by Midhun HP News | Feb 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി നടത്തിയ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ താല്‍ക്കാലിമായി മരവിപ്പിച്ചത്. ആന്റണി രാജുവിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് നടപടി.
അതേസമയം കേസില്‍ ആന്റണി രാജു കുറ്റക്കാരനാണെന്ന കീഴ്‌ക്കോടതി വിധി നിലനില്‍ക്കുമെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കി. നിയമസഭ സാമാജിക പദവിയില്‍ നിന്നും അയോഗ്യനാക്കിയ നടപടിയും തുടരുമെന്ന് സെഷന്‍സ് കോടതി അറിയിച്ചു. കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 6 ന് തീരുമാനമെടുക്കും. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച് മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചു എന്ന കേസിലാണ് മുന്‍ മന്ത്രിയും ഇടതു എംഎല്‍എയുമായിരുന്ന ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ഈ ശിക്ഷാവിധിക്കെതിരെയാണ് ആന്റണി രാജു സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്.


by Midhun HP News | Feb 2, 2026 | Latest News, ജില്ലാ വാർത്ത
രാജകുമാരി ഗ്രൂപ്പിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയായ “കനിവിനൊരു കൈത്താങ്ങ്” പദ്ധതിയുടെ ഭാഗമായി, You & RK Blood Donation വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് പത്തനംതിട്ട ടൗണിൽ ബോധവത്കരണ റാലി സംഘടിപ്പിച്ചു.
രക്തദാനത്തിന്റെ മഹത്വം പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി നടത്തിയത്. ഇതോടൊപ്പം തന്നെ മദ്യവും മയക്കുമരുന്നുകളുടെയും ഉപയോഗത്തിനെതിരായ ശക്തമായ സന്ദേശങ്ങൾ നൽകുന്ന പ്ലക്കാഡുകൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പങ്കാളികൾ റാലിയിൽ അണിനിരന്നത്.
സമൂഹത്തിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും യുവതലമുറയെ ലഹരിമുക്തമായ വഴിയിലേക്ക് നയിക്കാനും ഇത്തരം ബോധവത്കരണ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
രാജകുമാരി ഗ്രൂപ്പിന്റെ കൈത്താങ്ങ് പദ്ധതി വഴി സാമൂഹിക ഉത്തരവാദിത്വ പ്രവർത്തനങ്ങൾ തുടർന്നും പത്തനംത്തിട്ടയിൽ ശക്തിപ്പെടുത്തുമെന്നും, രക്തദാനവും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് സ്ഥിരമായ പിന്തുണ നൽകുമെന്നും നേതൃത്വം അറിയിച്ചു. റാലിയുടെ ഉദ്‌ഘാടനം പത്തനംത്തിട്ട DYSP എസ്.നുഅ്മാൻ അവർകൾ നിർവഹിച്ചു. വെരി റവ.ജോൺസൺ കല്ലിട്ടത്തിൽ കോർ എപ്പിസ്കോപ്പ (ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി) പത്തനംത്തിട്ട എസ്.എച്ച്.ഒ അരുൺ അലങ്കാർ ഗ്രുപ്പ് എംഡി അഷ്‌റഫുദീൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.രാജകുമാരി ഗ്രൂപ്പ് ഡയറക്ടർമാർ രാജകുമാരി ഗ്രൂപ്പ് ജീവനക്കാർ ഉൾപ്പെടെ ഇരുന്നുറിലധികം പേർ റാലിയിൽ പങ്കെടുത്തു.


by Midhun HP News | Feb 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചു എന്നാരോപിച്ച് സിപിഎം നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കും. എല്ലാ ബൂത്തുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ സിപിഎം നേതൃത്വം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബജറ്റിന് മുന്നോടിയായി കേരളം ഉന്നയിച്ച 29 ആവശ്യങ്ങളില്‍ ഒന്നുപോലും കേന്ദ്രം പരിഗണിച്ചില്ല. സംസ്ഥാനത്തിന്റെ ദീര്‍ഘകാല വികസന ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ഏഴ് അതിവേഗ റെയില്‍വേ ഇടനാഴികളിലും കേരളത്തെ തഴഞ്ഞു. ഉള്‍നാടന്‍ ജലഗതാഗത പദ്ധതി, സര്‍വ്വകലാശാലകള്‍, ടൗണ്‍ഷിപ്പുകള്‍ എന്നിവയുടെ പ്രഖ്യാപനങ്ങളിലും കേരളമില്ല. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം എന്നൊരു സംസ്ഥാനം നിലനില്‍ക്കുന്നില്ല എന്ന രീതിയിലുള്ള സമീപനമാണ് കേന്ദ്ര ബജറ്റില്‍ പ്രകടമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.


by Midhun HP News | Feb 2, 2026 | Latest News, ജില്ലാ വാർത്ത
മണ്ണുത്തി കൊഴുക്കുള്ളി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കുഴഞ്ഞ് വീണ വയോധികന് രക്ഷയായി നഴ്സും പൊലീസ് ഉദ്യോഗസ്ഥരും. ഇക്കഴിഞ്ഞ ജനുവരി 26ന് ആണ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പുലർച്ചെ 75 വയസ്സ് പ്രായമുള്ള ഒരാള്‍ കുഴഞ്ഞ് വീണത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്ഉദ്യോഗസ്ഥരുടെയും ഉത്സവം കാണാനെത്തിയ നഴ്സായ യുവതിയുടേയും സമയോചിതമായ ഇടപെടലാണ് വയോധികന് പുതുജീവനേകിയത്.
ഉത്സവത്തിനിടെ പുലർച്ചെ ആള്‍ക്കൂട്ടത്തില്‍ ബഹളം കേട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സന്തോഷ് ജോർജും സീനിയർ സിവില്‍ പൊലീസ് ഓഫീസർ ജോജുവും ഓടിയെത്തിയപ്പോഴാണ് കുഴഞ്ഞുവീണു കിടക്കുന്ന വയോധികനെ കണ്ടത്. ചുറ്റും പരിഭ്രാന്തരായ നാട്ടുകാരും.
ഉടനെ തന്നെ എഎസ്‌ഐ സന്തോഷ് ജോർജ്ജ് വീണുകിടക്കുന്നയാളെ മെല്ലെ നിവർത്തിക്കിടത്തി. ഇതിനിടെ ജോജു തിരക്ക് നിയന്ത്രിച്ചു. വീണുകിടന്നയാള്‍ പ്രതികരിക്കാതിരുന്നതിനാല്‍ ഉടൻതന്നെ സന്തോഷ് ആംബുലൻസിനായി വിളിച്ചു. ഡ്യൂട്ടിക്ക് പോയ വാഹനത്തിലെ സബ് ഇൻസ്പെക്ടർ കെ. ഉണ്ണിയെ ജോജു വിവരമറിയിക്കുകയും എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തിക്കാൻ സജ്ജീകരണം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ സന്തോഷ് തറയില്‍ കിടത്തി വയോധികന് സി.പി.ആർ (CPR) നല്‍കാൻ ശ്രമിക്കുന്നതിനിടെ, “സാർ ഞാൻ നേഴ്സാണ്, ഞാൻ സി.പി.ആർ കൊടുത്തോട്ടെ” എന്ന് പറഞ്ഞ് ഒരു യുവതി മുന്നോട്ട് വരികയായിരുന്നു.
സന്തോഷ് വീണുകിടന്നയാളെ പലവട്ടം തട്ടിവിളിച്ചെങ്കിലും അയാള്‍ അനങ്ങുകയോ ശബ്ദം ഉണ്ടാക്കുകയോ ചെയ്തില്ല. ഉത്സവഡ്യൂട്ടിയിലുണ്ടായിരുന്ന വാഹനം അത്യാവശ്യ ഫോണ്‍കോള്‍ വന്ന് മാടക്കത്രഭാഗത്തേക്ക് ഡ്യൂട്ടിക്ക് പോയതിനാല്‍ അവിടെ പൊലീസ് വാഹനവും ഉണ്ടായിരുന്നില്ല. ഉടൻതന്നെ സന്തോഷ് ആംബുലൻസിന്‍റെ നമ്പരില്‍ വിളിച്ച് എത്രയും പെട്ടന്ന് എത്താൻ അറിയിച്ചു. ഈ സമയം ജോജു ഡ്യൂട്ടിക്കായി പോയ വാഹനത്തിലെ സബ് ഇൻസ്പെക്ടർ കെ. ഉണ്ണിയെ അറിയിച്ചു. ഇതിനിടയില്‍ സന്തോഷ് കിടക്കുന്നയാളെ തറയില്‍ നേരെ കിടത്തി കൈകള്‍ വശത്തേക്ക് വച്ച് സി.പി.ആർ നല്‍കുന്നതിനായി ശ്രമിക്കുന്നതിനിടയിലാണ് ഒരു യുവതി കടന്നുവന്നത്. ‘സാർ ഞാൻ നേഴ്സാണ് ഞാൻ CPR കൊടുത്തോട്ടെ’ എന്ന് ചോദ്യത്തോടെ യുവതി പ്രഥമ ശുശ്രൂഷ നല്‍കി.
ഇതിനിടയില്‍ ആംബുലൻസ് ലൊക്കേഷൻ മനസ്സിലാകാതെ കുറച്ച് ദൂരത്തേക്ക് പോയെന്ന് മനസ്സിലായപ്പോള്‍ സന്തോഷ് അടുത്തുള്ള വീട്ടിലെ കാർപോർച്ചില്‍ ഒരു കാർ കിടക്കുന്നത് കണ്ട് ആ വിട്ടിലേക്കോടിയെത്തി. വീട്ടുകാരെ വിളിച്ച് സംഭവം അറിയിച്ചു. വീട്ടുകാർ ഉടൻതന്നെ കാർ റോഡിലിറക്കി താക്കോല്‍ സന്തോഷിന് കൈമാറി. ഇതിനിടയില്‍ തളർന്നു കിടന്നയാള്‍ സി പി ആർ ലഭിച്ച ഉടൻ ഒന്ന് അനങ്ങി ശബ്ദമുണ്ടാക്കി. ഇതിനിടയില്‍ സന്തോഷ് കാറുമായി എത്തി ജോജു കാറിന് തിരക്കിലേക്ക് വരാനുള്ള വഴിയൊരുക്കുയും അയാളെ കാറില്‍ കയറ്റി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. ക്വാഷ്വാലിറ്റിയില്‍ നിന്നും വയോധികനെ പിന്നീട് ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ഇയാളുടെ ആരോഗ്യ നില മെച്ചപ്പെടുകയും ചെയ്തതോടെ എല്ലാവർക്കും ആശ്വാസമായി. വയോധികന് ഓർമ്മവന്നപ്പോള്‍ വീട്ടുകാരെ വിവരം അറിയിച്ച് പൊലീസ് ഉത്സവപറമ്പിലേക്ക് ഡ്യൂട്ടിക്കായി മടങ്ങി.
ഒരു മാലാഖയായ് കൃത്യസമയത്ത് എത്തിചേർന്ന നേഴ്സിനെ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ചുവെങ്കിലും കണ്ടെത്തിയില്ല. ഒരു നന്ദിയെങ്കിലും അറിയിക്കാതെയെങ്ങനെ എന്ന വിഷമത്തില്‍ നേഴ്സിനെ കണ്ടെത്താനുള്ള ശ്രമമായിരുന്നു മണ്ണുത്തിയിലെ പൊലീസ് ഉദ്യോഗസ്ഥർ. ഒടുവില്‍ ദയ ആശുപത്രിയില്‍ നേഴ്സ് ആയി ജോലിചെയ്യുന്ന കൊഴുക്കുള്ളി സ്വദേശിയായ ബെൻസണ്‍ന്‍റെ ഭാര്യ സിയമോളാണ് വയോധികന് രക്ഷകയായതെന്ന് തിരിച്ചറിഞ്ഞു. സമയോചിതമായ ഇടപെടലിലൂടെ വയോധികന് പുതു ജീവനേകിയ സിയ മോളെ മണ്ണുത്തി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ നന്ദി അറിയിച്ചു.


by Midhun HP News | Feb 2, 2026 | Latest News, ജില്ലാ വാർത്ത
പത്തനംതിട്ട കോന്നിയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രി നടന്നത് സിനിമയെ പോലും വെല്ലുന്ന ക്രൂരതയും അതിനെ അതിജീവിച്ച ഒരു 15 വയസുകാരന്റെ ചോരത്തിളപ്പിന്റെ പോരാട്ടവുമാണ്. ഭാര്യയോടുള്ള സംശയത്തിന്റെ പേരിൽ സ്വന്തം ഭാര്യയെയും മക്കളെയും ജീവനോടെ കൊന്നൊടുക്കാൻ മുറിക്കുള്ളിലിട്ട് പൂട്ടിയ ശേഷം തീക്കൊളുത്തിയ രണ്ടാനച്ചന്റെ ക്രൂരതയ്ക്ക് മുന്നിൽ പ്രവീൺ എന്ന 15 വയസുകാരൻ ഒരു രക്ഷകനായി ഉദിച്ചുയർന്നു.
വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് വടശ്ശേരിക്കര സ്വദേശി സിജു പ്രസാദ് ഈ കടുംകൈ ചെയ്തത്. ഉറങ്ങിക്കിടന്ന ഭാര്യ രജനി, മകൻ പ്രവീൺ, മകൾ എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയ ശേഷം വെന്റിലേറ്ററിലൂടെ തിന്നർ ഒഴിക്കുകയും തീപ്പന്തം എറിയുകയുമായിരുന്നു. പ്രവീണിന്റെ ശരീരത്തിലേക്കാണ് തീ വീണത്. നിമിഷനേരം കൊണ്ട് മുറി അഗ്നിഗോളമായി മാറി.
മരണം മുന്നിൽ കണ്ട നിമിഷം പ്രവീൺ പതറിയില്ല. ആളിപ്പടരുന്ന തീയിനുള്ളിൽ നിന്ന് തന്റെ കുഞ്ഞനിയത്തിയെ അവൻ നെഞ്ചോട് ചേർത്തു. വീടിന്റെ കഴുക്കോലിൽ തൂങ്ങിയാടി മുകളിലെ ഓടുകൾ അവൻ ചവിട്ടിപ്പൊളിച്ചു. കൈക്കരുത്ത് മുഴുവൻ സംഭരിച്ച് അനിയത്തിയെ ആ വിടവിലൂടെ മേൽക്കൂരയ്ക്ക് മുകളിലെത്തിച്ച് സുരക്ഷിതയാക്കി.
ശരീരമാകെ പൊള്ളലേറ്റിട്ടും തന്റെ അമ്മയെയും കൂടി മുകളിലേക്ക് വലിച്ചുകയറ്റാൻ അവൻ ആവതുശ്രമിച്ചു, പക്ഷേ തീ പടർന്നതിനാൽ അത് പരാജയപ്പെട്ടു. അതേസമയം നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ വാതിൽ തകർത്താണ് രജനിയെ പുറത്തെത്തിച്ചത്. നിലവിൽ അമ്മയും മകനും കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബകലഹമാണ് ഈ കൊടുംക്രൂരതയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി സിജു പ്രസാദിനെ കോന്നി പോലീസ് പിടികൂടി റിമാൻഡ് ചെയ്തു.


by Midhun HP News | Feb 2, 2026 | Latest News, ജില്ലാ വാർത്ത, മരണം
കവലയൂർ: എസ് എസ് റ്റി ബിൽഡിംഗ് പരേതനായ സി. സുന്ദരം ആചാരിയുടെ ഭാര്യ സീതമ്മാൾ (96) നിര്യാതയായി.
മക്കൾ: എസ്. താണുവൻ ആചാരി ( Rtd ഹെഡ്മാസ്റ്റർ, കവി), സരസ്വതിയമ്മാൾ, രമണിയമ്മാൾ, സ്വർണ്ണമ്മാൾ, കൃഷ്ണമ്മാൾ, രാജശ്വരിയമ്മാൾ( പ്രീ പ്രൈമറി ടീച്ചർ)
മരുമക്കൾ: എസ് ജയ (Rtd അധ്യാപിക H S S കവലയൂർ), മണിയൻ ആചാരി (late)
സുബ്രഹ്മണ്യൻ ആചാരി, ഗണേഷൻ, മുത്തുകുമാർ, എം കുമാർ(late)
Recent Comments