ആശാ വർക്കർമാർ ചോദിക്കുന്നു: ‘എവിടെ ഞങ്ങളുടെ തൊഴിലിനു മാന്യമായ കൂലി?

ആശാ വർക്കർമാർ ചോദിക്കുന്നു: ‘എവിടെ ഞങ്ങളുടെ തൊഴിലിനു മാന്യമായ കൂലി?

തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം, കുടുംബം എന്നിങ്ങനെ വിവിധ തലങ്ങളിലെ സ്ത്രീമുന്നേറ്റത്തിന്റെ ഓർമപ്പെടുത്തലാണ് രാജ്യാന്തര വനിതാദിനമെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിൽ 26 ദിവസമായി സമരം നടത്തുന്ന ആശാ വർക്കർമാർ ചോദിക്കുന്നു: ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ ഞങ്ങൾക്കെന്ത് ആരോഗ്യം? പണമില്ലാതെ മക്കളെ പഠിപ്പിക്കുന്നതെങ്ങനെ? സാമ്പത്തിക സുരക്ഷയില്ലാതെ കുടുംബത്തെ എങ്ങനെ കാക്കും?’

ജില്ലകളിൽനിന്നു മാറിമാറിയെത്തി സമരമുഖം ശക്തമാക്കുന്ന നൂറുകണക്കിന് ആശമാരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനോ അവരുമായി ചർച്ച നടത്താനോ സർക്കാർ തയാറായിട്ടില്ല. പകരം അധിക്ഷേപത്തിനു മുതിരുകയും ചെയ്യുന്നു.‘സ്റ്റാൻഡ് വിത്ത് ആശാ വർക്കേഴ്സ്’ മുദ്രാവാക്യമുയർത്തി ഇന്നുമുതൽ സമരം കൂടുതൽ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ.

താഴേത്തട്ടു മുതൽ ആശമാർ സംഘടിച്ചു വലിയ സമരശക്തിയായി മാറുമെന്നു ഭാരവാഹികളായ എം.എ.ബിന്ദുവും എസ്.മിനിയും പറഞ്ഞു. സ്ത്രീ തൊഴിലാളികളും വിദ്യാർഥിനികളും കലാസാഹിത്യ സാംസ്കാരിക മേഖലകളിലെ വനിതകളും ഇന്നു സമരപ്പന്തലിലെത്തും.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ്; അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ്; അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി

വെഞ്ഞാറമൂട് കൂട്ട കൊലപാതകക്കേസിലെ പ്രതി അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി. അഫാന്‍ ചുറ്റിക വാങ്ങിയ കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കടയുടമ അഫാനെ തിരിച്ചറിഞ്ഞു. പിതൃമാതാവിന്റെ മാല പണയം വെച്ച സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. ചുറ്റിക വാങ്ങിയ ശേഷം അതൊളിപ്പിക്കുന്നതിനായി വാങ്ങിയ ബാഗ് കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. അഫാനെ കാണുന്നതിന് വന്‍ ജനക്കൂട്ടമായിരുന്നു തിങ്ങിക്കൂടിയത്. അതിനാല്‍ അഫാനുമായി തെളിവെടുപ്പ് നടത്തിയത് വന്‍ പൊലീസ് സുരക്ഷയിലായിരുന്നു.

അതേസമയം പ്രതി അഫാന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. പാങ്ങോട് പോലീസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ വൈകിട്ടോടെ നെടുമങ്ങാട് കോടതിയില്‍ പ്രതിയെ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. തുടര്‍ന്ന് പിതൃ സഹോദരന്റെയും ഭാര്യയുടെയും കൊലപാതകത്തില്‍ കിളിമാനൂര്‍ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും. കഴിഞ്ഞ ദിവസം പിതൃമാതാവ് സല്‍മാബീവിയുടെ വീട്ടിലും അഫാന്റെ സ്വന്തം വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പില്‍ കൊലപാതകങ്ങള്‍ നടത്തിയത് എങ്ങനെയെന്ന് അഫാന്‍ പൊലീസിനോട് വിവരിച്ചിരുന്നു.

കഴകം ജോലിക്ക് ഈഴവന്‍; പ്രതിഷേധിച്ച് തന്ത്രിമാര്‍; ദേവസ്വം തീരുമാനം മാറ്റി

കഴകം ജോലിക്ക് ഈഴവന്‍; പ്രതിഷേധിച്ച് തന്ത്രിമാര്‍; ദേവസ്വം തീരുമാനം മാറ്റി

കൊച്ചി: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ് പരീക്ഷ നടത്തി കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയില്‍ നിയമിച്ച ആര്യനാട് സ്വദേശിയായ യുവാവിനെ കഴകം തസ്തികയില്‍ നിന്ന് താത്കാലികമായി മാറ്റി. പാരമ്പര്യ അവകാശികളെ മാറ്റി ഈഴവ സമുദായത്തില്‍ നിന്നുള്ള ഒരാളെ കഴകം, മാല കെട്ട് ജോലിയില്‍ പ്രവേശിപ്പിച്ചതിന് എതിരെ തന്ത്രിമാരും വാരിയര്‍ സമാജവും രംഗത്ത് വന്നിരുന്നു. ഫെബ്രുവരി 24 നാണ് ആര്യനാട് സ്വദേശിയും ബിരുദധാരിയുമായ ബാലു കഴകം തസ്തികകയില്‍ ജോലിയില്‍ പ്രവേശിച്ചത്. തീരുമാനത്തിന് എതിരെ ആറ് തന്ത്രിമാര്‍ ദേവസ്വത്തിന് കത്ത് നല്‍കിയിരുന്നു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തിയ നിയമനമാണെന്ന നിലപാട് ദേവസ്വം സ്വീകരിച്ചുവെങ്കിലും തന്ത്രിമാര്‍ ശുദ്ധി ചടങ്ങുകളില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നുവെന്നാണ് സൂചന.

തന്ത്രിമാരുടെ നിലപാട് അടുത്ത ദിവസം നടക്കുന്ന പ്രതിഷ്ഠാദിനാഘോഷങ്ങളെ ബാധിക്കാമെന്നായതോടെ ഒത്തുതീര്‍പ്പെന്ന നിലയില്‍ ബാലുവിനെ ഓഫീസ് ജോലിയിലേക്ക് മാറ്റുകയായിരുന്നു കഴിഞ്ഞ ദിവസം വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം അധികൃതരും തന്ത്രിമാരും യോഗം ചേര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള കേസിന്റെ വിധി വരുന്നത് വരെ കഴകം ജോലിയില്‍ നിന്നും ബാലുവിനെ മാറ്റാനാണ് തീരുമാനമെന്ന് സൂചനയുണ്ട്. എന്നാല്‍ ജോലി ക്രമീകരണങ്ങളുടെ ഭാഗമായി വരുത്തിയ മാറ്റം മാത്രമാണെന്നാണ് ദേവസ്വം ഔദ്യോഗികമായി വിശദീകരിക്കുന്നത്. കേരളത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളില്‍പ്പെട്ടതാണ് കൂടല്‍ മാണിക്യം. ഭരതനാണ് പ്രതിഷ്ഠ.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: പൊള്ളുന്ന ചൂടിനിടെ നേരിയ ആശ്വാസമേകി മഴ മുന്നറിയിപ്പ്. മാർച്ച് 11ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.

മാർച്ച് 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മാർച്ച് 10നാകട്ടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് നേരിയ, ഇടത്തരം മഴ പെയ്യാൻ സാധ്യതയുള്ളത്. മാർച്ച് 11ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണെങ്കിൽ ബാക്കിയുള്ള എല്ലാ ജില്ലകളിലും നേരിയതോ ഇടത്തരമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.

“ചുറ്റികയാകുമ്പോൾ എവിടെയും കൊണ്ടുപോകാമല്ലോ’; കൂസലില്ലാതെ അഫാൻ

“ചുറ്റികയാകുമ്പോൾ എവിടെയും കൊണ്ടുപോകാമല്ലോ’; കൂസലില്ലാതെ അഫാൻ

തിരുവനന്തപുരം: ചുറ്റികയാകുമ്പോൾ എവിടെയും കൊണ്ടുപോകാമെന്നും ആർക്കും സംശയം തോന്നില്ലെന്നും ചോദ്യം ചെയ്യലിനിടെ അഫാൻ പൊലീസ് ഉദ്യോ​ഗസ്ഥരോട് പറഞ്ഞു. ശക്തിയായി അടിച്ചാൽ ആൾ മരണപ്പെടുമെന്ന് തനിക്ക് പൂർണ ബോധ്യമുണ്ടായിരുന്നതായും പ്രതി മൊഴി നൽകി. പലപ്പോഴും കുറ്റബോധമോ ഭാവവ്യത്യാസമോ ഇല്ലാതെയാണ് അഫാൻ പെരുമാറുന്നതെന്നും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച ഊണ് കഴിക്കുമ്പോൾ മീൻ കറിയില്ലേയെന്നും അഫാൻ പൊലീസിനോട് ചോദിച്ചു. അതേസമയം പറയുന്ന പലകാര്യങ്ങളും പരസ്പരവിരുദ്ധമാണ്‌. സാമ്പത്തിക ബാധ്യത സംബന്ധിച്ച് അഫാനും പിതാവും മാതാവ് ഷെമിയും പറയുന്നതും പരസ്പരവിരുദ്ധമാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസ് കൂടുതൽ തെളിവ് ശേഖരിക്കും.

കുടുംബം കടബാധ്യതയിൽ മുങ്ങിനിൽക്കുമ്പോൾ പിതൃമാതാവിനോട്‌ സാമ്പത്തിക സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇവരുടെ കൈവശം രണ്ട് സ്വർണമാല ഉണ്ടായിരുന്നെന്നും പിന്നീട് ഒന്ന്‌ കാണാതായെന്നും അഫാൻ പറഞ്ഞു. ബന്ധുവായ മറ്റൊരാൾക്ക്‌ മാല കൊടുത്തെന്നു മനസ്സിലായതോടെ വൈരാഗ്യം തോന്നിയെന്നുമാണ് അഫാൻ കഴിഞ്ഞദിവസം പറഞ്ഞത്. മാതാവ്‌ ഷെമിയെയാണ് ആദ്യം ആക്രമിച്ചതെന്നും അവർ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ ആക്രമിച്ചതെന്നും അഫാൻ നേരത്തേ മൊഴി നൽകിയിരുന്നു.

വെഞ്ഞാറമൂട്‌ കൂട്ടകൊലക്കേസ് പ്രതി അഫാൻ കുഴഞ്ഞുവീണത് നാടകമെന്ന നി​ഗമനത്തിൽ പൊലീസ്. വെള്ളി രാവിലെ 6.30നാണ് ലോക്കപ്പിനുള്ളിലെ ശുചിമുറിയിൽ പോകുമ്പോൾ അഫാൻ കുഴഞ്ഞുവീണത്. ലോക്കപ്പിൽനിന്ന് മൂന്നടിയോളം ഉയരമുള്ളതാണ് ശുചിമുറി. അതിന് മുകളിൽ കയറിയ അഫാൻ പെട്ടെന്ന് താഴെ വീഴുകയായിരുന്നു. ഉടൻ കല്ലറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടില്ലെന്നും രക്തസമ്മ‍ർദം സാധാരണ നിലയിലാണെന്നും പൊലീസ് പറഞ്ഞു. സ്റ്റേഷനിലെ ശുചിമുറി ഉപയോ​ഗിക്കാൻ പ്രയാസമാണെന്നാണ് അഫാൻ ഡോക്ടറോട് പറഞ്ഞത്. തലകറക്കത്തിനുള്ള ഗുളികയും ഒആർഎസ് ലായനിയും മാത്രമാണ് അഫാന് നൽകിയത്. തെളിവെടുപ്പ് നീട്ടിവയ്ക്കാൻ അഫാൻ കുഴഞ്ഞുവീണതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; വിവരങ്ങൾ ഇങ്ങനെ

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. അധിക ട്രെയിനുകളും താൽക്കാലിക സ്റ്റോപ്പുകളും സമയ പുനക്രമീകരണവും ഉൾപ്പടെയാണ് പ്രഖ്യാപനം.

13ന് പുലർച്ചെ 1.30ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിൻ (06077) രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്ന് 13ന് പകൽ 2.15ന് പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിൻ (06078) രാത്രി 7.40ന് എറണാകുളത്തെത്തും.
അധിക സ്റ്റോപ്പുകൾ (തീയതി, ട്രെയിൻ, താൽക്കാലിക സ്റ്റോപ് എന്നീ ക്രമത്തിൽ)

13ന് പുറപ്പെടുന്ന കന്യാകുമാരി -പുനലൂർ പാസഞ്ചർ (56706)- ചിറയിൻകീഴ്, കടയ്ക്കാവൂർ, ഇടവ, മയ്യനാട്

13- തിരുവനന്തപുരം – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12624)-കഴക്കൂട്ടം, കടയ്ക്കാവൂർ, ചിറയിൻകീഴ്

13- തിരുവനന്തപുരം- ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (12696) – കഴക്കൂട്ടം, ചിറയിൻകീഴ്, കടയ്ക്കാവൂർ

13- നാഗർകോവിൽ- മംഗളൂരു പരശുറാം എക്സ്‌പ്രസ് (16650) – ബാലരാമപുരം, തിരുവനന്തപുരം സൗത്ത്

12ന് പുറപ്പെടുന്ന മംഗളൂരു- തിരുവനന്തപുരം എക്സ്‌പ്രസ് (16348) – കടയ്ക്കാവൂ‍‍ർ

12 – മധുര- പുനലൂർ എക്സ്‌പ്രസ് (16729) – പള്ളിയാടി, കുഴിത്തുറ, ബാലരാമപുരം, തിരുവനന്തപുരം സൗത്ത്

13- നാഗർകോവിൽ- മംഗളൂരു പര ശുറാം എക്സ്‌പ്രസ് (16650) – ബാലരാമപുരം, തിരുവനന്തപുരം സൗത്ത്

13- കൊല്ലം -ചെന്നൈ എഗ്‌മൂർ എക്സ്പ്രസ് (20636) – തിരുവനന്തപുരം സൗത്ത്, ബാലരാമപുരം, ധനുവച്ചപുരം, പള്ളിയാടി

10- ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്‌പ്രസ് (12626)- ഏറ്റുമാനൂർ, പരവൂർ, ചിറയിൻകീഴ്

11- ലോകമാന്യതിലക് – തിരുവനന്തപുരം നേത്രാവതി എക്സ്‌പ്രസ് (16345) തുറവൂർ, മാരാരിക്കുളം, പരവൂർ, കടയ്ക്കാവൂ‍ർ

11- സെക്കന്ദരാബാദ്- തിരുവനന്തപുരം എക്സ്‌പ്രസ് (17230) – ഇരിഞ്ഞാലക്കുട, ചാലക്കുടി, അങ്കമാലി, കാലടി, തൃപ്പൂണിത്തുറ, ഏറ്റുമാനൂർ, പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്

12- മംഗളൂരു സെൻട്രൽ -കന്യാകുമാരി എക്സ്പ്രസ് (16649) – മയ്യനാട്, കടയ്ക്കാവൂർ

12 – ഷൊർണൂർ – തിരുവനന്തപുരം- വേണാട് എക്സ്പ്രസ് (16301) – മുരുക്കുംപുഴ

12 – മംഗളൂരു -തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് (16605)- മാരാരിക്കുളത്ത് താൽക്കാലിക സ്റ്റോപ്പ്

12- നാഗർകോവിൽ- കോട്ടയം എക്സ്പ്രസ്- നാഗർകോവിൽ ടൗൺ വീരനല്ലൂർ, പള്ളിയാടി, കുഴിത്തുറ വെസ്റ്റ്, ധനുവച്ചപുരം, അമരവിള, ബാലരാമപുരം

12- കന്യാകുമാരി- പുനലൂർ പാസഞ്ചറിന് (56706) നാഗർകോവിൽ ടൗൺ, വീരനല്ലൂർ, പള്ളിയാടി കുഴിത്തുറ വെസ്റ്റ്, അമരവിള

12 – ഗുരുവായൂർ- ചെന്നൈ എഗ് മൂർ എക്സ്പ്രസ് (16128)- തുറവൂർ, മാരാ രിക്കുളം, അമ്പലപ്പുഴ, ഹരിപ്പാട്

12- മധുര- തിരുവനന്തപുരം എക്സ്‌പ്രസ് (16344)- പരവൂർ, കടയ്ക്കാവൂർ, നോർത ചിറയിൻകീഴ്, മുരുക്കുംപുഴ, പേട്ട

12 – മംഗളൂരു -തിരുവനന്തപുരം എക്സ്‌പ്രസ് (16603) – തുറവൂർ, മാരാരിക്കു ളം, പേട്ട

12- ചെന്നൈ സെൻട്രൽ -തിരുവ നന്തപുരം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (12695) – പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, പേട്ട

13- തിരുവനന്തപുരം -മംഗളൂരു മലബാർ എക്സ്‌പ്രസ് (16629) – മയ്യനാട്

12- മംഗളൂരു- തിരുവനന്തപുരം മലബാർ എക്സ്‌പ്രസ് (16630) മയ്യനാട്

12 – മൈസൂർ -തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് ( 16315) – തുറവൂർ, മാരാരിക്കുളം

13- ഷാലിമാർ -തിരുവനന്തപുരം എക്സ്പ്രസ് (22641) – മാരാരിക്കുളം, തുറവൂർ

10- ശ്രീമാതാ വൈഷ്ണോ ദേവി -കന്യാകുമാരി ഹിമസാഗർ എക്സ്പ്രസ് -നെയ്യാറ്റിൻകര, പാറശാല, ഇരണിയൽ, നാഗർകോവിൽ ടൗൺ

സമയ പുനക്രമീകരണം

കന്യാകുമാരിയിൽനിന്ന് 13ന് രാവിലെ 10.10നുള്ള മംഗളൂരു എക്സ്പ്രസ് (16525) ഒരു മണിക്കൂർ വൈകി 11.10നാകും പുറപ്പെടുക

13ന് പകൽ 1.25ന് തിരുവനന്തപുരം നോർത്തിൽനിന്നുള്ള നാഗർകോവിൽ പാസഞ്ചർ (56310) 35 മിനിറ്റ് വൈകി പകൽ രണ്ടിനാകും പുറപ്പെടുക