പെരുമാതുറ മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ പുതിയ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

പെരുമാതുറ മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ പുതിയ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

പെരുമാതുറ: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പുതിയ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പെരുമാതുറ മുസ്‌ലിം ജമാഅത്തിന്റെ പരിധിയിൽ വരുന്ന അംഗങ്ങൾക്ക് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണവും ആദരവും നൽകി. പെരുമാതുറ മുസ്ലിം ജമാഅത്ത് ഹാളിൽ നടന്ന പരിപാടി പെരുമാതുറ സ്നേഹതീരം ജനറൽ സെക്രട്ടറി എസ്.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എസ്.എം.നസീർ അധ്യക്ഷനായി.

സ്നേഹതീരം വൈസ് പ്രസിഡന്റ് എ.നസ്രുള്ള, ഫൗണ്ടർ മെമ്പർ എം.എം.ഇക്ബാൽ, ഗാന്ധിയൻ എം.എം.ഉമ്മർ, പെരുമാതുറ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എ.എം.ഇക്ബാൽ, സാമൂഹിക പ്രവർത്തകരായ സുനിൽ സലാം, ഷഹീർ സലിം, സാബു എന്നിവർ സംസാരിച്ചു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ശാർക്കര ഡിവിഷൻ അംഗം സജിത്ത് ഉമ്മർ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ സഫീദ നജീബ്, അംഗങ്ങളായ ഷഫീറ റസാക്ക്, മഞ്ജു.എസ്. അജയൻ, അനീഷ്, അഴൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിനു.ബി.എൽ, അംഗങ്ങളായ നെസിയ സുധീർ, സജീവ് ചന്ദ്രൻ, കഠിനംകുളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സനോബർ ലുക്മാൻ, എയ്ഞ്ചൽ എന്നിവർക്കാണ് സ്വീകരണം നൽകിയത്. സ്വീകരണ പരിപാടിയിൽ ജമാഅത്ത് സെക്രട്ടറി സുനിൽ സാലി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം അസീംഖാൻ നന്ദിയും പറഞ്ഞു.

സത്യജിത് റേ ഡോക്യുമെൻ്ററി പുരസ്കാരം ഏറ്റുവാങ്ങി ബിന്ദു നന്ദന

സത്യജിത് റേ ഡോക്യുമെൻ്ററി പുരസ്കാരം ഏറ്റുവാങ്ങി ബിന്ദു നന്ദന

ആറ്റിങ്ങൽ: സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പതിനൊന്നാമത് ഇൻ്റർനാഷന ൽ ഹ്രസ്വചിത്ര മേളയിൽ ചായമൻസയ്ക്ക് ലഭിച്ച ഡോക്യുമെൻ്ററി പുരസ്കാരം സംവിധായിക ബിന്ദു നന്ദന സാഹിത്യകാരൻ ഡോ ജോർജ് ഓണക്കൂറിൽ നിന്നും ഏറ്റുവാങ്ങി.

തിരുവനന്തപുരം എ കെ ജി സ്മാരകഹാളിൽ വച്ച് മന്ത്രി ജി ആർ അനിൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സംവിധായകൻ സജിൻ ലാൽ അധ്യക്ഷനായി. എഴുത്തുകാരി കെ പി സുധീര, വയലാർ ശരത് ചന്ദ്ര വർമ്മ, ജി വേണുഗോപാൽ, സംവിധായകരായ രാജീവ് അഞ്ചൽ, ബാലു കിരിയത്ത്, ടി എസ് സുരേഷ് ബാബു, തുളസീദാസ്, ചലച്ചിത്ര നടൻ ഹരീഷ് പേരടി തുടങ്ങി
കലാ സാംസ്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

റെജി ലൂക്കോസ് ബിജെപി സംസ്ഥാന വക്താവ്

റെജി ലൂക്കോസ് ബിജെപി സംസ്ഥാന വക്താവ്

തിരുവനന്തപുരം: റെജി ലൂക്കോസിനെ ബിജെപി സംസ്ഥാന വക്താവായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നിയമിച്ചു. ഇടതു സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ജനുവരി എട്ടിനാണ് ബിജെപിയില്‍ ചേര്‍ന്നത്.vബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ പ്രസിഡന്റായി ശ്രീവിദ്യ രാജേഷിനേയും നിയമിച്ചു. വി എന്‍ സുരേഷ്, ശശി ചാലക്കല്‍, സുമേഷ് മൂന്നാര്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. ജില്ലാ പ്രസിഡന്റ് ആയിരുന്ന പി പി സാനുവിനെ ബിജെപി സംസ്ഥാന കമ്മറ്റി അംഗമാക്കി.

ബിജെപി ദേശീയ നേതൃത്വം മുന്നോട്ടുവയ്ക്കുന്ന വികസന നിലപാടുകളാണ് പാർട്ടിയിലേക്ക് ആകർഷിച്ചതെന്നാണ് റെജി ലൂക്കോസ് അഭിപ്രായപ്പെട്ടത്. സിപിഎം കേരളത്തിൽ വർഗീയ വിഭജനത്തിനായി ശ്രമിക്കുകയാണ്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നും റെജി ലൂക്കോസ് അഭിപ്രായപ്പെട്ടിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; പ്ലക്കാര്‍ഡുമേന്തി പ്രതിപക്ഷ പ്രതിഷേധം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; പ്ലക്കാര്‍ഡുമേന്തി പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഇന്നും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള പോര്‍വിളിയെത്തുടര്‍ന്ന് സഭ സ്തംഭിച്ചു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ചേംബറിനെ വളഞ്ഞു. ഇതിനിടെ സ്പീക്കറുടെ ചേംബറിലേക്ക് കയറാന്‍ ശ്രമിച്ച കോണ്‍ഗ്രസിലെ അന്‍വര്‍ സാദത്ത് എംഎല്‍എയെ വാച്ച് ആന്റ് വാര്‍ഡ് തടഞ്ഞു.

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മുഖം മറച്ചു കൊണ്ട് ബാനര്‍ വലിച്ചുയര്‍ത്തുകയും ചെയ്തു. സ്വര്‍ണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പ എന്നെഴുതിയ ബാനറാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ബാനര്‍ താഴ്ത്തണമെന്നും ഇല്ലെങ്കില്‍ പിടിച്ചുമാറ്റുമെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുന്നറിയിപ്പ് നല്‍കി. യുഡിഎഫ് എംഎല്‍എ ടി വി ഇബ്രാഹിമും സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കയറാന്‍ ശ്രമിച്ചു.

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം വഴി മുട്ടിയതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ശക്തമാക്കിയതോടെയാണ് എസ്‌ഐടി അന്വേഷണം പ്രതിസന്ധിയിലായത്. പുറത്തുള്ള പ്രതികളെക്കുറിച്ച് അന്വേഷണം നടത്താതെ, ഉള്ള പ്രതികളെക്കൂടി പുറത്തിറങ്ങാന്‍ സഹായിക്കുന്ന തരത്തില്‍, അപകടകരമായ നിലയിലേക്ക് അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നും സഭയില്‍ അതിക്രമം കാണിക്കുകയാണെന്നും മന്ത്രി എംബി രാജേഷ് വിമർശിച്ചു. എല്ലാവരെയും അധിക്ഷേപിക്കുന്ന ഒരു പ്രതിപക്ഷ നേതാവാണ് ഉള്ളത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് വായിൽ തോന്നിയത് പറഞ്ഞു എന്നുപറഞ്ഞയാലാണ് പ്രതിപക്ഷ നേതാവ്. കോടതിയിൽ തോറ്റാൽ നിയമസഭയിൽ എന്നതാണോ സ്ഥിതി. ജനങ്ങളോടുള്ള വെല്ലുവിളിയാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി രാജേഷ് കുറ്റപ്പെടുത്തി.

കേരളത്തിലെ ഹൈസ്‌കൂളുകളിൽ റോബോട്ടിക് വിപ്ലവം; 2500 അഡ്വാൻസ്ഡ് കിറ്റുകൾ വിദ്യാർത്ഥികളിലേക്ക്

കേരളത്തിലെ ഹൈസ്‌കൂളുകളിൽ റോബോട്ടിക് വിപ്ലവം; 2500 അഡ്വാൻസ്ഡ് കിറ്റുകൾ വിദ്യാർത്ഥികളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ റോബോട്ടിക്സ് പഠനം കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി, ഹൈസ്‌കൂളുകളിലേക്ക് KITE വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചു. ആറ് സ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കിറ്റുകൾ കൈമാറിക്കൊണ്ടാണ് ഈ പുതിയ ചുവടുവെപ്പിന് തുടക്കം കുറിച്ചത്.

വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി ആകെ 2500 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളാണ് വിദ്യാർത്ഥികളിലേക്ക് എത്തുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ അധ്യയനവർഷം മുതൽ പത്താം ക്ലാസിലെ ഐ.സി.ടി പാഠ്യപദ്ധതിയിൽ റോബോട്ടിക്സ് ഉൾപ്പെടുത്തിയതോടെ നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഐ.ഒ.ടി (Internet of Things) അധിഷ്ഠിത ഉപകരണങ്ങൾ നിർമ്മിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പുതിയ കിറ്റുകൾ വിതരണം ചെയ്യുന്നത്.

വൈഫൈ, ബ്ലൂടൂത്ത് സംവിധാനങ്ങളുള്ള ഡെവലപ്മെന്റ് ബോർഡുകളും വിവിധയിനം സെൻസറുകളും അടങ്ങിയ ഈ കിറ്റ് ഉപയോഗിച്ച് സ്മാർട്ട് വെതർ സ്റ്റേഷനുകൾ, സുരക്ഷാ ഉപകരണങ്ങൾ തുടങ്ങി സങ്കീർണ്ണമായ പ്രോജക്റ്റുകൾ കുട്ടികൾക്ക് സ്വന്തമായി നിർമ്മിക്കാനാകും. ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പുകളിൽ വെച്ച് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കുമുള്ള കിറ്റുകൾ വിതരണം ചെയ്യുന്നതാണ്. സാങ്കേതികവിദ്യയുടെ ലോകത്ത് നമ്മുടെ കുട്ടികളെ മുൻനിരയിലെത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു; അയോഗ്യത നിലനില്‍ക്കും

തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു; അയോഗ്യത നിലനില്‍ക്കും

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി നടത്തിയ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ താല്‍ക്കാലിമായി മരവിപ്പിച്ചത്. ആന്റണി രാജുവിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് നടപടി.

അതേസമയം കേസില്‍ ആന്റണി രാജു കുറ്റക്കാരനാണെന്ന കീഴ്‌ക്കോടതി വിധി നിലനില്‍ക്കുമെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കി. നിയമസഭ സാമാജിക പദവിയില്‍ നിന്നും അയോഗ്യനാക്കിയ നടപടിയും തുടരുമെന്ന് സെഷന്‍സ് കോടതി അറിയിച്ചു. കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 6 ന് തീരുമാനമെടുക്കും. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച് മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചു എന്ന കേസിലാണ് മുന്‍ മന്ത്രിയും ഇടതു എംഎല്‍എയുമായിരുന്ന ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ഈ ശിക്ഷാവിധിക്കെതിരെയാണ് ആന്റണി രാജു സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്.