by Midhun HP News | Feb 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
നിർദ്ദേശങ്ങൾ
* പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കുടിവെള്ളം കയ്യിൽ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
by Midhun HP News | Feb 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പീഡനക്കേസില്‍ നടന്‍ സിദ്ദിഖിനെതിരെ തെളിവുണ്ടെന്ന് പൊലീസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന കേസില്‍ ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉണ്ടെന്ന് പൊലീസ് പറയുന്നു. ഇക്കാര്യം വ്യക്തമാക്കി ഉടന്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.
2016 ജനുവരി 28ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ് പീഡിപ്പിച്ചത്. യുവനടി ഹോട്ടലില്‍ എത്തിയ ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉണ്ട്. പീഡിപ്പിക്കപ്പെട്ട ശേഷം യുവതി എറണാകുളത്ത് ചികിത്സ തേടിയതിനും തെളിവ് ലഭിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുമ്പ് തന്നെ നടി പീഡന വിവരം പറഞ്ഞതിന് തെളിവുകള്‍ ഉണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്.
തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് സിദ്ദിഖ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചില സാഹചര്യത്തെളിവുകള്‍ കണ്ടെത്തിയിരുന്നു. കേസില്‍ കര്‍ശന ഉപാധികളോടെ സിദ്ധിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
by Midhun HP News | Feb 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളും വീടുകളും മറ്റു സ്ഥലങ്ങളും സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശാനുസരണം എസ്ഐമാർ പരിശോധിച്ചു. ഇന്നലെ പുലർച്ചെ മുതലാണു സിറ്റി പരിധിയിൽ 306 ക്യാമ്പുകളിൽ പരിശോധന നടത്തിയത്. മിക്കയിടങ്ങളിൽ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ലഹരി വസ്തുക്കളും കണ്ടെത്തി. വരും ദിവസങ്ങളിലും സമാനരീതിയിലുള്ള പരിശോധന സംഘടിപ്പിക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് 54 കേസുകളാണ് വിവിധ സംഭവങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഏറെയും നിരോധിത പുകയില ഉത്പന്നങ്ങൾ കൈവശം വച്ചതിനാണ്. ഇതര സംസ്ഥാനക്കാരെ ചോദ്യം ചെയ്തതിൽ നിന്നും നഗരത്തിലെ ചില കച്ചവട സ്ഥാപനങ്ങളുടെ വിവരം ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഹാൻസ് ,കൂൾ, ഗണേഷ്, തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ച് നൽകുന്നതും ഇവരാണെന്നും വിവരം ലഭിച്ചു. ഇത് കണക്കിലെടുത്ത് വരും ദിവസങ്ങളിലും പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.
by Midhun HP News | Feb 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണത്ത് പതിനൊന്ന് വയസുകാരി തൂങ്ങി മരിച്ച നിലയില്‍. കുട്ടിയെ വീട്ടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലില്‍ കെട്ടിയ റിബണ്‍ കഴുത്തില്‍ കുരുക്കിട്ട നിലയിലായിരുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് സംഭവം. കളിക്കുന്നതിനിടെ ആത്മഹത്യ അഭിനയിച്ചപ്പോള്‍ സംഭവിച്ചതാകാമെന്നാണ് സൂചന.
ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവം. ഇളയ കുട്ടിയാണ് വിവരം അയല്‍ക്കാരെ അറിയിച്ചത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരെത്തി റിബണ്‍ മുറിച്ച് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടികള്‍ തമ്മില്‍ കളിക്കുന്നതിനിടെ സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Feb 16, 2025 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കല്ലമ്പലത്ത് യുവതിയും യുവാവും പിടിയിൽ. ദീർഘദൂര സ്വകാര്യ ടൂറിസ്റ്റ് ബസ്സിൽ നിന്നും വന്നിറങ്ങിയ യുവതി അടക്കമുള്ള രണ്ടുപേരാണ് പിടിയിലായത്.
ചെറിയന്നിയൂർ താന്നിമൂട് കൊടിവിളാകത്ത് ദീപു (24), ചെറുന്നിയൂർ താന്നിമൂട് രാജാമണിയിൽ അഞ്ജന(30) എന്നിവരാണ് തിരുവനന്തപുരം റൂറൽ ജില്ലാ ഡാൻസാഫ് ടീമിന്റെ പിടിയിലായത്.
ഇപ്പോൾ പിടിയിലായ ദീപുവിൻറെ പെൺ സുഹൃത്തായ അഞ്ജനയാണ് മയക്കുമരുന്ന് കടത്തിയതിന്റെ മുഖ്യ ആസൂത്രക എന്ന് പോലീസ് അറിയിച്ചു. ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിൽ ആയിരുന്ന ഇവരെ ഡാൻസാഫ് ടീം തന്ത്രപൂർവ്വം പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ബാംഗ്ലൂരിൽ നിന്നും വന്ന ടൂറിസ്റ്റ് ബസ്സിൽ കല്ലമ്പലത്ത് ഇറങ്ങി വർക്കലയ്ക്ക് പോകാൻ നിൽക്കവേയാണ് ഡാൻസാഫ് ടീം പിടികൂടിയത്. പിടിയിലായ ദീപു വർക്കല പോലീസിൽ നേരത്തെയും സമാന കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇവരുടെ ദേഹ പരിശോധന നടത്തിയതിൽ നിന്നും 25 ഗ്രാം തൂക്കം വരുന്ന രാസ ലഹരി വസ്തുവായ് എം ഡി എം എ കണ്ടെടുത്തു.ജില്ലാ റൂറൽ ഡാൻസാഫ് എസ്.ഐ മാരായ സഹിൽ, ബിജു. ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിന്തുടർന്ന് പിടികൂടിയത്.
by Midhun HP News | Feb 16, 2025 | Latest News, ജില്ലാ വാർത്ത
ആലംകോട് ഗവ.എൽപി.എസ്.ന്റെ 115-ാമത് വാർഷികാഘോഷം ‘കൊട്ടും പാട്ടും 2k25′ ഫെബ്രുവരി 18 ചൊവ്വാഴ്‌ച രാവിലെ 10 മണിമുതൽ ആലംകോട് ഹാരിസൺ പ്ലാസ്സയിൽവച്ച് നടത്തുന്നു. വൈകുന്നേരം 4 മണിക്ക് ആറ്റിങ്ങൽ നഗരസഭചെയർപേഴ്‌സൺ അഡ്വ.എസ്. കുമാരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ആറ്റിങ്ങൽ എം.എൽ.എ. ഒ.എസ്.അംബിക ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ ആറ്റിങ്ങൽ എം.പി. അടൂർപ്രകാശ് മുഖ്യാതിഥിയാകും.
ആഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളുടെ സർഗ്ഗപരിപാടികൾ, സ്‌കൂൾ മാഗസിൻ, സ്‌കൂൾ പത്രം പ്രകാശനം, ഒന്നാംക്ലാസ്സ’ കൂട്ടുകാരുടെ കൈയ്യെഴുത്ത് പ്രകാശനം, പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് മൊമൻറോ വിതരണം എന്നിവയും സംഘടിപ്പിക്കും.
Recent Comments