by Midhun HP News | Feb 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വർഷത്തിൽ അഞ്ചോ അതിലധികമോ ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. വിഷയത്തിൽ കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ പരിഷ്ക്കരണം വരുത്തിയാകും നിയമം നടപ്പിലാക്കുക. പത്തോ അധിലധികമോ നിയമലംഘനം നടത്തിയ ആളുടെ ലൈസൻസ് റദ്ദാക്കും എന്ന രീതിയിലേക്ക് പരിഷ്ക്കരണം വരുത്തും. ഇത് സംബന്ധിച്ച റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പ് സർക്കാരിന് ഉടൻ സമർപ്പിക്കും.
എന്നാൽ ചരക്ക് ലോറികൾ,ബസുകൾ എന്നിവയിലാണ് കൂടുതൽ നിയമലംഘനങ്ങൾ നടക്കുന്നത്. അവയെ നിയന്ത്രിക്കാൻ കർശനമായി നിയമങ്ങൾ നടപ്പാക്കണമെന്നും മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. രാജ്യത്താകെ ജനുവരി 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തിലായിട്ടുണ്ട്.എന്നാൽ നിയമഭേദഗതി അതേപടി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു.
മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വകുപ്പ് പുതിയ നീക്കം നടത്തുന്നത്.ഇതുമായി ബന്ധപ്പെട്ട നിർദേശം മന്ത്രിയിൽ നിന്ന് മോട്ടോർ വാഹന വകുപ്പിന് നൽകിയിരുന്നു. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ മാത്രമേ നിയമങ്ങള്‍ നടപ്പിലാക്കൂകയുള്ളു എന്നും കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതികള്‍ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ചു, ചര്‍ച്ച ചെയ്തു മാത്രമേ നടപടി സ്വീകരികയുള്ളു എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.ഒരു വര്‍ഷത്തില്‍ തുടര്‍ച്ചയായി അഞ്ച് നിയമലംഘനങ്ങള്‍ നടത്തിയാല്‍ വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും ആവര്‍ത്തിച്ച് നിയമം ലംഘിക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനും കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിലെടുക്കാനും മോട്ടോര്‍ വാഹന വകുപ്പിന് സാധിക്കുന്നതായിരുന്നു പുതിയ ഭേദഗതി.


by Midhun HP News | Feb 2, 2026 | Latest News, ജില്ലാ വാർത്ത
കലാഭവൻ മണിസേവന സമിതിയുടെ ആഭിമുഖ്യത്തിൽ വക്കം മണിദേവാലയത്തിൽ ജനപ്രതിനിധികളെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മണിദേവാലയം സെക്രട്ടറി സുമ സ്വാഗതം പറഞ്ഞു. ജയൻ ജഗദേവൻ (സെക്രട്ടറി, കലാഭവൻ മണി സേവനസമിതി വക്കം യൂണിറ്റ്) അധ്യക്ഷനായി. അജിൽ മണിമുത്ത് (ചെയർമാൻ, കലാഭവൻ മണി സേവന സമിതി) മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യപ്രവർത്തകൻ ആർ. എസ് ഗാന്ധി മുഖ്യഅതിഥിയായി. പ്രഭാഷകൻ പള്ളിക്കൽ മണികണ്ഠൻ സ്നേഹോപഹാര
സമർപ്പണംനടത്തി.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻ്റ് ഗീത സുരേഷ്, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വക്കം സജീവ്, ആനക്കുഴി മുഷാദ് (റവന്യൂ ഇൻസ്പെക്ടർ,ആറ്റിങ്ങൽ മുനിസിപ്പാലിറ്റി) എന്നിവർസംസാരിച്ചു.
ചടങ്ങിൽ ഗോപകുമാർ (രക്ഷാധികാരി, വക്കം യൂണിറ്റ്), രജനി(പ്രസിഡന്റ്, സംസ്ഥാന വനിതാ യൂണിറ്റ്), അനില (വൈസ് പ്രസിഡന്റ് വക്കം യൂണിറ്റ്), ഷിജിനി (ജോയിന്റ് സെക്രട്ടറി, വക്കം യൂണിറ്റ്) എന്നിവർ പങ്കെടുത്തു. സംഗീത( ട്രഷറർ,കലാഭവൻ മണി സേവനസമിതി വക്കം യൂണിറ്റ്) നന്ദി പറഞ്ഞു.


by Midhun HP News | Feb 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയുമാണ് ഉണ്ടാവുക, അവരുടെയൊക്കെ നല്ല സമയമെന്നാണ് മന്ത്രിയുടെ പരിഹാസം.
സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന എയിംസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കാതെ കടലാമ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാന്‍ കേരളത്തിലടക്കം പദ്ധതി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരിഹാസം. ‘ഇടനാഴിയില്‍ ഒരു കാലൊച്ച’ എന്ന തലക്കെട്ടോടെ ഒരു കടലാമയുടെ ചിത്രം പങ്കുവെച്ച് മന്ത്രി ഫെയ്‌സ്ബുക്കിലൂടെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചു.
ആമയും പശുവുമൊക്കെ ഉണ്ടാകും. കേന്ദ്രബജറ്റില്‍ മനുഷ്യര്‍ക്ക് ഒന്നും ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. അവരുടെയൊക്കെ സമയം എന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ബജറ്റില്‍ പൊതുവിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും അവഗണിച്ചെന്നും മന്ത്രി വിമര്‍ശിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ മാത്രം ലക്ഷ്യംവെച്ചുള്ളതാണ് ബജറ്റ്. സ്‌കൂള്‍ വിദ്യാഭ്യാസത്തെ അവഗണിച്ചു. സംസ്ഥാന ബജറ്റില്‍ നിന്നും കേന്ദ്രം പാഠം പഠിക്കണം. പൊതു വിദ്യാഭ്യാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം. കോര്‍പ്പറേറ്റ് നയങ്ങള്‍ സംരക്ഷിക്കാനുള്ള ബജറ്റാണ് നടന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ബജറ്റ് വന്‍കിട കമ്പനികളെ സഹായിക്കുന്നതാണ്. ബജറ്റില്‍ ദരിദ്രരെ പാടെ അവഗണിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി.


by Midhun HP News | Feb 2, 2026 | Latest News, ജില്ലാ വാർത്ത
ബംഗളൂരു: ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗളൂരുവില്‍ ആത്മഹത്യ ചെയ്ത കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ മരണത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. റോയി എഴുതി എന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്, ഇത് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് നിര്‍ണായക സൂചനകള്‍ നല്‍കുന്നു. 9 പേജുകളുള്ള അത്മഹത്യാക്കുറിപ്പാണ് കുടുംബാഗംങ്ങള്‍ക്ക് കിട്ടിയത്. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാന്‍ തീരുമാനിച്ച ശേഷമാണെന്നും ആദായനികുതി വകുപ്പിന്റെ നിരന്തര ഇടപെടല്‍ സമ്മര്‍ദത്തിലാക്കിയെന്നുമാണ് വിവരം.
മരണത്തിന് പിന്നിലെ നിഗൂഢതകള്‍ ഒഴിവാക്കാന്‍ ഈ കുറിപ്പ് സഹായകമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. പ്രത്യേക അന്വേഷണ സംഘം ഈ കുറിപ്പ് വിശദമായി പരിശോധിച്ചുവരികയാണെന്നും ഇത് അന്വേഷണത്തിലെ പ്രധാന തെളിവാണെന്നും പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടാണ് സിജെ റോയിയുടെ കുറിപ്പ് ആരംഭിക്കുന്നത്. താന്‍ ഒരു ‘അറ്റകൈ പ്രയോഗത്തിന്’ മുതിരുകയാണെന്നും അതിന് എല്ലാവരും ക്ഷമിക്കണമെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. കടുത്ത മാനസിക വിഷമം പ്രകടമാക്കുന്നതോടൊപ്പം തന്നെ, തന്റെ വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ നിര്‍ദ്ദേശങ്ങളും കുറിപ്പിലുണ്ട്.
വിവിധ വ്യക്തികള്‍ക്ക് നല്‍കാനുള്ള പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കൃത്യമായ സാമ്പത്തിക കാര്യങ്ങള്‍ റോയി കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ മരണശേഷം ബിസിനസ് ആര് നിയന്ത്രിക്കണമെന്നും, തന്റെ പിന്‍ഗാമികള്‍ ആരായിരിക്കണമെന്നും കുറിപ്പിലുണ്ട്. കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ദീര്‍ഘകാലമായി സഹകരിക്കുന്നവരെ മാറ്റിനിര്‍ത്തരുതെന്ന് അദ്ദേഹം പറയുന്നു. അവര്‍ തന്റെ വിശ്വസ്തരായ സഹപ്രവര്‍ത്തകരാണെന്നും, ഇവര്‍ തുടര്‍ന്നും സ്ഥാപനത്തിന്റെ ഭാഗമായി തുടരണമെന്നും കുറിപ്പിലുണ്ട്.
പ്രത്യേക അന്വേഷണ സംഘം നിലവില്‍ കുറിപ്പിലെ വിവരങ്ങള്‍ പരിശോധിച്ചു. ഇതിന്റെ ഭാഗമായി റോയിയുടെ ഭാര്യയുടെയും മക്കളുടെയും മൊഴി രേഖപ്പെടുത്തും. കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന സാമ്പത്തികവും ബിസിനസ് സംബന്ധവുമായ കാര്യങ്ങള്‍ ഒത്തുനോക്കാന്‍ ഇവരുടെ മൊഴികള്‍ സഹായിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.


by Midhun HP News | Feb 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്നുതുടരുമ്പോള്‍ ബജറ്റിലെ പൊതുചര്‍ച്ചയാണ് പ്രധാന അജണ്ട. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കാനുള്ള പരാതി നിയമസഭയുടെ പ്രിവ്‌ലിജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പിലെത്തുന്നതും ഇന്നാണ്. കോണ്‍ഗ്രസില്‍ നിന്ന് റോജി എം ജോണും ലീഗില്‍ നിന്നുളള യുഎ ലത്തീഫുമാണ് കമ്മിറ്റിയിലുള്ള പ്രതിപക്ഷ അംഗങ്ങള്‍. ഇവര്‍ സ്വീകരിക്കേണ്ട നിലപാട് ഇന്ന് രാവിലെ യുഡിഎഫ് പാര്‍ലമെന്റ് യോഗം ചര്‍ച്ച ചെയ്യും.
ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തുമെന്ന സ്ഥിരീകരിച്ച വിവരമില്ല. ഇന്നുമുതല്‍ നാലുവരെയാണ് ബജറ്റില്‍ പൊതുചര്‍ച്ച. അഞ്ചിന് നടപ്പുസാമ്പത്തികവര്‍ഷത്തെ അവസാന ബാച്ച് ഉപധനാഭ്യര്‍ഥനകള്‍, കഴിഞ്ഞ ഏതാനും സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ഥനകള്‍ എന്നിവ അവതരിപ്പിക്കും. എല്‍ഡിഎഫിന്റെ വടക്കന്‍ മേഖല ജാഥ തുടങ്ങിയതിനാല്‍ എംഎല്‍എമാരുടെ ഹാജര്‍ കുറയും. സിപിഎം സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ എംവി ഗോവിന്ദനാണ് ജാഥ ക്യാപ്റ്റന്‍. ജാഥ കടന്നുപോകുന്ന വടക്കന്‍ ജില്ലകളിലെ എംഎല്‍എമാര്‍ മണ്ഡലങ്ങളിലാകുമെന്നതിനാല്‍ ഇവര്‍ സഭാ സമ്മേളനത്തിനെത്തില്ല.


by Midhun HP News | Feb 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശമ്പളക്കുടിശിക വിതരണം ചെയ്യാത്തതിലും പുതിയ നിയമനങ്ങള്‍ നടത്താത്തതിലും പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം ആരംഭിക്കും. കാഷ്വാല്‍റ്റി, ലേബര്‍ റൂം, ഐസിയു, കിടത്തിചികിത്സ മറ്റ് അടിയന്തരചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചേക്കും. ഫെബ്രുവരി 9 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതല്‍ സര്‍വകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ നിലവിലെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് പലതവണ മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും നടപടികളുണ്ടായില്ല എന്നും സംഘടന കുറ്റപ്പെടുത്തുന്നു.
രോഗികള്‍ക്ക് ആനുപാതികമായ തസ്തികകള്‍ സൃഷ്ടിക്കുക, അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക നല്‍കുക, പ്രവേശന തസ്തികയിലെ ശമ്പള അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 2025 ജൂലായ് ഒന്നുമുതല്‍ ഡോക്ടര്‍മാര്‍ സമരരംഗത്തുള്ളത്. റിലേ ഒ.പി. ബഹിഷ്‌കരണം, അധ്യാപന ബഹിഷ്‌കരണം അടക്കം വിവിധ ഘട്ടങ്ങളില്‍ സമരങ്ങള്‍ നടത്തി. ആരോഗ്യമന്ത്രിയുമായി നവംബറില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ജനുവരിയില്‍ ധനമന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.


Recent Comments