വിലക്കയറ്റത്തില്‍ കേരളം ഒന്നാമത്, ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി; കീശ ചോര്‍ത്തി ഭക്ഷ്യവസ്തുക്കള്‍

വിലക്കയറ്റത്തില്‍ കേരളം ഒന്നാമത്, ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി; കീശ ചോര്‍ത്തി ഭക്ഷ്യവസ്തുക്കള്‍

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊള്ളി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കള്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുടെ ചെലവിലുണ്ടായ വന്‍ വര്‍ധനയാണ് സംസ്ഥാനത്തെ പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങളെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരിയില്‍ തുടര്‍ച്ചയായ രണ്ടാം മാസവും കേരളം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചില്ലറ പണപ്പെരുപ്പം രേഖപ്പെടുത്തി. ജനുവരിയില്‍ 6.76 ശതമാനമായിരുന്നു സംസ്ഥാനത്തിന്റെ പണപ്പെരുപ്പ നിരക്ക്. ഫെബ്രുവരിയില്‍ ഇത് 7.31 ശതമാനമായി ഉയര്‍ന്നു. ദേശീയ ശരാശരി ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.6 ശതമാനമാണെന്നിരിക്കെയാണ് ഈ വര്‍ധന.

ഛത്തീസ്ഗഡ് (4.9%), കര്‍ണാടക (4.5%), ബിഹാര്‍ (4.5%), ജമ്മു കശ്മീര്‍ (4.3%) എന്നി സംസ്ഥാനങ്ങളാണ് കേരളത്തിന് തൊട്ടുപിന്നില്‍. 2024 ഒക്ടോബര്‍ മുതല്‍ സംസ്ഥാനത്തിന്റെ പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്കിന്റെ ടോളറന്‍സ് പരിധിയായ 2-6 ശതമാനം കവിഞ്ഞു. വിലക്കയറ്റം മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത് ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളാണ്. ഗ്രാമീണ കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക് 8.01 ശതമാനവും നഗരപ്രദേശങ്ങളിലെ പണപ്പെരുപ്പ നിരക്ക് 5.94 ശതമാനവുമാണ്.

ഭക്ഷണം, വ്യക്തിഗത പരിചരണം, വിദ്യാഭ്യാസ, ആരോഗ്യ ചെലവുകള്‍ എന്നിവയിലെ വര്‍ധന കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക് വര്‍ദ്ധിപ്പിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തിറക്കിയ ഡാറ്റയില്‍ പറയുന്നു. ആറ് വിഭാഗമായി തിരിച്ച് (സാധനങ്ങളുടെയും സേവനങ്ങളുടെയും ഗ്രൂപ്പുകള്‍) വിലകളെ അടിസ്ഥാനമാക്കിയാണ് എന്‍എസ്ഒ പണപ്പെരുപ്പ നിരക്ക് കണക്കാക്കുന്നത്. ഭക്ഷണ, പാനീയങ്ങള്‍, പാന്‍, പുകയില, ലഹരിവസ്തുക്കള്‍, വസ്ത്രങ്ങളും പാദരക്ഷകളും, ഭവനനിര്‍മ്മാണം, ഇന്ധനവും വെളിച്ചവും, പലവക എന്നിവയാണ് അവ.

കഴിഞ്ഞ വര്‍ഷത്തെ ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ മാസം ഭക്ഷണ, പാനീയങ്ങളുടെ വിലക്കയറ്റത്തില്‍ 8.9 ശതമാനം വര്‍ധന ഉണ്ടായി. ‘പലവക’ 8.7 ശതമാനം, നഗരപ്രദേശങ്ങളിലെ വാടക വിലയുടെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കുന്ന ‘ഭവന സെക്ടര്‍’ 1.8 ശതമാനം, വസ്ത്രങ്ങളും പാദരക്ഷകളും 1.5 ശതമാനം, പാന്‍, പുകയില, ലഹരിവസ്തുക്കള്‍ 1.5 ശതമാനം എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ ഉണ്ടായ വിലക്കയറ്റത്തിന്റെ തോത്.

കേരളത്തില്‍, പച്ചക്കറികള്‍, പഴങ്ങള്‍, മാംസം എന്നിവ ഭക്ഷണ, പാനീയങ്ങളുടെ വിഭാഗത്തില്‍ വര്‍ധനയ്ക്ക് കാരണമാകുന്നു. ഫലപ്രദമായ പൊതുവിതരണ സംവിധാനം ധാന്യവില നിയന്ത്രണവിധേയമാക്കുന്നുവെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ പ്രൊഫ. എം പരമേശ്വരന്‍ പറയുന്നു.

‘ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, വ്യക്തിഗത പരിചരണം തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ‘പലവക’ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. പൊതുവായി പണപ്പെരുപ്പ നിരക്ക് ഉയര്‍ത്താന്‍ കാരണമായ രണ്ടാമത്തെ ഉയര്‍ന്ന ഘടകം ഈ ഇനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കീം 2025: ബഹ്‌റൈനിലും ഹൈദരാബാദിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഇല്ല

കീം 2025: ബഹ്‌റൈനിലും ഹൈദരാബാദിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഇല്ല

തിരുവനന്തപുരം: ഈ വര്‍ഷത്തെ കീം പ്രവേശന പരീക്ഷയ്ക്ക് ബഹ്‌റൈനിലും ഹൈദരാബാദിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാവില്ല. അപേക്ഷകരുടെ എണ്ണം കുറവായതിനാലാണ് പരീക്ഷാ കേന്ദ്രം ഒഴിവാക്കിയത്.

ആദ്യ ചോയ്‌സായി ബഹ്‌റൈനിനെയും ഹൈദരാബാദിനെയും പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത അപേക്ഷകര്‍ക്ക് അവരുടെ തുടര്‍ന്നുള്ള ഓപ്ഷനുകള്‍ക്കു അനുസൃതമായി കേന്ദ്രങ്ങള്‍ അനുവദിക്കും.

റീഫണ്ടിന് വിവരങ്ങള്‍ സമര്‍പ്പിക്കണം

2024-25 വര്‍ഷത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരില്‍ റീഫണ്ടിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാംഘട്ടം റീഫണ്ട് നല്കിയിരുന്നു. അതില്‍ അക്കൗണ്ട് ഡീറ്റെയില്‍സ് തെറ്റായതു കാരണം റീഫണ്ട് ലഭിക്കാത്തവര്‍ക്ക് ഒരിക്കല്‍കൂടി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അപലോഡ് ചെയ്യണം. റീഫണ്ട് റിട്ടേണ്‍ ആയ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റീഫണ്ടിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ www.cee.kerala.gov.in se ‘KEAM 2024 Candidate Portal’ ലിങ്കില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേര്‍ഡ് എന്നിവ നല്‍കി പ്രവേശിച്ച് ‘Submit Bank Account Details’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മാര്‍ച്ച് 20 വൈകിട്ട് 5 മണിക്കുള്ളില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04712525300, 2332120, 2338487.

ലഹരി വിരുദ്ധ ബോധവത്കരണവും ഇഫ്താർ സംഗമവും സംഘടിപ്പിക്കുന്നു

ലഹരി വിരുദ്ധ ബോധവത്കരണവും ഇഫ്താർ സംഗമവും സംഘടിപ്പിക്കുന്നു

കണിയാപുരം: കണിയാപുരം കരിച്ചാറ മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണവും ഇഫ്താർ സംഗമവും സംഘടിപ്പിക്കുന്നു. നാളെ (ഞായറാഴ്ച) വൈകിട്ട് 4 മണിക്ക് ജമാഅത്ത് അങ്കണത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ തിരുവനന്തപുരം സൗത്ത് സോൺ ജോയിന്റ് എക്സൈസ് കമ്മീഷണർ ബി.രാധാകൃഷ്ണൻ ലഹരി വിരുദ്ധ ബോധവത്കരണം നടത്തും. ഷെമീർ ഫലാഹി ആലപ്പുഴ ഇഫ്താർ സന്ദേശം നൽകും. കരിച്ചാറ മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് എം.എ.ഹിലാൽ അധ്യക്ഷനാകുന്ന പരിപാടിയിൽ സെക്രട്ടറി എം.മൂസ, സജീദ് കരകുളം, എ.ഫൈസൽ, മുഹമ്മദ് അഷ്റഫ്, നാസർ തോട്ടിൻകര, ഷംനാദ്, നൂറുദ്ദീൻ കുട്ടി, നൗഫൽ, ബിജൂർ, കരിച്ചാറ നാദർഷ, മനാഫ് എന്നിവർ പങ്കെടുക്കും.

യുവരാജിനെ വിളിച്ചുണര്‍ത്തി ചായത്തില്‍ മുക്കി സച്ചിനും സംഘവും; വൈറല്‍ ഹോളി ആഘോഷം

യുവരാജിനെ വിളിച്ചുണര്‍ത്തി ചായത്തില്‍ മുക്കി സച്ചിനും സംഘവും; വൈറല്‍ ഹോളി ആഘോഷം

റായ്പുര്‍: ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റിലെ സഹതാരങ്ങള്‍ക്കൊപ്പം ഹോളി ആഘോഷിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യന്‍ മാസ്റ്റേഴ്‌സ് ടീം താമസിക്കുന്ന ഹോട്ടലില്‍ സച്ചിന്റെ നേൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. ടീംഗങ്ങളെ മുറിയില്‍ നിന്ന് വിളിച്ചിറക്കി സച്ചിന്‍ ചായങ്ങള്‍ പൂശുന്ന വിഡിയോ ആരാധകരും ഏറ്റെടുത്തു.

ഇന്ത്യയുടെ മുന്‍ താരം യുവരാജ് സിങ്, അമ്പാട്ടി റായുഡു തുടങ്ങിയവരെ മുറിയില്‍ അപ്രതിക്ഷിതമായി എത്തിയ സച്ചിന്‍ വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് ചായം കലര്‍ത്തിയ വെള്ളം ഒഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഹോളി ആഘോഷത്തിന്റെ വിഡിയോ സച്ചിന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കായി കളിക്കുന്ന യൂസഫ് പഠാന്‍, രാഹുല്‍ ശര്‍മ തുടങ്ങിയവരെയും സച്ചിനൊപ്പം ദൃശ്യങ്ങളില്‍ കാണാം.

ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റിന്റെ സെമിയില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് യുവരാജായിരുന്നു. ടീമിനു വിജയം സമ്മാനിച്ച യുവരാജ് ഉറക്കത്തിലാണെന്ന് വിശദീകരിച്ച ശേഷമാണ് സച്ചിന്‍ വാതിലില്‍ മുട്ടുന്നത്. പുറത്തിറങ്ങിയ യുവരാജിനെ ചായത്തില്‍ കുളിപ്പിച്ചാണ് സച്ചിന്‍ സംഘവും മടങ്ങുന്നത്. പിന്നീട് ടീമംഗമായ അമ്പാട്ടി റായുഡുവിന്റെ മുറിയില്‍ ചെന്നും സംഘം ആഘോഷം തുടര്‍ന്നു.

‘സാധനം സേഫ് അല്ലേ’! ഹോളി കളറാക്കാൻ ‘കഞ്ചാവ് പിരിവ്’; വാട്സ്ആപ്പ് ​ഗ്രൂപ്പിലേക്ക് നുഴഞ്ഞുകയറി സ്പെഷൽ ബ്രാഞ്ച്

‘സാധനം സേഫ് അല്ലേ’! ഹോളി കളറാക്കാൻ ‘കഞ്ചാവ് പിരിവ്’; വാട്സ്ആപ്പ് ​ഗ്രൂപ്പിലേക്ക് നുഴഞ്ഞുകയറി സ്പെഷൽ ബ്രാഞ്ച്

കൊച്ചി: കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് ഇടപാടിന്‍റെ വിവരങ്ങള്‍ പൊലീസിനു ലഭിച്ചത് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നെന്നു സൂചന. ഹോളി ആഘോഷത്തിനായുള്ള കഞ്ചാവ് പിരിവിന് വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. പോളിടെക്നിക് കേന്ദ്രീകരിച്ച് കഞ്ചാവ് ഇടപാട് നടക്കുന്നുണ്ടെന്ന് അറിഞ്ഞ സ്പെഷല്‍ ബ്രാഞ്ച് ഈ ഗ്രൂപ്പില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.

‘ഹോളി നമുക്ക് പൊളിക്കണം…’ എന്ന മെസ്സേജോടെയാണ് ഒരു സം​ഘം വിദ്യാർഥികൾ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. പെരിയാർ ഹോസ്റ്റലിൽ ചിലരുടെ നേതൃത്വത്തിൽ കഞ്ചാവ് പിരിവ് എളുപ്പമാക്കാനാണ് വാട്സാപ്പ് ​ഗ്രൂപ്പുണ്ടാക്കിയത്. കഞ്ചാവിന്റെ ചില്ലറ വില്പനയ്ക്ക് വിലയിട്ടു. അഞ്ച് ​ഗ്രാമിന്റെ പൊതിക്ക് 500 രൂപ. വാട്സാപ്പ് ​ഗ്രൂപ്പ് തുടങ്ങിയ വിവരം സെപ്ഷ്യൽ ബ്രാഞ്ച് അറിയുകയും അവർ അതിലേക്ക് നുഴഞ്ഞു കയറി ചാറ്റുകൾ ചോർത്താനും തുടങ്ങി.

എപ്പോൾ, ഏത് മുറിയിൽ കഞ്ചാവ് എത്തും എന്നു വരെയുള്ള വിവരങ്ങൾ ഇവർക്ക് ലഭിച്ചു. കഞ്ചാവ് പൊതി എവിടെ നിന്ന്, എങ്ങനെയെത്തുന്നു എന്ന വിവരം ലഭിക്കാത്തതിനാൽ കോളജ് കാംപസിലേക്ക് കഞ്ചാവ് എത്താനായി പൊലീസ് കാത്തിരുന്നു. വ്യാഴാഴ്ചയോടെ വാട്സാപ്പ് ​ഗ്രൂപ്പിൽ ജി 11 എന്ന മുറിയിൽ കഞ്ചാവ് വന്നു എന്ന വിവരം വരുന്നു. ആ മുറിയിലെ താമസക്കാരനായ എം ആകാശ് ആണ് രണ്ട് കിലോയോളം വരുന്ന പൊതി സൂക്ഷിക്കുന്നതെന്നും ചില്ലറ വില്പന നടത്തുന്നതെന്നും പൊലീസിന് വിവരം ലഭിക്കുന്നു.