ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ബാലന്മാരുടെ കുത്തിയോട്ടവ്രതം തുടങ്ങി

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ബാലന്മാരുടെ കുത്തിയോട്ടവ്രതം തുടങ്ങി

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ബാലന്മാരുടെ കുത്തിയോട്ടവ്രതം തുടങ്ങി. അമ്പലത്തിന് മുന്നിലെ ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറൻ ഉടുത്തുവന്ന കുട്ടികൾ ദേവീസന്നിധിയിലെത്തി. ദേവിയെ വണങ്ങിയശേഷം ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് തയ്യാറായി. ശ്രീകോവിലിൽ നിന്ന് പകർന്ന കർപ്പൂരം ആരതി അവർ തൊഴുതു. പള്ളിപ്പലകയിൽ 7 വെള്ളി നാണയങ്ങൾ സമർപ്പിച്ച് മേൽശാന്തി നൽകിയ പ്രസാദം സ്വീകരിച്ച് ബാലന്മാർ വ്രതം ആരംഭിച്ചു. പൊങ്കാല ഉത്സവത്തോടനുബന്ധിച്ചുള്ള പ്രധാന നേർച്ചകളിൽ ഒന്നായ കുത്തിയോട്ട വ്രതത്തിനാണ് വെള്ളിയാഴ്ച തുടക്കമായത്.

588 ബാലൻമാരാണ് ഇത്തവണ കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നത്. രാവിലെ എട്ടിന് പന്തീരടി പൂജകൾക്ക് ശേഷം വ്രതാരംഭ ചടങ്ങുകൾ തുടങ്ങി. മേൽശാന്തി വി. മുരളീധരൻ നമ്പൂതിരി കാർമികത്വം വഹിച്ചു. വ്രതം അനുഷ്ഠിക്കുന്നവർ ഇനിയുള്ള ഏഴ് ദിവസങ്ങൾക്കുള്ളിൽ 1008 നമസ്‌കാരം പൂർത്തിയാക്കണമെന്നാണ് ആചാരം.

വീടുകളിൽ പോകാൻ അനുവാദമില്ലെങ്കിലും രക്ഷിതാക്കൾക്ക് ക്ഷേത്രത്തിലെത്തി കുട്ടികളെ കാണാനുള്ള സൗകര്യമുണ്ടാകും. പൊങ്കാല നിവേദ്യത്തിന് ശേഷം 13-ന് വൈകീട്ട് 7.45-ന് ബാലൻമാരെ ചൂരൽകുത്തും. പുഷ്പകിരീടവും പുതു വസ്ത്രങ്ങളും അണിഞ്ഞ് രാത്രി 11-ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്തിന് ഇവർ അകമ്പടി സേവിക്കും.

തോറ്റംപാട്ടിൽ കോവലനും ദേവിയുമായുള്ള വിവാഹത്തിന്റെ വർണനകൾ ചേർന്ന മാലപ്പുറം പാട്ടാണ് വെള്ളിയാഴ്ച അവതരിപ്പിച്ചത്. കോവലനുമായി ദേവിയുടെ വിവാഹം നടന്നത് ഈ ദിവസമെന്നാണ് വിശ്വാസം. ദരിദ്രനായി തീർന്ന കോവലൻ നിത്യവൃത്തിക്ക് വഴിയില്ലാതെ ക്ലേശിക്കുന്നതും, ദേവിയുടെ നിർബന്ധത്തിന് വഴങ്ങി ചിലമ്പ് വിൽക്കാനായി കൊണ്ടു പോകുന്നതുമായ ഭാഗം ശനിയാഴ്ച അവതരിപ്പിക്കും.

സഹോദരൻ അയ്യപ്പൻ സ്മൃതി ദിനാചരണം നടത്തി

സഹോദരൻ അയ്യപ്പൻ സ്മൃതി ദിനാചരണം നടത്തി

എസ്.എൻ ഡി പി യോഗം ആറ്റിങ്ങൽ യൂണിയൻ സഹോദരൻ അയ്യപ്പൻ്റെ 57-മത് സ്മൃതി ദിനാചരണം സംഘടിപ്പിച്ചു. യൂണിയൻ ഹാളിൽ ആറ്റിങ്ങൽ യൂണിയൻ പ്രസിഡൻ്റ് എസ് ഗോകുൽദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. വൈസ്. പ്രസിഡൻ്റ് വി. ഷാജി മുഖ്യ പ്രഭാഷണം നടത്തി.

കൗൺസിലർമാരായ എസ് സുജാതൻ, കെ.സുധീർ, സി.ഷാജി, വനിതാസംഘം നേതാക്കളായ പ്രശോഭ ഷാജി, ഗീതാദേവി, ശ്രീല ബിജു, ബിന്ദു ബിനു, ലത തങ്കപ്പൻ, തോട്ടവാരം ശാഖാ സെക്രട്ടറി റ്റി. പി. അനിൽ കുമാർ, അഡ്വ. അതുൽ. എസ്. വി. എന്നിവർ സംസാരിച്ചു.

മികച്ച ക്രെഡിറ്റ് മാനേജ്‌മെന്റ്:  നീതി ആയോഗ് റിപ്പോര്‍ട്ട്

മികച്ച ക്രെഡിറ്റ് മാനേജ്‌മെന്റ്: നീതി ആയോഗ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിൽ കേരളം മുന്നേറുകയാണെന്ന് നീതി ആയോഗിന്റെ പഠന റിപ്പോർട്ട്. വായ്പയുടെ തിരിച്ചടവും ക്രെഡിറ്റ് സ്കോറുമൊക്കെ സ്വയം കൈകാര്യം ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ കേരളം ആറാം സ്ഥാനത്താണ്. നെറ്റി ചുളിക്കേണ്ട, ഈ ആറാം സ്ഥാനത്തിന് മധുരമേറെയാണ്. രാജ്യത്തെ സാമ്പത്തിക സ്വാതന്ത്ര്യമുള്ള സ്ത്രീകളുടെ ആകെ എണ്ണത്തിൽ ആറാം സ്ഥാനമാണ്. ജനസംഖ്യ കുറവുള്ള കേരളത്തിനിത് മികച്ച നേട്ടമാണ്.

സ്ത്രീ സാമ്പത്തിക ശാക്തീകരണത്തെക്കുറിച്ചുള്ള നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം, സംസ്ഥാനത്ത് സ്വയം നിരീക്ഷണത്തിലൂടെയും ക്രെഡിറ്റ് മാനേജ്മെന്റിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായെന്നാണ് വ്യക്തമാക്കുന്നത്. ”ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ സ്ത്രീകളുടെ പങ്ക് – കടം വാങ്ങുന്നവരില്‍ നിന്ന് നിര്‍മാതാക്കളിലേക്ക്” എന്ന തലക്കെട്ടില്‍ നീതി ആയോഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിലെ സ്ത്രീകളുടെ നേട്ടം പരാമര്‍ശിക്കുന്നത്.

സാമ്പത്തിക സ്വാതന്ത്ര്യം വായ്പാ നിയന്ത്രണം എന്നിവയില്‍ കേരളത്തിലെ സ്ത്രീകള്‍ മുന്‍പന്തിയിലുണ്ടെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. വായ്പകള്‍ നേടിയിട്ടുള്ള വനിതകളുടെ എണ്ണത്തില്‍ 2024 ലെ കണക്കുകള്‍ പ്രകാരം കേരളം ആറാം സ്ഥാനത്തായിരുന്നു. വായ്പകള്‍ സംബന്ധിച്ച ദേശീയ കണക്കുകള്‍ പ്രകാരം ആകെ വനിതകളില്‍ ആറ് ശതമാനവും കേരളത്തിലാണ്.

മഹാരാഷ്ട്രയാണ് പട്ടികയില്‍ ഒന്നാമത്. രാജ്യത്തെ മൊത്തത്തിലുള്ള വനിതാ കടമെടുപ്പുകാരില്‍ 15 ശതമാനവും മഹാരാഷ്ട്രയിലാണ്. തമിഴ്‌നാട് 11, കര്‍ണാടക 9, ഉത്തര്‍ പ്രദേശ് 7 തെലങ്കാന 6 എന്നിങ്ങനെയാണ് കേരളത്തിന് മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങള്‍. ആന്ധ്ര പ്രദേശ്, ഗുജറാത്ത് പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ കേരളത്തിന് പിറകിലാണെന്നും കണക്കുകള്‍ പറയുന്നു.

‘സ്വയം നിരീക്ഷണത്തിലൂടെയും ക്രെഡിറ്റ് മാനേജ്മെന്റിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നു എന്നത് കേരളത്തിലെ സ്ത്രീകളുടെ വളര്‍ന്നുവരുന്ന സാമ്പത്തിക വിവേകത്തിന്റെ തെളിവാണ് എന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. സ്വന്തമായി സാമ്പത്തിക അച്ചടക്കം നേടുന്ന 44 ശതമാനം സ്ത്രീകളും ആറ് മാസത്തിനുള്ളില്‍ അവരുടെ ക്രെഡിറ്റ് സ്‌കോറുകളില്‍ പുരോഗതി നേടുന്നു. വര്‍ധിച്ചുവരുന്ന സാമ്പത്തിക അവബോധത്തിന്റെ സ്വാധീനമാണ് ഇത് കാണിക്കുന്നത്. ‘വായ്പ എടുക്കുന്നവരുടെ സമ്പൂര്‍ണ്ണ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്കിങ്. കേരളത്തിന്റെ ജനസംഖ്യ താരതമ്യേന ചെറുതാണ്, എന്നിട്ടും ആറാം സ്ഥാനത്ത് തുടരുന്നു. വായ്പ എടുക്കുന്നവരുടെ ശതമാന കണക്ക് പരിശോധിച്ചാല്‍ കേരളത്തിന്റെ റാങ്കിംഗ് ഉയരുമായിരുന്നു,’ എന്ന് തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കിരണ്‍ കുമാര്‍ കകര്‍ലപുടി ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക മേഖല സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ ആകുമെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍ എന്നാണ് വിദഗ്ധരുടെ നിലപാട്. ഇത് സാമ്പത്തിക സാക്ഷരതയുമായും സാമ്പത്തിക സാക്ഷരതയും ഉത്പന്നങ്ങളെ കുറിച്ചും അവയുടെ കൈകാര്യവുമായും ബന്ധപ്പെട്ടിരിക്കുന്നതായും കിരണ്‍ കുമാര്‍ കകര്‍ലപുടി പറഞ്ഞു. കേരളത്തിലെ സ്ത്രീ വായ്പക്കാരില്‍ ഭൂരിഭാഗവും നേരത്തെ ചെറുകിട നഗര പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു. നിലവില്‍ അത് ഗ്രാമപ്രദേശങ്ങളും നഗരപ്രദേശങ്ങളും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

“സ്ത്രീകളുടെ ഉന്നമനത്തിനായി സ്ത്രീകൾ തന്നെ മുൻകൈ എടുക്കണം”

“സ്ത്രീകളുടെ ഉന്നമനത്തിനായി സ്ത്രീകൾ തന്നെ മുൻകൈ എടുക്കണം”

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ
തിരുവനന്തപുരം സൗത്ത്-നോർത്ത് ജില്ലാ വനിതാ കമ്മിറ്റികൾ സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ “നാരി സങ്കൽപമെന്ന മിഥ്യ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദം വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സ്ത്രീകളുടെ ഉന്നമനത്തിനായി സ്ത്രീകൾ തന്നെ മുൻകൈയെടുക്കണമെന്നും കേരളത്തിലെ വനിതാ ശിശുക്ഷേമ വകുപ്പ് നാനാതുറകളിൽ പ്രവർത്തിക്കുന്ന വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരികയാണെന്നും പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണെന്നും അവർ അഭിപ്രായപ്പെട്ടു. സ്ത്രീകൾക്കായി ധാരാളം നിയമങ്ങൾ ഭരണഘടനയിൽ ഉണ്ടെന്നും അവയെ കുറിച്ച് സ്ത്രീകൾ ബോധവൽക്കരിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും അഡ്വ.ഇന്ദിര രവീന്ദ്രൻ ചൂണ്ടിക്കാട്ടി.

നന്മ സാംസ്‌കാരിക വേദിയുടെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെയാണ് വനിതാ ദിനാഘോഷ പരിപാടികൾ ആരംഭിച്ചത്. ജോയിന്റ് കൗൺസിൽ വൈസ് ചെയർപേഴ്സൺ എംഎസ് സുഗൈതകുമാരി വിഷയാവതരണം നടത്തി.
സംവാദത്തിൽ പങ്കെടുത്തു കൊണ്ട് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, ചെയർമാൻ കെപി ഗോപകുമാർ, പ്രശസ്ത സാഹിത്യകാരി സി.കബനി, ഇപ്റ്റ ദേശീയ കൗൺസിൽഅംഗം കെ.ദേവകി എന്നിവർ സംസാരിച്ചു.

വനിതാദിനാഘോഷ പരിപാടിക്ക് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.സിന്ധു, യു.സിന്ധു,ബീനഭദ്രൻ, എൻ.സോയമോൾ, ആർ.സരിത, വി.ശശികല, ബിന്ദു ടിഎസ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സൗത്ത് ജില്ലാ വനിതാ സെക്രട്ടറി ബീന എസ്.നായർ അദ്ധ്യക്ഷയായിരുന്ന പരിപാടിയിൽ നോർത്ത് ജില്ലാ വനിതാ സെക്രട്ടറി ഡി.ബിജിന സ്വാഗതവും നോർത്ത് ജില്ലാ വനിതാ പ്രസിഡന്റ്‌ മഞ്ജുകുമാരി നന്ദിയും പറഞ്ഞു.

രാത്രി ഒന്‍പതുമണി കഴിഞ്ഞാലും ആളെത്തിയാല്‍ മദ്യം നല്‍കണം; നിര്‍ദേശവുമായി ബെവ്‌കോ

രാത്രി ഒന്‍പതുമണി കഴിഞ്ഞാലും ആളെത്തിയാല്‍ മദ്യം നല്‍കണം; നിര്‍ദേശവുമായി ബെവ്‌കോ

തിരുവനന്തപുരം: രാത്രി ഒന്‍പതുമണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ ആളെത്തിയാലും മദ്യം നല്‍കണമെന്ന് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോയുടെ നിര്‍ദേശം. നിലവില്‍ രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനസമയം. എന്നാല്‍ വരിയില്‍ അവസാനം നില്‍ക്കുന്നയാളുകള്‍ക്ക് വരെ മദ്യം നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.

ഇത് സംബന്ധിച്ച നിര്‍ദേശം ഇന്നലെയാണ് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ലഭിച്ചത്. ഇതോടെ ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ ഒന്‍പതുമണിക്ക് ശേഷവും മദ്യം വില്‍ക്കുന്ന സാഹചര്യം ഉണ്ടാകും. ഒന്‍പത് മണിക്കുള്ളില്‍ എത്തിയവര്‍ക്കാണോ, അതോ മയം കഴിഞ്ഞ് എത്തുന്നവര്‍ക്കും മദ്യം നല്‍കണമെന്നാണോയെന്നുള്ള കാര്യത്തില്‍ നിര്‍ദേശത്തില്‍ അവ്യക്തതയുണ്ട്.

അമിതവേഗതയിൽ കാറോടിച്ച് ദമ്പതിമാർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചു;കേസ്

അമിതവേഗതയിൽ കാറോടിച്ച് ദമ്പതിമാർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചു;കേസ്

അമിതവേഗതയിൽ കാറോടിച്ച് ദമ്പതിമാർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയി. ചൊവ്വാഴ്ച രാത്രി 10.30 ഓടെ വർക്കല നടയറ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം.

നടയറ സ്വദേശികളായ 38 വയസ്സുള്ള ഷിബു ഭാര്യ 34 വയസ്സുള്ള ഷിജി, ഇവരുടെ മകൾ 13 വയസ്സുള്ള ദേവനന്ദ എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായ പരിക്കുപറ്റിയത്. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പരിക്കേറ്റ ഷിബുവിന്റെ കാൽ ഒടിഞ്ഞു തൂങ്ങിക്കിടക്കുന്ന നിലയിലും, ഭാര്യ ഷിജിയുടെ തുടയെല്ലുകൾ ഒടിഞ്ഞ് പുറത്തുവന്ന നിലയിലുമായിരുന്നുവെന്നും കുട്ടിയുടെ കാലിനും ഒടിവുകൾ സംഭവിച്ചിട്ടുണ്ടെന്നുമാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.

ശിവഗിരി പന്തുകളം സ്വദേശിയായ സജീവ് എന്നയാളാണ് മദ്യലഹരിയിൽ വാഹനം അമിതവേഗത്തിൽ ഓടിച്ചു അപകടമുണ്ടാക്കിയത്. നടയറയിൽ നിന്നും വർക്കല ഭാഗത്തേക്ക് അമിതവേഗതിയിൽ പോയ കാറാണ് എതിർ ദിശയിൽ നിന്നും വന്ന സ്കൂട്ടർ യാത്രികരെ ഇടിച്ച് അപകടമുണ്ടാക്കിയത്. അപകടത്തിന് ശേഷം നിർത്താതെ വേഗത്തിൽ പോയ കാർ ഡ്രൈവറിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി വർക്കല പോലീസിന് കൈമാറി.

നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുന്ന സമയത്ത് ഡ്രൈവറിന് മർദ്ദനമേറ്റ പരിക്കുകൾ ഉണ്ടായിരുന്നതിനാൽ ഡ്രൈവറെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുക യാണെന്നും പോലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് വർക്കല പോലീസ് അറിയിച്ചു.