by Midhun HP News | Mar 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മുതൽ വൈകീട്ട് 3 വരെ നേരിട്ടു വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വെയിലത്ത് ജോലി ചെയ്യുന്നവരും ചർമ, നേത്ര രോഗങ്ങൾ ഉള്ളവരും കാൻസർ പോലെ ഗുരുതര രോഗങ്ങളോ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരും പ്രത്യേക ജാഗ്രത പുലർത്തണം.
മാർച്ച് പകുതിക്കു ശേഷം സൂര്യൻ ഉത്തരാർധഗോളത്തിലേക്കു പ്രവേശിക്കുന്നതോടെ അൾട്രാ വയലറ്റ് രശ്മികൾ മനുഷ്യ ശരീരത്തിൽ നേരിട്ട് ഏൽക്കുന്നതു കൂടും. ചർമ രോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്കു ഇതു വഴി വയ്ക്കുമെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
ഉയർന്ന തോതിൽ അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിലേൽക്കുന്നത് സ്യൂര്യാതപം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും സാരമായ പൊള്ളലിനും കാരണമാകും. പകൽ പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കണം. ശരീരം മറയുന്ന കോട്ടൺ വസ്ത്രങ്ങളാണ് ഉചിതം. യാത്രാ ഇടവേളകളിൽ തണലിൽ വിശ്രമിക്കണം.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. തൊഴിൽദായകർ ജോലി സമയം ക്രമീകരിക്കണമെന്നു തൊഴിൽ വകുപ്പ് ആവശ്യപ്പെട്ടു. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജാഗ്രത പുലർത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. വേനൽച്ചൂട് ഉയരുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ സജ്ജീകരിക്കും.
വേനൽ മഴ
ഈയാഴ്ച സംസ്ഥാനത്ത് വേനൽ മഴ ലഭിക്കുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ ശമിക്കുന്നതോടെ ചൂട് വീണ്ടും കൂടും. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് പെട്ടെന്നു കൂടുന്നത് ചൂട് കൂടുതൽ അനുഭവവേദ്യമാകുന്ന താപസൂചിക വർധിപ്പിക്കും.
സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ കൂടുതൽ മേഘാവൃതമാകുന്നതിനാൽ ചൂട് കുറയും. വടക്കൻ ജില്ലകളിൽ താപനില ഉയർന്നു നിൽക്കും. വടക്കൻ ജില്ലകളിൽ മഴയെത്താൻ അൽപ്പം താമസം നേരിടുന്നതിനാലാണിത്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പ്രതീക്ഷിക്കുന്നുണ്ട്.
by Midhun HP News | Mar 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ ആശാ പ്രവർത്തകർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് ഒരു മാസം തികയും. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്തിൽ സെക്രട്ടേറിയറ്റ് നടയിലാണ് സമരം തുടരുന്നത്. ഒരു മാസം കടന്നിട്ടും സർക്കാർ ഇടപെടാത്ത സാഹചര്യത്തിൽ സമരം കടുപ്പിക്കാനാണ് പ്രവർത്തകരുടെ തീരുമാനം.
ഈ മാസം 17നു ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റ് ഉപരോധിക്കും. വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് ഉപരോധം. ന്യായമായ ആവശ്യങ്ങൾ സംബന്ധിച്ചു ചർച്ച നടത്താൻ പോലും സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് ഉപരോധിക്കാൻ തീരുമാനിച്ചതെന്നു സമര സമിതി നേതാവ് എസ് മിനി വ്യക്തമാക്കി.
സമരം ചെയ്യുന്ന സ്ത്രീകളെ കടുത്ത സമ്മർദ്ദത്തിലാക്കുന്ന നടപടികളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. നിയമം അനുസരിച്ചു സമാധാനപരമായി ഇത്രയും ദിവസം സമരം നടത്തിയിട്ടും സർക്കാർ തിരിഞ്ഞു നോക്കാതിരിക്കുന്നതിനാലാണ് നിയമലംഘന സമരത്തിലേക്ക് കടക്കുന്നതെന്നു പ്രവർത്തകർ വ്യക്തമാക്കി.
സമരം നടത്തുന്ന ആശാ പ്രവർത്തകരുടെ നേതൃത്തിൽ 13നു ആറ്റുകാൽ പൊങ്കാലയിടും. സെക്രട്ടേറിയറ്റിനു മുന്നിൽ പൊങ്കാലയിടാൻ ആഗ്രഹമുള്ള പരമാവധി ആശാ പ്രവർത്തകരെ ക്ഷണിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. പിന്തുണ നൽകി ഒട്ടേറെ സംഘടനകൾ സമര വേദിയിലെത്തുന്നുണ്ട്.
by Midhun HP News | Mar 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിൻ സർവീസുകളും അധിക സ്റ്റോപ്പുകളും അനുവദിച്ച് റെയിൽവേ. ചില ട്രെയിനുകളുടെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. മാർച്ച് 13ന് പുലർച്ചെ 1.30ന് എറണാകുളം ജങ്ഷനിൽ നിന്നു പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (06077) രാവിലെ 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരത്തു നിന്നു 13ന് പകൽ 2.15നു പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (06078) രാത്രി 7.40ന് എറണാകുളത്ത് തിരികെ എത്തിച്ചേരും. മറ്റു ട്രെയിനുകളുടെ സമയവും അനുവദിച്ചിരിക്കുന്ന താൽകാലിക സ്റ്റോപ്പുകളുടെ വിവരങ്ങളും ഇങ്ങനെ.
മാർച്ച് 13ന് പുറപ്പെടുന്ന കന്യാകുമാരി -പുനലൂർ പാസഞ്ചറിന് (56706) ചിറയിൻകീഴ്, കടയ്ക്കാവൂർ, ഇടവ, മയ്യനാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് (12624) കഴക്കൂട്ടം, കടയ്ക്കാവൂർ, ചിറയിൻകീഴ് സ്റ്റേഷനുകളിലും, തിരുവനന്തപുരം- ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് (12696) കഴക്കൂട്ടം, ചിറയിൻകീഴ്, കടയ്ക്കാവൂർ സ്റ്റേഷനുകളിലും നാഗർകോവിൽ – മംഗളൂരു പരശുറാം എക്സ്‌പ്രസിന് (16650) ബാലരാമപുരം, തിരുവനന്തപുരം സൗത്ത് സ്റ്റേഷനുകളിലും, നാഗർകോവിൽ – മംഗളൂരു പരശുറാം എക്സ്‌പ്രസിന് (16650) ബാലരാമപുരം, തിരുവനന്തപുരം സൗത്ത് റെയിൽവേ സ്റ്റേഷനുകളിലും കൊല്ലം -ചെന്നൈ എഗ്മൂർ എക്സ്പ്രസിന് (20636) – തിരുവനന്തപുരം സൗത്ത്, ബാലരാമപുരം, ധനുവച്ചപുരം, പള്ളിയാടി സ്റ്റേഷനുകളിലും ഷാലിമാർ -തിരുവനന്തപുരം എക്സ്പ്രസിന് (22641) മാരാരിക്കുളം, തുറവൂർ സ്റ്റേഷനുകളിലും തിരുവനന്തപുരം -മംഗളൂരു മലബാർ എക്സ്‌പ്രസിന് (16629) – മയ്യനാട് സ്റ്റേഷനിലും താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.
മാർച്ച് 12ന് പുറപ്പെടുന്ന മംഗളൂരു- തിരുവനന്തപുരം എക്സ്‌പ്രസിന് (16348) കടയ്ക്കാവൂർ സ്റ്റേഷനിലും മധുര- പുനലൂർ എക്സ്‌പ്രസിന് (16729) – പള്ളിയാടി, കുഴിത്തുറ, ബാലരാമപുരം, തിരുവനന്തപുരം സൗത്ത് സ്റ്റേഷനുകളിലും മംഗളൂരു സെൻട്രൽ -കന്യാകുമാരി എക്സ്പ്രസിന് (16649) മയ്യനാട്, കടയ്ക്കാവൂർ സ്റ്റേഷനുകളിലും ഷൊർണൂർ – തിരുവനന്തപുരം- വേണാട് എക്സ്പ്രസിന് (16301) മുരുക്കുംപുഴ സ്റ്റേഷനിലും മംഗളൂരു -തിരുവനന്തപുരം ഏറനാട് എക്സ്പ്രസിന് (16605) മാരാരിക്കുളത്തും നാഗർകോവിൽ- കോട്ടയം എക്സ്പ്രസിന് നാഗർകോവിൽ ടൗൺ വീരനല്ലൂർ, പള്ളിയാടി, കുഴിത്തുറ വെസ്റ്റ്, ധനുവച്ചപുരം, അമരവിള, ബാലരാമപുരം സ്റ്റേഷനുകളിലും കന്യാകുമാരി- പുനലൂർ പാസഞ്ചറിന് (56706) നാഗർകോവിൽ ടൗൺ, വീരനല്ലൂർ, പള്ളിയാടി കുഴിത്തുറ വെസ്റ്റ്, അമരവിള സ്റ്റേഷനുകളിലും ഗുരുവായൂർ- ചെന്നൈ എഗ്മൂർ എക്സ്പ്രസിന് (16128) തുറവൂർ, മാരാരിക്കുളം, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിലും മധുര- തിരുവനന്തപുരം എക്സ്‌പ്രസിന് (16344) പരവൂർ, കടയ്ക്കാവൂർ, നോർത ചിറയിൻകീഴ്, മുരുക്കുംപുഴ, പേട്ട സ്റ്റേഷനുകളിലും മംഗളൂരു -തിരുവനന്തപുരം എക്സ്‌പ്രസിന് (16603) തുറവൂർ, മാരാരിക്കുളം, പേട്ട സ്റ്റേഷനുകളിലും ചെന്നൈ സെൻട്രൽ -തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിന് (12695) പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, പേട്ട സ്റ്റേഷനുകളിലും മംഗളൂരു- തിരുവനന്തപുരം മലബാർ എക്സ്‌പ്രസിന് (16630) മയ്യനാട് സ്റ്റേഷനിലും മൈസൂർ -തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന് (16315) തുറവൂർ, മാരാരിക്കുളം സ്റ്റേഷനിലും താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.
മാർച്ച് 10ന് പുറപ്പെടുന്ന ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്‌പ്രസിന് (12626) ഏറ്റുമാനൂർ, പരവൂർ, ചിറയിൻകീഴ് സ്റ്റേഷനുകളിലും ശ്രീമാതാ വൈഷ്ണോ ദേവി -കന്യാകുമാരി ഹിമസാഗർ എക്സ്പ്രസിന് നെയ്യാറ്റിൻകര, പാറശാല, ഇരണിയൽ, നാഗർകോവിൽ ടൗൺ സ്റ്റേഷനുകളിലും താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. മാർച്ച് 11ന് പുറപ്പെടുന്ന ലോകമാന്യതിലക് – തിരുവനന്തപുരം നേത്രാവതി എക്സ്‌പ്രസിന് (16345) തുറവൂർ, മാരാരിക്കുളം, പരവൂർ, കടയ്ക്കാവൂർ സ്റ്റേഷനുകളിലും സെക്കന്ദരാബാദ്- തിരുവനന്തപുരം എക്സ്‌പ്രസിന് (17230) ഇരിഞ്ഞാലക്കുട, ചാലക്കുടി, അങ്കമാലി, കാലടി, തൃപ്പൂണിത്തുറ, ഏറ്റുമാനൂർ, പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ് സ്റ്റേഷനുകളിലും താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. കന്യാകുമാരിയിൽനിന്നു 13ന് രാവിലെ 10.10ന് പുറപ്പെടുന്ന മംഗളൂരു എക്സ്പ്രസ് (16525) ഒരു മണിക്കൂർ വൈകി 11.10നായിരിക്കും പുറപ്പെടുക.13ന് പകൽ 1.25ന് തിരുവനന്തപുരം നോർത്തിൽനിന്നു പുറപ്പെടുന്ന നാഗർകോവിൽ പാസഞ്ചർ (56310) 35 മിനിറ്റ് വൈകി പകൽ 2.00നായിരിക്കും പുറപ്പെടുക.
by Midhun HP News | Mar 10, 2025 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം വൈകുന്നു. 2021-22 ഇൽ നിർമ്മാണം ആരംഭിച്ച അഞ്ചതെങ്ങ് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണമാണ് അനന്തമായി നീണ്ടുപോകുന്നത്.
ഫണ്ട് ലഭ്യമാകാത്തതാണ് കെട്ടിടം പണി നീണ്ടുപോകാൻ പ്രധാന കാരണമെന്നാണ് സൂചന. നിലവിൽ വില്ലേജ് ഓഫീസ് കായിക്കയിലെ ഒരു വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ ശുചിമുറി ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തത് ഉദ്യോഗസ്ഥരെയും ഇവിടെ വിവിധ ആവിശ്യങ്ങൾക്കായെത്തുന്ന നാട്ടുകാരെയും വലയ്ക്കുകയാണ്.
അഞ്ചുതെങ്ങ് മാമ്പള്ളി ഇറങ്ങ്കടവ് റോഡിലെ പുറമ്പോക്ക് ഭൂമിയിൽ കഴിഞ്ഞ 2021-22 ലാണ് അഅഞ്ചുതെങ്ങ് വില്ലേജിന് സ്വന്തമായൊരു സ്മാർട്ട് വില്ലേജ് ഓഫീസ് എന്ന ലക്ഷ്യവുമായി പുതിയ ഇരുനില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. കേരള നിർമ്മിതി കേന്ദ്രമായിരുന്നു നിർമ്മണ ചുമതല. എന്നാൽ ആവിശ്യത്തിന് ഫണ്ട് ലഭ്യമാകാതയതോടെ നിർമ്മാണം പതിയെ പതിയെ നിലയ്ക്കുക യായിരുന്നു. നിലവിൽ അവശേഷിക്കുന്നത് കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ്, ടൈൽ, ചുറ്റുമതിൽ, ഇലക്ട്രിക്കൽ, പ്ലമ്പിങ്, പെയിന്റിംഗ് ജോലികളാണ്. ജില്ലയിലെ മറ്റ് വില്ലേജ് ഓഫീസുകളെല്ലാം സ്മാർട്ട് വില്ലേജ് ഓഫീസ് സൗകര്യത്തിലേക്ക് മാറിക്കഴിമ്പോഴാണ് അഞ്ചുതെങ്ങ് വില്ലേജ് ഓഫീസിന് ഈ ദുർഗതി.
2016 മുതലാണ് സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ ലക്ഷ്യമിട്ട് സ്മാർട്ട് വില്ലേജ് ഓഫീസുകൾ നിർമിക്കാൻ സർക്കാർ നടപടി തുടങ്ങിയത്. 44 ലക്ഷം രൂപയാണ് ഒരു സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കാനായി ആദ്യഘട്ടത്തിൽ സർക്കാർ അനുവദിക്കുന്നത്. മെച്ചപ്പെട്ട കെട്ടിടം, ഫ്രണ്ട് ഓഫീസ്, ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്ക് വിശ്രമിക്കാൻ സൗകര്യം, കുടിവെള്ളം, ശൗചാലയം , ഭിന്നശേഷി സൗഹൃദം തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളിൽ ഏർപ്പെടുത്തുകയെന്നായിരുന്നു വാഗ്ധാനം.
എത്രയും പെട്ടെന്ന്തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് വില്ലേജ് ഓഫീസ് പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുവാൻ അധികൃതരുടെ ഭാഗത്ത്നിന്നും ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന സാമൂഹ്യപ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ ആവിശ്യപ്പെട്ടു.
by Midhun HP News | Mar 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സിപിഎം കൗണ്‍സിലര്‍ മന:പുര്‍വം ആക്രമിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ക്ഷേത്രത്തിലേക്ക് ഭക്തരെ കയറ്റിവിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൗണ്‍സിലറും വനിതാ പൊലീസ് ഉദ്യോഗസ്ഥയും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. അതിനിടെ വനിതാ സിവില്‍ പൊലീസ് ഓഫിസറെ കൗണ്‍സിലര്‍ ആര്‍ ഉണ്ണികൃഷ്ണ്‍ വലതു കൈമുട്ടുമടക്കി നെറ്റിയില്‍ ശക്തമായി ഇടിച്ചെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥയെ ദേഹോപദ്രവം ചെയ്‌തെന്നും ആയിരുന്നു കേസ്. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരുന്നു.
പരാതി കെട്ടിച്ചമച്ചതാണെന്ന കൗണ്‍സിലറുടെ വാദം ശരിവയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയുടെ കവാടത്തില്‍ എസ്‌ഐയും 2 വനിതാപൊലീസുകാരും അടക്കം 4 പേരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഈ സമയം വലിയ തിരക്കുണ്ടായിരുന്നില്ലെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രായമായ രണ്ട് സ്ത്രീകളുടെ കൈപിടിച്ച് കൗണ്‍സിലര്‍ ഇവിടേക്ക് വരുമ്പോള്‍ എസ്‌ഐ കുറുകെ കയറി തടസ്സം നില്‍ക്കുകയും കൈവീശി മാറിപ്പോകാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.
കൗണ്‍സിലറും പ്രായമായ സ്ത്രീകളും നോക്കിനില്‍ക്കെ, ഒരു സ്ത്രീയെയും അവര്‍ക്കൊപ്പമെത്തിയ യുവതികളെയും എസ്‌ഐ ക്ഷേത്രത്തിനകത്തേക്ക് കടത്തി വിട്ടു. ഇതിന് പിന്നാലെ അകത്തേക്ക് കടക്കാന്‍ ശ്രമിച്ച കൗണ്‍സിലറെ എസ്‌ഐ തടയുകയും ബലപ്രയോഗം നടത്തുകയുമായിരന്നു. കൗണ്‍സിലറെ എസ്‌ഐ തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സമീപത്തുനിന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നെറ്റിയില്‍ കൈ കൊള്ളുന്നത്.
ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഡ്യൂട്ടി തടസ്സപ്പെടുത്തല്‍ തുടങ്ങി ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് ഉണ്ണിക്കൃഷ്ണന് എതിരെ പൊലീസ് കേസെടുത്തത്. അതേസമയം, ഫോര്‍ട്ട് പൊലീസിന്റെ നടപടിയില്‍ ഗൂഢാലോചനയുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ബോധപൂര്‍വം അടിച്ചതാണോ എന്നറിയില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥ പറയുന്നത്. തലയ്ക്കടിയേറ്റതിനാലാണ് സിടി സ്‌കാന്‍ ചെയ്തത്. തലയ്ക്ക് മുറിവ് പറ്റുകയോ കുഴഞ്ഞുവീഴുകയോ ഉണ്ടായിട്ടില്ലെന്ന് പരാതിക്കാരിയായ ഉദ്യോഗസ്ഥ പറഞ്ഞു.
by Midhun HP News | Mar 10, 2025 | Latest News, ജില്ലാ വാർത്ത
കാസര്‍കോട്: മണ്ടേക്കാപ്പില്‍ ആത്മഹത്യ ചെയ്ത പതിനഞ്ചുകാരിയുടേയും യുവാവിന്റേയും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആത്മഹത്യ തന്നെയാണ് മരണകാരണമെന്നും മൃതദേഹങ്ങള്‍ക്ക് മൂന്നാഴ്ച പഴക്കമുണ്ടെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
പരിയാരം മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ലഭിക്കും. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്.
പൈവളിഗ സ്വദേശിയായ പത്താംക്ലാസുകാരിയേയും അയല്‍വാസി പ്രദീപിനേയും 26 ദിവസം മുമ്പാണ് കാണാതായത്. ഞായറാഴ്ച രാവിലെ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള ഒഴിഞ്ഞ പ്രദേശത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവര്‍ക്കുമായി പൊലീസ് ദിവസങ്ങള്‍ക്ക് മുമ്പ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
സംഭവത്തില്‍ ഹൈക്കോടതി പൊലീസിനെ വിമര്‍ശിച്ചു. ഒരു വിഐപിയുടെ മകളായിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെയാണോ വിഷയം കൈകാര്യം ചെയ്യുക എന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ നാളെ കേസ് ഡയറിയുമായി കോടതി മുമ്പാകെ ഹാജരാകണമെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ കൃത്യമായ പൊലീസ് നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.
Recent Comments