by Midhun HP News | Mar 12, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം നൽകി യുവാവിന്റെ പക്കൽ നിന്ന് പണം തട്ടിയെടുത്ത മധ്യവയസ്കൻ അറസ്റ്റിൽ. മലപ്പുറം വേങ്ങര വൈദ്യർവീട്ടിൽ മുജീബ് റഹ്മാനെയാണ് (45) ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയാണെന്ന വ്യാജേന യുവാവുമായി സൗഹൃദം സ്ഥാപിച്ച് ഓൺലൈനിലൂടെ 33 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. എടവനക്കാട് സ്വദേശിക്കാണ് പണം നഷ്ടമായത്.
പരാതിക്കാരന് മാട്രിമോണിയൽ പരസ്യം വഴിയാണ് ഫോൺ നമ്പർ ലഭിച്ചത്. വാട്സാപ് വഴി ബന്ധപ്പെട്ടപ്പോൾ പേര് ശ്രുതി എന്നാണെന്നും ബംഗളൂരുവിൽ സ്ഥിര താമസമാണെന്നും ബ്രിട്ടനിലാണ് ജോലിയെന്നും പരിചയപ്പെടുത്തി. വിവാഹ വാഗ്ദാനം നൽകി സൗഹൃദം ശക്തമാക്കിയ ശേഷം ക്രിപ്റ്റോ കറൻസി ട്രേഡിങ് ലാഭകരമാണെന്ന് വിശ്വസിപ്പിച്ച് ചില ഓൺലൈൻ ആപ്പുകൾ യുവാവിനെക്കൊണ്ട് ഡൗൺലോഡ് ചെയ്യിച്ചു.
ആദ്യം ഇതുവഴി പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നുള്ള 7,44,000 രൂപ മുടക്കി ക്രിപ്റ്റോ കറൻസി വാങ്ങിച്ച് മറ്റൊരു ആപ്പിൽ നിക്ഷേപിച്ചു. ഇതിനു ശേഷവും പല തവണയായി പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് 32,93,306രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2023 ഒക്ടോബറിലായിരുന്നു എടവനക്കാട് സ്വദേശിയില്‍ നിന്ന് ഇയാൾ പണം തട്ടിയത്.
by Midhun HP News | Mar 12, 2025 | Latest News, ജില്ലാ വാർത്ത
നടി സൗന്ദര്യ വിമാനാപകടത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന പരാതിയുമായി ആന്ധ്രപ്രദേശിലെ ഖമ്മം ജില്ലക്കാരനായ ചിട്ടിമല്ലു. പരാതി നല്‍കിയതിനെത്തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും, അതിനാല്‍ സുരക്ഷ നല്‍കണമെന്നും ചിട്ടിമല്ലു ഖമ്മം എസ്പിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി
സൗന്ദര്യയുടേത് അപകടമരണമല്ലെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഖമ്മം എസിപിക്കും ജില്ലാ അധികൃതര്‍ക്കും പരാതി നല്‍കിയത്. 2004 ഏപ്രില്‍ 17 നാണ്, വിമാനം തകര്‍ന്ന് നടി സൗന്ദര്യ അടക്കം നാലുപേര്‍ മരിച്ചത് അപകട മരണമല്ലെന്നാണ് ഇയാളുടെ വാദം.
തെലുങ്കു നടന്‍ മോഹന്‍ബാബുവിനെതിരെയാണ് സംഭവത്തില്‍ പരാതി നല്‍കിയിരിക്കുന്നത്. നടന്‍ മോഹന്‍ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തു തര്‍ക്കമാണ് നടിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്
പരാതിയില്‍ പറയുന്നത് ഇങ്ങനെ:
ഷംഷാബാദിലെ ജാല്‍പള്ളി എന്ന ഗ്രാമത്തില്‍ സൗന്ദര്യക്കും സഹോദരനും ആറ് ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ഇത് മോഹന്‍ ബാബുവിന് വില്‍ക്കാന്‍ ഇരുവരും വിസമ്മതിച്ചതാണ് പ്രശ്നത്തിന് കാരണം. സൗന്ദര്യയുടെ മരണശേഷം മോഹന്‍ബാബു ഈ ഭൂമി ബലമായി കൈവശപ്പെടുത്തി. ഭൂമി മോഹന്‍ബാബു കൈവശപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തണം. ഭൂമി മോഹന്‍ ബാബുവില്‍ നിന്ന് തിരിച്ചുവാങ്ങി പൊതുജന ക്ഷേമാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണം. മോഹന്‍ബാബുവും ഇളയ മകന്‍ മഞ്ജു മനോജും തമ്മില്‍ വസ്തു തര്‍ക്കമുണ്ടായിരുന്നു. മഞ്ചു മനോജിന് നീതി ലഭിക്കണം. ജാല്‍പള്ളിയിലെ ആറേക്കര്‍ ഗസ്റ്റ്ഹൗസ് പിടിച്ചെടുക്കണം- പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
ഹൈദരാബാദിലേക്ക് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകവേയുണ്ടായ അപകടത്തില്‍ സൗന്ദര്യയുടെ സഹോദരന്‍ അമര്‍നാഥ് ഷെട്ടി, പൈലറ്റ് മലയാളിയായ ജോയ് ഫിലിപ്പ്, പ്രാദേശിക ബിജെപി നേതാവ് രമേഷ് കദം എന്നിവരാണ് കൊല്ലപ്പെട്ടത്. സൗന്ദര്യ മരിച്ച് 21 വര്‍ഷത്തിന് ശേഷമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
by Midhun HP News | Mar 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ ഫയല്‍ നീക്കം വേഗത്തിലാക്കുന്നതിന് ഏകീകൃത കൗണ്ടര്‍ സിസ്റ്റം ആരംഭിക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍. ഫയലുകള്‍ പൂള്‍ ചെയ്ത് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. വകുപ്പിന് ലഭിക്കുന്ന അപേക്ഷകള്‍ ആര്‍ടിഒ പരിധി നോക്കാതെ ഫയലുകള്‍ തുല്യമായി വിതരണം ചെയ്യും. അതായത് എറണാകുളം ആര്‍ടിഒയില്‍ നല്‍കുന്ന അപേക്ഷ മറ്റൊരു ജില്ലയിലെ ഉദ്യോഗസ്ഥനാകും പരിശോധിക്കുക.
പുതിയ സംവിധാനം വരുന്നതോടെ വകുപ്പില്‍ അഴിമതിയില്ലാതാകുമെന്നും ഫയല്‍ നീക്കം വേഗത്തിലാകുമെന്നും മന്ത്രി പറഞ്ഞു. ഫയലുകള്‍ തുല്യമായി വീതിച്ച് നല്‍കുന്നതോടെ ഉദ്യോഗസ്ഥരുടെ അമിത ജോലി ഭാരം ഇല്ലാതാകും. ഫയല്‍ ലഭിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ പരിഹരിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ കഴിവില്ലായ്മയാണ് കാണിക്കുന്നത്. അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുന്നതിനാണ് പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ കൊണ്ടുവരുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെഎല്‍90, കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെഎല്‍90 എ, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെഎല്‍90ബി, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടെ വാഹനങ്ങള്‍ക്ക് കെഎല്‍ -90 ബിസി. എന്നിങ്ങനെയാകും നമ്പറുകള്‍ നല്‍കുക. പുതിയ പരിഷ്‌കരണം അനുസരിച്ച് പുതിയ വാഹനങ്ങള്‍ പുതിയ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുമെന്നും നിലവിലുള്ളവ പുതിയ രജിസ്‌ട്രേഷന്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന അതിര്‍ത്തികളിലെ ചെക്ക്‌പോസ്റ്റ് സംവിധാനങ്ങള്‍ നിര്‍ത്തലാക്കി പകരം പെര്‍മിറ്റ് സംബന്ധമായ ജോലികള്‍ക്കായി ജിഎസ്ടി വകുപ്പിന്റെ കാമറകള്‍ ഉപയോഗിക്കും, മീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷകളില്‍ സൗജന്യ യാത്ര നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കും. ഗണേഷ് കുമാര്‍ പറഞ്ഞു.
by Midhun HP News | Mar 12, 2025 | Latest News, ജില്ലാ വാർത്ത
പേരൂർക്കട: കുടപ്പനക്കുന്നിലെ മൂന്നിടങ്ങളിലായി ഒരേദിവസം രണ്ട് ഓട്ടോറിക്ഷയും പച്ചക്കറി വിൽക്കുന്ന തട്ടുകടയും കത്തിച്ച സംഭവത്തിൽ പ്രതിയെ പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തു. കല്ലയം ചെട്ടിമുക്ക് കുഴിക്കാട് പുത്തൻവീട്ടിൽ രമേശ്(36) ആണ് പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ ഒരുമണികഴിഞ്ഞാണ് സംഭവം.
കുടപ്പനക്കുന്ന് ഇരപ്പുകുഴി ഇആർഎ 2-എ കൃഷ്ണരാഗത്തിൽ ചന്ദ്രബാബു, പേരൂർക്കട ജയ്നഗർ-60 സരിതാ ഭവനിൽ സുധാകരൻ എന്നിവരുടെ ഓട്ടോറിക്ഷകളും കുടപ്പനക്കുന്ന് കൺകോർഡിയ സ്‌കൂളിനു പുറകുവശം ഉഷസ് വീട്ടിൽ താമസിക്കുന്ന കൃഷ്ണമ്മ, സ്‌കൂളിനു മുന്നിൽ റോഡരികിൽ നടത്തിയിരുന്ന പച്ചക്കറി വിൽപ്പന തട്ടുകടയുമാണ് പ്രതി തീയിട്ടു നശിപ്പിച്ചത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതും പിടികൂടിയതും. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കല്ലയത്തെ ബാർബർ ഷോപ്പിൽ മുടിവെട്ടിക്കുന്നതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതി കൂലിപ്പണിക്കാരനാണെന്നും ബാഗിൽ പെട്രോളും കത്തിയുമായി രാത്രിയിറങ്ങി സഞ്ചരിക്കുന്നയാളാണെന്നും കഴിഞ്ഞമാസം ഒൻപതിന് കരകുളത്ത് ഓട്ടോറിക്ഷ കത്തിച്ച കേസിലും നേരത്തേ നെടുമങ്ങാട് ഭാഗത്ത് ഓട്ടോറിക്ഷ കത്തിച്ച കേസിലും പ്രതിയാണെന്നും റിമാൻഡ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ ചന്ദ്രബാബുവിന്റെ ഓട്ടോയ്ക്കു തീപിടിച്ച സംഭവമറിഞ്ഞാണ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയത്. ഇവിടെനിന്നു തിരികെ പോകുമ്പോഴാണ് സ്‌കൂളിനുമുന്നിലെ പച്ചക്കറിക്കടയ്ക്കു തീപിടിച്ചത് സേനയുടെ ശ്രദ്ധയിൽപ്പെട്ടത്. സ്ഥലത്തിറങ്ങി തീകെടുത്തി പോലീസിൽ വിവരം നൽകി യാത്ര തുടർന്നു. അപ്പോൾ സമയം ഏകദേശം പുലർച്ചെ 2.45ആയിരുന്നു. മൂന്നുമണിയോടെയാണ് പേരൂർക്കട-വഴയില റോഡരികിൽ ഓട്ടോ കത്തുന്നതു കണ്ടത്.
ഇവിടെയും തീ കെടുത്തി പേരൂർക്കട പോലീസിനെ വിവരമറിയിച്ചശേഷമാണ് അഗ്നിരക്ഷാസേന സ്ഥലത്തുനിന്നു പോയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജിഖാൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ സുധീഷ് ചന്ദ്രൻ, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ സനീഷ്, മഹേഷ്, സവിൻ, ഹോംഗാർഡ് രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിലാണ് ഒരേദിവസം പുലർച്ചെ മൂന്നിടത്തുനടന്ന തീപ്പിടിത്തങ്ങൾ നിയന്ത്രിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് പ്രതിയെ അറസ്റ്റുചെയ്യാനുള്ള ശ്രമം തുടങ്ങി.
by Midhun HP News | Mar 12, 2025 | Latest News, ജില്ലാ വാർത്ത, മരണം
തിരുവനന്തപുരം ആറ്റിങ്ങൽ മണനാക്ക് പെരുങ്കുളം സംഗീതാലയത്തിൽ ഭാസ്കരൻ കുട്ടി (82) നിര്യാതനായി. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം മൂന്ന് പതിറ്റാണ്ടോളം അബുദാബി എയർപോർട്ട് സർവീസിലെ ജീവനക്കാരനായിരുന്നു.
ഭാര്യ പ്രസന്ന.
മക്കൾ: സുഭാഷ് ബി കുട്ടി, പ്രമദ് ബി കുട്ടി (ചീഫ് ക്യാമറമാൻ, മനോരമ ന്യൂസ്, ദുബായ്), സംഗീത, സജു ബി കുട്ടി (ഓസ്ട്രേലിയ).
മരുമക്കൾ: അനിൽ കുമാർ, സുനിത, ജീന(ദുബായ്), അപർണ.
by Midhun HP News | Mar 12, 2025 | Latest News, ജില്ലാ വാർത്ത
ആറ്റുകാല്‍ പൊങ്കാലയ്ക്കായി പോകുന്നതിനിടെ ഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ചവറ സ്വദേശികളായ ഭക്തരുമായി പോയ മിനിബസ് ആക്കുളം പാലത്തിന് സമീപം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ ആയിരുന്നു അപകടം. 12 സ്ത്രീകള്‍ക്കും രണ്ട് പുരുഷന്മാര്‍ക്കും അഞ്ചുകുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എസ്.എ.ടിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. തുമ്പയില്‍നിന്നും പേട്ടയില്‍നിന്നും പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
Recent Comments