by Midhun HP News | Feb 15, 2025 | Latest News, ജില്ലാ വാർത്ത
പിണറായി വിജയന്റെ ഭരണത്തിന് കീഴിൽ നാട്ടില്‍ സമ്പൂര്‍ണ അരാജകത്വമാണെന്നും രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും കലാലയങ്ങളിലെ ക്രൂരതയും നിലവാരത്തകര്‍ച്ചയും മൂലം കുട്ടികള്‍ നാടുവിടുകയാണെന്നും മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ.
പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവയ്ക്കുന്ന വികസന രാഷ്ട്രീയവും പ്രീണന വിരുദ്ധ രാഷ്ട്രീയവും ബിജെപി പ്രവർത്തകർ കേരളത്തിലെ ജനതയെ ബോധ്യപ്പെടുത്തണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വലിയ വിജയം, ക്യാപ്സൂളുകൾ വഴി വരുന്നതല്ല. വിജയത്തിന് പിന്നിൽ പ്രാദേശിക തലംമുതല്‍ നേതാക്കളുടെ കഠിനാധ്വാനമുണ്ട്. സോഷ്യൽ മീഡിയക്കപ്പുറം ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാൻ ഒരോരുത്തരും തയ്യാറകണമെന്നും വി.മുരളീധരൻ പറഞ്ഞു. ആറ്റിങ്ങലിൽ ബിജെപി തിരുവനന്തപുരം നോർത്ത് ജില്ലാപ്രസിഡന്‍റ് എസ്.ആർ.റജികുമാർ ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
by Midhun HP News | Feb 15, 2025 | Latest News, ജില്ലാ വാർത്ത
ഫെബ്രുവരി 17, 18 തീയതികളിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ വച്ച് സൗജന്യ ഗർഭാശയഗള – സ്ഥാനാർബുദ നിർണ്ണായ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.
by Midhun HP News | Feb 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ‘വെര്‍ച്വല്‍ അറസ്റ്റ്’ തട്ടിപ്പിനിരയായി 52കാരന് 1.84 കോടി രൂപ നഷ്ടമായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസിനാണ് അന്വേഷണച്ചുമതല. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കവടിയാര്‍ സ്വദേശി പിഎന്‍ നായര്‍ക്കാണ് പണം നഷ്ടമായത്. സിബിഐ ഓഫീസര്‍ ചമഞ്ഞ് വിഡിയോ കോളില്‍ ഭീഷണിപ്പെടുത്തി 24 ദിവസത്തോളം വെര്‍ച്വല്‍ അറസ്റ്റിലാക്കിയാണ് പണം തട്ടിയത്.
ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലുള്ള ഓഫീസില്‍ നിന്നാണെന്നു പരിചയപ്പെടുത്തിവന്ന ഫോണ്‍കോളിലായിരുന്നു തട്ടിപ്പിന്റെ തുടക്കം. അശോക് ഗുപ്ത ഒന്നാം പ്രതിയായുള്ള കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയാക്കിയിട്ടുണ്ടെന്നും കോള്‍ സിബിഐ ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറുകയാണെന്നും പറഞ്ഞു. തുടര്‍ന്ന് സിബിഐ ഉദ്യോഗസ്ഥന്‍ എന്നുഭാവിച്ച് ഒരാള്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പരാതിക്കാരനെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ച ശേഷം ബാങ്ക് പാസ്ബുക്കുകളും മറ്റും അയക്കാന്‍ ആവശ്യപ്പെട്ടു. പരാതിക്കാരനു ബാങ്കില്‍ സ്ഥിരനിക്ഷേപം ഉണ്ടെന്നു മനസിലാക്കിയ തട്ടിപ്പുസംഘം പണം നിയമവിധേയമാണോ എന്ന് പരിശോധിക്കണമെന്നും അല്ലെങ്കില്‍ കേസ് എടുക്കുമെന്നും പറഞ്ഞു. പ്രതിയാകുമെന്ന് ഭയന്ന് ഇവര്‍ പറഞ്ഞ പ്രകാരം പരാതിക്കാരന്‍ പണം അയച്ചുകൊടുക്കുകയായിരുന്നു. 50 ലക്ഷം രൂപ ബാങ്കില്‍ നിന്നും ലോണ്‍ എടുത്താണ് കൈമാറിയതെന്നും സൈബര്‍ ക്രൈം പൊലീസ് പറഞ്ഞു. ജനുവരി 14മുതല്‍ ഫെബ്രുവരി ഏഴുവരെയാണ് പരാതിക്കാരനെ വെര്‍ച്വല്‍ അറസ്റ്റിലാണെന്നു വിശ്വസിപ്പിച്ച് കബളിപ്പിച്ചത്.
തട്ടിപ്പിന് ഇരയായ വിവരം തിരിച്ചറിഞ്ഞ പരാതിക്കാരന്‍ വ്യാഴാഴ്ചയാണ് പരാതി നല്‍കിയത്. പണം കൈമാറിയ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും തട്ടിപ്പുകാര്‍ ബന്ധപ്പെട്ട മൊബൈല്‍ ഫോണ്‍ നമ്പറുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം.
by Midhun HP News | Feb 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ മൂലധന നിക്ഷേപവായ്പ അനുവദിച്ച് കേന്ദ്രം. ടൗണ്‍ഷിപ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍ മതി. എന്നാല്‍ തുക മാര്‍ച്ച് 31നകം തുക ചെലവിടമെന്ന നിര്‍ദേശത്തോടെയാണ് സഹായം.
2024-25 സാമ്പത്തിക വര്‍ഷത്തേക്കാണ് വായ്പ അനുവദിച്ചിരിക്കുന്നതെന്നും പണം 2025 മാര്‍ച്ച് 31ന് മുന്‍പ് വിനിയോഗിക്കണമെന്നും കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നു.
കേരളം നല്‍കിയ കത്ത് പരിഗണിച്ചാണ് വായ്പ അനുവദിച്ചത്. എന്നാല്‍ പ്രഖ്യാപനം വൈകിപ്പോയെന്നും കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്ന സമപരിധിക്കുള്ളില്‍ പണം ചെലവഴിക്കുന്നത് എളുപ്പമല്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു.
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുണ്ടായ നഷ്ടം ഗ്രാന്റായാണ് സംസ്ഥാനം ആദ്യം ചോദിച്ചത്. ഒപ്പം വായ്പയും ചോദിച്ചിരുന്നു. എന്നാല്‍ വായ്പ മാത്രമാണ് ലഭിച്ചത്. വായ്പ തിരിച്ചടയ്ക്കുന്നത് കൂടാതെ പെട്ടെന്ന് തന്നെ ചെലവഴിച്ചാല്‍ മാത്രമെ തുക അനുവദിച്ച് കിട്ടുകയുള്ളൂവെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അനുവദിച്ച വായ്പയുടെ ചെലവുകണക്കുകള്‍ മാര്‍ച്ച് മാസത്തില്‍ തന്നെ അയയ്‌ക്കേണ്ടിവരും. കേന്ദ്ര പദ്ധതി പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സംബന്ധിച്ച് ഒരുമാസംകൊണ്ട് 16 പദ്ധതികള്‍ക്കും ചെലവ് കണക്കുകള്‍ കാണിക്കേണ്ടിവരുന്നത് പ്രതിസന്ധിയാണ്. ടൗണ്‍ഷിപ്പില്‍ റോഡ്, പാലം, സ്‌കൂള്‍ തുടങ്ങി ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി പണംവിനിയോഗിക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
by Midhun HP News | Feb 14, 2025 | Latest News, ജില്ലാ വാർത്ത
ശാന്തിഗിരി മെഡിക്കൽ സ്റ്റോറിന് സമീപം ഓട്ടോ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ റിമാൻഡിൽ. വെഞ്ഞാറമൂട് ഡിപ്പോയിലെ ബസ് ഡ്രൈവർ കാരേറ്റ് പേടിക്കുളം അമൽ സദനത്തിൽ മധുസൂദനന്റെ (54) പരാതിയിലാണ് നടപടി. ഓട്ടോഡ്രൈവർ കൊല്ലം അലക്കുഴി താഴെ കുന്നത്ത് വീട്ടിൽ അരവിന്ദിനെയാണ് (28) പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്.
പോത്തൻകോട് പൂലന്തറ ശാന്തിഗിരി മെഡിക്കൽ സ്റ്റോറിന് മുന്നിലായിരുന്നു സംഭവം. പോത്തൻകോട് റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി വെഞ്ഞാറമൂട് ഡിപ്പോയിലെ ജൻട്രം ബസാണ് അരവിന്ദ് ഓട്ടോ മുന്നിലിട്ട് തടഞ്ഞത്. ഡ്രൈവറെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്തു. ബസിന്റെ റിയർവ്യൂ മിറർ അടിച്ചു തകർക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ ഓട്ടോഡ്രൈവറെ പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തു. ഓട്ടോയും കസ്റ്റഡിയിലെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്ക് നേരത്തെ കേസുകളൊന്നുമില്ലെന്നും പെട്ടന്നുണ്ടായ പ്രകോപനമാകാം അക്രമകാരണമെന്നും പൊലീസ് പറയുന്നു.
by Midhun HP News | Feb 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബാലരാമപുരം അന്തിയൂർ അനീഷ് വധക്കേസിൽ രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും 25000 രൂപാ വീതം പിഴയും. കേസിൽ രണ്ടാം പ്രതിയായ ബാലരാമപുരം മുടവൂർപ്പാറ വെട്ടുവേലികുളം വയലിൽ വീട്ടിൽ ബിനുകുമാർ(53), മൂന്നാം പ്രതി കൂടല്ലൂർ കുഞ്ചുവീട്ടു വിളാകം വയലിൽ വീട്ടിൽ അനിൽകുമാർ (45) എന്നിവരെയാണ് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ എം ബഷീർ ആണ് ശിക്ഷ വിധിച്ചത്.
കേസിലെ ഒന്നാം പ്രതിയായ തോയ മണിയൻ എന്ന ജയകുമാർ (57) കേസിന്റെ അന്തിമവാദ സമയം കഴിഞ്ഞ ജനുവരിയിൽ മരിച്ചു. രണ്ടാം പ്രതി ബിനുവിന്റെ സഹോദരനാണ് ഒന്നാം പ്രതി ജയകുമാർ. 2019 നവംബർ 6നാണ് കേസിന് ആസ്പദമായ സംഭവം. ബാലരാമപുരം അന്തിയൂർ കോഴോട് അനീഷ് ഭവനിൽ വിദ്യാധരന്റെ മകൻ വിനീത് എന്ന അനീഷ് (32) ആണ് കൊല്ലപ്പെട്ടത്. സംഭവ ദിവസം രാത്രി 9.45ന് ഒന്നാം പ്രതിയായ ജയകുമാറിന്റെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. രണ്ടാം പ്രതി ബിനുകുമാറും, മൂന്നാം പ്രതി അനിൽകുമാറും ജയകുമാറിന്റെ അയൽവാസികളായിരുന്നു. അനീഷ് വിദേശത്തു നിന്നും മടങ്ങി വന്ന ശേഷം ബിനുവിന്റെ മകൻ പപ്പനുമായി ചേർന്ന് പ്ലബിംഗ് ജോലികൾ കരാർ അടിസ്ഥാനത്തിൽ ചെയ്തു വരിക ആയിരുന്നു.
ഭാര്യ ഉപേക്ഷിച്ചു പോയ കാര്യം പറഞ്ഞ് ജയകുമാറിനെ അനീഷ് സ്ഥിരം കളിയാക്കിയിരുന്നു. ഇതിൽ ജയകുമാറിന് അനീഷിനോട് വിരോധമുണ്ടായിരുന്നു. സംഭവ ദിവസം ജയകുമാർ താമസിച്ചു വന്നിരുന്ന വീട്ടിൽ പ്രതികളും കൊല്ലപ്പെട്ട അനീഷും ചേർന്ന് മദ്യപിക്കുമ്പോൾ അനീഷ് കളിയാക്കിയതിനെ തുടർന്ന് ഇരുവരും തമ്മിൽ കയ്യേറ്റമുണ്ടായി. തുടർന്ന് മൂന്നു പ്രതികളും ചേർന്ന് അനീഷിനെ മർദിച്ച് അവശനാക്കി. ബിനുവും അനിലും അനീഷിനെ ബലമായി പിടിച്ചുവയ്ക്കുകയും ജയകുമാർ കരുതി വച്ചിരുന്ന ഇരുമ്പ് ചുറ്റിക കൊണ്ട് അനീഷിന്റെ മുഖത്തും തലയ്ക്കും അടിച്ചു മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ ബിനുവിനും അനിലിനും മുഖത്ത് പരിക്കേറ്റിരുന്നു. അനീഷിന്റെ തലച്ചോറിന് ഉണ്ടായ ക്ഷതം ആണ് മരണകാരണം എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
കൊലയ്ക്കുപയോഗിച്ച ഇരുമ്പ് ചുറ്റിക കൃത്യത്തിന് ശേഷം പ്രതികൾ വീടിനു ചേർന്നുള്ള കാനലിൽ ഒളിപ്പിച്ചിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന ഈ കേസിൽ പൂർണമായും ശാസ്ത്രീയവും സാഹചര്യ തെളിവുകളും മാത്രമാണ് പോലീസ് ആശ്രയിച്ചിരുന്നത്. അനീഷിന്റെ മൃതദേഹത്തിന് സമീപം ഉണ്ടായിരുന്ന ഒരു മദ്യ കുപ്പിയിൽ നിന്നും ഒന്നാം പ്രതി ജയകുമാറിന്റെ വിരലടയാളം കിട്ടിയിരുന്നു. കൂടാതെ സമീപത്തു കിടന്നിരുന്ന അഞ്ചു പല്ലുകളിൽ ഒരെണ്ണം രണ്ടാം പ്രതി ബിനുകുമാറിന്റേതാണെന്നു ഫോറെൻസിക് ഡിപ്പാർട്മെന്റിൽ നടന്ന ഡി എൻ എ പരിശോധനയിൽ തെളിഞ്ഞു. സമീപത്തു ഉണ്ടായിരുന്ന സ്റ്റീൽ പാത്രത്തിൽ നിന്നും കിട്ടിയ വിരലടയാളം മൂന്നാം പ്രതി അനിൽകുമാറിന്റേതാണെന്ന് കണ്ടെത്തി.
ബിനുവും, അനിലും 2002ൽ നടന്ന ജോസ് വധ കേസിലെ പ്രതികൾ ആയിരുന്നു. ആ കേസിൽ തെളിവിന്റെ ആഭാവത്തിൽ അവരെ തിരുവനന്തപുരം കോടതി വെറുതെ വിട്ടിരുന്നു. ഫിംഗർ പ്രിന്റ് വിദഗ്ദൻ വി വി വിവേകാനന്ദൻ, ഫോറെൻസിക് സയൻസ് ഡിപ്പാർട്മെന്റിലെ ഓഫീസർ മാരായ വി ബി സുനിത, ജെ എസ് സുജ എന്നിവരുടെ കണ്ടത്തലുകൾ കേസിൽ നിർണായക തെളിവായി. ബാലരാമപുരം ഇൻസ്‌പെക്ടർ ആയിരുന്ന ജി ബിനു അന്വേഷണം നടത്തി ഫൈനൽ റിപ്പോർട്ട് നൽകിയ കേസിൽ ഇൻസ്‌പെക്ടർ ആയ പ്രസാദ് അബ്രഹാം വർഗീസ് ആണ് ശാസ്ത്രീയമായ റിപ്പോർട്ടുകൾ ശേഖരിച്ചു കോടതിയിൽ ഹാജരാക്കി മൊഴി നൽകിയത്.
മുൻ ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പു പ്രകാരം രണ്ടും മൂന്നും പ്രതികൾക്കു ജീവപര്യന്തം കഠിന തടവും 25000രൂപാ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 6 മാസം കൂടുതൽ തടവും, തെളിവ് നശിപ്പിച്ചതിനു 201 വകുപ്പ് പ്രകാരം 2 വർഷം തടവും 10000 പിഴ അടയ്ക്കാത്ത പക്ഷം 6 മാസം കൂടുതൽ തടവും വിധിച്ചു. കൂടാതെ കൊല്ലപ്പെട്ട അനീഷിന്റെ പിതാവും കേസിലെ സാക്ഷിയും ആയ വിദ്യാധരന് വിക്ടിം കോമ്പൻസഷൻ ആക്ട് പ്രകാരം ഉള്ള നഷ്ട പരിഹാരം ലഭിക്കുന്നതിനായി ജില്ലാ ലീഗൽ അതോറിറ്റിക്കു ശുപാർശ ചെയ്തു. പ്രോസിക്യൂഷൻ 38 സാക്ഷികളെ വിസ്തരിച്ചു. കേസിൽ പെട്ട 40 വസ്തുക്കളും, 53 രേഖകളും കോടതിയിൽ ഹാജരാക്കി. പ്രതി ഭാഗം തെളിവായി 3 സാക്ഷികളേയും 3 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ പാറശ്ശാല എ അജികുമാർ,അഡ്വ മഞ്ജിത എന്നിവർ കോടതിയിൽ ഹാജരായി.
Recent Comments