കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണന: നാളെ സിപിഎം കരിദിനം ആചരിക്കും

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണന: നാളെ സിപിഎം കരിദിനം ആചരിക്കും

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചു എന്നാരോപിച്ച് സിപിഎം നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കും. എല്ലാ ബൂത്തുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ സിപിഎം നേതൃത്വം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബജറ്റിന് മുന്നോടിയായി കേരളം ഉന്നയിച്ച 29 ആവശ്യങ്ങളില്‍ ഒന്നുപോലും കേന്ദ്രം പരിഗണിച്ചില്ല. സംസ്ഥാനത്തിന്റെ ദീര്‍ഘകാല വികസന ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ഏഴ് അതിവേഗ റെയില്‍വേ ഇടനാഴികളിലും കേരളത്തെ തഴഞ്ഞു. ഉള്‍നാടന്‍ ജലഗതാഗത പദ്ധതി, സര്‍വ്വകലാശാലകള്‍, ടൗണ്‍ഷിപ്പുകള്‍ എന്നിവയുടെ പ്രഖ്യാപനങ്ങളിലും കേരളമില്ല. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം എന്നൊരു സംസ്ഥാനം നിലനില്‍ക്കുന്നില്ല എന്ന രീതിയിലുള്ള സമീപനമാണ് കേന്ദ്ര ബജറ്റില്‍ പ്രകടമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

75 കാരന് പുതുജീവനേകി നഴ്സായ യുവതി, മണ്ണുത്തിയില്‍ ഉത്സവപറമ്പിലെത്തിയ ‘മാലാഖ’ സിയമോള്‍

75 കാരന് പുതുജീവനേകി നഴ്സായ യുവതി, മണ്ണുത്തിയില്‍ ഉത്സവപറമ്പിലെത്തിയ ‘മാലാഖ’ സിയമോള്‍

മണ്ണുത്തി കൊഴുക്കുള്ളി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കുഴഞ്ഞ് വീണ വയോധികന് രക്ഷയായി നഴ്സും പൊലീസ് ഉദ്യോഗസ്ഥരും. ഇക്കഴിഞ്ഞ ജനുവരി 26ന് ആണ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പുലർച്ചെ 75 വയസ്സ് പ്രായമുള്ള ഒരാള്‍ കുഴഞ്ഞ് വീണത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്ഉദ്യോഗസ്ഥരുടെയും ഉത്സവം കാണാനെത്തിയ നഴ്സായ യുവതിയുടേയും സമയോചിതമായ ഇടപെടലാണ് വയോധികന് പുതുജീവനേകിയത്.

ഉത്സവത്തിനിടെ പുലർച്ചെ ആള്‍ക്കൂട്ടത്തില്‍ ബഹളം കേട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സന്തോഷ് ജോർജും സീനിയർ സിവില്‍ പൊലീസ് ഓഫീസർ ജോജുവും ഓടിയെത്തിയപ്പോഴാണ് കുഴഞ്ഞുവീണു കിടക്കുന്ന വയോധികനെ കണ്ടത്. ചുറ്റും പരിഭ്രാന്തരായ നാട്ടുകാരും.

ഉടനെ തന്നെ എഎസ്‌ഐ സന്തോഷ് ജോർജ്ജ് വീണുകിടക്കുന്നയാളെ മെല്ലെ നിവർത്തിക്കിടത്തി. ഇതിനിടെ ജോജു തിരക്ക് നിയന്ത്രിച്ചു. വീണുകിടന്നയാള്‍ പ്രതികരിക്കാതിരുന്നതിനാല്‍ ഉടൻതന്നെ സന്തോഷ് ആംബുലൻസിനായി വിളിച്ചു. ഡ്യൂട്ടിക്ക് പോയ വാഹനത്തിലെ സബ് ഇൻസ്പെക്ടർ കെ. ഉണ്ണിയെ ജോജു വിവരമറിയിക്കുകയും എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തിക്കാൻ സജ്ജീകരണം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ സന്തോഷ് തറയില്‍ കിടത്തി വയോധികന് സി.പി.ആർ (CPR) നല്‍കാൻ ശ്രമിക്കുന്നതിനിടെ, “സാർ ഞാൻ നേഴ്സാണ്, ഞാൻ സി.പി.ആർ കൊടുത്തോട്ടെ” എന്ന് പറഞ്ഞ് ഒരു യുവതി മുന്നോട്ട് വരികയായിരുന്നു.

സന്തോഷ് വീണുകിടന്നയാളെ പലവട്ടം തട്ടിവിളിച്ചെങ്കിലും അയാള്‍ അനങ്ങുകയോ ശബ്ദം ഉണ്ടാക്കുകയോ ചെയ്തില്ല. ഉത്സവഡ്യൂട്ടിയിലുണ്ടായിരുന്ന വാഹനം അത്യാവശ്യ ഫോണ്‍കോള്‍ വന്ന് മാടക്കത്രഭാഗത്തേക്ക് ഡ്യൂട്ടിക്ക് പോയതിനാല്‍ അവിടെ പൊലീസ് വാഹനവും ഉണ്ടായിരുന്നില്ല. ഉടൻതന്നെ സന്തോഷ് ആംബുലൻസിന്‍റെ നമ്പരില്‍ വിളിച്ച്‌ എത്രയും പെട്ടന്ന് എത്താൻ അറിയിച്ചു. ഈ സമയം ജോജു ഡ്യൂട്ടിക്കായി പോയ വാഹനത്തിലെ സബ് ഇൻസ്പെക്ടർ കെ. ഉണ്ണിയെ അറിയിച്ചു. ഇതിനിടയില്‍ സന്തോഷ് കിടക്കുന്നയാളെ തറയില്‍ നേരെ കിടത്തി കൈകള്‍ വശത്തേക്ക് വച്ച്‌ സി.പി.ആർ നല്‍കുന്നതിനായി ശ്രമിക്കുന്നതിനിടയിലാണ് ഒരു യുവതി കടന്നുവന്നത്. ‘സാർ ഞാൻ നേഴ്സാണ് ഞാൻ CPR കൊടുത്തോട്ടെ’ എന്ന് ചോദ്യത്തോടെ യുവതി പ്രഥമ ശുശ്രൂഷ നല്‍കി.

ഇതിനിടയില്‍ ആംബുലൻസ് ലൊക്കേഷൻ മനസ്സിലാകാതെ കുറച്ച്‌ ദൂരത്തേക്ക് പോയെന്ന് മനസ്സിലായപ്പോള്‍ സന്തോഷ് അടുത്തുള്ള വീട്ടിലെ കാർപോർച്ചില്‍ ഒരു കാർ കിടക്കുന്നത് കണ്ട് ആ വിട്ടിലേക്കോടിയെത്തി. വീട്ടുകാരെ വിളിച്ച്‌ സംഭവം അറിയിച്ചു. വീട്ടുകാർ ഉടൻതന്നെ കാർ റോഡിലിറക്കി താക്കോല്‍ സന്തോഷിന് കൈമാറി. ഇതിനിടയില്‍ തളർന്നു കിടന്നയാള്‍ സി പി ആർ ലഭിച്ച ഉടൻ ഒന്ന് അനങ്ങി ശബ്ദമുണ്ടാക്കി. ഇതിനിടയില്‍ സന്തോഷ് കാറുമായി എത്തി ജോജു കാറിന് തിരക്കിലേക്ക് വരാനുള്ള വഴിയൊരുക്കുയും അയാളെ കാറില്‍ കയറ്റി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. ക്വാഷ്വാലിറ്റിയില്‍ നിന്നും വയോധികനെ പിന്നീട് ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ഇയാളുടെ ആരോഗ്യ നില മെച്ചപ്പെടുകയും ചെയ്തതോടെ എല്ലാവർക്കും ആശ്വാസമായി. വയോധികന് ഓർമ്മവന്നപ്പോള്‍ വീട്ടുകാരെ വിവരം അറിയിച്ച്‌ പൊലീസ് ഉത്സവപറമ്പിലേക്ക് ഡ്യൂട്ടിക്കായി മടങ്ങി.

ഒരു മാലാഖയായ് കൃത്യസമയത്ത് എത്തിചേർന്ന നേഴ്സിനെ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ചുവെങ്കിലും കണ്ടെത്തിയില്ല. ഒരു നന്ദിയെങ്കിലും അറിയിക്കാതെയെങ്ങനെ എന്ന വിഷമത്തില്‍ നേഴ്സിനെ കണ്ടെത്താനുള്ള ശ്രമമായിരുന്നു മണ്ണുത്തിയിലെ പൊലീസ് ഉദ്യോഗസ്ഥർ. ഒടുവില്‍ ദയ ആശുപത്രിയില്‍ നേഴ്സ് ആയി ജോലിചെയ്യുന്ന കൊഴുക്കുള്ളി സ്വദേശിയായ ബെൻസണ്‍ന്‍റെ ഭാര്യ സിയമോളാണ് വയോധികന് രക്ഷകയായതെന്ന് തിരിച്ചറിഞ്ഞു. സമയോചിതമായ ഇടപെടലിലൂടെ വയോധികന് പുതു ജീവനേകിയ സിയ മോളെ മണ്ണുത്തി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ നന്ദി അറിയിച്ചു.

രണ്ടാനച്ചൻ വീടിന് തീയിട്ടു! അനിയത്തിയെ പുറത്തെത്തിച്ച് ചേട്ടന്റെ ജീവൻ പണയംവെച്ചുള്ള സഹസികത

രണ്ടാനച്ചൻ വീടിന് തീയിട്ടു! അനിയത്തിയെ പുറത്തെത്തിച്ച് ചേട്ടന്റെ ജീവൻ പണയംവെച്ചുള്ള സഹസികത

പത്തനംതിട്ട കോന്നിയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രി നടന്നത് സിനിമയെ പോലും വെല്ലുന്ന ക്രൂരതയും അതിനെ അതിജീവിച്ച ഒരു 15 വയസുകാരന്റെ ചോരത്തിളപ്പിന്റെ പോരാട്ടവുമാണ്. ഭാര്യയോടുള്ള സംശയത്തിന്റെ പേരിൽ സ്വന്തം ഭാര്യയെയും മക്കളെയും ജീവനോടെ കൊന്നൊടുക്കാൻ മുറിക്കുള്ളിലിട്ട് പൂട്ടിയ ശേഷം തീക്കൊളുത്തിയ രണ്ടാനച്ചന്റെ ക്രൂരതയ്ക്ക് മുന്നിൽ പ്രവീൺ എന്ന 15 വയസുകാരൻ ഒരു രക്ഷകനായി ഉദിച്ചുയർന്നു.

വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് വടശ്ശേരിക്കര സ്വദേശി സിജു പ്രസാദ് ഈ കടുംകൈ ചെയ്തത്. ഉറങ്ങിക്കിടന്ന ഭാര്യ രജനി, മകൻ പ്രവീൺ, മകൾ എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയ ശേഷം വെന്റിലേറ്ററിലൂടെ തിന്നർ ഒഴിക്കുകയും തീപ്പന്തം എറിയുകയുമായിരുന്നു. പ്രവീണിന്റെ ശരീരത്തിലേക്കാണ് തീ വീണത്. നിമിഷനേരം കൊണ്ട് മുറി അഗ്നിഗോളമായി മാറി.

മരണം മുന്നിൽ കണ്ട നിമിഷം പ്രവീൺ പതറിയില്ല. ആളിപ്പടരുന്ന തീയിനുള്ളിൽ നിന്ന് തന്റെ കുഞ്ഞനിയത്തിയെ അവൻ നെഞ്ചോട് ചേർത്തു. വീടിന്റെ കഴുക്കോലിൽ തൂങ്ങിയാടി മുകളിലെ ഓടുകൾ അവൻ ചവിട്ടിപ്പൊളിച്ചു. കൈക്കരുത്ത് മുഴുവൻ സംഭരിച്ച് അനിയത്തിയെ ആ വിടവിലൂടെ മേൽക്കൂരയ്ക്ക് മുകളിലെത്തിച്ച് സുരക്ഷിതയാക്കി.

ശരീരമാകെ പൊള്ളലേറ്റിട്ടും തന്റെ അമ്മയെയും കൂടി മുകളിലേക്ക് വലിച്ചുകയറ്റാൻ അവൻ ആവതുശ്രമിച്ചു, പക്ഷേ തീ പടർന്നതിനാൽ അത് പരാജയപ്പെട്ടു. അതേസമയം നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ വാതിൽ തകർത്താണ് രജനിയെ പുറത്തെത്തിച്ചത്. നിലവിൽ അമ്മയും മകനും കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബകലഹമാണ് ഈ കൊടുംക്രൂരതയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി സിജു പ്രസാദിനെ കോന്നി പോലീസ് പിടികൂടി റിമാൻഡ് ചെയ്തു.

സീതമ്മാൾ.എൽ (96) നിര്യാതയായി

സീതമ്മാൾ.എൽ (96) നിര്യാതയായി

കവലയൂർ: എസ് എസ് റ്റി ബിൽഡിംഗ്‌ പരേതനായ സി. സുന്ദരം ആചാരിയുടെ ഭാര്യ സീതമ്മാൾ (96) നിര്യാതയായി.

മക്കൾ: എസ്. താണുവൻ ആചാരി ( Rtd ഹെഡ്മാസ്റ്റർ, കവി), സരസ്വതിയമ്മാൾ, രമണിയമ്മാൾ, സ്വർണ്ണമ്മാൾ, കൃഷ്ണമ്മാൾ, രാജശ്വരിയമ്മാൾ( പ്രീ പ്രൈമറി ടീച്ചർ)

മരുമക്കൾ: എസ് ജയ (Rtd അധ്യാപിക H S S കവലയൂർ), മണിയൻ ആചാരി (late)
സുബ്രഹ്മണ്യൻ ആചാരി, ഗണേഷൻ, മുത്തുകുമാർ, എം കുമാർ(late)

അഞ്ചല്ല, പത്ത് തവണ നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; കേന്ദ്ര നിയമം പരിഷ്കരിക്കാൻ കേരളം

അഞ്ചല്ല, പത്ത് തവണ നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; കേന്ദ്ര നിയമം പരിഷ്കരിക്കാൻ കേരളം

തിരുവനന്തപുരം: വർഷത്തിൽ അഞ്ചോ അതിലധികമോ ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. വിഷയത്തിൽ കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ പരിഷ്ക്കരണം വരുത്തിയാകും നിയമം നടപ്പിലാക്കുക. പത്തോ അധിലധികമോ നിയമലംഘനം നടത്തിയ ആളുടെ ലൈസൻസ് റദ്ദാക്കും എന്ന രീതിയിലേക്ക് പരിഷ്ക്കരണം വരുത്തും. ഇത് സംബന്ധിച്ച റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പ് സർക്കാരിന് ഉടൻ സമർപ്പിക്കും.

എന്നാൽ ചരക്ക് ലോറികൾ,ബസുകൾ എന്നിവയിലാണ് കൂടുതൽ നിയമലംഘനങ്ങൾ നടക്കുന്നത്. അവയെ നിയന്ത്രിക്കാൻ കർശനമായി നിയമങ്ങൾ നടപ്പാക്കണമെന്നും മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. രാജ്യത്താകെ ജനുവരി 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തിലായിട്ടുണ്ട്.എന്നാൽ നിയമഭേദഗതി അതേപടി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു.

മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വകുപ്പ് പുതിയ നീക്കം നടത്തുന്നത്.ഇതുമായി ബന്ധപ്പെട്ട നിർദേശം മന്ത്രിയിൽ നിന്ന് മോട്ടോർ വാഹന വകുപ്പിന് നൽകിയിരുന്നു. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ മാത്രമേ നിയമങ്ങള്‍ നടപ്പിലാക്കൂകയുള്ളു എന്നും കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതികള്‍ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ചു, ചര്‍ച്ച ചെയ്തു മാത്രമേ നടപടി സ്വീകരികയുള്ളു എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.ഒരു വര്‍ഷത്തില്‍ തുടര്‍ച്ചയായി അഞ്ച് നിയമലംഘനങ്ങള്‍ നടത്തിയാല്‍ വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും ആവര്‍ത്തിച്ച് നിയമം ലംഘിക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനും കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിലെടുക്കാനും മോട്ടോര്‍ വാഹന വകുപ്പിന് സാധിക്കുന്നതായിരുന്നു പുതിയ ഭേദഗതി.

കലാഭവൻ മണിസേവന സമിതിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്നേഹോപഹാരം നൽകി

കലാഭവൻ മണിസേവന സമിതിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്നേഹോപഹാരം നൽകി

കലാഭവൻ മണിസേവന സമിതിയുടെ ആഭിമുഖ്യത്തിൽ വക്കം മണിദേവാലയത്തിൽ ജനപ്രതിനിധികളെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മണിദേവാലയം സെക്രട്ടറി സുമ സ്വാഗതം പറഞ്ഞു. ജയൻ ജഗദേവൻ (സെക്രട്ടറി, കലാഭവൻ മണി സേവനസമിതി വക്കം യൂണിറ്റ്) അധ്യക്ഷനായി. അജിൽ മണിമുത്ത് (ചെയർമാൻ, കലാഭവൻ മണി സേവന സമിതി) മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യപ്രവർത്തകൻ ആർ. എസ് ഗാന്ധി മുഖ്യഅതിഥിയായി. പ്രഭാഷകൻ പള്ളിക്കൽ മണികണ്ഠൻ സ്നേഹോപഹാര
സമർപ്പണംനടത്തി.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻ്റ് ഗീത സുരേഷ്, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വക്കം സജീവ്, ആനക്കുഴി മുഷാദ് (റവന്യൂ ഇൻസ്പെക്ടർ,ആറ്റിങ്ങൽ മുനിസിപ്പാലിറ്റി) എന്നിവർസംസാരിച്ചു.

ചടങ്ങിൽ ഗോപകുമാർ (രക്ഷാധികാരി, വക്കം യൂണിറ്റ്), രജനി(പ്രസിഡന്റ്, സംസ്ഥാന വനിതാ യൂണിറ്റ്), അനില (വൈസ് പ്രസിഡന്റ് വക്കം യൂണിറ്റ്), ഷിജിനി (ജോയിന്റ് സെക്രട്ടറി, വക്കം യൂണിറ്റ്) എന്നിവർ പങ്കെടുത്തു. സംഗീത( ട്രഷറർ,കലാഭവൻ മണി സേവനസമിതി വക്കം യൂണിറ്റ്) നന്ദി പറഞ്ഞു.