‘പൂസായി മലയാളി’; ബിയര്‍ കുടിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; കണക്കുകള്‍ ഇങ്ങനെ

‘പൂസായി മലയാളി’; ബിയര്‍ കുടിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: ലോകത്തിലെ ജനപ്രിയ പാനീയമാണ് ബിയര്‍. കേരളത്തിലും ബിയര്‍ കുടിക്കുന്നവരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടായതായാണ് കണക്കുകള്‍ പറയുന്നത്. അതേസമയം, ‘സ്വന്തം കള്ളിനോട്’ മലയാളി വിമുഖത കാണിക്കുകയും ചെയ്യുന്നു. കേരളത്തിലെ ബിയര്‍ ഉപയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലധികമാണ് വര്‍ധന. നഗരങ്ങളിലാണ് ബിയറിന് ഏറെ ഡിമാന്‍ഡ്.

ഹൗസ്‌ഹോല്‍ഡ് കണ്‍സംപ്ഷന്‍ എക്‌സ്പന്‍ഡീച്ചര്‍ സര്‍വേ 2024 കണക്കുകള്‍ പ്രകാരം 2022-23 വര്‍ഷത്തില്‍ നഗരങ്ങളില്‍ ബിയര്‍ ഉപയോഗം 0.032 ലിറ്റര്‍ ആയിരുന്നെങ്കില്‍ 2023-24 വര്‍ഷത്തില്‍ ഇത് 0.066 ലിറ്ററായി ഉയര്‍ന്നു. ഗ്രാമങ്ങളില്‍ ഇത് 0.029 ലിറ്ററില്‍ നിന്നും 0.059 ആയി. ഗ്രാമ പ്രദേശങ്ങളില്‍ ബിയര്‍ ഉപയോഗിക്കുന്ന കുടുംബങ്ങളുടെ എണ്ണം 2022-23 ല്‍ 92,800 ല്‍ നിന്ന് 2023-24 ല്‍ 1,73,000 ആയി വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു. നഗരപ്രദേശങ്ങളില്‍, ഈ കാലയളവില്‍ 1,11,900 ല്‍ നിന്ന് 2,16,100 ആയി വര്‍ധിച്ചു.

രാജ്യത്ത് ഏറ്റവും അധികം ബിയര്‍ കുടിക്കുന്നത് സിക്കിമിലാണ്. പ്രതിശീര്‍ഷ ഉപഭോഗം 0.927 ആണ്. രണ്ടാമത് ഗോവയാണ് (0.717ലിറ്റര്‍). കേരളം 17ാം സ്ഥാനത്താണെങ്കിലും ഏറ്റവും കുറഞ്ഞ ഉപഭോഗം ബിഹാറിലും ഹിമാചലിലുമാണ്.

മറ്റ് ജില്ലകളെ അപേക്ഷിച്ച് കേരളത്തില്‍ ബിയര്‍ ഉപഭോഗം കൂടുതല്‍ മലബാര്‍ ജില്ലകളിലാണെന്ന് ബാര്‍ ഹോട്ടല്‍ ഉടമയായ രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. സംസ്ഥാനത്ത് വൈന്‍ ഉപയോഗത്തിലും വലിയ വര്‍ധനയുണ്ട്. അതേസമയം കള്ള് കുടിക്കുന്നവരുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തിയത്. ഉപഭോഗം 2022-23-ല്‍ 0.018 ലിറ്ററില്‍ നിന്ന് 2023-24-ല്‍ 0.01 ലിറ്ററായി കുറഞ്ഞു. കള്ള് കുടിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതില്‍ സാമൂഹിക മാറ്റങ്ങളും ഷാപ്പുകള്‍ ആധുനിക രീതിയിലേക്ക് മാറാത്തതാണെന്നും കള്ള് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ വി ചന്ദ്രബാബു പറഞ്ഞു. ബിയര്‍ പാര്‍ലറുകളുമായി മത്സരിക്കുമ്പോള്‍ കളള് ഷാപ്പുകള്‍ പരാജയപ്പെടുന്നു. എങ്കിലും നല്ല ഭക്ഷണം നല്‍കുന്ന ആധുനിക വത്കരിച്ച കള്ളുഷാപ്പുകള്‍ ആളുകളെ ആകര്‍ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തൊഴിൽ അവസരത്തിനായി കാത്തിരിക്കുന്നവർക്ക് സുവർണാവസരവുമായി ചെമ്മണ്ണൂർ ജൂവലറി

തൊഴിൽ അവസരത്തിനായി കാത്തിരിക്കുന്നവർക്ക് സുവർണാവസരവുമായി ചെമ്മണ്ണൂർ ജൂവലറി

തൊഴിൽ അവസരത്തിനായി കാത്തിരിക്കുന്നവർക്ക് സുവർണാവസരമൊരുക്കുകയാണ് ചെമ്മണ്ണൂർ ജൂവലറി. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ ആറ്റിങ്ങൽ ഷോറൂമിൽ പാർട് ടൈം/ഫുൾ ടൈമായി പ്രാദേശിക അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.

പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത നിർബന്ധമല്ല. ജോലി ചെയ്തുള്ള പരിചയവും വേണ്ട. നിങ്ങൾക്ക് ഇഷ്ടമുള്ള സമയങ്ങളിൽ മാത്രം വർക്ക് ചെയ്‌തുകൊണ്ട് വരുമാനം കണ്ടെത്താം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യാനായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:

മൊബൈൽ നമ്പർ: 8594070916, 8594071916

ഇമെയിൽ: attingal@chemmanurinternational.com

തൊഴിൽ രഹിതർ, മാർക്കറ്റിംഗിൽ പരിചയമുള്ളവർ, കുടുംബശ്രീ പ്രവർത്തകർ, ആശപ്രവർത്തകർ, വീട്ടമ്മമാർ, ഇൻഷൂറൻസ് ഏജന്റുമാർ, ജോലിയിൽ നിന്നും വിരമിച്ചവർ എന്നിവർക്ക് നിങ്ങളുടെ സമയപരിധിയിൽ നിന്നുകൊണ്ട് സെയിൽസ് ഓഫീസർ തസ്‌തികയിൽ ജോലി ചെയ്‌ത്‌ മാസംതോറും ഉയർന്ന വരുമാനം ഉണ്ടാക്കാവുന്നതാണ്.

കൂടാതെ ടോപ് പെർഫോമൻസ് കാഴ്ച‌വെക്കുന്നവർക്ക് ഇൻസെന്റീവ്, സാലറി, ഗിഫ്റ്റുകളും നൽകും.

ഇന്നും കനത്ത വേനല്‍മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

ഇന്നും കനത്ത വേനല്‍മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും കനത്ത വേനല്‍മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചുദിവസം മഴ തുടര്‍ന്നേക്കും.

കേരളത്തിലെ 14 ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ പ്രത്യേക മഴ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിന് സാധ്യത ഏറെയാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്ന

ഇന്നലെ പെയ്ത മഴയില്‍ തിരുവനന്തപുരം തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളക്കെട്ടുണ്ടായി. ചാലയില്‍ കടകളില്‍ വെള്ളം കയറി. തലസ്ഥാന നഗരത്തില്‍ ഇന്നലെ 45 മിനിറ്റിനിടെ 77.7 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഡ്രൈവിങ് ആസ്വദിക്കൂ; ഇന്ന് ടിഎസ്പി ഡേ, ആശംസകളുമായി മോട്ടോര്‍ വാഹനവകുപ്പ്

ഡ്രൈവിങ് ആസ്വദിക്കൂ; ഇന്ന് ടിഎസ്പി ഡേ, ആശംസകളുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡിലെ പരസ്പര സഹകരണത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്ന ടിഎസ്പി ഡേയില്‍ ആശംസകളുമായി മോട്ടോര്‍ വാഹനവകുപ്പ്. എല്ലാവര്‍ക്കും കുറ്റപ്പെടുത്തലുകള്‍ ഇല്ലാത്ത, മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാത്ത ഒരു ഡ്രൈവിങ് ദിനം ആശംസിക്കുന്നതായും എംവിഡി കുറിച്ചു.

റോഡില്‍ ഉപയോഗിച്ചു വരുന്ന സ്ഥിരം കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കണം, നിരത്തില്‍ കണ്ടില്ല എന്ന് നടിക്കുന്ന നല്ല കാര്യങ്ങളെ നന്ദി പൂര്‍വ്വം അംഗീകരിക്കണം. ഇവിടെയാണ് റോഡില്‍ ഒരു ടിഎസ്പി സംസ്‌കാരത്തിന്റെ ആവശ്യകത നമുക്ക് ബോധ്യപ്പെടുന്നത്. നന്ദി പ്രകടനങ്ങള്‍ക്ക് റോഡില്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ സാധിക്കുമെന്നും കുറിപ്പ് പറയുന്നു.

എംവിഡി കുറിപ്പിന്റെ പൂര്‍ണരൂപം

എവിടെ നോക്കിയാ ഇവനൊക്കെ വണ്ടി ഓടിക്കുന്നത് ? ആരാ ഇവനൊക്കെ ലൈസന്‍സ് കൊടുക്കുന്നത് ?

റോഡില്‍ നാം ഉപയോഗിച്ചു വരുന്ന സ്ഥിരം കുറ്റപ്പെടുത്തലുകളില്‍ ഒന്ന് മാത്രം…

ഒന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ റോഡില്‍ ഒരാളെയെങ്കിലും ചീത്ത പറയാതെ (മനസ്സുകൊണ്ടെങ്കിലും) നമുക്ക് ഒരു യാത്രയെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ? ഇല്ല എന്ന് തന്നെയാകും ഉത്തരം,അല്ലേ ?

ഇത് നമ്മള്‍ എല്ലാം തികഞ്ഞവര്‍ ആയത് കൊണ്ടാണോ ? ഇവിടെയാണ് റോഡില്‍ ഒരു ടിഎസ്പി സംസ്‌കാരത്തിന്റെ ആവശ്യകത നമുക്ക് ബോധ്യപ്പെടുന്നത്. നിരത്തില്‍ നാം പലപ്പോഴും കണ്ടില്ല എന്ന് നടിക്കുന്ന നല്ല കാര്യങ്ങളെ നന്ദി പൂര്‍വ്വം ഒന്ന് അംഗീകരിച്ചു നോക്കിയാലോ ! അതെ നന്ദി പ്രകടനങ്ങള്‍ക്ക് റോഡില്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ സാധിക്കും..

റോഡിലെ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കൂ…പകരം നന്മകള്‍ തിരയൂ…അവയോട് നന്ദി പറയൂ…മനസ്സ് സന്തോഷമായി വെക്കൂ…ഡ്രൈവിംഗ് ആസ്വദിക്കൂ…

റോഡിലെ പരസ്പര സഹകരണത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നതിന് ഒരു ദിനം ‘ TSP Day ‘ മാര്‍ച്ച് 19.

എല്ലാവര്‍ക്കും കുറ്റപ്പെടുത്തലുകള്‍ ഇല്ലാത്ത , മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാത്ത ഒരു ഡ്രൈവിംഗ് ദിനം ആശംസിക്കുന്നു.

മൂന്ന് മാസത്തിനിടെ കൈക്കൂലി കേസില്‍ വിജിലന്‍സ് കൈയോടെ പൊക്കിയത് 23 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ

മൂന്ന് മാസത്തിനിടെ കൈക്കൂലി കേസില്‍ വിജിലന്‍സ് കൈയോടെ പൊക്കിയത് 23 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ

തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 18 വരെ 23 സര്‍ക്കാര്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി വിജിലന്‍സ്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടുന്നതിനുള്ള ‘ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ്’ന്റെ ഭാഗമായാണ് അറസ്റ്റ്. കൈക്കൂലി വാങ്ങാനായി ഉദ്യോഗസ്ഥര്‍ നാല് ഏജന്റുമാരെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു.

2024ല്‍ ഇത്തരത്തില്‍ 34 ട്രാപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ ട്രാപ്പ് കേസുകളുടെ എണ്ണം 21 ആയി. ഇങ്ങനെയാണ് കാര്യങ്ങള്‍ എങ്കില്‍ ഇത്തവണ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ പിടിയിലായത് റവന്യൂ വകുപ്പിലാണ്. പന്ത്രണ്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്. പിന്നീട് കുടുതല്‍ പേര്‍ പിടിയിലയത് പൊലീസില്‍ നിന്നും മോട്ടോര്‍ വാഹനവകുപ്പില്‍നിന്നുമാണ്.

വാട്ടര്‍ അതോറിറ്റി, ആരോഗ്യം, സര്‍വേ, തദ്ദേശ സ്വയംഭരണം, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍, പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ ഉദ്യോഗസ്ഥനും അറസ്റ്റിലായി. എറണാകുളം ജില്ലയില്‍ നിന്നുള്ള ആറ് ഉദ്യോഗസ്ഥരും, മലപ്പുറം (3) തിരുവനന്തപുരം (2) കോട്ടയം (2) ഇടുക്കി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ ഓരോ പേരും വീതം പിടിയിലായി. കഴിഞ്ഞ വര്‍ഷം 39 പേരാണ് പിടിയിലായത്.

യോഗേഷ് ഗുപ്ത ഡയറക്ടറായി ചുമതലയേറ്റെടുത്ത ശേഷം വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റങ്ങളുണ്ടായെന്ന് മുതിര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ അഴിമതി ആവശ്യപ്പെടുമ്പോള്‍ ജനങ്ങള്‍ സധൈര്യം വിവരങ്ങള്‍ കൈമാറുന്നു. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരും വളരെ ജാഗ്രതയോടെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ പലരും പുതിയ വഴികള്‍ കണ്ടെത്തുന്നതായും വിജിലന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിജിലന്‍സിന്റെ ചരിത്രത്തില്‍ മൂന്ന് മാസത്തിനിടെ അറസ്റ്റ് ചെയ്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും ട്രാപ്പ് കേസുകളുടെ എണ്ണത്തിലും ഇത് ഏറ്റവും ഉയര്‍ന്ന കണക്കാണ്.

രാഘവൻ നായർ (74) അന്തരിച്ചു

രാഘവൻ നായർ (74) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി ഫാൽക്കൺ നഗർ പ്രണവത്തിൽ രാഘവൻ നായർ (74) അന്തരിച്ചു.

ഭാര്യ:ലീല.
മക്കൾ: ഷിബു കുമാർ, ജോനിമോൾ.
മരുമക്കൾ: അജിത്, കൃഷ്ണപ്രിയ.
സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.