by Midhun HP News | Feb 26, 2025 | Latest News, ജില്ലാ വാർത്ത
സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ആർ.എസ്. പ്രശാന്ത് നേതൃത്വം നൽകി. ബ്ലോക്ക് വൈസ് പ്രസിഡന്റ്‌മാരായ പി. ജയചന്ദ്രൻനായർ, എസ്. കെ. പ്രിൻസരാജ്, ജനറൽ സെക്രട്ടറിമാരായ വിനയകുമാർ.എസ്, രഘുറാം. എസ്, മണ്ഡലം ഭാരവാഹികൾ ആയ ജയകുമാർ. എസ്, ബാബു പരകുടി, സതീഷ് കുമാർ, ദീപാബാബു, മഞ്ജു. എസ്, ചിത്രരാജ്.സി,അഭിരാജ് വൃന്ദവനം, വിഷ്ണു പ്രശീലൻ, മണ്ഡലം ഭാരവാഹികൾ, വാർഡ് പ്രസിഡന്റ്‌മാർ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Feb 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ചിലയിടങ്ങളില്‍ ഇന്ന് ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാനാണ് സാധ്യത. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
by Midhun HP News | Feb 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മരിച്ച കുടുംബാംഗങ്ങളെ അവസാനമായൊന്ന് കാണാന്‍ പോലുമാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് അഫാന്റെ പിതാവ് റഹീം. ഇഖാമ കാലാവധി തീർന്നതിനെ തുടർന്ന് രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുകയാണ് ഇദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സാമൂഹ്യ സംഘടനകൾ ശ്രമം തുടങ്ങി. ഏഴ് വർഷമായി റഹീം നാട്ടിൽ വന്നിട്ട്.
ഒന്നുകിൽ സ്പോൺസറെ കണ്ടെത്തി ഇഖാമ പുതുക്കി പിഴയടച്ച് യാത്രാവിലക്ക് നീക്കണം. അല്ലെങ്കിൽ എംബസി വഴി, ലേബർ കോടതിയുടെ മുമ്പിലെത്തിച്ച് ഡീപ്പോർട്ട് ചെയ്യിക്കണം. എല്ലാത്തിനും ഏറ്റവും ചുരുങ്ങിയത് ഒരാഴ്ച്ചയെങ്കിലും സാധാരണ ഗതിയിൽ സമയമെടുക്കും. അതിന് മുൻപേ നാട്ടിലെത്തിക്കാനാണ് ശ്രമം.
രേഖകൾ ശരിയാക്കാനാണെങ്കിൽ തന്നെ മൂന്ന് വർഷത്തോളം നീണ്ട അനധികൃത താമസത്തിന് വലിയ പിഴ കൊടുക്കേണ്ടി വരും. ഇത് എങ്ങനെയെങ്കിലും കണ്ടെത്താമെന്നാണ് സാമൂഹ്യ പ്രവർത്തകരുടെ പ്രതീക്ഷ. വർഷങ്ങളായി റിയാദിലായിരുന്ന റഹീം കച്ചവടത്തിലെ തകർച്ചയെത്തുടർന്നാണ് പ്രതിസന്ധിയിലായത്. 75 ലക്ഷത്തോളം ഇദ്ദേഹത്തിന് കടമുണ്ട്. പിന്നീട് ദമാമിലേക്ക് മാറുകയായിരുന്നു.
by Midhun HP News | Feb 25, 2025 | Latest News, ജില്ലാ വാർത്ത
യുവാക്കള്‍ പ്രതികളാവുന്ന കൂട്ടക്കൊലപാതകങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുമ്പോള്‍ വ്യാപകമായ മയക്കുമരുന്ന് ഉപയോഗത്തിലേക്കാണ് പലരും ആദ്യവിരല്‍ ചൂണ്ടുന്നത്. അത് ശരിവയ്ക്കും വിധത്തിലാണ് മിക്ക കേസുകളിലും പ്രതികളാവുന്നവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതിനൊപ്പം തന്നെ ചേര്‍ത്തു കാണേണ്ടതാണ്, സിനിമകളിലെ വയലന്‍സ് എന്നുകൂടി ചൂണ്ടിക്കാട്ടുന്നു സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പലരും. തിരുവനന്തപുരത്ത് ബന്ധുക്കളെയും കൂട്ടുകാരിയെയും യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ വാര്‍ത്ത വന്നതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ച ഇതാണ്.
ഈ പശ്ചാത്തലത്തില്‍ ചെറിയൊരു കുറിപ്പു പങ്കുവയ്ക്കുകയാണ്, എഴുത്തുകാരന്‍ റഫീഖ് അഹമ്മദ് ഫെയ്‌സ്ബുക്കില്‍. ഇന്ന് മിക്കവാറും സിനിമകളിലെ നായകര്‍ പിന്നില്‍ വടിവാളോടു കൂടിയ, മുടി കാറ്റില്‍ പറത്തിയ വാടകക്കൊലയാളികള്‍ ആയി മാറിയിരിക്കുന്നെന്ന് പറയുന്നു അദ്ദേഹം. കുറിപ്പ് ഇങ്ങനെ: ഒരു കാലത്ത് തൊഴിലില്ലാത്ത ചെറുപ്പക്കാരന്‍, മാഷ്, സത്യസന്ധനായ പൊലീസുകാരന്‍, വിഷാദ കാമുകന്‍, നിത്യ പ്രണയി, തൊഴിലാളി, മുതലായവരായിരുന്നു സിനിമകളിലെ നായകര്‍. അവരെ അപക്വ കൗമാരം ആരാധിക്കുകയും അനുകരിക്കുകയും ചെയ്തിരുന്നു. ഇന്ന് ഒട്ടുമിക്കവാറും സിനിമകളിലെ നായകര്‍ പിന്നില്‍ വിടവാളോടുകൂടിയ മുടി കാറ്റില്‍ പറത്തിയ ബൈക്ക് വാഹനരായ വാടകക്കൊലയാളികള്‍ ആയി മാറിയിരിക്കുന്നു. അതിനെക്കുറിച്ച് മിണ്ടിയില്‍ തന്ത വൈബ് ആവുകയും ചെയ്യും.
സിനിമകള്‍ സമൂഹത്തെ അക്രമവത്കരിക്കുന്നതില്‍ എത്രത്തോളം പങ്കു വഹിക്കുന്നുണ്ടെന്ന ചര്‍ച്ച കൊഴുക്കുകയാണ്, റഫീഖ് അഹമ്മദിന്റെ പോസ്റ്റില്‍. തലങ്ങും വിലങ്ങും മനുഷ്യരെ വെട്ടിക്കൊല്ലുന്ന സിനിമകള്‍ നൂറു കോടി ക്ലബില്‍ കയറുന്ന കാലം മാറുന്ന മലയാളിയെയാണ് കാണിച്ചു തരുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു.
by Midhun HP News | Feb 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും. മാനസികാരോഗ്യ വിദഗ്ധർ ഉൾപ്പെട്ട സംഘം പരിശോധിക്കും. ഒരു മാസമായി മദ്യപിക്കാറുണ്ടായിരുന്നെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും പ്രതി ഡോക്ടർമാരോട് പറഞ്ഞു. എന്നാൽ അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ സൂചനയുണ്ടെന്നും ഏതു തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടര്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.
by Midhun HP News | Feb 25, 2025 | Latest News, ജില്ലാ വാർത്ത
പിന്നാക്ക ജന വിഭാഗങ്ങൾ കൂടുതലായി അധിവസിക്കുന്ന മലയോര മേഖലയായ വിതുരയ്ക്ക് ഏറെ ഗുണകരമാകുന്നതാണ് താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനമെന്ന് വീണാ ജോർജ്. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതുര താലൂക്ക് ആശുപത്രിയിൽ നിർമിച്ച ബഹുനില കെട്ടിടത്തിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുക ആയിരുന്നു മന്ത്രി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, അംഗം സോഫി തോമസ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണ കുമാരി, വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദ്, വൈസ് പ്രസിഡന്റ് ബി.എസ്.സന്ധ്യ, സ്ഥിരം സമിതി അധ്യക്ഷ നീതു രാജീവ്, ഡിഎംഒ ഡോ.ബിന്ദു മോഹൻ, മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ.ടി.കണ്ണൻ എന്നിവർ പ്രസംഗിച്ചു.
Recent Comments