കായിക്കര കുമാരനാശാൻ ആശയവേദി പ്രതിമാസ ചർച്ചാവേദി സംഘടിപ്പിച്ചു

കായിക്കര കുമാരനാശാൻ ആശയവേദി പ്രതിമാസ ചർച്ചാവേദി സംഘടിപ്പിച്ചു

ആശാൻ ആശയ വേദി കായിക്കരയും, ആശാൻ സ്മാരകവും ആശാൻജന്മ ശദാബ്ദി ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച പ്രതിമാസ പരിപാടിയുടെ ഭാഗമായി കായിക്കര ആശാൻ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന നോവൽ ചർച്ചയുടെ ഭാഗമായി പ്രശസ്ഥ കഥാകൃത്ത് വി.വി. കുമാറിൻ്റെ “കൊഴുന്നു മണക്കുന്ന രാത്രികൾ ” എന്ന പുസ്തകത്തെക്കുറിച്ച് ഡോ : അജയപുരം ജ്യോതിഷ് കുമാർ പ്രബന്ധം അവതരിപ്പിച്ചു.

സുനിൽ വെട്ടിയറ, ഉദയകുമാർ ചിറയിൻകീഴ്, അശോകൻ കായിക്കര, കെ.രാധാകൃഷ്ണൻ, എം.മോഹൻദാസ്, സലിം ചിറയിൻകീഴ്, ചാന്നാങ്കര സലിം, ജെയിൻ വക്കം, ഷിബു മേൽകടയ്ക്കാവൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പ്രകാശ് പ്ലാവഴികം സ്വന്തം കവിത അവതരിപ്പിച്ചു. ഡോ. ഭുവനേന്ദ്രൻ മോഡറേറ്റർ ആയി, രാമചന്ദ്രൻ കരവാരം സ്വാഗതവും ഗ്രന്ഥകർത്താവ് വി.വി. കുമാർ നന്ദി പറഞ്ഞു.

വിസ്ഡം ഫാമിലി കോൺഫറൻസിന് ഉജ്ജ്വല സമാപനം

വിസ്ഡം ഫാമിലി കോൺഫറൻസിന് ഉജ്ജ്വല സമാപനം

തിരുവനന്തപുരം: ക്യാംപസുകളിലെ ലഹരി വ്യാപനത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകണം എന്ന ആഹ്വാനത്തോടെ ‘വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാ ഫാമിലി കോൺഫറൻസ് സമാപിച്ചു. വൻ ജന പങ്കാളിത്തം കൊണ്ടും, സമകാലികമായി കുടുംബങ്ങൾ അനുഭവിക്കുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും ചർച്ച ചെയ്തതു കൊണ്ടും ഫാമിലി കോൺഫറൻസ് തലസ്ഥാന നഗരിക്ക് വേറിട്ട അനുഭവമായി. കേരളത്തിലുടനീളം എല്ലാ ജില്ലകളിലും നടന്ന കോൺഫറൻസുകളുടെ സമാപനം ആയിരുന്നു തലസ്ഥാനത്തേത്.

സംസ്ഥാനത്തെ ക്യാംപസുകൾ കേന്ദ്രീകരിച്ച് ലഹരി വ്യാപനവും, ഉപയോഗവും വർദ്ധിച്ച് വരുന്നതിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണം. പെൺകുട്ടികളെപ്പോലും ലഹരി വസ്തുക്കളുടെ വിതരണക്കാരായി ഉപയോഗപ്പെടുത്തുന്നു എന്നത് സമൂഹം ഗൗരവമായി കാണണം. ഇത്തരം പ്രവണതകൾക്കെതിരെ നിയമ നടപടി എന്നതിലുപരി സാമൂഹിക പ്രതിരോധം ഉയർന്ന് വരണമെന്നും ഫാമിലി കോൺഫറൻസ് ആവശ്യപ്പെട്ടു.

പവിത്രമായ കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന പ്രവണതകൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം. സ്ത്രീകൾക്കും, കുട്ടികൾക്കും കുടുംബ സംവിധാനത്തിൽ വലിയ സ്ഥാനമാണ് ഉള്ളതെന്നും, ഈ സമീപനത്തിൽ വർത്തമാന സമൂഹം വരുത്തിയ മാറ്റങ്ങളാണ് കുടുംബ ശൈഥില്യങ്ങൾക്ക് കാരണമായിത്തീർന്നതെന്നും ഫാമിലി കോൺഫറൻസ് അഭിപ്രായപ്പെട്ടു.

വിശ്വാസ വിമലീകരണവും, കുടുംബ ഭദ്രതയും ലക്ഷ്യമാക്കി മഹല്ലുകൾ വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്നും ഫാമിലി കോൺഫറൻസ് ആവശ്യപ്പെട്ടു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ്‌ പി.എൻ.അബ്ദുല്ലത്തീഫ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ നസീർ വള്ളക്കടവ് അധ്യക്ഷനായി. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, മുൻ എം.പി കെ. മുരളീധരൻ എന്നിവർ മുഖ്യാതിഥികളായി.

വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, കേരള സലഫി സെന്റർ മുൻ ഇമാം മുജാഹിദ് ബാലുശ്ശേരി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. യു.എ.ഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹുസൈൻ സലഫി ഷാർജ പ്രമേയ പ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ്, സെക്രട്ടറി നസീം അഴിക്കോട് എന്നിവർ ആശംസകൾ അറിയിച്ചു. വിസ്‌ഡം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് സ്വാഗതവും ജില്ലാ ട്രഷറർ അബ്ദുല്ല കേശവദാസപുരം നന്ദിയും പറഞ്ഞു.

ചിറയിൻകീഴ് ശാർക്കര നായർ കരയോഗം ശതാബ്ദിയുടെ നിറവിൽ

ചിറയിൻകീഴ് ശാർക്കര നായർ കരയോഗം ശതാബ്ദിയുടെ നിറവിൽ

ചിറയിൻകീഴ്: ശാർക്കര നായർ കരയോഗം ശതാബ്ദിയുടെ നിറവിൽ. നൂറുവർഷം പൂർത്തിയാക്കിയ സ്വതന്ത്ര നായർ കരയോഗത്തിന്റെ നവീകരിച്ച മന്ദിരോദ്ഘാടനം ചൊവ്വാഴ്ച തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതിഭായി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30-നാണ് ഉദ്ഘാടന സമ്മേളനം.

1926-ലാണ് ശാർക്കര നായർ കരയോഗം സ്വതന്ത്ര കരയോഗമായി രൂപവത്കരിച്ചത്. തുടക്കത്തിൽ മൂന്ന് സെന്റ് സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച കരയോഗം നിലവിൽ പതിനാറ് സെന്റിലാണ് പ്രവർത്തിക്കുന്നത്. 368 കുടുംബങ്ങളിലായി 3250 അംഗങ്ങളുമുണ്ട്. സാധാരണക്കാർക്ക് ആശ്വാസമാകുന്ന നിലയിൽ ശാർക്കര ക്ഷേത്രത്തിനോട് ചേർന്ന് ഒരു സദ്യാലയവും കരയോഗത്തിന്റേതായി പ്രവർത്തിക്കുന്നു. വർഷംതോറും ഒട്ടനവധി ക്ഷേമപ്രവർത്തനങ്ങൾക്കും കരയോഗം നേതൃത്വം നൽകിവരുന്നുണ്ട്. ചികിത്സാ സഹായം, മത്സരപരീക്ഷകളിൽ വിദ്യാർഥികൾക്ക് അവാർഡ്, ഉത്സവകാല സഹായം എന്നിവ ചെയ്തുവരുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

പൊതുയോഗത്തിൽ കരയോഗം പ്രസിഡന്റ് ചെല്ലപ്പൻപിള്ള അധ്യക്ഷനാകും, സെക്രട്ടറി രാമചന്ദ്രൻ നായർ, പഞ്ചായത്തംഗങ്ങളായ മുരളീധരൻ നായർ, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. സി.കെ. പ്രസന്നചന്ദ്രൻ നായർ, ആർ.പി.ഗോപിനാഥൻ നായർ, കെ.സുനിൽകുമാർ, ജി.അനിൽകുമാർ, കെ.ഗോപകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. നവീകരിച്ച മന്ദിരോദ്ഘാടനത്തോടനുബന്ധിച്ച് ഉപഹാര സമർപ്പണവും വിവിധ കലാപരിപാടികളും നടക്കും.

ഇന്ന് 3 ജില്ലകളിൽ മഴ; തമിഴ്നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യത

ഇന്ന് 3 ജില്ലകളിൽ മഴ; തമിഴ്നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചത്.

നാളെ അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. 26, 27 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ട്. ഇന്ന് തെക്കൻ ആൻഡമാൻ കടൽ, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് 28 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നാളെ

സംസ്ഥാനത്ത് 28 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. രാവിലെ ഏഴു മണി മുതല്‍ വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറുവരെ വോട്ട് രേഖപ്പെടുത്താം. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ നടക്കും.

കൊല്ലം ജില്ലയില്‍ ആറും തിരുവനന്തപുരം എറണാകുളം ജില്ലകളില്‍ നാലും വാര്‍ഡുകളില്‍ വോട്ടെടുപ്പ് നടക്കും. പത്തനംതിട്ടയില്‍ മൂന്നും ആലപ്പുഴയിലും മലപ്പുറത്തും രണ്ടിടത്തും വോട്ടെടുപ്പുണ്ട്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓരോ വാര്‍ഡുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്നവയില്‍ 16 എണ്ണം എല്‍ഡിഎഫിന്റെയും 10 എണ്ണം യുഡിഎഫിന്റെയും സിറ്റിങ് വാര്‍ഡുകളാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുമ്പ് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നീ രേഖകളില്‍ ഏതെങ്കിലും ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം.

വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റ്യാനിയിൽ ഇന്ന് ഉച്ചയ്ക്കുശേഷമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ ഭാര്യയെയും ഭര്‍ത്താവിനെയും കണ്ടെത്തിയത്. വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ, ഭാര്യ ജയലക്ഷ്മി എന്നിവരാണ് മരിച്ചത്. ജയലക്ഷ്മിയെ കൊലപ്പെടുത്തിയശേഷം ബാലചന്ദ്രൻ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.