി കേന്ദ്രത്തിന്റെ ഏക്കർ കണക്കിന് ഭൂമിയാണ് അതിദരിദ്രരായ 40 കുടുംബങ്ങൾക്ക് പതിച്ചുനൽകാൻ തീരുമാനിച്ചത്. അതിദരിദ്ര കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിനോട് ആക്ഷൻ കൗൺസിൽ എതിരല്ല. പഞ്ചായത്തിലെ വിലപിടിപ്പുള്ള കണ്ണായ ഈ ഭൂമി നൽകാതെ മൂല്യം കുറഞ്ഞ മറ്റ് ഭൂമി കണ്ടുപിടിച്ച് അവർക്ക് നൽകണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ നിർദ്ദേശം.

1954ൽ 4 ഏക്കർ 85 സെന്റ് ഭൂമി ഗാന്ധിസ്മാരക നിധിക്ക് സർക്കാർ 99 വർഷത്തേക്ക് പാട്ടത്തിനു നൽകിയിരുന്നു. ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് തൊഴിൽസംരംഭങ്ങൾ ആരംഭിക്കുന്നതിന് പരിശീലനം നൽകുന്നതിനായാണ് ഗാന്ധിസ്മാരക നിധിക്ക് ഈ ഭൂമി പാട്ടത്തിന് നൽകിയത്. എന്നാൽ 2000ത്തോടെ ഗാന്ധിസ്മാരക നിധിയുടെ പ്രവർത്തനം മന്ദീഭവിച്ചു. 2012ൽ ഭൂമി തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനെതിരെ ഗാന്ധിസ്മാരകനിധി കേന്ദ്രം ഹൈക്കോടതിയിൽ കേസ് കൊടുക്കുകയും സർക്കാർ നടപടി കോടതി സ്റ്റേ ചെയ്യുകയുമുണ്ടായി. പിന്നീട് സർക്കാർ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ലൈബ്രറിയും വായനശാലയും പ്രവർത്തിക്കുന്നതിനായി 15 സെന്റ് ഭൂമി ഒഴികെയുള്ള സ്ഥലം റവന്യു വകുപ്പ് ഏറ്റെടുത്തു.

കിളിമാനൂർ ബ്ലോക്ക് ജോബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

കിളിമാനൂർ ബ്ലോക്ക് ജോബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

കിളിമാനൂർ ബ്ലോക്ക് ജോബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിജ്ഞാനകേരള പദ്ധതിയുടെ ഭാഗമായി ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള പരിശീലനവും പദ്ധതിയുടെ പ്രധാന കേന്ദ്രമായ ബ്ലോക്ക് ജോബ് സ്റ്റേഷന്റെ ഉദ്ഘാടനവും ബ്ലോക്ക് പ്രസിഡന്റ് ബി പി മുരളി ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐഷ റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി സ്മിത, ബേബി രവീന്ദ്രൻ, ജനരാജ് പി വി, സുഭാഷ് ചന്ദ്രൻ,സത്യശീലൻ എം, ബിനിൽ എസ് എന്നിവർ സംസാരിച്ചു.

പൊന്നറ കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ 5 മണിയ്ക്ക് എച്ച് പി ന്യൂസിലൂടെ

പൊന്നറ കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ 5 മണിയ്ക്ക് എച്ച് പി ന്യൂസിലൂടെ

പൊന്നറ കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ നിങ്ങളിൽ എത്തിക്കാനായി ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് ഹൃദയപൂർവ്വം ന്യൂസ്‌ ഫേസ് ബുക്കിലും യൂ ട്യൂബിലും ലൈവ് സംഘടിപ്പിച്ചിട്ടുണ്ട്.

മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം പകല്‍ സമയത്ത് കടുത്ത ചൂട് തുടരുകയാണ്. കൊല്ലത്തെ കൊട്ടാരക്കരയില്‍ അള്‍ട്രാവയലറ്റ് സൂചിക 11 രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ജാഗ്രതയുടെ ഭാഗമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അള്‍ട്രാവയലറ്റ് സൂചിക 11ന് മുകളില്‍ രേഖപ്പെടുത്തുകയാണെങ്കില്‍ ഏറ്റവും ഗുരുതരമായ സാഹചര്യമായാണ് കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. ജാഗ്രതയുടെ ഭാഗമായാണ് റെഡ് അലര്‍ട്ട് നല്‍കുന്നത്.

കോന്നി, ചങ്ങനാശേരി, ചെങ്ങന്നൂര്‍, മൂന്നാര്‍, തൃത്താല, പൊന്നാനി എന്നിവിടങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക അനുസരിച്ച് ഓറഞ്ച് അലര്‍ട്ടാണ്. അള്‍ട്രാവയലറ്റ് സൂചിക എട്ടുമുതല്‍ പത്തുവരെയുള്ള പ്രദേശങ്ങളിലാണ് ഓറഞ്ച് ജാഗ്രത നല്‍കിയിരിക്കുന്നത്. അതീവ ജാഗ്രത എന്നതാണ് ഓറഞ്ച് ജാഗ്രത കൊണ്ട് അര്‍ത്ഥമാക്കുന്നത്. കളമശേരി, ഒല്ലൂര്‍, ബേപ്പൂര്‍, മാനന്തവാടി, ധര്‍മ്മടം എന്നിവിടങ്ങളില്‍ യെല്ലോ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. മുന്‍കരുതല്‍ സ്വീകരിക്കേണ്ട സാഹചര്യമാണ് യെല്ലോ അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ദീർഘനാളായുള്ള നവീകരണം വാഗ്ദാനത്തിലൊതുങ്ങി കിളിമാനൂർ ഗ്രാമപ്പഞ്ചായത്തിലെ പോങ്ങനാട് സ്റ്റേഡിയം

ദീർഘനാളായുള്ള നവീകരണം വാഗ്ദാനത്തിലൊതുങ്ങി കിളിമാനൂർ ഗ്രാമപ്പഞ്ചായത്തിലെ പോങ്ങനാട് സ്റ്റേഡിയം

കിളിമാനൂർ: ദീർഘനാളായുള്ള നവീകരണം വാഗ്ദാനത്തിലൊതുങ്ങി കിളിമാനൂർ ഗ്രാമപ്പഞ്ചായത്തിലെ പോങ്ങനാട് സ്റ്റേഡിയം. പല ഘട്ടങ്ങളിൽ നവീകരണത്തിന് ഫണ്ട് അനുവദിച്ചതായി പ്രഖ്യാപനം വന്നെങ്കിലും ഒന്നും ഇനിയും യാഥാർഥ്യമായില്ല. ജില്ലാപ്പഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്ത് വെള്ളക്കെട്ടൊഴിവാക്കാൻ വശങ്ങളിൽ സംരക്ഷണഭിത്തി കെട്ടിയതാണ് ഒടുവിൽ നടന്ന നവീകരണം. ഇതിനൊപ്പം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗാലറി, നടപ്പാത എന്നിവയെല്ലാം പ്രഖ്യാപനങ്ങൾ മാത്രമായി.

നിലവിൽ വരണ്ട നിലയിലാണെങ്കിലും വേനൽമഴ പെയ്യുന്നതോടെ സ്റ്റേഡിയം വെള്ളക്കെട്ടാവും. വേനലിലെ ഏതാനും മാസങ്ങളിൽ മാത്രമാണ് ഈ കളിക്കളം ഉപയോഗിക്കാൻ കഴിയുന്നത്. മഴ പെയ്യുന്ന സമയങ്ങളിലെല്ലാം വെള്ളക്കെട്ടും നല്ല മഴക്കാലമാവുമ്പോൾ ചെളിയും നിറയും. പഞ്ചായത്തിലെ വിവിധയിടങ്ങളിലെ നിർമാണങ്ങൾക്കായി നീക്കംചെയ്യുന്ന മണ്ണുകൊണ്ടിട്ടാണ് പ്രതലം ഉയർത്തിയത്. ഇതു ശരിയായി നിരപ്പാക്കാത്തതിനാൽ കുണ്ടും കുഴികളുമാണ്. കൊണ്ടിട്ട മണ്ണ് കൂട്ടിയിട്ടനിലയിൽ വശങ്ങളിൽ പലയിടത്തായി കിടപ്പുണ്ട്.

പോങ്ങനാട് ഗവ. യുപി സ്കൂളിനെ ഹൈസ്കൂളാക്കി ഉയർത്തിയപ്പോൾ കുട്ടികൾക്ക് മതിയായ സൗകര്യങ്ങളുള്ള കളിസ്ഥലമായി ഈ സ്റ്റേഡിയമാണ് നിർദേശിക്കപ്പെട്ടിരുന്നത്. സ്കൂൾ പ്രവർത്തനമാരംഭിച്ച് പതിറ്റാണ്ടു പിന്നിട്ടു. പുതിയ കെട്ടിടമുൾപ്പെടെയുള്ള സൗകര്യങ്ങൾ വരുകയും ചെയ്തു. കളിസ്ഥലം മാത്രം ഇതുവരെ നവീകരിക്കപ്പെട്ടില്ല. സ്കൂളിൽ കവാടം, കളിസ്ഥലം ഉൾപ്പെടെ നിർമിക്കാൻ ജില്ലാപ്പഞ്ചായത്ത് ഫണ്ട് അനുവദിച്ചതിൽ കുറച്ചു തുക ചെലവിട്ട് വശങ്ങളിൽ സംരക്ഷണഭിത്തി നിർമിച്ചു.

നിർമാണം പൂർത്തീകരിക്കാൻ തുക പര്യാപ്തമല്ലാത്തതിനാൽ ബാക്കി തുക സ്കൂളിൽ ശൗചാലയമടക്കം നിർമിക്കുന്നതിനാണ് ചെലവിട്ടത്. പോങ്ങനാട് ജങ്ഷനോടുചേർന്ന് ഉണ്ടായിരുന്ന വലിയ കുളം പായലും മാലിന്യങ്ങളും മൂടി ഉപയോഗശൂന്യമായതോടെയാണ് നികത്തി കളിസ്ഥലമുണ്ടാക്കാൻ 35 വർഷം മുൻപ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തത്. താഴ്ന്ന സ്ഥലമായതിനാൽ തുടക്കംമുതൽ വെള്ളക്കെട്ട് വെല്ലുവിളിയായിരുന്നു.

എന്നാൽ കളിസ്ഥലത്തിനായി നികത്തിയ കുളം ഉപയോഗപ്രദമാക്കാൻ ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനോ, സ്റ്റേഡിയമെന്ന നിലയിൽ മതിയായ സൗകര്യങ്ങളൊരുക്കി നവീകരിക്കാനോ നടപടിയുണ്ടായില്ല. ബ്ലോക്ക് പഞ്ചായത്ത് നവീകരണത്തിന് ഫണ്ട് അനുവദിച്ച് ടെൻഡർ ക്ഷണിച്ചെങ്കിലും കരാറെടുക്കാൻ ആരുമുണ്ടായില്ല. സ്കൂൾ കുട്ടികൾക്കും പൊതുജനങ്ങൾക്കും ഉപയോഗപ്രദമായനിലയിൽ സ്റ്റേഡിയം നവീകരിക്കാൻ പര്യാപ്തമായ തുക ഇനി ആര്‌ അനുവദിച്ചുനൽകുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

മാലിന്യ നിർമ്മാർജ്ജനത്തിന് ഊന്നൽ നൽകി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്

മാലിന്യ നിർമ്മാർജ്ജനത്തിന് ഊന്നൽ നൽകി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്

മുടപുരം:-ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ 2025-26 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. എസ്.ഫിറോസ് ലാൽ അവതരിപ്പിച്ചു. 59,37,89519 രൂപ വരവും, 58,79,92134 രൂപ ചെലവും, 57,97,385 രൂപ മിച്ചവും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്.

കാർഷിക മേഖലയ്ക്ക് 36 ലക്ഷവും, മൃഗസംരക്ഷണവും ക്ഷീര വികസനവും മേഖലയിൽ 36 ലക്ഷത്തി അമ്പതിനായിരം രൂപയും, നൈപുണ്യ പരിശീലനത്തിന് 5,68,334രൂപയും, പ്രകൃതി സംരക്ഷണത്തിന് 34,93500 രൂപയും, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവർത്തികൾക്ക് 1,25,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. പി എം എ വൈ, ആവാസ് പ്ലസ്, ലൈഫ് ഭവന പദ്ധതി, ഭിന്നശേഷിക്കാർ, വയോജനങ്ങൾ കുട്ടികൾ എന്നീ മേഖലയ്ക്കായി 13,88,53,144 രൂപയും പശ്ചാത്തല മേഖലയിൽ വിവിധ മാർക്കറ്റുകൾ, കുളം നവീകരണം, റോഡ് റീ ടാറിങ്, അംഗണവാടി കെട്ടിടം എന്നിവയ്ക്കായി 1,86,43,500രൂപയും, എംജി എൻ ആർ ഇ ജി എസ് പദ്ധതിക്ക്42,78,98,000 രൂപയുടെ ലേബർ ബഡ്ജറ്റ് തുകയും വകയിരുത്തിയിട്ടുണ്ട്.

മാലിന്യമുക്തം നവകേരളം, കേരള സർക്കാരിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട് മുടപുരം,, തൊപ്പി ചന്തഎന്നീ മാർക്കറ്റുകളുടെ നവീകരണം, പൊതു കിണർ ശുചീകരണം, കുളം നവീകരണം, എന്നീ പദ്ധതികൾക്കും തുക മാറ്റി വച്ചിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്മാരായ വി ലൈജു, ആർ രജിത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കവിതാ സന്തോഷ്, പി മണികണ്ഠൻ, ബ്ലോക്ക് മെമ്പർമാരായ എ എസ് ശ്രീകണ്ഠൻ, കെ മോഹനൻ, പി കരുണാകരൻ നായർ, ആർ പി നന്ദുരാജ്, ജി ശ്രീകല, രാധികാ പ്രദീപ്, പി അജിത, ജയ ശ്രീരാമൻ, ബിഡിഒ സ്റ്റാർലി ഒ എസ് എന്നിവർ പങ്കെടുത്തു