വാഹന നികുതി കുടിശിക; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31ന് അവസാനിക്കും

വാഹന നികുതി കുടിശിക; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31ന് അവസാനിക്കും

തിരുവനന്തപുരം: വാഹന നികുതി കുടിശികയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2025 മാര്‍ച്ച് 31ന് അവസാനിക്കും. മോട്ടോര്‍ വാഹന നികുതി കുടിശിക വാഹനങ്ങള്‍ക്കും പൊളിച്ചു പോയ വാഹനങ്ങള്‍ക്കുമുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയാണ് അടുത്ത മാസം 31ന് അവസാനിക്കുന്നത്.

2020 മാര്‍ച്ച് 31 ന് ശേഷം നികുതി അടച്ചിട്ടില്ലാത്തതും, 2024 മാര്‍ച്ച് 31ന് നാലുവര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശിക ഉള്ള വാഹന ഉടമകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് നാലുവര്‍ഷത്തെ അടയ്‌ക്കേണ്ടുന്ന നികുതിയുടെ 30 % ശതമാനവും സ്വകാര്യ വാഹനങ്ങള്‍ക്ക് 40 ശതമാനവും നികുതി ഒടുക്കി നികുതി ബാധ്യതകളില്‍ നിന്ന് ഒഴിവാകുന്നതിനുള്ള അവസാന അവസരമാണിത്.

ചൂരല്‍ മലയില്‍ പുതിയ പാലം നിര്‍മിക്കും; 35 കോടിയുടെ പദ്ധതി

ചൂരല്‍ മലയില്‍ പുതിയ പാലം നിര്‍മിക്കും; 35 കോടിയുടെ പദ്ധതി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരല്‍മല പാലം പുതുതായി നിര്‍മിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതിനായി 35 കോടി രൂപയുടെ പദ്ധതിക്കുള്ള നിര്‍ദേശം അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. ചൂരല്‍മല ടൗണില്‍നിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പുതിയ പാലം പണിയുക.

കഴിഞ്ഞ ദുരന്തകാലത്ത് പുഴയില്‍ ഉയര്‍ന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാള്‍ ഉയരത്തിലായിരിക്കും പാലം പണിയുക. പാലത്തിന്റെ ആകെ നീളം 267.95 മീറ്ററായിരിക്കും. പുഴയുടെ മുകളില്‍ 107 മീറ്ററും ഇരു കരകളിലേക്കും 80 മീറ്റര്‍ നീളവും പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിര്‍മിക്കുന്നതിനാലാണ് ഇരു കരകളിലേക്കും 80 മീറ്റര്‍ നീളത്തില്‍ പാലം പണിയുന്നത്.

വെള്ളത്തില്‍ തൂണുകളുണ്ടാവില്ല. പകരം ഇരു കരകളിലുമാണ് പാലത്തിന്റെ അടിസ്ഥാനം നിര്‍മിക്കുക. കഴിഞ്ഞ ജൂലൈ 30-നാണ് ഉരുള്‍പൊട്ടലിനെത്തുര്‍ന്ന് മുണ്ടക്കൈയെയും ചൂരല്‍മലയെയും പരസ്പരം ബന്ധിപ്പിച്ചിരുന്ന പാലം ഒലിച്ചുപോയത്.

ആറ്റിങ്ങലിൽ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

ആറ്റിങ്ങലിൽ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി 7 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. നഗരപരിധിയിൽ നദീതീര വാർഡുകളോട് ചേർന്നുള്ള കൃഷിയിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഹെൽത്ത് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നത്. കൂട്ടമായും ഒറ്റതിരിഞ്ഞുമായി കണ്ടെത്തിയ പന്നികളെ ഫോറസ്റ്റ് എംപാനൽ ഷൂട്ടർമാരുടെ സഹായത്തോടെ വെടിവെച്ചു കൊന്നു.

ചത്ത പന്നികളെ സർക്കാർ മാനദണ്ഡ പ്രകാരം അണുനശീകരണ മിശ്രിതങ്ങൾ വിതറി കുഴിച്ചിട്ടു. ഹെൽത്ത് സൂപ്പർവൈസർ എം.ആർ. റാംകുമാർ, ഇൻസ്പെക്ടർ ഗണേഷ്കുമാർ, ജൂനിയർ ഇൻസ്പെക്ടർ ബിജു, രാഖിമോഹൻ, സെലീന, ശുചീകരണ ജീവനക്കാരായ ശശികുമാർ, അജി, മനോജ്, രാജീവ്, ബെൻസി തുടങ്ങിയവർ സ്‌ക്വാഡിലുണ്ടായിരുന്നു.

പിഎസ് സി അംഗങ്ങള്‍ക്ക് ശമ്പള വര്‍ധന; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

പിഎസ് സി അംഗങ്ങള്‍ക്ക് ശമ്പള വര്‍ധന; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ് സി ചെയര്‍മാന്റെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് മന്ത്രിസഭാ യോഗ തീരുമാനം.

വ്യാവസിക ട്രിബ്യൂണലുകളില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍മാരുടെ ശമ്പളവും അലവന്‍സുകളും സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടേതിന് സമാനമായി പരിഷ്‌ക്കരിക്കാനും തീരുമാനിച്ചു. മറ്റു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ചുവടെ:

ആശാ തോമസ് കെ – റെറ ചെയര്‍പേഴ്‌സണ്‍

കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ചെയര്‍പേഴ്‌സണായി ഡോ. ആശാ തോമസ് ഐ എ എസിനെ നിയമിക്കും.

പട്ടയം നല്‍കും

മലപ്പുറം കൊണ്ടോട്ടി താലൂക്കില്‍ പുറമ്പോക്കില്‍ ദീര്‍ഘകാലമായി താമസിച്ചു വരുന്ന 23 കൈവശക്കാര്‍ക്ക് ഭൂമിയിലെ ധാതുക്കളുടെ പൂര്‍ണമായ അവകാശം സര്‍ക്കാരിനായിരിക്കുമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി പട്ടയം നല്‍കും.

കരാര്‍ അംഗീകരിച്ചു

കണ്ണൂര്‍ ജില്ലയില്‍ കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന പേരാവൂര്‍ മുഴക്കുന്ന്, അയ്യന്‍കുന്ന് ജലവിതരണ പദ്ധതിയുടെ പാക്കേജ് കകക ല്‍ ഉള്‍പ്പെട്ട ഉന്നതതല സംഭരണി, ഗ്രാവിറ്റി മെയിന്‍, പൈപ്പ് ലൈന്‍ പ്രവൃത്തിക്കുള്ള കരാര്‍ അംഗീകരിക്കുന്നതിനുള്ള അനുമതി കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ക്ക് നല്‍കി.

സര്‍ക്കാര്‍ ഗ്യാരണ്ടി

കേരള സ്റ്റേറ്റ് ടെക്‌സ്റ്റെയില്‍ കോര്‍പ്പറേഷന്റെ യൂണിറ്റ് മില്ലുകളായ കോട്ടയം ടെക്‌സ്റ്റെയില്‍സിനും പ്രഭുറാം മില്ലിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും കടമെടുത്ത 180 ലക്ഷം പ്രവര്‍ത്തന മൂലധന വായ്പയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി കാലയളവ് 01/01/2025 മുതല്‍ രണ്ട് വര്‍ഷത്തേക്ക് നീട്ടി നല്‍കും.

ദര്‍ഘാസ് അംഗീകരിച്ചു

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ മണക്കാട്-വലിയതുറ റോഡ്, ഭീമാപ്പള്ളി-വലിയതുറ റോഡ് , വലിയതുറ -എയര്‍ പോര്‍ട്ട് റോഡ് എന്നിവയുടെ പുനരുദ്ധാരണ പ്രവൃത്തിക്കായുള്ള 8,30,41,042.53 രൂപയുടെ ദര്‍ഘാസ് അംഗീകരിച്ചു.

‘തുമ്പിക്കൈ കൊണ്ട് ചേര്‍ത്തുപിടിച്ചാണ് കൊമ്പനെ ഗണപതി കൊണ്ടുവന്നത്; ഇത്രവലിയ ആത്മബന്ധം പ്രതീക്ഷിച്ചില്ല’- വിഡിയോ

പാട്ട നിരക്കില്‍ ഭൂമി

മത്സ്യബന്ധന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റിക്ക് ഓഷ്യനേറിയം സ്ഥാപിക്കുന്നതിന് ഏറണാകുളം പുതുവൈപ്പ് വില്ലേജില്‍ ഏക്കര്‍ ഒന്നിന് 1000 രൂപ വാര്‍ഷിക പാട്ട നിരക്കില്‍ ഭൂമി നല്‍കും.

സാധൂകരിച്ചു

എക്‌സൈസ് വകുപ്പിലെ എന്‍ട്രി കേഡറിലെ ഡ്രൈവര്‍ തസ്തിക പുനര്‍നാമകരണം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ച നടപടി സാധൂകരിച്ചു.

നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായ ഫണ്ട് നൽകി

നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായ ഫണ്ട് നൽകി

കടയ്ക്കാവൂർ: എസ് എസ് പി ബി ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ
കൂട്ടായ്മ ‘തിരികെ 2002’ വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് വസ്ത്രങ്ങളും, നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു. അധ്യാപകരെ ആദരിക്കൽ, നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായ ഫണ്ട് നൽകൽ എന്നിവയും നടന്നു.

തൊപ്പിച്ചന്ത ഇന്ദിര റിജൻസി ആഡിറ്റോറിയത്തിൽ നടന്ന കൂട്ടായ്മയിൽ പൂർവ്വ വിദ്യാർത്ഥിയും പ്രവാസിയുമായ എ അനസ്ഖാൻ അധ്യക്ഷത വഹിച്ചു. റിട്ട. മുൻ ഹെഡ്മിസ്ട്രസ് സുധർമ്മിണി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സജിത എസ് നായർ, സുരേഷ് കുമാർ, വിജയകുമാർ, ശോഭ എസ് കെ, റസൂൽ ഷാൻ, ഗോപാലൻ, അജിത് കുമാർ എന്നിവർ സംസാരിച്ചു. നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകുന്നതിന് 25,000 രൂപ ഹെഡ്മിസ്ട്രസ് സജിത എസ് നായർക്ക് കൈമാറി, സുമിതാ ഷാജിസ്വാഗതവും, നിതിൻ നന്ദിയും പറഞ്ഞു.

റംസാൻ ബ്രോഷർ പ്രകാശനം ചെയ്തു

റംസാൻ ബ്രോഷർ പ്രകാശനം ചെയ്തു

തിരു: പരിശുദ്ധമായ പുണ്യ റംസാൻ ശരീരശുദ്ധിക്കും വിശ്വാസരീതിക്കും ഉതകുന്നുവെന്ന് അനന്തപുരി ഹോസ്പിറ്റൽ ചെയർമാൻ ഡോ:മാർത്താണ്ഡപിള്ള അഭിപ്രായപ്പെട്ടു. ഇൻഡോ-അറബ് ഫ്രണ്ട്ഷിപ്പിൻ്റെ റംസാൻ റംസാൻ ബ്രോഷർ വിളപ്പിൽശാല കലാപ്രേമി പ്രസ് സെൻ്റെറിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ബ്രോഷർ സെൻ്റർ സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു ഏറ്റുവാങ്ങി. പ്രേംനസീർ സുഹൃത് സമിതി ഭാരവാഹികളായ തെക്കൻസ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, സെൻ്റർ ഭാരവാഹികളായ എം.കെ. അഷ്റഫ്, പന്നിത്തടം കരീം, നാസർ കൊച്ചി, സുധീർ, അസീസ് മട്ടാഞ്ചേരി, കലാപ്രേമി മാഹീൻ, എസ്. കമാലുദീൻ, ബീമാപള്ളി ഗുലാബ് മുഹമ്മദ് എന്നിവർ സംബന്ധിച്ചു.