by Midhun HP News | Mar 19, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റെയില്‍പാത നിര്‍മ്മിക്കുന്നതിന് കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് തയ്യാറാക്കിയ ഡിപിആറിന് ( വിശദ പദ്ധതി രേഖ) മന്ത്രിസഭായോഗം അനുമതി നല്‍കി. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയത്. 2028 ഡിസംബറിന് മുമ്പേ റെയില്‍ പാത ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം.
വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 10.76 കിലോമീറ്റര്‍ ദൂരം വരുന്ന റെയില്‍പാതയില്‍ 9.5 കിലോമീറ്റര്‍ ആണ് ഭൂമിക്കടിയിലൂടെ നിര്‍മിക്കുന്നത്. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ് പദ്ധതിയുടെ നിര്‍മാണച്ചുമതല. ന്യു ഓസ്ട്രിയന്‍ ടണലിങ് മെതേഡ് (എന്‍എടിഎം) എന്ന സാങ്കേതികവിദ്യയാവും ഭൂഗര്‍ഭപാതയുടെ നിര്‍മാണത്തിനായി ഉപയോഗിക്കുക. 42 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.
വിഴിഞ്ഞം തുറമുഖത്തിന്റെ 150 മീറ്റര്‍ അടുത്തുനിന്നു തന്നെ ഭൂഗര്‍ഭപാത ആരംഭിക്കും. ടേബിള്‍ ടോപ്പ് രീതിയിലാവും ഭൂഗര്‍ഭപാത ബാലരാമപുരത്തേക്ക് എത്തുക. ഇവിടെ നേമം-ബാലരാമപുരം റെയില്‍പാതയ്ക്കു സമാന്തരമായി സഞ്ചരിച്ച് ബാലരാമപുരത്ത് ചേരും. വിഴിഞ്ഞം – ബാലരാമപുരം റോഡിന്റെ അതേ അലൈന്‍മെന്റില്‍ ഭൂനിരപ്പില്‍നിന്ന് 30 മീറ്റര്‍ എങ്കിലും താഴ്ചയിലാവും പാത കടന്നുപോവുക.
by Midhun HP News | Mar 19, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്ന ദിനങ്ങളിൽ സ്കൂളുകൾക്ക് മുന്നിൽ സുരക്ഷാ പരിശോധയുമായി പൊലീസ്. ഈയിടെ സംഘർഷത്തിൽ കോഴിക്കോട് വിദ്യാർഥി മരണപ്പെട്ട സംഭവവും കഴിഞ്ഞ തവണ പരീക്ഷ അവസാനിക്കുന്ന ദിവസം സ്കൂളുകളുടെ മുന്നിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായ സാഹചര്യത്തിലുമാണ് സുരക്ഷാ നടപടികൾ സ്വീകരിക്കുന്നത്. നാളെ പ്ലസ് ടു സയൻസ് പരീക്ഷ അവസാനിക്കുന്നതിനാൽ സിറ്റിയിലെ സ്കൂളുകൾക്ക് മുന്നിൽ പ്രത്യേക പട്രോളിങ്, സേനയുടെ നിരീക്ഷണം എന്നിവയുണ്ടാകും.
സ്‌കൂളുകളില്‍ പരീക്ഷകള്‍ തീരുന്നതോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. പലതും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. വിദ്യാർഥികള്‍ മുന്‍വൈരാഗ്യം തീര്‍ക്കുന്നതിനായി വാക്കുതര്‍ക്കങ്ങളിലും ചേരിതിരിഞ്ഞ് സംഘര്‍ഷങ്ങളിലും ഏര്‍പ്പെടാനും സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.
ആഘോഷ പരിപാടികള്‍ക്കിടെ ബൈക്ക് റെയ്സിംഗ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. സംഘർഷങ്ങൾ ഒഴിവാക്കാൻ മറ്റ് പരീക്ഷകൾ അവസാനിക്കുന്ന 26, 29 തീയതികളിലും സ്‌കൂളുകളുടെ മുന്നിലും പരിസര പ്രദേശങ്ങളിലും വനിതാ പൊലീസ് ഉള്‍പ്പടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
by Midhun HP News | Mar 19, 2025 | Latest News, ജില്ലാ വാർത്ത
കൊല്ലം: രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ മകൻ ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അജീഷിന് അടുത്തകാലത്തായി അര്‍ബുദം സ്ഥിരീകരിച്ചിരുന്നുവെന്നും പുറമെ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും പൊലീസ് സൂചിപ്പിച്ചു.
by Midhun HP News | Mar 19, 2025 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ നിർണായക മൊഴി. തന്നെ അക്രമിച്ചത് അഫാൻ തന്നെയെന്ന് മാതാവ് ഷെമി.’ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞാണ് പിന്നിൽ നിന്ന് ഷാൾ കൊണ്ടു കഴുത്തു ഞെരിച്ചത്. ബോധം വന്നപ്പോൾ പോലീസുകാർ ജനൽ തകർക്കുന്നതാണ് കണ്ടതെന്നും ഷെമിയുടെ മൊഴി.
കിളിമാനൂർ സിഐ ഇന്ന് മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു പുതിയ വിവരം നൽകിയത്.
കട്ടിലിൽ നിന്നും വീണപ്പോൾ സംഭവിച്ചത് എന്നായിരുന്നു ഇന്ന് രാവിലെയും ഷെമി പറഞ്ഞിരുന്നത്. എന്നാൽ വൈകിട്ടോടെ മൊഴി രേഖപ്പെടുത്തിയപ്പോൾ കൂടുതൽ വിവരങ്ങൾ ഷെമി നൽകുകയായിരുന്നു.
അഫാന്‍ തന്റെ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് ഷെമി പറയുന്നത്. കഴുത്തില്‍ ഷാള്‍ മുറുക്കിയപ്പോള്‍ തന്നെ ബോധം പോയെന്ന് ഷെമി പറയുന്നു.അഫാൻ ആക്രമിച്ചതിൽ ജീവിച്ചിരിക്കുന്ന ഒരാൾ ഷെമി മാത്രമാണ്. കേസിൽ ഷെമിയുടെ മൊഴി നിർണായകമാണ്.
മൂന്ന് കേസുകളായിട്ടാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് അന്വേഷിക്കുന്നത്. കേസിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി. സഹോദരൻ അഹ്സാൻ്റെയും പെൺ സുഹൃത്ത് ഫർസാനയുടെയും കൊലക്കേസുകളിൽ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളിൽ തെളിവെടുപ്പ് നടത്തിയത്. കൊലപാതകരീതികൾ അഫാൻ പോലീസിനോട് വിശദീകരിച്ചു നൽകി.
by Midhun HP News | Mar 19, 2025 | Latest News, ജില്ലാ വാർത്ത
പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം പിടിയിൽ. എറണാകുളം പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂൾ മുൻ പിടിഎ പ്രസിഡന്‍റ് ബിജു തങ്കപ്പൻ, ഇപ്പോഴത്തെ പിടി എ പ്രസിഡന്‍റ് പ്രസാദ്, ആറ്റിങ്ങൽ സ്വദേശി രാകേഷ്, പിറവം സ്വദേശികളായ അലേഷ് എന്നിവരാണ് പിടിയിലായത്.
ഈ സ്കൂളിലെ പ്രധാന അധ്യാപകനിൽ നിന്ന് പണം തട്ടാനാണ് ഇവർ ശ്രമിച്ചത്. ഈ അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിന് നൽകിയിട്ടുള്ള പരാതികൾ പിൻവലിക്കാൻ 15 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവെയ്ക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തി.
വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വഴി നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി. സംഘത്തിലെ രാകേഷിനെയാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായി സംഘം അവതരിപ്പിച്ചത്. തിരുവനന്തപുരത്തെത്തി പണം കൈമാറാനായിരുന്നു സംഘം അധ്യാപകനോട് ആവശ്യപ്പെട്ടത്. ഇതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. വെഞ്ഞാറമൂട് ഇന്ത്യൻ കോഫി ഹൗസിൽ വെച്ച് പണം കൈമാറുന്നതിനിടയിലാണ് വിജിലൻസ് സംഘം ഇവരെ പിടികൂടിയത്. പിടിയിലാവരെ എറണാകുളത്തേക്ക് കൊണ്ടുപോകും.
by Midhun HP News | Mar 19, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദം അത്ര പെട്ടെന്നൊന്നും ആരും മറക്കാനിടയില്ല. എന്നാല്‍ അന്ന് കേരളം ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത് പ്രശ്നപരിഹാരത്തിനെത്തിയ ചെറുപ്പക്കാരനെയാണ്. കേരളം തെരഞ്ഞ ആ സുന്ദരനായ ചെറുപ്പക്കാരന്‍ തിരുവനന്തപുരം സബ്കലക്ടറായിരുന്നു. ഇന്നലെ കലക്ട്രേറ്റില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ ആ സുന്ദരന്‍ കലക്ടര്‍ ആല്‍ഫ്രഡ്
ഒ വിയയ്ക്കാണ് തേനീച്ചയുടെ കുത്തേറ്റത്.
ഗോപന്‍ സ്വാമിയുടെ സമാധി വിവാദത്തിന് ശേഷം സബ്കലക്ടറുടെ സോഷ്യല്‍ മീഡിയ പേജിന് താഴെ നിരവധി പെണ്‍കുട്ടികളാണ് കമന്റുമായി എത്തിയത്. സബ്കലക്ടര്‍ പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ തിരുവനന്തപുരം മാര്‍ഇവാനിയോസിലെ പെണ്‍കുട്ടികള്‍ ഒരു തവണ കാണാന്‍ തടിച്ചു കൂടിയിരുന്നു. ആരാധികമാരുടെ ശല്യത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമ്പോഴും അത്തരം വിഷയങ്ങളില്‍ കമന്റ് പറയേണ്ട സമയമല്ലെന്ന് വളരെ വ്യക്തമായി മറുപടി നല്‍കി കൈയടി വാങ്ങുകയും ചെയ്തു ആല്‍ഫ്രഡ്. കലക്ടറുടെ മറുപടി സോഷ്യല്‍ മീഡിയ പിന്നീട് ഏറ്റെടുത്തു. കലക്ടറെ കോഴിയാക്കാന്‍ നോക്കേണ്ടെന്നായിരുന്നു പലരുടേയും കമന്റുകള്‍. ഇത്രയും പഠിച്ച് എത്തിയത് പെണ്‍പിള്ളേരുടെ പിന്നാലെ നടക്കാനല്ലെന്നും ചിലര്‍ കമന്റ് ചെയ്തു.
തിരുവനന്തപുരം സബ് കലക്ടര്‍ ആയി ആല്‍ഫ്രഡ് ഒ വി ചുമതലയേറ്റത് 2024 സെപ്തംബറിലാണ്. കണ്ണൂര്‍ സ്വദേശിയായ ആല്‍ഫ്രഡ് പാലക്കാട് ജില്ലയില്‍ അസിസ്റ്റന്റ് കലക്ടര്‍ ആയിരുന്നു. 2022 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്.
ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂള്‍, തോമാപുരം സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. 2017ല്‍ ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടി. ബിരുദ പഠനത്തിന്റെ സമയത്താണ് സിവില്‍ സര്‍വീസ് മോഹം മനസിലുദിച്ചത്.
ആദ്യ ശ്രമം പാളി. രണ്ടാം ശ്രമത്തില്‍ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍ നിയമനം. മൂന്നാം ശ്രമത്തില്‍ 57 ാം റാങ്കോടെ ഐഎഎസ് സ്വപ്‌നം യാഥാര്‍ഥ്യമായി. ഇതിനിടെ ഡല്‍ഹിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി പ്രവര്‍ത്തിച്ചു. സിനിമ, ഫുട്‌ബോള്‍ എന്നീ വിഷയങ്ങളില്‍ ഏറെ തല്‍പ്പരനാണ് ആല്‍ഫ്രഡ്.
ഇന്നലെ ഉച്ചയോടെയാണ് ഇ മെയില്‍ വഴി കലക്‌ട്രേറ്റില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് ഭീഷണിയെ തുടര്‍ന്ന് കലക്ടറേറ്റ് കെട്ടിടത്തില്‍ പരിശോധന നടത്തുന്നതിനിടെയായിരുന്നു തേനീച്ചകളുടെ ആക്രമണം. പരിക്കേറ്റ കലക്ടറും ഉദ്യോഗസ്ഥരുമടക്കം ആശുപത്രിയില്‍ ചികിത്സ തേടി. ഭീഷണി സന്ദേശം ലഭിച്ചതോടെ ജീവനക്കാര്‍ വിവരം പൊലീസിനെയും ബോംബ് സ്‌ക്വാഡിനെയും അറിയിച്ചു. ഇവര്‍ പരിശോധിക്കുന്നതിനിടെ കെട്ടിടത്തില്‍ ഉണ്ടായിരുന്ന തേനീച്ച കൂട് ഇളകുകയായിരുന്നു. ബോംബ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും തേനീച്ചയുടെ കുത്തേറ്റു.
Recent Comments