by Midhun HP News | Mar 10, 2025 | Latest News, ജില്ലാ വാർത്ത
കേരള കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൺവെൻഷനും വനിതാദിനാചരണവും നടത്തി. വനിത സബ് കമ്മിറ്റി ചെയർപേഴ്സൺ പ്രശോഭന ഉദ്ഘാടനം ചെയ്തൂ.
ആറ്റിങ്ങൽ നഗരസഭ വിദ്യാഭ്യാസ -യുവജന ക്ഷേമ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ് ഗിരിജ അധ്യക്ഷത വഹിച്ചു. മേഖലാകമ്മിറ്റി കൺവീനർ രമ്യ എംആർ സ്വാഗതം പറഞ്ഞു. ജില്ലാ വനിതാ കമ്മിറ്റി അംഗം ബീനാ രാജീവ്, ഏര്യാ സെക്രട്ടറി ആർ രാജു, മേഖലാ സെക്രട്ടറി എസ് സതീഷ് കുമാർ, ആറ്റിങ്ങൽ നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ് ഷീജ എന്നിവർ സംസാരിച്ചു. വനിതാ ദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.
by Midhun HP News | Mar 10, 2025 | Latest News, ജില്ലാ വാർത്ത
എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം യൂണിയൻ പ്രസിഡന്റ് എസ് .ഗോകുൽ ദാസിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ഹാളിൽ മുതിർന്ന വനിതാ സംഘം നേതാവ് വി . ഉഷ ഉദ്ഘാടനം ചെയ്തു.
യൂണിയൻ ആക്ടിങ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക്, വനിതാസംഘം നേതാക്കളായ സുശീല രാജൻ, എസ്.ആർ ശ്രീകല, പ്രശോഭ ഷാജി, വി. രാധാമണി, ഷീല ത്യാഗരാജൻ, ശ്രീല ബിജു, ബിന്ദു ബിനു, ലത തങ്കപ്പൻ, അനില ബിജു എന്നിവർ യോഗത്തിൽ സംസാരിച്ചു.
by Midhun HP News | Mar 10, 2025 | Latest News, ജില്ലാ വാർത്ത
പെരുന്നാൾ അവധിക്കാലത്ത് ഉയർന്ന ടിക്കറ്റ് നിരക്കുമായി വിമാന കമ്പനികൾ. പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി. ചില വിമാന കമ്പനികൾ ഈ മാസം 18 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ മാസം 27, 28, 30 തീയതികളിലാണ് ഏറ്റവും ഉയർന്ന നിരക്കുകൾ ഈടാക്കുന്നത്.
ഈദുൽ ഫിത്ർ തിങ്കളാഴ്ച വരാൻ സാധ്യതയുള്ളതിനാൽ തുടർദിവസങ്ങളിൽ അവധി ലഭിക്കുമെന്നും അതിനാൽ കൂടുതൽ പേർ നാട്ടിൽ പോവാൻ സാധ്യതയുണ്ടെന്നുമുള്ള കണക്കുകൂട്ടലിലുമാണ് വിമാന കമ്പനികൾ നിരക്കുകൾ കുത്തനെ ഉയർത്തുന്നത്.
അതോടൊപ്പം വിവിധ വിമാന കമ്പനികൾ ഇക്കണോമി ക്ലാസിനെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ സൗകര്യങ്ങൾ കുറഞ്ഞ വിഭാഗത്തിന്റെ നിരക്കാണ് ഓൺലൈനിൽ പ്രദർശിപ്പിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ഫ്ലക്സി, എക്സ്പ്രസ് ബിസ് എന്നീ വിഭാഗങ്ങളാണുള്ളത്.
ഇതിൽ ഏറ്റവും താഴ്ന്ന ലൈറ്റ് വിഭാഗത്തിൽ യാത്രക്കാരന് ഹാൻഡ് ബാഗുകൾ മാത്രം കൊണ്ടുപോവാനുള്ള ആനുകൂല്യമാണ് അനുവദിക്കുന്നത്. മറ്റു ലഗേജുകൾ അനുവദിക്കില്ല. ടിക്കറ്റ് മാറുമ്പോൾ പണം ഒന്നും തിരിച്ചുകിട്ടില്ല. ഒമാൻ എയറിനും സൂപ്പർ സേവർ, കംഫർട്ട്, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ഏറ്റവും താഴത്തുള്ള സൂപ്പർ സേവറിൽ ഏഴ് കിലോ കാബിൻ ബാഗേജ് മാത്രമാണ് അനുവദിക്കുക. ടിക്കറ്റ് മാറണമെങ്കിൽ 40 റിയാൽ നൽകേണ്ടി വരും.
സലാം എയറിലും ലൈറ്റ്, സേവർ, വാല്യു, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ലേറ്റ് വിഭാഗത്തിന് അഞ്ചു കിലോ ബാഗേജ് മാത്രമാണ് കൂടെ കൊണ്ടുപോവാൻ കഴിയുക. ഓൺലൈനിൽ ഒറ്റനോട്ടത്തിൽ നിരക്കുകൾ കാണിക്കുന്നത് ഏറ്റവും താഴത്തുള്ള വിഭാഗത്തിലായിരിക്കും.
എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ഈ മാസം 23 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കുന്നുണ്ട്. ഏറ്റവും താഴ്ന്ന വിഭാഗത്തിൽ മാർച്ച് 21ന് 53 റിയാലാണ് നിരക്ക്. 28ന് നിരക്ക് 113 റിയാലായി ഉയരുന്നുണ്ട്. തിരുവനന്തപുരത്തേക്ക് 27ന് 145 റിയാലും 28ന് 123 റിയാലും 29ന് 145 റിയാലുമാണ് ഏറ്റവും കുറഞ്ഞ വിഭാഗത്തിലെ നിരക്ക്.
കണ്ണൂരിലേക്ക് താഴ്ന്ന നിരക്ക് വിഭാഗത്തിൽ 27, 28 തീയതികളിൽ 98 റിയാലും 29ന് 86 റിയാലുമാണ്. കൊച്ചിയിലേക്ക് 27, 28 തീയതികളിൽ 98 റിയാലാണ് അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിലെ നിരക്ക്.
ഒമാൻ എയറിന്റെ ഏഴു കിലോ ലഗേജ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ നിരക്കുകൾ 27ന് 106 റിയാലായി ഉയരുന്നുണ്ട്. 28ന് 127 റിയാലാണ് നിരക്ക്. സലാം എയറിന്റെ അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ 27ന് 115 റിയാലാണ് നിരക്ക്. 28ന് 93 റിയാൽ നൽകേണ്ടി വരും. മറ്റ് ഉയർന്ന വിഭാഗങ്ങളിൽ കൂടിയ നിരക്കുകളാണ് വിമാന കമ്പനികൾ ഈടാക്കുന്നത്.
by Midhun HP News | Mar 10, 2025 | Latest News, ജില്ലാ വാർത്ത
കേരളത്തിലെ ആശാ വര്‍ക്കേഴ്‌സിന്റെ സമരം പാര്‍ലമെന്റില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നുവെന്ന് കെ.സി വേണുഗോപാല്‍. വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ശശി തരൂരും വി.കെ ശ്രീകണ്ഠനും. ശൂന്യവേളയിലാണ് വിഷയം ഉന്നയിച്ചത്.
സംസ്ഥാനവും കേന്ദ്രവും കൂടി തീരുമാനിച്ച് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സമരങ്ങളെ അധിക്ഷേപിക്കുന്ന രീതിയാണ് സംസ്ഥാന സര്‍ക്കാറിന്റേത്. ആശ വര്‍ക്കേഴ്‌സിന്റെ സമരത്തെ അധിക്ഷേപിക്കുന്ന സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് അങ്ങേയറ്റം ലജ്ജാകരമാണ്.
ആശപ്രവര്‍ത്തകരെ തൊഴിലാളികള്‍ ആക്കണം. ആരോഗ്യ മേഖലക്ക് വലിയ സംഭാവന നല്‍കുന്നവരാണ് ആശാ വര്‍ക്കര്‍മാര്‍. കേന്ദ്രവും സംസ്ഥാനവും പഴിചാരി അവസാനിപ്പിക്കേണ്ട വിഷയമല്ല. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്ന് സംസ്ഥാനവും സംസ്ഥാനസര്‍ക്കാര്‍ പണം വിതരണം ചെയ്യുന്നില്ലെന്ന് കേന്ദ്രവും ആരോപിക്കുന്ന സാഹചര്യമാണുള്ളത്. ഇതില്‍ കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തത വരുത്തണം.
ആശമാര്‍ക്ക് 21,000 രൂപ പ്രതിമാസം അലവന്‍സും വിരമിക്കല്‍ ആനുകൂല്യവും നല്‍കണം – കെ. സി വേണുഗോപാല്‍ പറഞ്ഞു.പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അവസ്ഥയാണ് തിരുവനന്തപുരത്ത് നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരം വ്യക്തമാക്കുന്നതെന്നും ആശമാര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കണമെന്നും ശശി തരൂര്‍ എംപിയും ആവശ്യപ്പെട്ടു.
വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് വി.കെ. ശ്രീകണ്ഠനും ആവശ്യപ്പെട്ടു. ഇക്കാലമത്രയും വെറും ഏഴായിരം രൂപയാണ് അവര്‍ക്ക് അലവന്‍സ് ആയി ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ആശവര്‍ക്കര്‍മാരുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച പോലും നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് എത്രയും പെട്ടന്ന് ഇതിന് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
by Midhun HP News | Mar 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : കാർഷിക സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ കതിർ ആപ് ഹിറ്റായതോടെ രണ്ടാംഘട്ടത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി കൃഷി വകുപ്പ്.
ഉൽപ്പന്നങ്ങളുടെ വിപണി വില, വിപണന സാധ്യതകൾ, ഓരോ വിളയുടെയും പ്രാദേശിക അനുയോജ്യത, കാർഷിക യന്ത്രങ്ങളുടെ ലഭ്യത, വിവിധ സേവനകേന്ദ്രങ്ങളുടെ വിവരങ്ങൾ എന്നിവയാണ് പുതുതായി നൽകുക. നിലവിൽ ട്രയൽ റണ്ണായി നടപ്പാക്കുന്ന സേവനങ്ങൾ ഏപ്രിൽ മാസത്തോടെ ലഭ്യമാക്കും. നിലവിൽ 1.20 ലക്ഷം പേർ ആപ് ഡൗൺലോഡ് ചെയ്‌തിട്ടുണ്ട്. വെബ്‌സൈറ്റ് വഴി ഏഴുലക്ഷം കർഷകരും രജിസ്‌റ്റർ ചെയ്‌തു. രണ്ടു മാസത്തിനകം പിഎം കിസാൻ ഉപഭോക്താക്കളായ 28 ലക്ഷം കർഷകരെയും കതിർ ആപ്പിന്റെ ഭാഗമാക്കും.
കർഷകർക്കാവശ്യമായ വിവരങ്ങൾ, സേവനങ്ങൾ എന്നിവ നൽകുന്നതിനൊപ്പം കാർഷിക, കാർഷികേതര വിഭവസ്രോതസ്സുകളുടെ സമഗ്രമായ വിവരശേഖരണത്തിനും ‘കതിർ’ അവസരമൊരുക്കുന്നു. വ്യക്തിഗത രജിസ്ട്രേഷൻ അടിസ്ഥാനമാക്കി പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും പ്രവർത്തിക്കുന്ന കതിർ ആപ് സംസ്ഥാനത്തെ മികച്ച 10 ആപ്പുകളിലൊന്നാണ്. കഴിഞ്ഞവർഷം ആഗസ്‌ത് 17നാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തത്.
കർഷകർ നൽകുന്ന വ്യക്തിഗത ഭൂമി, വിളകൾ സംബന്ധിച്ച പ്രധാന വിവരങ്ങൾ എന്നിവ കൃഷി ഭവൻതലത്തിലും കൃഷി അസിസ്റ്റന്റ് ഡയറക്ടർതലത്തിലും രണ്ടു ഘട്ടങ്ങളിലായി പരിശോധിച്ചശേഷമാണ് രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത്. കർഷകർക്കുള്ള വിവിധ ബാങ്കിങ്, സബ്സിഡി, ഇൻഷുറൻസ് സേവനങ്ങൾ ആപ്പിൽ രജിസ്റ്റർ ചെയ്തവർക്ക് എളുപ്പത്തിൽ ലഭിക്കും. ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ കർഷകർക്ക് ആവശ്യമായ പദ്ധതി വിവരങ്ങൾ, കാലാവസ്ഥാധിഷ്ഠിത സേവനങ്ങൾ, വിൽപ്പനക്കാരുമായി നേരിട്ട് വിപണനത്തിനുള്ള ഇ-–-മാർക്കറ്റ്പ്ലേസ് സംവിധാനം, കാർഷിക യന്ത്രവൽക്കരണവുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഘട്ടം ഘട്ടമായി നടപ്പാക്കും.
by Midhun HP News | Mar 10, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭാ സാക്ഷരതാ മിഷൻ പഠിതാക്കൾക്കായി സ്വയം തൊഴിൽ ശില്പശാലയും തൊഴിൽ അഭിമുഖവും സംഘടിപ്പിച്ചു. മോഡൽ കരിയർ സെന്റർ, ആറ്റിങ്ങൽ ടൗൺ എംപ്ലോയ്‌മെന്റ് സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ നഗരസഭ സാക്ഷരതാ മിഷൻ വിദ്യാർത്ഥികൾക്കായി സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള സെമിനാറും പ്രമുഖ ബാങ്കിങ് സ്ഥാപനത്തിലെ ജോലി ഒഴിവിലേക്ക് അഭിമുഖത്തിന്റെയും ഉദ്ഘാടനം നഗരസഭാ ചെയർ പേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു.
ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ഡോ.പി.മുരുകദാസ് അദ്ധ്യക്ഷനായിരുന്നു. ജൂനിയർ എംപ്ലോയ്മെൻറ് ഓഫീസർ വിപിൻ ചന്ദ്രൻ , മോഡൽ കരിയൽ സെന്റർ വൈ.പി. ഷമീർ.സി.കെ എന്നിവർ ശില്പശാലയുടെ വിശദാംശം നൽകി.
അദ്ധ്യാപകരായ മുഹമ്മദ് ഷാഫി, കെ.എസ്.സുജ, ജയറാണി, സെന്റർ കോ-ഓഡിനേറ്റർ മിനി, രേഖ. ജി.ആർ എന്നിവർ സംസാരിച്ചു. തുടർന്ന് ട്രാവൻകൂർ ഏവിയേഷൻ ഡയറക്ടർ അനൂപ്. ഡ്രോൺ ടെക്നോളജിയെ പരിചയപ്പെടുത്തി.
സ്വയം തൊഴിൽ സംരംഭങ്ങളുടെ വിശദാശംങ്ങളും പറഞ്ഞു. തുടർന്ന് എസ് ബി ഐ ബാങ്ക് ഇൻഷുറൻസ് വിഭാഗത്തിലേക്ക് അഭിമുഖം സംഘടിപ്പിച്ചു. 23 പഠിതാക്കൾ ഇന്റർവ്യൂ പങ്കെടുക്കുകയും 8 പേരെ അടുത്ത ഘട്ടത്തിലേക്ക് ഷോർട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. തിരഞ്ഞെടുപ്പു പ്രക്രിയ കഴിഞ്ഞതിനു ശേഷം ജോയിനിംഗ് ലെറ്റർ ഉദ്യോഗാർത്ഥികൾക്ക് കൈമാറുമെന്ന് എസ് ബി ഐ പ്രതിനിധി അറിയിച്ചു.
Recent Comments