by Midhun HP News | Feb 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വീട് പൂട്ടി യാത്രപോകുകയാണോ? അക്കാര്യം അറിയിക്കാൻ പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാവുന്നതാണ്. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തുമെന്ന് കേരള പൊലീസ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
‘യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റർ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്’- കേരള പൊലീസ് കുറിച്ചു.
കുറിപ്പ്:
വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും.
യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റർ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്.
by Midhun HP News | Feb 21, 2025 | Latest News, ജില്ലാ വാർത്ത
തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയും കലാനികേതൻ സാംസ്കാരിക സമിതിയും കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷനും, പുതുക്കുറിച്ചി പള്ളി ഇടവകയും സംയുക്തമായി നടത്തിയ പതിനൊന്നാമത്തെ സൗജന്യ കാഴ്ച പരിശോധന ക്യാമ്പ്
പുതുക്കുറിച്ചി ഇടവക ഹാളിൽ വച്ച് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി സൂപ്രണ്ട് ഡോക്ടർ എം എസ് സുനിൽ MS, DNB, FRCS,FRVS നിർവഹിച്ചു.
ഈ ക്യാമ്പിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലെ റെറ്റിന വിഭാഗം ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെൻറ് ഡോക്ടർ സയ്യിദ് മൊഹിദീൻ അബ്ദുൽ ഖാദർ എം.എസ് മുഖ്യ പ്രഭാഷണം നടത്തി. കലാനികേതൻ സാംസ്കാരിക സമിതി, KPRA ചെയർമാൻ എം.എ ലത്തീഫ് അധ്യക്ഷത വഹിച്ചു.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം ജനറ്റ് വിക്ടർ, പുതുക്കുറിച്ചി ഇടവക വികാരി റവ. ഫാദർ ദീപു ക്രിസ്റ്റഫർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ ജെ. ഷാഫി, പഞ്ചായത്ത് മെമ്പർമാരായ സതീഷ് ഇവാനിയോസ്, ശ്രീചന്ദ്.എസ്, കലാനികേതൻ സാംസ്കാരിക സമിതി സെക്രട്ടറി ടി.നാസർ, അനിൽ ലത്തീഫ്, അരവിന്ദ് ഐ ഹോസ്പിറ്റൽ ഡോക്ടർമാരായ അതിഥി ഘോഷ്, നിമൃത, ക്യാമ്പ് കോർഡിനേറ്റർ ഹേമചന്ദ്രൻ, തൻസീർ, മണ്ണിൽ അഷറഫ്, മുജീബ്, കടവിളാകം നിസാം, അസീം, സൈഫുദ്ദീൻ കടവിളാകം, എന്നിവർ പങ്കെടുത്തു.
എംബിബിഎസ് പരീക്ഷ പാസായ സാന്ദ്ര സി പെരേര, ജെനി ജൂലിയൻ, ഫെമിനാ ഫ്രാൻസിസ്, റംസി. എസ്, നാദിയ നാസർ എന്നിവർക്കും സംസ്ഥാന തലത്തിൽ കബഡി ടൂർണമെന്റിൽ പങ്കെടുത്തു വിജയിച്ച ജിഷ ജിത്തുവിനും ക്യാമ്പിൽ വെച്ച് പുരസ്കാര വിതരണം നടത്തി.
by Midhun HP News | Feb 21, 2025 | Latest News, ജില്ലാ വാർത്ത
കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ സിപിഐഎംന്റെ നേതൃത്വത്തിൽ ഫെബ്രുവരി 25നു രാജ് ഭവൻ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നു.
എയിംസ് അനുവദിക്കാതെയും, പാലക്കാട് കോച്ച് ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാതെയും, നമുക്ക് അവകാശപ്പെട്ട കേന്ദ്രനികുതി വിഹിതം നൽകാതെയും, വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിന് സാമ്പത്തിക സഹായം നൽകാതെയും കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
ഇതിന്റെ പ്രചരണാർത്ഥം സിപിഐ(എം) ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ കായിക്കരയിൽ സിപിഐ (എം) ജില്ലാ കമ്മിറ്റിയംഗം ബിപി മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അധ്യക്ഷത വഹിച്ചു.
ജാഥാ ക്യാപ്റ്റൻ സിപിഐഎം ഏരിയ സെക്രട്ടറി എം പ്രദീപ്, ജാഥ മാനേജർ ആർ.രാജു, ആർ.സുഭാഷ്,അഡ്വ.ഷൈലജ ബീഗം, ഒ എസ് അംബിക എംഎൽഎ, എസ് പ്രവീൺചന്ദ്ര എന്നിവർ സംസാരിച്ചു
by Midhun HP News | Feb 21, 2025 | Latest News, ജില്ലാ വാർത്ത
ആശാൻ മെമ്മോറിയൽ ആർട്ട്സ് ആന്റു സ്പോർട്ട്സ് ക്ലബ്ബ് (എ എം എ എസ് സി) സംഘടിപ്പിച്ച “വിളവു കൂടുതൽ ലഭിക്കാൻ എങ്ങനെ കൃഷി ചെയ്യാം” എന്ന വിഷയത്തെ ആസ്പദമാക്കി എ എം എ എസ് സി ഓഫീസിൽ വെച്ച് ചിറയിൻകീഴു കൃഷി ഓഫീസർ ജയകുമാർ ക്ലാസെടുത്തു. ക്ലാസിനുശേഷം ചിറയിൻകീഴ് 1155 -)o നമ്പർ സർവിസ് ബാങ്ക് നൽകിയ 500 ഓളം പച്ചക്കറി തൈകളും കൃഷിഭവൻ നൽകിയ പച്ചക്കറി വിത്തുകളും പങ്കെടുത്ത കർഷകർക്ക് വിതരണം ചെയ്തു.
പ്രസിഡന്റു ഭാഗി അശോകൻ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി ദിനേഷ്. കെ.സ്വാഗതം ആശംസിച്ചു. ട്രഷർ ചന്ദ്ര സേനൻ, ഭാരവാഹികൾ ആയ ജേയിലാൽ, സതീശൻ, ബീജ, രാജൻ എന്നിവരോടൊപ്പം അൻപതോളം വരുന്ന വീട്ടമ്മമാരും ക്ലാസിൽ പങ്കെടുത്തു.
by Midhun HP News | Feb 21, 2025 | Latest News, ജില്ലാ വാർത്ത
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടർക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നതായി പരാതി. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോ സഫീല്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തുന്നുവെന്നാണ് പരാതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോ സഹീദക്കെതിരെയാണ് യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡണ്ട് യുഎ റസാഖ് പരാതി നൽകിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും സഹിതമാണ് യുഎ റസാഖ് ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയത്.
ഡോ സഹീദയുടെ രാത്രി ഡ്യൂട്ടി ഭർത്താവ് സഫീലാണ് ചെയ്യുന്നതെന്നാണ് പരാതിയിൽ പറയുന്നത്. ഡോ സഹീദ രാത്രി കുഞ്ഞിന് മുലയൂട്ടാൻ പോകുമ്പോൾ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഭർത്താവ് സഫീൽ രോഗികളെ ചികിത്സിച്ചതെന്നാണ് തിരൂരങ്ങാടി താലൂക്ക് ആശുപതി സൂപ്രണ്ടിൻ്റെ വിശദീകരണം. ഭർത്താവ് സഫീൽ ഗവൺമെൻ്റ് ഡോക്ടർ തന്നെയാണെന്നും സൂപ്രണ്ട് പറയുന്നു. അതേസമയം, പരാതിയിൽ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിഎംഒ പ്രതികരിച്ചു.
by Midhun HP News | Feb 21, 2025 | Latest News, ജില്ലാ വാർത്ത
കഴക്കൂട്ടം ഗവൺമെന്റ് വനിത ഐ.ടി.ഐ യിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിൽ മുസ്ലീം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 6ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരി പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
യോഗ്യതകൾ : ബി.വോക് / ഡിഗ്രി ഇൻ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ / എ.ഐ.സി.ടി.ഇ / യു.ജി.സി അംഗീകാരമുള്ള കോളേജ് / യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനോടൊപ്പം ഒരു വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ 3 വർഷത്തെ ഡിപ്ലോമ കോഴ്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / എ.ഐ.സി.ടി.ഇ അംഗീകാരമുള്ള ബോഡ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷനിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഡി.ജി.ടി യിൽ നിന്നും അഡ്വാൻസ്ഡ് ഡിപ്ലോമയും (വൊക്കേഷണൽ) രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി പാസായിരിക്കുകയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2418317.
Recent Comments