by Midhun HP News | Mar 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഇന്നും തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണമെന്നും നിർദേശിച്ചു.
by Midhun HP News | Mar 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പണ്ടാര അടുപ്പിൽ തീ പകർന്നു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ തലസ്ഥാനനഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ്. ഉച്ചയ്ക്ക് 1.15 നാണ് നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.
ഇത്തവണ തലസ്ഥാന നഗരിയിൽ പൊങ്കാല സമർപ്പണത്തിന് മുൻവർഷങ്ങളിലേക്കാൾ തിരക്കാണ്. ഇന്നലെ വൈകീട്ട് ദേവീദർശനത്തിനായി നീണ്ട ക്യൂ ഉണ്ടായിരുന്നു. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ ആരംഭിച്ചു. 10.15 മണിക്കായിരുന്നു അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം സമര്‍പ്പിക്കുക. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പൊലീസ് ഒരുക്കിയിരിക്കുന്നത്. ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകൾ നിരന്നിട്ടുണ്ട്.
അതേസമയം, സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്. ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണം. ഇന്നലെ ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണം നടത്തുന്നിടത്ത് ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകൾ നടത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചിട്ടുണ്ട്.
by Midhun HP News | Mar 12, 2025 | Latest News, ജില്ലാ വാർത്ത
ഡല്‍ഹി: ഇന്ത്യ ഗേറ്റില്‍ കേരളത്തിനു പുറത്തെ കുടുംബശ്രീയുടെ ആദ്യ സ്ഥിരം ഭക്ഷണശാലയ്ക്ക് തുടക്കം. ഒന്നരമാസമായി ഈ കഫേ ട്രയല്‍ റണ്‍ അടിസ്ഥാനത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. നല്ല നാടന്‍ ഊണും മീന്‍ കറിയും ആവോളം ആസ്വദിച്ച് കഫേയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു. ന്യൂഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്, തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ടിവി അനുപമ തുടങ്ങിയവരും മന്ത്രിക്ക് ഒപ്പം ചേര്‍ന്നു.
കഫേയിലെ കപ്പയും മത്തി വറുത്തതും ചിക്കന്‍ കറിയും കൂട്ടി ഊണ് കഴിച്ച മന്ത്രി, കഫേയില്‍ പഴംപൊരി കൂടുതലായി വേണമെന്ന് തന്നോട് പലരും ആവശ്യമുന്നയിച്ചതായി കുടുംബശ്രീ അംഗങ്ങളെ അറിയിച്ചു. നിലവില്‍ വയനാട് ജില്ലയിലെ കുടുംബശ്രീ യൂണിറ്റ് ആയ തംബുരുവിലെ സീന മനോജ്, ശ്രീജ, അനുപ്രകാശ്, ലിസി പൗലോസ്, ഉഷാകുമാരി എന്നിവര്‍ക്കാന്ന് കഫേയുടെ നടത്തിപ്പ്. ഓരോ ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് ഓരോ മാസത്തെയും നടത്തിപ്പ്.
കോട്ടയം സ്വദേശി ടി എസ് ജിതിന്‍ ആണ് മുഖ്യ പാചകക്കാരന്‍. കുടുംബശ്രീ യൂണിറ്റിന് പരിശീലനം നല്‍കുന്ന സ്ഥാപനമായ റിസേര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (ഐഫ്രം) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ പി അജയകുമാര്‍ മേല്‍നോട്ടം നിര്‍വഹിക്കുന്നു.
by Midhun HP News | Mar 12, 2025 | Latest News, ജില്ലാ വാർത്ത
അടയമൺ ഗവ.കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഷുഗർ പരിശോധനയ്ക്ക് എത്തുന്ന ജീവിത ശൈലി രോഗികൾക്ക് പ്രഭാത ഭക്ഷണം നൽകാൻ പഴയകുന്നുമ്മേൽ പഞ്ചായത്ത് പദ്ധതി തയാറാക്കുന്നു. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയും പഞ്ചായത്ത് സിഇആർഎഫ് ഫണ്ടും ഉപയോഗിച്ച് ആഴ്ചയിൽ 6 ദിവസം പ്രഭാത ഭക്ഷണം നൽകാനാണ് പദ്ധതി. ദിവസം 50 പേർക്ക് ഭക്ഷണ പൊതി നൽകും.
ഏപ്രിൽ മാസം മുതൽ പ്രഭാത ഭക്ഷണം വിതരണം തുടങ്ങാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. ഭക്ഷണ വിതരണം കുടുംബശ്രീയെ ഏൽപ്പിക്കും എന്നാണ് പഞ്ചായത്ത് നൽകുന്ന സൂചന.അടുത്ത വർഷത്തെ പഞ്ചായത്ത് ബജറ്റിൽ പ്രഭാത ഭക്ഷണത്തിനായി 12 ലക്ഷം രൂപയാണ് പഞ്ചായത്ത് ഉൾകൊള്ളിച്ചിരിക്കുന്നത്.
by Midhun HP News | Mar 12, 2025 | Latest News, ജില്ലാ വാർത്ത
മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകൻ സനലാണ് അച്ഛനെ ക്രൂരമായി മർദിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഗിരീഷ് മരിച്ചത്.മാർച്ച് 5ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഇരുവർക്കുമിടയിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ
by Midhun HP News | Mar 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുന്‍ഗാമിയില്‍ നിന്ന് വ്യത്യസ്തമായി, അസ്വാരസ്യം നിറഞ്ഞ കേന്ദ്ര സംസ്ഥാന ബന്ധങ്ങങളില്‍ നയതന്ത്രത്തിന്റെ പുതുചരിത്രം രചിച്ച് സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കഴിഞ്ഞ എഴ് വര്‍ഷത്തോളമായി സംഘര്‍ഷഭരിതവും ആരോപണ പ്രത്യാരോപണങ്ങളാല്‍ മുഖരിതവുമാണ് മോദി – പിണറായി വിജയന്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം. അതേസമയം ജനുവരി രണ്ടിന് ഗവര്‍ണറായി ചുമതലയേറ്റ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സംസ്ഥാന സര്‍ക്കാരുമായി സൗഹാര്‍ദ്ദപരമായ സമീപനം സ്വീകരിക്കുകയായിരുന്നു.
സംസ്ഥാന നിയമസഭയില്‍ ഇടതു മുന്നണി സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിച്ച ഗവര്‍ണര്‍ തന്റെ സമീപനം മുന്‍ഗാമി ആരിഫ് മുഹമ്മദ് ഖാനില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണെന്ന സന്ദേശമാണ് നല്‍കിയത്. അതേസമയം തന്നെ ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യുന്ന ബില്ലില്‍ അടക്കം വിട്ടു വീഴ്ച പ്രകടമാക്കിയതുമില്ല.
ന്യൂഡല്‍ഹിയിലെ കേരള ഹൗസില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ആയാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച നീക്കം അനാവരണം ചെയ്തത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എപിമാര്‍ക്കും അത്താഴവിരുന്നൊരുക്കിയ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഡല്‍ഹിയില്‍ ആ ദിവസം സിപിഎം പിബിയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കുക കൂടി ചെയ്തു. കൂടാതെ പ്രോട്ടോക്കോള്‍ ചട്ടങ്ങളെല്ലാം മാറ്റിവെച്ച് ബുധനാഴ്ച രാവിലെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായുള്ള മുഖ്യമന്ത്രിയുടെ പ്രാതല്‍ വിരുന്നിലും കൂടികാഴ്ചയിലും സന്നിഹതനായി. മുന്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചതില്‍ നിന്ന് വ്യത്യസ്തമായ നയസീപനമാണ് കേരളത്തിന്റെ പൊതുവായ വികസന കാര്യങ്ങളില്‍ തനിക്കെന്ന് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നയം വ്യക്തമാക്കിയതോടെ രാഷ്ട്രീയ നേതാക്കള്‍ കക്ഷി രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന് അപ്പുറമായി ഒത്തുചേരുകയായിരുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹി പ്രതിനിധി കെവി തോമസിന്റെ ഇടപെടലാണ് നിര്‍ണായക വഴിത്തിരിവിലേക്ക് നയിച്ചത്. കഴിഞ്ഞ ആഴ്ച രാഷ്ട്രപതി തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാക്കും സംസ്ഥാന അധിപര്‍ക്കുമായി ഒരുക്കിയ വിരുന്നിടെ ഗവര്‍ണറും കെവി തോമസും തമ്മില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനിടെ കേരളത്തിന്റെ വികസന പ്രശ്‌നവും കടന്നുവന്നു. ‘സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളും കേന്ദ്ര ധന സഹായം ലഭിക്കുന്നതിലെ പ്രയാസവും ഞാന്‍ ഗവര്‍ണറോട് പറഞ്ഞു്,’ -കെവി തോമസ് പറഞ്ഞു.
‘കേരളത്തിന്റെ വികസന കാര്യത്തില്‍ രാഷ്ട്രീയത്തിന് അതീതമായി ഒരുമിച്ച് പോകാമെന്ന് അദ്ദേഹം അറിയിച്ചു. എംപിമാരുമായി സംസാരിക്കാമെന്നും വ്യക്തമാക്കി,’- അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മാര്‍ച്ച് 11ന് വൈകിട്ട് ഗവര്‍ണറുടെ ഓഫീസ് കേരളത്തില്‍ നിന്നുള്ള എല്ലാ എംപിമാരെയും കേരള ഹൗസിലേക്ക് അത്താഴ വിരുന്നിന് ക്ഷണിച്ചു. ഒപ്പം ആ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രിയെയും ഗവര്‍ണര്‍ ക്ഷണിച്ച. കേന്ദ്ര മന്ത്രിമാരായ ജോര്‍ജ്ജ് കുര്യനും സുരേഷ് ഗോപിയും കോണ്‍ഗ്രസിന്റെ വയനാട് എംപി പ്രിയങ്കാ ഗാന്ധിയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും വിട്ടുനിന്നപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പങ്കെടുത്തു.
വിരുന്നിന് മുന്നോടിയായി നടന്ന യോഗത്തില്‍ സംസാരിച്ച ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ എല്ലാവരും ഒരുമിച്ച് പോകണമെന്ന് വ്യക്തമാക്കി. ‘കേരളത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ച് ഞാന്‍ ബോധവാനാണ്. രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാവരും മുന്നോട്ട് ഐക്യത്തോടെ പോകണം. കേന്ദ്രത്തിന് മുമ്പാകെ കേരളത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിക്കൊപ്പം ഞാനും ഒപ്പം ഉണ്ടാവും,’ – അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ ഉദ്യമത്തില്‍ സന്തോഷം പ്രകടമാക്കിയ മുഖ്യമന്ത്രി ടീം കേരളയോടൊപ്പം കേരള ഗവര്‍ണറും ഉണ്ടെന്നത് ആഹ്ലാദകരവും ആവശേകരവും ആണെന്ന് പറഞ്ഞു.് ഇതൊരു നല്ല തുടക്കമാണെന്നും നല്ല അന്തരീക്ഷമാണ് സംജാതമായിരിക്കുന്നതെന്നും പിണറായി വിജയന്‍ വ്യകതമാക്കി.
യോഗത്തില്‍ സംസാരിച്ച മുഴവന്‍ എംപിമാരും വികസന പ്രശ്‌നങ്ങളെ കുറിച്ചും കേന്ദ്രം ധനസഹായം നിഷേധിക്കുന്നതും ഉദാഹരണ സഹിതം എണ്ണിയെണ്ണി പറഞ്ഞു. വയനാട് ദുരന്തത്തിനുള്ള സഹായം, വിഴിഞ്ഞം തുറമുഖത്തിനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട്, എയിംസ്, കെ റെയില്‍ അഥവാ ഹൈ സപീഡ് റെയില്‍ സംവിധാനം, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് അടക്കം എംപിമാര്‍ വിശദീകരിച്ചു. സിപി.എം എംപി ജോണ്‍ ബ്രിട്ടാസ് രണ്ട് കേന്ദ്ര മന്ത്രിമാര്‍ വിട്ടു നിന്നത് ചൂണ്ടിക്കാട്ടി. യോഗത്തില്‍ സംസാരിച്ച പിടി ഉഷയാവട്ടെ തനിക്ക് രാഷ്ട്രീയം ഇല്ലെന്ന് പറഞ്ഞു.
മാര്‍ച്ച് ആറിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ട സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധി കെവി തോമസ് ബുധനാഴ്ചത്തെ പ്രാതലിനായി മുഖ്യമന്ത്രിക്ക് വേണ്ടി ക്ഷണിച്ചു. വയനാടിന് കേന്ദ്ര ധനസഹായം പൂര്‍ണമായി ലഭിക്കാത്ത വിഷയം, ഇപ്പോള്‍ പ്രഖ്യാപിച്ച തുക മാര്‍ച്ച് 31 ന് മുമ്പ് ചെലവഴിക്കണമെന്ന നിര്‍ദ്ദേശത്തിലെ അപ്രായോഗികത, ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നം, അതിവേഗ റെയില്‍വേ സംവിധാനത്തിനായി ഇ ശ്രീധരന്‍ നല്‍കിയ പദ്ധതി എന്നിവയില്‍ അനുകൂല നടപടി എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
കേന്ദ്ര ധനമന്ത്രിയുമായുള്ള തീയതി നിശ്ചയിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഗവര്‍ണറെ ബന്ധപ്പെട്ടു. ഗവര്‍ണര്‍ പങ്കെടുക്കാമെന്ന് ഉറപ്പ് നല്‍കി. ബുധനാഴ്ച രാവിലെ കേരളഹൗസില്‍ എത്തിയ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. കേരളം നേരിടുന്ന വിഷയങ്ങള്‍ അവതരിപ്പിച്ച മുഖ്യമന്ത്രി സംസ്ഥാനത്തിന്റ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനവും കേന്ദ്ര മന്ത്രിക്ക് കൈമാറി.
Recent Comments