സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഇടുമോ?; രണ്ടു ദിവസം കൊണ്ട് വര്‍ധിച്ചത് ആയിരം രൂപ

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഇടുമോ?; രണ്ടു ദിവസം കൊണ്ട് വര്‍ധിച്ചത് ആയിരം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് ഒറ്റയടിക്ക് 440 രൂപയാണ് വര്‍ധിച്ചത്. 64,520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 8065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ദിവസങ്ങള്‍ക്കകം ആയിരം രൂപ ഇടിഞ്ഞ ശേഷമാണ് സ്വര്‍ണവിലയുടെ തിരിച്ചുവരവ്.

ഫെബ്രുവരി 25ന് കുറിച്ച പുതിയ ഉയരമായ 64,600 രൂപ മറികടന്ന് കുതിക്കുമെന്ന സൂചന നല്‍കിയാണ് കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവില ഉയരുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളെയും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളെയും തുടര്‍ന്നാണ് സ്വര്‍ണവില കുതിക്കുന്നത്.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.

കഴക്കൂട്ടത്ത് കാണാതായ ഹോട്ടൽ ജീവനക്കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കഴക്കൂട്ടത്ത് കാണാതായ ഹോട്ടൽ ജീവനക്കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോട്ടൽ ജീവനക്കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം ആർ എൽ നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന രാമപ്പ പൂജാരിയുടെ മകൻ സഞ്ജീവ (44) ആണ് മരിച്ചത്. ഇയാളെ പുറത്തു കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താമസിച്ചിരുന്ന സ്ഥലത്തെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ശുചിമുറിയുടെ വാതിൽ തകർത്താണ് പൊലീസ് അകത്ത് കടന്നത്. കർണാടക സ്വദേശിയാണ്. ഇന്നലെ ആയിരിക്കാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കഴക്കൂട്ടം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

വാക്കുപാലിച്ച് ഗണേഷ് കുമാര്‍; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഒന്നാം തീയതി ശമ്പളം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. ഇത് അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രിയുടെ പിന്തുണയും 625 കോടിയുടെ സാമ്പത്തിക സഹായവുമാണ് ഇത് സാധ്യമാക്കിയതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

2021 ജൂലായ് രണ്ടാം തീയതി ശമ്പളം കൊടുത്ത ശേഷം ഇതുവരെ ആ രീതിയില്‍ ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞിരുന്നില്ല. സാമ്പത്തിക ബാധ്യതയുണ്ടെങ്കിലും ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കും. മോശമായ അവസ്ഥയില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് സാമ്പത്തികമായി മുന്നേറാനായത് ജീവനക്കാരുടെ ഇടപെടല്‍ കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

100 കോടിയുടെ ഓവർഡ്രാഫ്റ്റ് എസ്ബിഐയിൽ നിന്ന് എടുക്കും. സർക്കാർ 2 ഗഡുക്കളായി 50 കോടി നൽകുമ്പോൾ തിരിച്ചടയ്ക്കും. വരുമാനത്തിൽ നിന്നും ചെലവ് ചുരുക്കലിൽ നിന്നും ബാക്കി തുക അടയ്ക്കും. 20 ദിവസം കൊണ്ട് ഓവർഡ്രാഫ്റ്റ് നികത്തും. കെഎസ്ആർടിസിക്ക് ഉണ്ടായിരുന്ന 148 അക്കൗണ്ടുകൾ ക്ലോസ് ചെയ്തു. ഇനി ഓവർഡ്രാഫ്റ്റ് അക്കൗണ്ട് മാത്രമാണെന്നും ഗണേഷ് കുമാർ പറഞ്ഞു. മാനേജ്മെന്‍റ് നിയന്ത്രങ്ങളോടെയാണ് പദ്ധതി.

2023 മെയ് വരെ റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയതായും മന്ത്രി പറഞ്ഞു. മറ്റു റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ പെന്‍ഷന്‍ ഉള്‍പ്പടെ വേഗത്തിലാക്കും. ഇതിനായി ദിവസവും വരുമാനത്തിന്റെ അഞ്ച് ശതമാനം ഒരുദിവസം മാറ്റിവച്ചാണ് ഈ തുക കണ്ടെത്തുന്നതെന്നും മന്ത്രി പറഞ്ഞു.

റാഗിങ് നടന്നാല്‍ 24 മണിക്കൂറിനകം നടപടി, ഹോസ്റ്റലില്‍ നിന്നും പുറത്താക്കും: മന്ത്രി വീണ ജോര്‍ജ്

റാഗിങ് നടന്നാല്‍ 24 മണിക്കൂറിനകം നടപടി, ഹോസ്റ്റലില്‍ നിന്നും പുറത്താക്കും: മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളില്‍ റാഗിങ് തടയുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റാഗിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം പൊലീസില്‍ അറിയിക്കുകയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പ്രിന്‍സിപ്പല്‍മാരുടെ അടിയന്തരയോഗം ചേര്‍ന്ന് ആന്റി റാഗിങ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടത്തുന്ന എല്ലാ കോഴ്‌സുകളുടേയും പ്രോസ്‌പെക്ടസുകളില്‍ റാഗിങ് നിരോധനം സംബന്ധിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രോസ്‌പെക്ടസിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്ന എല്ലാ വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തിയ ആന്റി റാഗിങ് അണ്ടര്‍ടേക്കിങ് എഴുതി വാങ്ങി സൂക്ഷിക്കുന്നുണ്ട്. എല്ലാ കോളജുകളിലും സ്ഥലം പൊലീസ് സ്റ്റേഷനിലും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കൂടി ഉള്‍പ്പെടുന്ന ആന്റി റാഗിങ് കമ്മിറ്റിയും ആന്റി റാഗിങ് സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് മുമ്പേ ഹോസ്റ്റലുകള്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ പരിശോധിക്കാറുണ്ടെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ പ്രത്യേക ബ്ലോക് തിരിച്ച് താമസിപ്പിക്കുന്നുണ്ടെന്നും ഇവര്‍ക്കായി പ്രത്യേക വാഹന സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഹോസ്റ്റലുകളില്‍ 7 മണിക്ക് മുമ്പായി പ്രവേശിക്കുന്നതിന് സമയക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റല്‍, കാന്റീന്‍, ലൈബ്രറി മുതലായ ഇടങ്ങളിലും റാഗിങ് സംബന്ധിച്ച് അവബോധം ഉണ്ടാക്കുന്നതിന് പോസ്റ്ററുകളും അത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ പരാതി നല്‍കുന്നതിനുള്ള ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്. ഹോസ്റ്റലുകളില്‍ പുതുതായി പ്രവേശിപ്പച്ചവരെ സീനിയര്‍ വിദ്യാര്‍ഥികളോ മറ്റാളുകളോ സന്ദര്‍ശിക്കുന്നുണ്ടോയെന്ന് കൃത്യമായി നിരീക്ഷണത്തിന് വിധേയമാക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.

സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് മേഖലാ നവമാധ്യമ കൺവെൻഷൻ നടന്നു

സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് മേഖലാ നവമാധ്യമ കൺവെൻഷൻ നടന്നു

സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് മേഖലാ നവമാധ്യമ കൺവെൻഷൻ ഏര്യാക്കമ്മിറ്റി ഓഫീസിൽ നടന്നു. ജില്ലാ കോഡിനേറ്റർ ആദിത്യ ശങ്കർ വിശദീകരണം നടത്തി. ലോക്കൽക്കമ്മിറ്റി അംഗം എസ്.എൽ സംഗീത് അധ്യക്ഷത വഹിച്ചു. ഏര്യാ കമ്മിറ്റി അംഗങ്ങളായ ആർ രാജു, സി ദേവരാജൻ, ലോക്കൽകമ്മിറ്റി സെക്രട്ടറി ചാർജ് എസ് സതീഷ് കുമാർ, ലോക്കൽകമ്മിറ്റി അംഗങ്ങളായ അജിൻ പ്രഭ, എസ് സുഖിൽ, പി സന്തോഷ് എന്നിവർ പങ്കെടുത്തു.

ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ തല പഠനോത്സവം ഗംഭീരമായി അരങ്ങേറി

ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ തല പഠനോത്സവം ഗംഭീരമായി അരങ്ങേറി

ആറ്റിങ്ങൽ: ഗവ.മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ആറ്റിങ്ങലിൽ, ഹൈസ്കൂൾ യുപി വിഭാഗങ്ങളുടെ പഠനോത്സവം സ്കൂൾ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ചു. 2024 – ’25 അധ്യയനവർഷം വിവിധ വിഷയങ്ങളിൽ കുട്ടികൾ നേടിയ മികവുകളും, പഠന നേട്ടങ്ങളും പൊതുജന മധ്യത്തിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്കൂൾതലത്തിൽ പഠനോൽസവം സംഘടിപ്പിച്ചിട്ടുള്ളത്.

2025 മാർച്ച് 4ന് രാവിലെ 9.30ന് പഠനോത്സവ പരിപാടികൾ ആരംഭിച്ചു. സ്കൂൾ തല പഠനോത്സവം പ്രിൻസിപ്പാൾ ജവാദ് എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് പി ടി എ പ്രസിഡന്റ് എസ്‌ സന്തോഷ് അധ്യക്ഷനായി. ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ എം സ്വാഗതം പറഞ്ഞു. പഠനോത്സവത്തെ വിശദീകരിച്ചുകൊണ്ട് ഹെഡ്മാസ്റ്റർ കെ അനിൽകുമാർ സംസാരിച്ചു. പഠന മികവുകളെ കുറിച്ച് സീനിയർ അസിസ്റ്റന്റ് സൈജാറാണി എം എസ്‌ സംസാരിച്ചു. ഉദ്ഘാടന പരിപാടിക്ക് അധ്യാപിക രാധിക ആർ നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ പഠനോത്സവ പരിപാടികൾ വേദിയിൽ അരങ്ങേറി.

എട്ടാം ക്ലാസിലെ അരുന്ധതിയും സംഘവും അവതരിപ്പിച്ച വഞ്ചിപ്പാട്ടോടുകൂടിയാണ് പഠനോത്സവ പരിപാടികൾ ആരംഭിച്ചത്. എട്ടാം ക്ലാസിലെ രുദ്രയും സംഘവും അവതരിപ്പിച്ച ഗണിത ഡാൻസ് കൗതുകം ഉണർത്തുന്നതായി. യുപി വിഭാഗത്തിലെ ലോക എസ് ഹ്യൂമൻ ബോഡി ഡൈജസ്റ്റിക് സിസ്റ്റം പ്രസന്റേഷൻ അവതരിപ്പിച്ചു. ഒമ്പതാം ക്ലാസിലെ ആൽബിൻ ജോയിയും ഐശ്വര്യയും മാതംഗിയും ആനന്ദഭിക്ഷുവുമായി അരങ്ങിലെത്തിയ ചണ്ഡാലഭിക്ഷുകിയുടെ രംഗാവിഷ്കാരം പഠനോത്സവത്തിന്റെ തിളക്കമുള്ള പരിപാടിയായി മാറി. എട്ടാം ക്ലാസിലെ എയ്ഞ്ചൽ, അഭിമിത്ര, അനന്യ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഇംഗ്ലീഷ് പ്രസന്റേഷനും പഠനോത്സവത്തിന് തിളക്കം നൽകി.

എട്ടാം ക്ലാസിലെ വൈകയും സ്മൃതിയും ചേർന്ന് ഹിന്ദി ക്ലബ്ബിനുവേണ്ടി കാർട്ടൂൺ പ്രസന്റേഷൻ അവതരിപ്പിച്ചു. എസ് എസ് വിഭാഗം അവതരിപ്പിച്ച സ്കിറ്റിന് 9E ക്ലാസിലെ കാർത്തിക് നേതൃത്വം നൽകി. 8E യിലെ അൻവർ സയൻസ് ഗാനം ആലപിച്ചു. മലയാള വിഭാഗത്തിന് വേണ്ടി നിവേദ് കൃഷ്ണ (9 ഡി ) ആടുജീവിതം സിനിമ നിരൂപണം അവതരിപ്പിച്ചു. എസ് എസ് വിഭാഗം അവതരിപ്പിച്ച സംഘഗാനത്തിന് അനാമിക ബിജു നേതൃത്വം നൽകി. സ്മൃതി & ടീം ഇംഗ്ലീഷ് കൊറിയോഗ്രാഫി ചെയ്ത് കയ്യടി നേടി.

ഹിന്ദി കവിതാലാപനം നിരഞ്ജന അവതരിപ്പിച്ചു. ശാസ്ത്ര വിഭാഗം അവതരിപ്പിച്ച സംഘഗാനത്തിന് പൗർണമി ആൻഡ് ടീം നേതൃത്വം നൽകി. എട്ടാം ക്ലാസിലെ അരുന്ധതി ആന്റ് ടീം ഇംഗ്ലീഷ് സ്കിറ്റും, മിത്ര ആൻഡ് പാർട്ടി ഹിന്ദി സ്കിറ്റും അവതരിപ്പിച്ചു. ജീവിതം തന്നെ ലഹരി എന്ന യുപി വിഭാഗത്തിന്റെ കുട്ടികളുടെ സ്കിറ്റോടുകൂടി ഈ വർഷത്തെ സ്കൂൾ തല പഠനോത്സവ പരിപാടികൾ സമാപിച്ചു. വരുന്ന ആഴ്ചകളിൽ പഠനോത്സവം സ്കൂളിന് പുറത്തുള്ള പൊതുവേദികളിൽ അവതരിപ്പിക്കുന്നതിനുള്ള മുന്നൊരുക്കം കൂടിയാണ് സ്കൂൾതലത്തിലെ ഇന്നത്തെ പഠനോത്സവം.