വിണ്ടും ഇറാന്‍ ആക്രമണം; വിജയകരമായി പ്രതിരോധിച്ച് കുവൈത്തും ബഹ്‌റൈനും

വിണ്ടും ഇറാന്‍ ആക്രമണം; വിജയകരമായി പ്രതിരോധിച്ച് കുവൈത്തും ബഹ്‌റൈനും

കുവൈത്ത് സിറ്റി: ഇറാന്‍ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച് കുവൈത്തും ബഹ്‌റൈനും. ആക്രമണത്തില്‍ കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അടിയന്തരമായി സജ്ജമാക്കുകയും ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും ആകാശത്തുതന്നെ തകര്‍ക്കുകയും ചെയ്തതായി കുവൈത്ത് സായുധസേനയുടെ ജനറല്‍ കമാന്‍ഡ് അറിയിച്ചു.

നിശ്ചിത പ്രവര്‍ത്തനക്രമങ്ങള്‍ പാലിച്ചാണ് രാജ്യം വ്യോമാക്രമണങ്ങളെ നേരിട്ടത്. അനാവശ്യ ഭീതി ഒഴിവാക്കാന്‍ ജനങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം ആശ്രയിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി.

അതേസമയം, ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ വ്യോമാക്രമണങ്ങളെ ബഹ്‌റൈന്‍ സൈന്യവും വിജയകരമായി പ്രതിരോധിച്ചു. പുലര്‍ച്ചെയോടെ രാജ്യത്ത് വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന സൈറണുകള്‍ മുഴങ്ങിയതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുരക്ഷിതമായ ഇടങ്ങളിലേക്ക് അടിയന്തരമായി മാറാന്‍ ജനങ്ങള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാന്റെ വ്യോമാക്രമണങ്ങളെ ബഹ്‌റൈന്റെ വ്യോമപ്രതിരോധ സംവിധാനം നേരിട്ടതായും വിജയകരമായി പ്രതിരോധിച്ചതായും ബഹ്‌റൈന്‍ രാജാവിന്റെ മാധ്യമ ഉപദേശകന്‍ സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വടക്കന്‍ കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍ക്കും അതിന്റെ സമീപ പ്രദേശങ്ങള്‍ക്കും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. വെള്ളിയാഴ്ച എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരള -ലക്ഷദീപ് – കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

“വേസ്റ്റ് ടു ആർട്ട് പാർക്ക്” ആറ്റിങ്ങലിൽ പാഴ് വസ്തുക്കൾ കൊണ്ടൊരു പാർക്ക് നിർമ്മിച്ച് നഗരസഭ

“വേസ്റ്റ് ടു ആർട്ട് പാർക്ക്” ആറ്റിങ്ങലിൽ പാഴ് വസ്തുക്കൾ കൊണ്ടൊരു പാർക്ക് നിർമ്മിച്ച് നഗരസഭ

ആറ്റിങ്ങൽ: നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മൂന്ന്മുക്ക് ജംഗ്ഷനിൽ പുതിയതായി നിർമ്മിച്ച പാർക്കിൻ്റെ ഉദ്ഘാടനവും വർണ്ണ ലൈറ്റുകളുടെ സ്വിച്ചോൺ കർമ്മവും ചെയർപേഴ്സൺ എം. പ്രദീപ് നിർവ്വഹിച്ചു.
മൂന്നുമുക്ക് ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് കാടുപിടിച്ചു കിടന്ന 3 സെൻ്റ് സ്ഥലത്ത് സമൂഹ്യ വിരുദ്ധരുടെ ശല്ല്യമുണ്ടെന്ന് നഗരസഭാധികൃതർക്ക് പരാതി ലഭിച്ചിരുന്നു.

തുടർന്നാണ് മാലിന്യത്തിൽ നിന്ന് ലഭിക്കുന്ന പാഴ് വസ്തുക്കൾ കൊണ്ടിവിടെ മനോഹരമായ പാർക്ക് നിർമ്മിക്കാൻ അധികൃതർ തയ്യാറായത്.
ഹരിതകർമ്മസേന ശേഖരിച്ച 4500 ഓളം പഴയ പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ടാണ് പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന ആനയുടെയും കാക്കയുടെയും രൂപങ്ങൾ നിർമ്മിച്ചത്.
അവനവഞ്ചേരി ഹൈസ്കൂളിലെ സ്‌റ്റുഡൻസ് പോലീസ് കേഡറ്റുകൾ വീടുകളിൽ നിന്ന് ശേഖരിച്ച 700 കുപ്പികളിൽ പഴകിയ പ്ലാസ്റ്റിക്ക് കവറുകൾ നിറച്ച് ഇക്കോ ബ്രിക്കുകളാക്കിയ ശേഷമാണ് പാർക്കിൻ്റെ ചുറ്റുമതിൽ നിർമ്മിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക്ക് കുപ്പികളും പഴയ ടയറും കൂടാതെ പ്രകൃതി സൗഹൃദപരമായ രീതിയിൽ മുളകളും പുൽതകിടിയും വെള്ളാരം കല്ലുകളും അലങ്കാര ചെടികളും പാർക്കിനെ അതി മനോഹരമാക്കിയിട്ടുണ്ട്.

ഒന്നര ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച വിസ്മയ പാർക്കിൻ്റെ തുടർ പരിപാലനം നടത്തുന്നത് ഹരിതകർമ്മ സേന ആയിരിക്കും. മാലിന്യ സംസ്കരണവും പുനരുപയോഗവും എന്ന ആശയത്തിലെ റെഫ്യൂസ്, റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ എന്ന മുദ്രാവാക്യം നഗരങ്ങളിൽ എത്രകണ്ട് പ്രായോഗികമാണെന്ന ഒരു തൽസമയ ബോധവൽക്കരണ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടമെന്ന് എം. പ്രദീപ് അറിയിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ പാർക്കിൻ്റെ ശില്പി ടോണി ജോസഫിനെയും, എസ്.പി.സി വിഭാഗം കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സാബു നീലകണ്ഠൻ, ഹരിതകർമ്മസേന കൺസോഷ്യം പ്രതിനിധികളായ സുഗന്ധി, ലത എന്നിവരെ നഗരസഭാധ്യക്ഷൻ ആദരിച്ചു.

വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ അധ്യക്ഷയായി. ഹെൽത്ത് സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എ.എം. താഹ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രിയാസാബു, സെക്രട്ടറി കെ.എസ്. അരുൺ, ക്ലീൻസിറ്റി മാനേജർ എം.ആർ. റാംകുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ അനിൽ നന്ദി പറഞ്ഞു. നഗരസഭ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ഹരിതകർമ്മസേന അംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി; സിപിഎമ്മിൽ അസാധാരണ നടപടി

തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി; സിപിഎമ്മിൽ അസാധാരണ നടപടി

തിരുവനന്തപുരം: തളിപ്പറമ്പ്, പയ്യന്നൂർ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പി.കെ. ശ്യാമളയെയും ടി.ഐ. മധുസൂദനനെയും തിരഞ്ഞെടുത്തതിൽ വീഴ്ചകൾ സംഭവിച്ചതായി സി.പി.എം നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് മുൻപാകെ സമ്മതിച്ചു. ഈ പിഴവുകൾ പ്രതിഫലിപ്പിക്കുന്ന രീതിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പുതുക്കാൻ സംസ്ഥാന കമ്മിറ്റി നേതൃത്വത്തോട് ആവശ്യപ്പെടുകയും, ഭേദഗതി വരുത്തിയ പതിപ്പ് മാത്രമേ പ്രാദേശിക അവലോകന യോഗങ്ങളിൽ അവതരിപ്പിക്കാവൂ എന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഓഗസ്റ്റിൽ സംസ്ഥാന കമ്മിറ്റിയുടെ വിപുലമായ യോഗം വിളിച്ചുചേർക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയായ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് നിർദ്ദേശിച്ചിരുന്നത്. പയ്യന്നൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മധുസൂദനൻ സിറ്റിംഗ് എം.എൽ.എ എന്ന നിലയിലാണ് മത്സരരംഗത്തിറങ്ങിയത്.എന്നിരുന്നാലും, ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിന് എതിരെ ബന്ധുജനപക്ഷപാത ആരോപണങ്ങൾ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.കെ. ഗോവിന്ദൻ ഉന്നയിക്കുകയും, തുടർന്ന് അദ്ദേഹം യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയും ചെയ്തു.

പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനും, രക്തസാക്ഷി ഫണ്ടും പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടും വകമാറ്റി ചിലവഴിച്ചുവെന്ന ആരോപണങ്ങൾ മധുസൂദനന് എതിരെ ഉന്നയിച്ചിരുന്നു. തങ്ങളുടെ ഉറച്ച കോട്ടകളിലുണ്ടായ ഈ ഇരട്ട പരാജയം സിപിഎമ്മിനെ പിടിച്ചുകുലുക്കിയപ്പോഴും, സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തതിൽ യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തങ്ങളുടെ അവലോകന റിപ്പോർട്ടിൽ സ്വീകരിച്ചിരുന്നത്.

സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ച അസാധാരണമായ തിരുത്തലുകൾ

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ, അസാധാരണമായ ഒരു നീക്കത്തിലൂടെ സംസ്ഥാന കമ്മിറ്റി നിരവധി തിരുത്തലുകൾ നിർദ്ദേശിച്ചു. “സംസ്ഥാന സെക്രട്ടേറിയറ്റ് ഇതിനകം എത്തിയ നിഗമനങ്ങളിൽ ഇത്രയധികം ഭേദഗതികൾ വരുത്താൻ സംസ്ഥാന കമ്മിറ്റി നിർദ്ദേശിക്കുന്നത് അസാധാരണമാണ്,” ഒരു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

മുൻകാലങ്ങളിൽ സംസ്ഥാന കമ്മിറ്റി ചർച്ചകളെ തുടർന്ന് ചെറിയ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെങ്കിലും, ഇത്രയും വലിയ മാറ്റങ്ങൾ ആവശ്യപ്പെടുന്നത് ഇതാദ്യമായാണ്. തിങ്കളാഴ്ച സമാപിച്ച ഇരുദിവസത്തെ സംസ്ഥാന കമ്മിറ്റി എസ്എൻഡ.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷ സമൂഹങ്ങൾക്ക് എതിരെ നടത്തിയതായി പറയപ്പെടുന്ന വർഗ്ഗീയ പരാമർശങ്ങൾ പോലുള്ള വിഷയങ്ങളിൽ അവലോകന റിപ്പോർട്ടിലെ ‘സ്വയംവിമർശനത്തിന്’ മൂർച്ചയില്ലെന്ന് നിരവധി അംഗങ്ങൾ വാദിച്ചു.

വെള്ളാപ്പള്ളിയോട് നേതൃത്വം മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് അവർ വിമർശിക്കുകയും, അദ്ദേഹത്തിന്റെ പ്രസ്താവനകൾ വർഗ്ഗീയ സ്വഭാവമുള്ളതാണെന്നും മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും അവർ നിലപാടെടുത്തു. വിട്ടുവീഴ്ചയ്ക്ക് ഇടനൽകാതെ പാർട്ടിയും വെള്ളാപ്പള്ളിയെ കൂടുതൽ കടുത്ത ഭാഷയിൽ വിമർശിക്കണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടു. ചർച്ചയിൽ ഉയർന്നുവന്ന അഭിപ്രായങ്ങൾക്ക് അനുസൃതമായി ആവശ്യമായ ഭേദഗതികൾ വരുത്തുമെന്ന് സംസ്ഥാന സെക്രട്ടറി നിലപാടെടുത്തു.

മുസ്ലിം ലീഗിനോടുള്ള നിലപാടും നേതൃത്വത്തിനെതിരെയുള്ള വിമർശനങ്ങളും

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനോട് കൂടുതൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സിപിഎം സ്വീകരിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. ലീഗിന്റെ വർഗ്ഗീയ രാഷ്ട്രീയത്തെയും ജമാഅത്തെ ഇസ്‌ലാമിയുമായി ചേർന്നുള്ള അവരുടെ പ്രചാരണങ്ങളെയും കൂടുതൽ ശക്തമായി നേരിടണം. എല്ലാത്തരം വർഗ്ഗീയതകളോടും ഇതേ സമീപനം തന്നെ പാർട്ടി സ്വീകരിക്കണം.സംസ്ഥാന സെക്രട്ടറിയുടെ പ്രവർത്തന ശൈലിയെയും വാർത്താസമ്മേളനങ്ങളിലെ അദ്ദേഹത്തിന്റെ പെരുമാറ്റത്തെയും നിരവധി നേതാക്കൾ വിമർശിച്ചു. ഈ വിമർശനങ്ങൾ അംഗീകരിച്ച എംവി ഗോവിന്ദൻ തന്റെ പ്രവർത്തന ശൈലിയിൽ മാറ്റങ്ങൾ വരുത്തുമെന്ന് അറിയിച്ചതായാണ് സൂചന.

ചർച്ചകളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നേരിട്ടുള്ള വിമർശനങ്ങൾ ഒന്നും ഉണ്ടായില്ല. പ്രതിപക്ഷ നേതാവായ ശേഷം പിണറായിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ചില നേതാക്കൾ നിരീക്ഷിച്ചു.എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിച്ച ഗ്ലോബൽ അയ്യപ്പ സംഗമവും വിമർശനത്തിന് വിധേയമായി. ചടങ്ങിന്റെ ഉദ്ഘാടനത്തിനിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചുകേൾപ്പിച്ച അന്നത്തെ ദേവസ്വം മന്ത്രി വിഎൻ വാസവന്റെ നടപടിയെ നിരവധി നേതാക്കൾ കുറ്റപ്പെടുത്തി.

‘റിപ്പോർട്ടിന് മൂർച്ചയില്ല’

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷ സമൂഹങ്ങൾക്ക് എതിരെ നടത്തിയതായി പറയപ്പെടുന്ന വർഗ്ഗീയ പരാമർശങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ റിപ്പോർട്ടിന് മൂർച്ചയില്ലെന്ന് നിരവധി അംഗങ്ങൾ വാദിച്ചു. വെള്ളാപ്പള്ളിയോട് നേതൃത്വം മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് അവർ വിമർശിക്കുകയും, അദ്ദേഹത്തിന്റെ പ്രസ്താവനകൾ വർഗ്ഗീയ സ്വഭാവമുള്ളതാണെന്നും മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും അവർ നിലപാടെടുത്തു.

കെ അമ്പിളി പ്രേംരാജ് (60) അന്തരിച്ചു

കെ അമ്പിളി പ്രേംരാജ് (60) അന്തരിച്ചു

ആറ്റിങ്ങൽ: കുഴിമുക്ക് കുഴിയിൽ വീട്ടിൽ (വി.എസ്.ആർ.എ:84) കെ അമ്പിളി പ്രേംരാജ് (60) അന്തരിച്ചു.

ഭർത്താവ്: എസ്.എസ് പ്രേം രാജ്.
മക്കൾ: പി.എ അരുൺ രാജ്, പി.എ അരുണിമ രാജ് .

കെ ബാലൻ (86) അന്തരിച്ചു

കെ ബാലൻ (86) അന്തരിച്ചു

ആറ്റിങ്ങൽ: ടി.ബി ജംഗ്ഷൻ മാവിള വീട്ടിൽ (പി.വി.ആർ.എ:35) കെ ബാലൻ (86) (റിട്ടയേർഡ് ഗ്രൂപ്പ് ഇൻസ്ട്രക്ടർ, ഐ.ടി.ഐ ആറ്റിങ്ങൽ) അന്തരിച്ചു.

ഭാര്യ: എസ് സുജാത (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, ഗവ:യു.പി.എസ് വഞ്ചിയൂർ).
മക്കൾ: ബി.എസ് ബിജി ബി.എസ് ബിനി, ബി.എസ് ബെൻസി.
മരുമക്കൾ: ജി രാജു (സൗദി അറേബ്യ), വി സനൽ (ബിസിനസ്), എസ് സന്തോഷ്കുമാർ (സൗത്താഫ്രിക്ക).
സഞ്ചയനം: വെള്ളിയാഴ്‌ച രാവിലെ 8.30 ന്