by Midhun HP News | Mar 4, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ മാല പൊട്ടിക്കുവാനായി ശ്രമിച്ച യുവതിയെ പിടികൂടി. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം നടന്നത്. ആറ്റിങ്ങൽ പ്രൈവറ്റ് ബസ്റ്റാൻഡ് പരിസരത്ത് വെച്ച് യുവതിയുടെ മാല പൊട്ടിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ ചേർന്നാണ് സാഹസികമായി പിടികൂടിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
by Midhun HP News | Mar 4, 2025 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാൻ കൊലപാതകം നടത്താൻ ചുറ്റിക തിരഞ്ഞെടുത്തതിന്റെ കാരണം ലഭിച്ചതായി പൊലീസ്. അഫാന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. അഫാനായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും.
കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ് അഫാൻ മൊബൈൽ ഫോണിൽ പലതരം ആയുധങ്ങളെ കുറിച്ച് തിരഞ്ഞിരുന്നു. ഇവ എങ്ങനെ ഉപയോഗിക്കുമെന്ന വിഡിയോയും യൂട്യൂബിൽ കണ്ടു. അഫാൻ രാത്രി ഉറക്കമൊഴിഞ്ഞ് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിവരം ഉമ്മ ഷെമി ബന്ധുക്കളോടും പറഞ്ഞിരുന്നു. ചുറ്റികയിലേക്ക് അഫാൻ എത്തിയതിന്റെ കാരണം പൊലീസിന് വ്യക്തമായെങ്കിലും അന്വേഷണം നടക്കുന്നതിനാൽ പുറത്തുവിട്ടിട്ടില്ല.
പിതൃമാതാവിനെ കൊലപ്പെടുത്തി സ്വർണം എടുത്തശേഷം പ്രതി പണയംവെച്ച് 75000 രൂപ വാങ്ങിയിരുന്നു. ഇതിൽ നാൽപതിനായിരം രൂപ കൊടുത്തത് വായ്പ നൽകിയ സഹകരണ സംഘത്തിനെന്നും പൊലീസ് കണ്ടെത്തി. ദിവസവും വീട്ടിലെത്തി പിരിവ് വാങ്ങുന്ന ഇവരെ കൊലപാതക ദിവസം വീട്ടിലെത്തുന്നത് ഒഴിവാക്കാനാണ് ഗൂഗിൾ പേ വഴി പണം നൽകിയത്. കൊലപാതകത്തിന് തലേദിവസം അഫാനും ഉമ്മയും അമ്പതിനായിരം രൂപക്ക് വേണ്ടി ബന്ധുവീട്ടിൽ പോയിരുന്നു.
പക്ഷേ പണം കിട്ടിയില്ല. കൊലനടന്ന ദിവസം രാവിലെയും ഷെമി ബന്ധുവിനെ ഫോൺ വിളിച്ച് അടിയന്തിരമായി പണം ആവശ്യപ്പെട്ടിരുന്നു. അതേസമയം അഫാന്റെ മൊഴിയും പിതാവ് അബ്ദുൾ റഹീമിന്റെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. 15 ലക്ഷം മാത്രമേ കടമുണ്ടായിരുന്നുള്ളു എന്നാണ് അബ്ദുൾ റഹീമിന്റെ മൊഴി. തൻറെ കടം വീട്ടാൻ മകൻ നാട്ടിൽ നിന്ന് പണം അയച്ചു നൽകിയിട്ടില്ലെന്നും അബ്ദുൾ റഹീം പറഞ്ഞിരുന്നു. പിന്നെ എങ്ങനെ ഇത്രയും കടം വന്നു എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രത്യേക സെല്ലിൽ കഴിയുന്ന പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.
by Midhun HP News | Mar 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍, ആരോഗ്യ മന്ത്രിക്ക് ആ ഓഫിസ് അധികനാള്‍ ഉണ്ടാകില്ല എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് പറഞ്ഞു. ബക്കറ്റ് പിരിവിന്റെ പേര് പറഞ്ഞ് ആക്ഷേപിക്കുന്നവര്‍ കൊലയാളികള്‍ക്ക് വേണ്ടി പിരിവ് നടത്തിയവര്‍ ആണ്. സമരക്കാര്‍ക്കെതിരെ എന്തൊക്കെ ആക്ഷേപമാണ് നടത്തുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ആശാ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നത് കേരളത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവര്‍ത്തിച്ചു. 13,000 രൂപ വരെ കിട്ടുന്നുണ്ട്. ഇതില്‍ 9400 രൂപ നല്‍കുന്നതും സംസ്ഥാന സര്‍ക്കാരാണ്. ബാക്കി തുകയാണ് കേന്ദ്രത്തില്‍നിന്നു ലഭിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്‍സന്റീവ് ഇനത്തില്‍ 100 കോടി രൂപ കേന്ദ്രം നല്‍കാനുണ്ട്. എന്നാൽ സംസ്ഥാനം അത് മുടങ്ങാതെ നല്‍കുന്നുണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
ആശ വർക്കർമാര്‍ക്ക് ആദ്യമായി ഉത്സവബത്ത നല്‍കിയത് കേരളമാണ്. ആശാ വർക്കർമാർക്ക് ഇനിയും ശമ്പളം വർധിപ്പിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. അതിൽ ഒരു തർക്കവുമില്ല. 15-ാം തീയതി രാവിലെ 10 മണി മുതൽ 11.40 വരെ സമരക്കാരുമായി വിശദമായ ചർച്ച നടത്തി. ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കണമെന്നതായിരുന്നു ഒരു ആവശ്യം. ആശമാർക്കുള്ള ഓണറേറിയമാണ് 7000 രൂപ. ഫിക്സഡ് ഇൻസെന്റീവിസ് 3000 രൂപയുണ്ട്. കൂടാതെ വിവിധ പ്രവർത്തനങ്ങൾക്ക് നൽകുന്ന ഇൻസെന്റീവ്സുകളുമുണ്ട്. ജനുവരി മാസത്തിൽ 89.98 ശതമാനം പേർക്കും പതിനായിരത്തിനും പതിമൂവായിരത്തിനും ഇടയിലാണ് ലഭിച്ചത്. ആശ പ്രവർത്തകർക്ക് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നതു കേരളത്തിൽ തന്നെയാണെന്നും മന്ത്രി വീണാ ജോർജ് ആവർത്തിച്ചു.
by Midhun HP News | Mar 4, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് കൊല്ലപ്പെട്ടു. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. ആലംകോട് ഹൈസ്കൂളിന് സമീപമുള്ള വളവിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പിൻ ഭാഗത്ത് അരുൺ സഞ്ചരിച്ചു വന്ന ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ആറ്റിങ്ങൽ ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ആറ്റിങ്ങൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
by Midhun HP News | Mar 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിലേക്ക് മുന്നേറി തലനാരിഴയ്ക്ക് കിരീടം നഷ്ടമായെങ്കിലും നാട്ടിൽ വന്നിറങ്ങിയ കേരള ടീമിനു വൻ വരവേൽപ്പ്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ടീമിന് ഗംഭീര സ്വീകരണം ഒരുക്കിയത്. കെസിഎ ചാർട്ടർ ചെയ്ത പ്രത്യേക വിമാനത്തിലാണ് ടീം രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫിയുമായി തിരുവനന്തപുരത്ത് ഇറങ്ങിയത്. എയർ എംബ്രെയർ വിമാനത്തിൽ ഇന്നലെ രാത്രി 10.00 മണിക്കു ശേഷമാണ് ടീം തിരുവനന്തപുരത്ത് എത്തിയത്.
ജയ് വിളിച്ചും സെൽഫിയെടുത്തും ആരാധകർ സ്വീകരണം കളറാക്കി. ഫൈനലിൽ വിദർഭയ്ക്കെതിരെ കേരളം 37 റൺസ് ലീഡ് വഴങ്ങിയതാണ് കിരീട നഷ്ടത്തിൽ നിർണായകമായത്. ഒന്നാം ഇന്നിങ്സിലെ ഈ ലീഡിന്റെ ബലത്തിലാണ് വിദർഭ മൂന്നാം രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയത്.
സന്തോഷവും ചെറിയൊരു നിരാശയും നിറഞ്ഞ നിമിഷമെന്നാണ് കിരീട നഷ്ടത്തെക്കുറിച്ച് ക്യാപ്റ്റൻ സച്ചിൻ ബേബി പ്രതികരിച്ചത്. റണ്ണേഴ്സ് അപ്പ് ആയതിൽ സങ്കടമുണ്ട്. എങ്കിലും എല്ലാ നല്ലതിനായിരിക്കാം. എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ. കപ്പുമായി ഇതിലും വലിയ അച്ചീവ്മെന്റോടെ തിരിച്ചു വരുമെന്നും ക്യാപ്റ്റൻ പ്രതികരിച്ചു.
ഫൈനലിൽ കിരീടം വിദർഭ സ്വന്തമാക്കിയെങ്കിലും കേരളത്തിന്റെ ഫൈനൽ പ്രവേശം ഭാവിയിലേക്കുള്ള പ്രചോദനമാണ്. ടീമിനെ നാട്ടിലേക്ക് കൊണ്ടു വരാൻ അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് കുമാർ എന്നിവർ നാഗ്പുരിലെത്തിയിരുന്നു.
ഇന്ന് ഹയാത്ത് ഹോട്ടലിൽ വൈകീട്ട് 4നു അനുമോദന ചടങ്ങും നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ പ്രതിപക്ഷ നേതാവ്, കായിക മന്ത്രി അബ്ദുറഹിമാൻ, മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, പി രാജീവ്, എംഎൽഎമാർ പൗര പ്രമുഖർ പങ്കെടുക്കും.
by Midhun HP News | Mar 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : ഫെബ്രുവരിയിൽ വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ കൈകാര്യംചെയ്‌തത് 40 കപ്പലുകളിൽനിന്ന് 78,833 ടിഇയു ചരക്ക്. ഇതോടെ ഇന്ത്യയിലെ തെക്കു കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ വിഴിഞ്ഞം ഒന്നാമതായി. ജനുവരിയിൽ രണ്ടാം സ്ഥാനമായിരുന്നു.
ട്രയൽ റൺ തുടങ്ങി എട്ടു മാസവും കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങി മൂന്നു മാസവും മാത്രം പിന്നിട്ടപ്പോഴാണ് നേട്ടം. വിഴിഞ്ഞത്ത് ഇതുവരെ 193 കപ്പലുകളിൽ നിന്നായി 3.83 ലക്ഷം ടിഇയു ചരക്ക് കൈകാര്യംചെയ്‌തു. നികുതിയിനത്തിൽ ലഭിച്ചത് 37 കോടിക്ക് മുകളിലും. 2028 ഓടു കൂടി സമ്പൂർണ തുറമുഖമായി വിഴിഞ്ഞം മാറും.
വെള്ളിയാഴ്‌ച മുതൽ വിഴിഞ്ഞത്തുനിന്ന് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി(എംഎസ്‌സി) ജേഡ് സർവീസ് ആരംഭിക്കും. എംഎസ്‌സി മിയ എന്ന 400 മീറ്റർ നീളമുള്ള കൂറ്റൻ കപ്പലാണ് സർവീസ് നടത്തുക. ഇതോടെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് നേരിട്ട് ചരക്കുകൾ കൊണ്ടുപോകാൻ കഴിയും. ആദ്യമാണ് ജേഡ് സർവീസ് ഇന്ത്യൻ തുറമുഖത്തുനിന്ന് തുടങ്ങുന്നത്. മദർഷിപ്പ് ആയതിനാൽ ഇന്ത്യൻ വ്യാപാരികൾക്ക് മികച്ച അവസരമാകും
Recent Comments