വിദ്യാരംഗം കലാസാഹിത്യവേദി ആറ്റിങ്ങൽ ഉപജില്ല, ‘സാർത്ഥകം 2015’- യാത്രയയപ്പ് സംഗമം നടത്തി

വിദ്യാരംഗം കലാസാഹിത്യവേദി ആറ്റിങ്ങൽ ഉപജില്ല, ‘സാർത്ഥകം 2015’- യാത്രയയപ്പ് സംഗമം നടത്തി

ആറ്റിങ്ങൽ: വിദ്യാരംഗം കലാസാഹിത്യ വേദി, ആറ്റിങ്ങൽ ഉപജില്ലയുടെ നേതൃത്വത്തിൽ കായിക്കര കുമാരനാശാൻ സ്മാരകത്തിൽ വച്ച് സാർത്ഥകം 2025 എന്ന പേരില്‍ യാത്രയയപ്പ് സംഗമം നടത്തി. പത്തിലധികം വർഷങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആറ്റിങ്ങൽ ഉപജില്ലയുടെ കൺവീനറായും തിരുവനന്തപുരം ജില്ലാകൺവീനറായും പ്രവർത്തിച്ചിരുന്ന, ആറ്റിങ്ങൽ ഉപവിദ്യാഭ്യാസജില്ലാ ഓഫീസറായി ഈ വർഷം വിരമിക്കുന്ന പി സജി, ആറ്റിങ്ങൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസിലെ സീനിയർ സൂപ്രണ്ട് ദിനേഷ് കെ, വിദ്യാരംഗം ആറ്റിങ്ങൽ ഉപജില്ലയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷീബ എസ് ജെയിംസ് എന്നിവർക്കാണ് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചത്.

യാത്രയയപ്പ് സംഗമത്തിന് വിദ്യാരംഗം ജോയിന്റ് കൺവീനർ കുമാരി ഷിലു ആര്‍ അധ്യക്ഷത വഹിച്ചു. സുജാദേവി എ എസ് പ്രാർത്ഥന ചൊല്ലി. വിദ്യാരംഗം ആറ്റിങ്ങൽ ഉപജില്ലയുടെ കോ-ഓർ‍ഡിനേറ്റര്‍ ഷാജി എ സംഗമത്തിന് സ്വാഗതം പറഞ്ഞു.

സാര്‍ത്ഥകം 2025 പരിപാടി, ആറ്റിങ്ങൽ ഗവ.മോഡല്‍ ബോയ്സ് ഹയർസെക്കന്ററി സ്കൂൾ പ്രഥമാധ്യാപകൻ കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം ഈ വർഷം ഉപജില്ലയിൽ നിന്ന് വിരമിക്കുന്ന മൂന്നുപേർക്കും സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു. തുടർന്ന് വിദ്യാരംഗത്തിന്റെ മുൻ ഉപജില്ലാ കൺവീനർ സുജ കെ, വിദ്യാരംഗത്തിന്റെ ഉപജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സജിത്ത് വി പി, അനീഷ എസ് ഇ, രാജി ആർ എസ്, ശാരിക എസ്, വിനു വി എസ്, ഷീജു ബി. ജി, രമ്യ ആര്‍ നായര്‍, റിന്‍ബിള്‍സ് ആര്‍ എസ് ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍മാരായ – സര്‍വ്വശ്രീ ദിനേഷ് കുമാർ കെ, ശ്രീലേഖ പ്രസാദ്, ഹിമ. ജി,ശാരിക പി എ, സജ എസ്, സുനിത എസ്.ഒ, ബിസ്മി എല്‍ എസ്, ഷൈനി ഒ.എം, അരുണ്‍ദാസ് എ എസ്, സുമി ബി.എസ്, ത്വയ്യിബ് മുഹമ്മദ് എന്നിവര്‍ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

നെല്ലനാട് സ്കൂളിലെ സുജാദേവി എ എസ് ആശംസാഗീതം എഴുതി അവതരിപ്പിച്ചു. രശ്മി ഗോപാലകൃഷ്ണൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം; കേന്ദ്രം വർധിപ്പിച്ചാൽ കേരളവും കൂട്ടും: മുഖ്യമന്ത്രി

തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയം കേന്ദ്ര സർക്കാർ വർധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സർക്കാരും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന് സാമ്പത്തിക പരിമിതികളുണ്ടെങ്കിലും കേന്ദ്രം ആശാ വർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിച്ചാൽ ഓണറേറിയം വർധിപ്പിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തിൽ പറഞ്ഞു. ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തുന്ന പദ്ധതിയാണ്.

ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാൻ സർക്കാർ നടപടി ഇല്ലാത്തതിൽ ഇടതുമുന്നണി ഘടകക്ഷികൾ ശക്തമായ എതിർപ്പാണ് എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിച്ചത്. ആശാ സമരം സർക്കാർ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് എൽഡിഎഫ് യോഗത്തിൽ ആർജെഡി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സിപിഐ നേതാക്കളും ആർജെഡിയെ പിന്തുണച്ചു. സമരം തീർക്കുന്നതിൽ സർക്കാരിന് പിടിവാശിയില്ലെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി മറുപടി നല്‍കി.

ആശ വർക്കർമാർക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് യുഡിഎഫ് രംഗത്തെത്തി. നിയമസഭ ബഹിഷ്കരിച്ച് യുഡിഎഫ് എംഎൽഎമാർക്കൊപ്പം നിരാഹാര സമരം നടത്തുന്ന ആശ വർക്കർമാരുടെ സമരപ്പന്തലിലെത്തിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സമരം തീർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. മന്ത്രിമാർ തുടക്കം മുതൽ സമരത്തെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൈക്കൂലി; 700 സര്‍ക്കാര്‍ ജീവനക്കാര്‍ വിജിലന്‍സിന്റെ നിരീക്ഷണത്തില്‍

കൈക്കൂലി; 700 സര്‍ക്കാര്‍ ജീവനക്കാര്‍ വിജിലന്‍സിന്റെ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതിക്കാരെന്ന് സംശയിക്കുന്ന എഴുന്നൂറോളം പേര്‍ വിജിലന്‍സിന്റെ നിരീക്ഷണത്തില്‍. ഇതില്‍ ഇരുന്നൂറ് ആളുകളുടെ പട്ടിക തയ്യാറാക്കിയതായും ഉയര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ പട്ടികയിലെ ഉദ്യോഗസ്ഥരുടെ ജില്ലതിരിച്ചുള്ള കണക്കുകള്‍ വ്യക്തമല്ല.

നേരത്തെ ഈ എഴുന്നൂറ് പേരില്‍ ഇരുന്നൂറ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തിയിരുന്നെങ്കിലും അവര്‍ കേസില്‍ പെടാതെ രക്ഷപ്പെടുകയായിരുന്നു. ശേഷിക്കുന്ന അഞ്ഞൂറ് പേര്‍ക്കെതിരെ അത്തരത്തില്‍ അന്വേഷണമൊന്നും മുന്‍പ് ഉണ്ടായിട്ടില്ല. പക്ഷെ നിലവില്‍ ഇവര്‍ക്കെതിരെ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചതായാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഭൂരിഭാഗം പേരും റവന്യൂ, തദ്ദേശ സ്വയംഭരണം, വാട്ടര്‍ അതോറിറ്റി, പൊലീസ് വകുപ്പുകളില്‍ നിന്നുള്ളവരാണ്. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനിടെ 23 പേരെ വിജിലന്‍സ്് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇത് 39 പേരായിരുന്നു. ഇത്തവണ അറസ്റ്റിലായവരില്‍ മൂന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുമുണ്ട്.

സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി; 26 ലക്ഷം പേർക്ക് ലഭിക്കും

സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി; 26 ലക്ഷം പേർക്ക് ലഭിക്കും

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യും. 26,16,657 വിദ്യാർത്ഥികൾക്കാണ് അരി ലഭിക്കുക. പദ്ധതിയിൽ ഉൾപ്പെടുന്ന പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

സ്കൂൾ അവധിക്കാലത്തിനു മുന്നോടിയായാണ് വിദ്യാർഥികൾക്ക് അരി വിതരണം ചെയ്യുന്നത്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശം സ്റ്റോക്ക് ഉള്ള 17,417 മെട്രിക് ടൺ അരിയിൽ നിന്നാണ് വിതരണം ചെയ്യുന്നത്‌. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകുന്ന ഉത്തരവ് പുറത്തിറങ്ങി. അരി സപ്ലൈകോ സ്ക്കൂ‌ളുകളിൽ നേരിട്ട് എത്തിച്ച് നൽകും.

‘ആശ’മാരുടെ നിരാഹാര സമരം രണ്ടാം ദിനത്തിലേക്ക്; കേന്ദ്രത്തിനെതിരെ ഇന്ന് സിഐടിയുവിന്റെ ദേശവ്യാപക പ്രതിഷേധം

‘ആശ’മാരുടെ നിരാഹാര സമരം രണ്ടാം ദിനത്തിലേക്ക്; കേന്ദ്രത്തിനെതിരെ ഇന്ന് സിഐടിയുവിന്റെ ദേശവ്യാപക പ്രതിഷേധം

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ സിഐടിയുവിന്റെ ദേശവ്യാപക പ്രതിഷേധം ഇന്ന്. ആശ വര്‍ക്കേഴ്‌സ് ആന്റ് ഫെസിലിറ്റേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സിഐടിയുവിന്റെ നേതതൃത്വത്തിലാണ് പ്രക്ഷോഭം. തിരുവനന്തപുരത്ത് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

ആശ വര്‍ക്കര്‍മാരെയും ഫെസിലിറ്റേറ്റര്‍മാരെയും തൊഴിലാളികളായി അംഗീകരിക്കുക, ഇന്‍സെന്റീവ് അധിഷ്ഠിത വേതന ഘടനയ്ക്ക് പകരം പ്രതിമാസം 26,000 രൂപ മിനിമം വേതനം നല്‍കുക, കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ആരോഗ്യമിഷനുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കുക, കുടിശ്ശികയായ കേന്ദ്ര വിഹിതം സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയ്ക്ക് നിവേദനവും കൈമാറും. പ്രതിഷേധപരിപാടികളില്‍ എല്ലാ ആശമാരും പങ്കെടുക്കണമെന്ന് എഡബ്ല്യുഎഫ്എഫ്‌ഐ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ആശാ പദ്ധതിയുടെ 20-ാം വാര്‍ഷിക ദിനമായ ഏപ്രില്‍ 12 ന് ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ കണ്‍വെന്‍ഷനില്‍ ഭാവി പോരാട്ടങ്ങള്‍ക്ക് രൂപം നല്‍കുമെന്നും സിഐടിയു അറിയിച്ചു.

അതേസമയം, ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ടുള്ള ആശ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിനത്തിലേക്ക് കടന്നു. എം എ ബിന്ദു, കെപി തങ്കമണി, ആര്‍ ഷീജ എന്നിവരാണ് നിരാഹാരം തുടരുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം ഇന്ന് നാല്‍പതാം ദിവസമാണ്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നിരാഹാരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. അതേസമയം, ആശാ പ്രവര്‍ത്തകരുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലേക്ക് പോയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്രമന്ത്രി ജെ പി നഡ്ഡയെ കാണാതെ കേരളത്തില്‍ തിരിച്ചെത്തി.

സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു; പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസവും കൂട്ടി

സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു; പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസവും കൂട്ടി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. മൂന്ന് ശതമാനമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ക്ഷാമബത്ത 12 ല്‍ നിന്ന് 15 ശതമാനമായി. പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസവും 12ല്‍ നിന്ന് 15 ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ധനവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി.

ഏപ്രില്‍ മുതല്‍ വര്‍ധന നടപ്പാകും. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്‌കൂള്‍, കോളേജ്, പോളിടെക്നിക് ജീവനക്കാര്‍, തദ്ദേശസ്ഥാപന ജീവനക്കാര്‍, മുഴുവന്‍ സമയ കണ്ടിജന്റ് ജീവനക്കാര്‍ എന്നിവരുടെ ക്ഷാമബത്തയും സംസ്ഥാന സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍, കുടുംബ പെന്‍ഷന്‍കാര്‍, എക്സ്ഗ്രേഷ്യ പെന്‍ഷന്‍കാര്‍, എക്സ്ഗ്രേഷ്യ കുടുംബ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് ക്ഷാമാശ്വാസവുമാണ് വര്‍ധിക്കുക. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 12ല്‍ നിന്ന് 15 ശതമാനമാക്കി വര്‍ധിപ്പിച്ചതോടെ 690 രൂപ മുതല്‍ 3711 രൂപ വരെ വര്‍ധനയുണ്ടാകും. അടിസ്ഥാന ശമ്പളം അനുസരിച്ചുള്ള വര്‍ധനയാണിത്. സേവനകാലം കൂടുതലുള്ളവര്‍ക്ക് സ്‌കെയില്‍ ഓഫ് പേ അനുസരിച്ചുള്ള വര്‍ധനയുണ്ടാകും. പാര്‍ട്ടൈം അധ്യാപകര്‍ക്കും കണ്ടിജന്റ് ജീവനക്കാര്‍ക്കും വര്‍ധന ബാധകമാണ്.