by Midhun HP News | Mar 15, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ താലൂക്കാശുപത്രിയിലെ ചുവടെ കൊടുത്തിട്ടുള്ള തസ്‌തികകളിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ച് കൊള്ളുന്നു.
തസ്‌തികകൾ
നഴ്‌സിംഗ് ഓഫീസർ
യോഗ്യത
സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും BSc നഴ്‌സിംഗ് or GNM കോഴ്‌സ് പാസ്സാകുകയും ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും വേണം.ആറ്റിങ്ങൽ താലൂക്കാശുപത്രിയിൽ ട്രെയിനിംഗ് ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്
നഴ്‌സിംഗ് അസിസ്റ്റൻറ്
യോഗ്യത
സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും നഴ്‌സിംഗ് അസിസ്റ്റൻറ് കോഴ്‌സ് പാസ്സാകുകയും ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും വേണം. ആറ്റിങ്ങൽ താലൂക്കാ ശുപത്രിയിൽ ട്രെയിനിംഗ് ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
> അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി – 20/03/2025
> ഇൻറർവ്യൂ നടക്കുന്ന തീയതി – 25/03/2025 ന് 10 am മുതൽ
by Midhun HP News | Mar 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നികുതി കുടിശ്ശിക ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി വഴി അടച്ചു തീര്‍ക്കാനുള്ള അവസരവുമായി മോട്ടോര്‍ വാഹനവകുപ്പ്. നിങ്ങളുടെ പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീര്‍ക്കാന്‍ മാര്‍ച്ച് 31 വരെ അവസരമുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. 2020 മാര്‍ച്ച് 31ന് ശേഷം ടാക്‌സ് അടയ്ക്കാന്‍ കഴിയാത്ത വാഹനങ്ങള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.
വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റു പോയെങ്കിലും നിങ്ങളില്‍ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കില്‍ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കില്‍ ഒറ്റതവണ പദ്ധതിയിലൂടെ അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാവുന്നതാണെന്ന് എംവിഡി അറിയിച്ചു. ഒറ്റത്തവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഓര്‍മ്മപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ ആര്‍ടി ഓഫീസുമായി ബന്ധപ്പെടണമെന്നും എംവിഡി അറിയിച്ചു.
by Midhun HP News | Mar 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 37°സെൽഷ്യസ് വരെയും കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36°സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 35°സെൽഷ്യസ് വരെയും വയനാട്, ഇടുക്കി ജില്ലകളിൽ 34°സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3°സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കൊടും ചൂട് തുടരുന്നതിനിടെ സൂര്യ രശ്മികളില്‍ നിന്നുള്ള അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോതും ഉയരുകയാണ്. ഈ സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള വെയിൽ നേരിട്ട് ഏൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
by Midhun HP News | Mar 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയ പിടിമുറുക്കുന്നു എന്ന ആക്ഷേപങ്ങള്‍ക്കിടെ നടപടികള്‍ ഊര്‍ജിതമാക്കി എക്‌സൈസ് വകുപ്പ്. ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് എന്ന പേരില്‍ പരിശോധനകള്‍ ശക്തമാക്കിയതോടെ കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ലഹരി വേട്ട കൂടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. എട്ട് ദിവസത്തിനിടെ 1.9 കോടിയുടെ ലഹരി മരുന്നുകളാണ് എക്‌സൈസ് പിടികൂടിയത്. സംസ്ഥാനത്താകമാനം 568 റെയ്ഡുകള്‍ നടത്തിയ എക്‌സൈസ് 33,709 വാഹനങ്ങളും പരിശോധിച്ചു. 554 കേസുകളും ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പൊലീസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുമായി സഹകരിച്ചുള്‍പ്പെടെ മാര്‍ച്ച് 5 മുതല്‍ 12 വരെ 3568 റെയ്ഡുകളാണ് എക്‌സൈസ് നടത്തിയത്. ഇതു പ്രകാരം രജിസ്റ്റര്‍ ചെയ്ത 554 മയക്കുമരുന്ന് കേസുകളില്‍ 570 പേരെ പ്രതിചേര്‍ക്കുകയും ഇതില്‍ 555 പേരെ പിടികൂടുകയും ചെയ്തു. മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങളും പിടിച്ചു. പ്രതികളില്‍ നിന്ന് കണ്ടെടുത്ത മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ക്ക് 1.9 കോടി രൂപ വിലവരുമെന്നും എക്‌സൈസ് വിശദീകരിക്കുന്നു. സ്‌കൂള്‍ പരിസരത്ത് 998 പരിശോധനകളും, ബസ് സ്റ്റാന്‍ഡ് ( 282), ലേബര്‍ (104), റെയില്‍വേ സ്റ്റേഷനുകളില്‍ 89 ഇടങ്ങളിലും പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഒളിവില്‍ കഴിഞ്ഞിരുന്ന 26 പ്രതികളെയും എക്‌സൈസ് അറസ്റ്റ് ചെയ്തു.
എക്‌സൈസ് പരിശോധനയില്‍ 64.46 ഗ്രാം എംഡിഎംഎ, 25.84 ഗ്രാം മെത്താംഫിറ്റമിന്‍, 39.56 ഗ്രാം ഹെറോയിന്‍, 14.5 ഗ്രാം ബ്രൌണ്‍ ഷുഗര്‍, 12.82 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 113.63 കിലോ കഞ്ചാവ്, 14.8 കിലോ കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ്, 96.8 ഗ്രാം കഞ്ചാവ് കലര്‍ത്തിയ ഭാംഗ്, 29.7 ഹാഷിഷ് ഓയില്‍, 20 ഗ്രാം ചരസ് എന്നിവയാണ് പിടിച്ചത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട പരിശോധനയില്‍ 450 അബ്കാരി കേസുകളും, 2028 പുകയില കേസുകളും പിടിച്ചിട്ടുണ്ട്. 10,430 ലിറ്റര്‍ സ്പിരിറ്റ്, 931.64 ലിറ്റര്‍ അനധികൃത വിദേശമദ്യം, 3048 ലിറ്റര്‍ വാഷ്, 82 ലിറ്റര്‍ ചാരായം, 289.66 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയും എക്‌സൈസ് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, മാര്‍ച്ച് 12 വരെ നിശ്ചയിച്ചിരുന്ന ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് ഒരാഴ്ച കൂടി ദീര്‍ഘിപ്പിക്കാനും സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശമുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും, തുടര്‍നടപടികളും സംബന്ധിച്ച് എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവുമായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നിര്‍ദേശം. സ്‌കൂള്‍, കോളേജ്, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രത്യേക നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മിഠായികളില്‍ മയക്കുമരുന്ന് കലര്‍ത്തി വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന വിഷയത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിച്ച എക്‌സൈസ് സേനയെ മന്ത്രി അഭിനന്ദിച്ചു.
by Midhun HP News | Mar 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വേനൽ ചൂട് കടുത്തതോടെ സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്.
നാളെ പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും വയനാട്, ഇടുക്കി ജില്ലകളിൽ 34ഡിഗ്രി സെൽഷ്യസ് വരെയും ഉയരാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് ചൂടുകൂടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിർദേശം
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
Recent Comments