മഹാത്മാഗാന്ധി കുടുംബ സംഗമവും മുതിർന്ന പൗരന്മാരെ ആദരിക്കലും സംഘടിപ്പിച്ചു

മഹാത്മാഗാന്ധി കുടുംബ സംഗമവും മുതിർന്ന പൗരന്മാരെ ആദരിക്കലും സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമവും മുതിർന്ന പൗരന്മാരെ ആദരിക്കലും സംഘടിപ്പിച്ചു. അവനവഞ്ചേരി റിസ്വാൻ വില്ലയിൽ ആണ് പരിപാടികൾ നടന്നത്. മണ്ഡലം പ്രസിഡന്റ് എച്ച് ബഷീറിന്റെ അധ്യക്ഷതയിൽ കെപിസിസി മെമ്പർ ആറ്റിപ്ര അനിൽ ഉദ്ഘാടനം ചെയ്തു. ഡിസിസി മെമ്പർ ആറ്റിങ്ങൽ സതീഷ്, ആർ തുളസീദാസ്, നഫ്രിൻ നൗഷാദ്, അനിൽ ആറ്റിങ്ങൽ, ദേവദത്തൻ മാഷ്, ആർ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരത്ത് മദ്യലഹരിയിൽ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരത്ത് മദ്യലഹരിയിൽ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം ആക്കുളത്ത് മദ്യലഹരിയിൽ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു. പാറശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ ഓടിച്ച ജീപ്പ് ബൈക്കിലിടിച്ചായിരുന്നു അപകടം.

ആക്കുളം പാലത്തിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. അമിത വേഗതയിൽ പോയ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച പാറശ്ശാല സ്വദേശികളായ ശ്രീറാം (26), ഷാനു (26) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്.

ഇവരെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരിച്ചു. കാറിലുണ്ടായിരുന്ന യുവ ഡോക്ടർമാർ മദ്യലഹരിയിലായിരുന്നതായി പോലീസ് പറഞ്ഞു. വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നത്. വിഷ്ണു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്ത് വരികയാണ്. അതുൽ മെഡിക്കൽ കോളജിൽ പിജി ചെയ്യുകയാണ്. അതുലിൻ്റെ അമ്മയുടെ പേരിലാണ് വാഹനം. അപകടത്തിൽപ്പെട്ട ഇരുവരും ഓൺലൈൻ ഭക്ഷണ വിതരണക്കാരാണ്. മനപൂർവമായ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ശിവരാത്രി ബുധനാഴ്ച; വിശ്വാസവും ഐതീഹ്യവും അറിയാം

ശിവരാത്രി ബുധനാഴ്ച; വിശ്വാസവും ഐതീഹ്യവും അറിയാം

വിശ്വാസികള്‍ ബുധനാഴ്ച ശിവരാത്രി ആഘോഷിക്കുകയാണ്. കുംഭമാസത്തിലെ ചതുര്‍ദ്ദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. വ്രതമനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തില്‍ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് ശിവരാത്രി അനുഷഠിക്കുന്നതിലൂടെയുള്ള വിശ്വാസം. ഈ വര്‍ഷം ഫെബ്രുവരി 26 ബുധനാഴ്ചയാണ് ശിവരാത്രി.

പാലാഴി മഥന സമയത്ത് ഉയര്‍ന്നു വന്ന കാളകൂട വിഷം കഴിച്ച മഹാദേവന് ആപത്തു വരാതിരിക്കാനായി പാര്‍വ്വതി ദേവി ഉറക്കമൊഴിഞ്ഞു പ്രാര്‍ത്ഥിച്ച പുണ്യ ദിനമാണ് ശിവരാത്രി എന്നാണ് വിശ്വാസികള്‍ കരുതി പോരുന്നത്. ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രി എന്നാണ് വിശ്വാസം. സംസ്ഥാനത്തെ ശിവക്ഷേത്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

ഐതീഹ്യം

അമൃത് തിരഞ്ഞുള്ള പാലാഴി മഥനത്തില്‍ ആദ്യം ഉയര്‍ന്നു വന്ന കാളകൂട വിഷം ലോകത്തെ രക്ഷിക്കുവാനായി മഹാദേവന്‍ പാനം ചെയ്തു. കാളകൂടം വിഷം ഉള്ളില്‍ ചെന്നാല്‍ ഭഗവാനും പുറത്തു ചെന്നാല്‍ ലോകത്തിനും ദോഷം ചെയ്യുമെന്നതിനാല്‍ പാര്‍വ്വതി ദേവി മഹാദേവന്റെ കണ്ഠത്തിലും വായവഴി പുറത്തുപോകാതിരിക്കുവാന്‍ വിഷ്ണു അദ്ദേഹത്തിന്റെ വായിലും പിടിച്ചു. ഇതുവഴി കാളകൂടവിഷം അദ്ദേഹത്തിന്റെ കണ്ഠത്തില്‍ ഇരിക്കുകയും അങ്ങനെ ലോകം രക്ഷപ്പെടുകയും ചെയ്തുവെന്നാണ് വിശ്വാസം. അന്നേ ദിവസം ഭഗവാനായി പാര്‍വ്വതി ദേവിയും മറ്റു ദേവഗണങ്ങളും ഉറങ്ങാതെ പ്രാര്‍ത്ഥിച്ചതിന്റെ ഓര്‍മ്മയാണ് ശിവരാത്രി എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ബലിതര്‍പ്പണം

ശിവരാത്രിയുടെ പിറ്റേന്നുള്ള ബലിതര്‍പ്പണത്തിന് ഹിന്ദുമത വിശ്വാസ പ്രകാരം പ്രാധാന്യമേറെയാണ്. അന്ന് നടത്തുന്ന ബലി തര്‍പ്പണത്തിലൂടെ പിതൃക്കള്‍ക്ക് മോക്ഷവും ജീവിച്ചിരിക്കുന്നവര്‍ക്ക് അവരുടെ അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം. ആലുവ മണപ്പുറത്തെ ബലിതര്‍പ്പണവും ശിവരാത്രി ആഘോഷവും ഏറെ പ്രസിദ്ധമാണ്.

ശിവരാത്രി വ്രതം

ശിവരാത്രി ദിവസങ്ങളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് വ്രതം. ശിവരാത്രിയുടെ തലേന്ന് ഒരിക്കലെടുത്ത് വ്രതത്തിന് തുടക്കം കുറിക്കും. വൈകുന്നേരം അരിയാഹാരം ഒഴിവാക്കണം. അന്നേ ദിനത്തില്‍ അതിരാവിലെ ഉണര്‍ന്ന് ദേഹശുദ്ധി വരുത്തി ശിവക്ഷേത്ര ദര്‍ശനം നടത്തണം. രാത്രി ഒരു പോള കണ്ണടക്കാതെ ഉറക്കമൊഴിച്ചാണ് വ്രതം എടുക്കേണ്ടത്. വ്രതമെടുക്കുമ്പോള്‍ പൂര്‍ണ്ണ ഉപവാസം വേണമെന്നാണെങ്കിലും ആരോഗ്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. ക്ഷേത്രത്തിലെ നേദ്യമോ കരിക്കിന്‍ വെള്ളമോ കഴിക്കുന്നത് വ്രതത്തെ ലംഘിക്കില്ല. പകല്‍ ഉറക്കവും എണ്ണതേച്ചുള്ള കുളിയും പാടില്ല. പിറ്റേന്ന് രാവിലെ ശുദ്ധിയായി ക്ഷേത്രത്തില്‍ പോകാം. ശിവന് കൂവളമാല സമര്‍പ്പിക്കുന്നതും കൂവള ഇല അര്‍ച്ചനയും ജലധാരയും ചെയ്താല്‍ ഈ ദിവസം വിശിഷ്ഠമാണെന്നാണ് കരുതുന്നത്.

ചപ്പാത്ത്മുക്ക് റസിഡൻസ് അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചപ്പാത്ത്മുക്ക് റസിഡൻസ് അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കല്ലമ്പലം: ചാത്തമ്പറ ചപ്പാത്ത്മുക്ക് റസിഡൻസ് അസോസിയേഷനും നെടുമങ്ങാട് അൽഹിബാ കണ്ണാശുപത്രിയും ആലംകോട് ദിയ ലാബ് & ഡിജിറ്റൽ എക്‌സ് റേയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പും രക്തപരിശോധന ക്യാമ്പും സംഘടിപ്പിച്ചു.

സി എം ആർ എ പ്രസിഡന്റ് സജു വി ബി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി ഉദ്ഘാടനം ചെയ്തു. കരവാരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര സുദർശനൻ സി എം ആർ എ സെക്രട്ടറി അമ്മിണി അരവിന്ദ് വൈസ് പ്രസിഡന്റ് മേവർക്കൽ നാസർ എക്സിക്യൂട്ടീവ് അംഗങ്ങളായ താജുദ്ദീൻ, വിനോദ് മാർത്താണ്ഡൻ, വിജയകുമാരൻ നായർ, ഷീജു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പേ വിഷബാധയ്ക്കെതിരെ ഡോ. അശ്വിനി ക്ലാസ് എടുത്തു.

ആറ്റിങ്ങൽ മാമം ചെങ്കുളത്ത് മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം തുടങ്ങി

ആറ്റിങ്ങൽ മാമം ചെങ്കുളത്ത് മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം തുടങ്ങി

ആറ്റിങ്ങൽ മാമം ചെങ്കുളത്ത് മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനു തുടക്കമായി. 24ന് രാവിലെ 7.30ന് നാരായണീയ പാരായണം, രാത്രി ഏഴിന് തിരുവാതിര, 7. 30ന് നൃത്ത വിസ്മയം- താണ്ഡവ് – 2025. 25ന് രാവിലെ എട്ടിന് ഹാലാസ്യ പാരായണം, തുടർന്ന് അന്നദാനം, വൈകിട്ട് അഞ്ചിന് അലങ്കാര ഗോപുരത്തിന്റെയും ആനക്കൊട്ടിലിന്റെയും സമർപ്പണം, തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യ വർമ്മ പങ്കെടുക്കും, തുടർന്ന് താലപ്പൊലി, ഘോഷയാത്ര, നാദസ്വരം,ശിങ്കാരിമേളം, നിശ്ചലദൃശ്യങ്ങൾ എന്നിവ ക്ഷേത്രത്തിലെത്തിച്ചേരും.

രാത്രി 10 ന് നാടകം- ശാകുന്തളം. 26ന് രാവിലെ 11.30 സമൂഹസദ്യ, വൈകിട്ട് അഞ്ചിന് പഞ്ചവാദ്യം, 6.45ന് ആകാശദീപക്കാഴ്ച, വൈകിട്ട് ഏഴിന് തിരുവാതിര, ഒൻപതിന് നൂറ്റിയെട്ട് കുടം ധാര, രാത്രി 9.30ന് ഗാനമേള, 1.30 ന് സ്റ്റേജ് സിനിമ – കോമഡി മിറർ

വർക്കലയിൽ എം ഡി എം എ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു യുവാക്കൾ വർക്കല പോലീസിൻ്റെ പിടിയിൽ

വർക്കലയിൽ എം ഡി എം എ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു യുവാക്കൾ വർക്കല പോലീസിൻ്റെ പിടിയിൽ

വർക്കലയിൽ എം ഡി എം എ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു യുവാക്കൾ വർക്കല പോലീസിൻ്റെ പിടിയിൽ. ശിവഗിരി തൊടുവെഭാഗത്ത് എം ഡി എം എ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനെക്കണ്ട് കടന്നുകളയാൻ ശ്രമിച്ച പ്രതികളെ വർക്കല പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

എംഡി എം എ വിൽപ്പന നടത്താൻ ശ്രമിച്ച കല്ലമ്പലം മുത്താന കീഴതിൽവീട്ടിൽ 26 വയസ്സുള്ള ഡിപിൻ, പനയറ ചരുവിള വീട്ടിൽ 37 വയസ്സുള്ള ഫിറോസ് എന്നിവരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.

ഓട്ടോറിക്ഷയിൽ എത്തിയ പ്രതികളിൽ നിന്നും ചെറു പാക്കറ്റുകളി ലാക്കിയ അതിമാരക ലഹരി വസ്തുവായ MDMA കണ്ടെടുത്തു. ലഹരി ഉപയോഗത്തിന് ആവശ്യമുള്ള സിറിഞ്ചുകളും പ്രതികളുടെ കൈവശമുണ്ടായിരുന്നു. പിടിയിലായ പ്രതികൾക്ക് മുമ്പ് സമാനമായ കേസുകളിൽ അയിരൂർ, കല്ലമ്പലം എന്നീ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. പ്രതികളിലൊരാളായ ഡിപിൻ പോക്സോ കേസിലെ പ്രതികൂടിയാണ്.

ലഹരിവസ്തുക്കൾ വാങ്ങാൻ ബൈക്കിലെത്തിയ രണ്ട് യുവാക്കളെയും വർക്കല പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വർക്കല എസ് എച്ച് ഒ ഡിവിൻ വി.വി, എസ് ഐ സലിം, സിപിഒ രാകേഷ് ആർ നായർ, സാംജിത്ത്, ശംഭുരാജ്, വിനോദ്, സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.