‘ഒപ്പമുണ്ട് കൂട് ഒരുക്കാൻ’; ഉമ്മൻചാണ്ടിയുടെ നാമധേയത്തിൽ സ്നേഹഭവനമൊരുക്കി

‘ഒപ്പമുണ്ട് കൂട് ഒരുക്കാൻ’; ഉമ്മൻചാണ്ടിയുടെ നാമധേയത്തിൽ സ്നേഹഭവനമൊരുക്കി

കലാനികേതൻ സാംസ്കാരിക സമിതിയും കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷനും സംയുക്തമായി നിർധനരും നിരാലംബരുമായ കഠിനംകുളം പഞ്ചായത്തിലെ ആറാം വാർഡിൽ കമ്പിക്കകത്ത് താമസിക്കുന്ന പരേതനായ അബ്ദുൽ വാഹിദിന്റെ അനാഥരായ കുടുംബത്തിന്- കണിയാപുരം മുസ്ലിം ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ആമിനയ്ക്കും, ആസിഫിനും അടച്ചുറപ്പുള്ള വീട് ഉമ്മൻചാണ്ടിയുടെ നാമധേയത്തിൽ നിർമ്മിച്ചു നൽകി.

ഈ ഏഴാമത്തെ ഭവനത്തിന്റെ താക്കോൽദാനം മുൻമന്ത്രിഎം എം ഹസ്സൻ നിർവഹിച്ചു. കലാനികേതൻ സാംസ്കാരിക സമിതിയുടെ ചെയർമാൻ എം.എ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ചാണ്ടി ഉമ്മൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മറിയാമ്മ ഉമ്മൻ, ഡോക്ടർ ബി എസ് ബാലചന്ദ്രൻ, എം ആർ തമ്പാൻ, കഴക്കൂട്ടം എസിപി പി.നിയാസ്, എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ ജെ.ഷാഫി, കണിയാപുരം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൻവറുദീൻ അൻവരി, സബ് ഇൻസ്പെക്ടർ. ഉറൂബ്, കലാനികേതൻ സെക്രട്ടറി ടി. നാസർ, സഞ്ജു, പഞ്ചായത്ത് അംഗങ്ങളായ ബിസി അജയരാജ്, പെരുംകുളം അൻസർ, ശ്രീചന്ദ്.എസ്, എ.എം.റാഫി, തൻസീർ, മണ്ണിൽ അഷ്റഫ്, അസിം, നിസാം, മുജീബ്, നൈസാം, സമദ്, ബിനീഷ്, രാഹുൽ, മോനിഷ്, ആന്റോ, ഷാനി തുടങ്ങിയവർ പങ്കെടുത്തു.

വട്ടപ്പാറ പെരുംകൂരിൽ വീടും കടയും കത്തിനശിച്ചു

വട്ടപ്പാറ പെരുംകൂരിൽ വീടും കടയും കത്തിനശിച്ചു

വട്ടപ്പാറ പെരുംകൂർ ഗാലക്സി ഓഡിറ്റോറിയത്തിനു സമീപം ഷാജിദയുടെ വീടും ചേർന്നുള്ള കടയും കത്തി നശിച്ചു. പെരുംകൂർ നാലുസെന്റിൽ വൈശാഖിന്റെ കടയ്ക്കുള്ളിലുണ്ടായിരുന്ന അനുബന്ധ ഉപകരണങ്ങളെല്ലാം കത്തിനശിച്ചു. 50,000 രൂപയുടെ നഷ്ടമുണ്ടായതായാണ് പറയുന്നത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് ആയിരുന്നു സംഭവം. ഷാജിദ ബന്ധുവീട്ടിലായതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും നെടുമങ്ങാടുനിന്നും വെഞ്ഞാറമൂടുനിന്നും എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്നാണ് തീയണച്ചത്.

അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചു; ഇസ്രയേൽ സ്വദേശി പിടിയിൽ

അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചു; ഇസ്രയേൽ സ്വദേശി പിടിയിൽ

അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസുമായി ബന്ധപ്പെട്ട് ഇസ്രായേൽ സ്വദേശിയെ പോലീസ് പിടികൂടി. ഇസ്രായേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് സാറ്റലൈറ്റ് ഫോണുമായി പിടികൂടിയത്.

ഇസ്രായേലിൽ നിന്നും കുമരകത്ത് എത്തിയ ഇയാൾ അവിടെനിന്ന് തേക്കടിയിലേക്ക് ഭാര്യയുമായി പോകുന്ന യാത്രാമധ്യേ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് ഇന്റലിജൻസ് വിഭാഗം മുഖേന പോലീസിന് വിവരം ലഭിക്കുകയും തുടർന്ന് ഇയാളെ മുണ്ടക്കയത്ത് വച്ച് പിടികൂടുകയുമായിരുന്നു.

ഇന്റലിജൻസും, എൻഐഎയും,പോലീസും ഇയാളെ ചോദ്യം ചെയ്യുകയും, സാറ്റലൈറ്റ് ഫോൺ പിടിച്ചെടുത്ത് മറ്റ് നിയമ നടപടികൾക്ക് ശേഷം സ്വന്തം ജാമ്യത്തിൽ വിടുകയുമായിരുന്നു.

തിരുവനന്തപുരത്ത് ഒൻപതാം ക്ലാസ് വിദ്യാര്‍ഥി വീട്ടിൽ മരിച്ച നിലയില്‍; കഴുത്തിന്റെ ഒരു ഭാഗത്ത് മുറിവ്

തിരുവനന്തപുരത്ത് ഒൻപതാം ക്ലാസ് വിദ്യാര്‍ഥി വീട്ടിൽ മരിച്ച നിലയില്‍; കഴുത്തിന്റെ ഒരു ഭാഗത്ത് മുറിവ്

തിരുവനന്തപുരം: വെങ്ങാനൂര്‍ നരുവാമൂട്ടില്‍ വിദ്യാര്‍ഥി വീടിനുള്ളില്‍ മരിച്ചനിലയില്‍. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അലോക് നാദിനെയാണ് (14) കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിന്റെ ഒരു ഭാഗത്ത് മുറിവുണ്ട്.

ഇന്ന് രാവിലെയാണ് സംഭവം. അലോക് നാദ് മുകളിലത്തെ നിലയിലെ മുറിയിലാണ് പതിവായി കിടക്കുന്നത്. ഇന്നലെ രാത്രി പതിവ് പോലെ കിടക്കാന്‍ പോയ അലോക് നാദ് ഇന്ന് രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും എഴുന്നേറ്റ് വരാതിരുന്നതിനെ തുടര്‍ന്ന് മുറിയില്‍ പോയി നോക്കുമ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടത്. കുട്ടിയുടെ അച്ഛന്‍ വിദേശത്താണ്.

അമ്മയും സഹോദരിയും അലോക് നാദിനെ അന്വേഷിച്ച് മുറിയില്‍ എത്തിയപ്പോള്‍ കട്ടിലില്‍ അനങ്ങാതെ കിടക്കുകയായിരുന്നു കുട്ടി. ഉടന്‍ തന്നെ നാട്ടുകാരെ വിളിച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇതിനോടകം തന്നെ കുട്ടിയ്ക്ക് മരണം സംഭവിച്ചിരുന്നു.

കുട്ടിയുടെ ശരീരമാസകലം നീലനിറത്തിലാണ് കണ്ടത്. കഴുത്തിന്റെ ഒരു ഭാഗത്ത് ഒരു മുറിവും ഉണ്ട്. സംഭവത്തില്‍ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴുത്തില്‍ മുറിവ് എങ്ങനെ വന്നു എന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.

ബിജെപി കടയ്ക്കാവൂർ മണ്ഡലം ജനറൽ സെക്രട്ടറിയായി പൂവണത്തുംമൂടുമണികണ്ഠനെ  നിയമിച്ചു

ബിജെപി കടയ്ക്കാവൂർ മണ്ഡലം ജനറൽ സെക്രട്ടറിയായി പൂവണത്തുംമൂടുമണികണ്ഠനെ നിയമിച്ചു

ബിജെപി കടയ്ക്കാവൂർ മണ്ഡലം ജനറൽ സെക്രട്ടറിയായി പൂവണത്തുംമൂടുമണികണ്ഠനെ നിയമിച്ചു. നിലവിൽ മുദാക്കൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയാണ്.

‘കളിയും ജീവനും സേവ് ചെയ്യും’; രഞ്ജിയിലെ ഹെല്‍മറ്റ് ക്യാച്ച് വിഡിയോ പങ്കുവെച്ച് കേരള പൊലീസിന്റെ മുന്നറിയിപ്പ്

‘കളിയും ജീവനും സേവ് ചെയ്യും’; രഞ്ജിയിലെ ഹെല്‍മറ്റ് ക്യാച്ച് വിഡിയോ പങ്കുവെച്ച് കേരള പൊലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയ ക്യാച്ചില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് വ്യത്യസ്ത ബോധവത്കരണവുമായി കേരള പൊലീസ്. ബാറ്റര്‍ക്ക് തൊട്ടുമുന്നില്‍ ഫീല്‍ഡ് ചെയ്ത കേരളത്തിന്റെ സല്‍മാന്‍ നിസാര്‍ ധരിച്ച ഹെല്‍മറ്റില്‍ തട്ടി പന്ത് അടുത്ത ഫീല്‍ഡര്‍ പിടിച്ചതോടെയാണ് കേരളം അപ്രതീക്ഷിത വിജയം നേടിയത്. ഇതില്‍ ഹെല്‍മറ്റില്‍ തട്ടി പന്തുയര്‍ന്ന വിഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കൊണ്ടാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

‘കളിയും ജീവനും സേവ് ചെയ്യും ഹെല്‍മറ്റ്, ഫീല്‍ഡിലായാലും റോഡിലായാലും ഹെല്‍മറ്റ് നിര്‍ബന്ധം’ എന്ന കുറിപ്പോടെയാണ് മുന്നറിയിപ്പ് വിഡിയോ നല്‍കിയത്. റോഡില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കാനാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായ ഈ ഔട്ടിന്റെ വിഡിയോ കേരള പൊലീസ് പങ്കുവെച്ചത്.