സ്ത്രീവിരുദ്ധ ബജറ്റിൽ പ്രതിഷേധം

സ്ത്രീവിരുദ്ധ ബജറ്റിൽ പ്രതിഷേധം

നെടുമങ്ങാട് : സ്ത്രീവിരുദ്ധ – കേരള വിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ മഹിള അസ്സാസിയേഷൻ നേതൃത്വത്തിൽ നെടുമങ്ങാട്ട് സ്ത്രീകൾ പ്രതിഷേധിച്ചു. ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധപ്രകടനവും യോഗവും മഹിള അസ്സോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം എം. ജി. മീനാംബിക ഉത്ഘാടനം ചെയ്തു. ഏര്യാ പ്രസിഡൻ്റ് ഷീലജ അദ്ധ്യക്ഷയായിരുന്നു.

ഏര്യാ സെക്രട്ടറി എസ്. സിന്ധു സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ലേഖസുരേഷ്, ചിത്രലേഖ, നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് വസന്തകുമാരി, സബീന ബീവി ശ്രീലത , ബിന്ദു, ബീന, മിനി ,സുനിത , ഉപന്യ, ശ്രീമതി ലീലാമ്മ തുടങ്ങിയവർ നേതൃത്വം നല്കി.

അയൽവാസിയുടെ നായയെ വെട്ടിക്കൊലപ്പെടുത്തി സിറ്റൗട്ടിൽ ഇട്ടു; പരാതിയുമായി കുടുംബം

അയൽവാസിയുടെ നായയെ വെട്ടിക്കൊലപ്പെടുത്തി സിറ്റൗട്ടിൽ ഇട്ടു; പരാതിയുമായി കുടുംബം

തിരുവനന്തപുരം: നെയ്യാറ്റിൻകര മരിയാപുരത്ത് വളർത്തു നായയെ വെട്ടിക്കൊലപ്പെടുത്തിയതായി പരാതി. മരിയാപുരം സ്വദേശി ബിജുവിൻ്റെ വളർത്തു നായയെയാണ് സമീപവാസിയായ യുവാവ് വെട്ടിക്കൊന്നത്. അഖിലിന്റെ നായയെ കണ്ട് ബിജുവിന്റെ നായ തുടൽ പൊട്ടിച്ച് കുരച്ച് ഓടി.

ഇതിന് പിന്നാലെ ബിജുവിന്റെ നായയെ അഖിൽ വെട്ടിക്കൊന്ന് വീടിൻ്റെ സിറ്റൗട്ടിൽ ഇടുകയായിരുന്നു. ബിജുവും കുടുംബവും പാറശാല പൊലീസിൽ പരാതി നൽകി. നായയുടെ ഉടമയെ അഖിൽ മർദിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബാലരാമപുരം കൊലപാതകം; കുഞ്ഞിന്റെ അമ്മയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

ബാലരാമപുരം കൊലപാതകം; കുഞ്ഞിന്റെ അമ്മയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ എറിഞ്ഞു കൊന്ന കേസിൽ ​ദുരൂഹതയേറ്റി സാമ്പത്തിക തട്ടിപ്പ് പരാതിയും. കുഞ്ഞിന്റെ അമ്മ ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി മൂന്ന് പേർ രം​ഗത്തെത്തി. ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയെന്നു മൂന്ന് പേർ നൽകിയ മൊഴിയിൽ പറയുന്നു. ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോ​ഗസ്ഥയെന്നു പറഞ്ഞാണ് പണം തട്ടിയതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ശ്രീതുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും.

അതിനിടെ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. നാളെ മാനസികാരോ​ഗ്യ വിദ​ഗ്ധന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കേസിൽ പ്രതി ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നത് പൊലീസിനെ കുഴക്കിയിരുന്നു. കൊലപാതകത്തിലെ ​ദുരൂഹത നീക്കാനായാണ് കൂടുതൽ ചോദ്യം ചെയ്യൽ.

ജോത്സ്യൻ ഉൾപ്പെടുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ ദുരൂഹതയും നീങ്ങിയിട്ടില്ല. ജോത്സ്യൻ ദേവിദാസൻ നിർദ്ദേശിച്ച വ്യക്തിക്ക് 38 ലക്ഷം രൂപ കൈമാറിയെന്നാണ് ശ്രീതു പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. പണം കൈമാറേണ്ട വ്യക്തിയുടെ വിവരങ്ങൾ ഫോണിലേക്ക് അയിച്ചു നൽകിയെന്നും ശ്രീതു പറയുന്നു. എന്നാൽ ഇത്തരമൊരു സന്ദേശമോ ആളെയോ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

ശ്രീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജ്യോത്സ്യനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ പണം വാങ്ങിയെന്ന ആരോപണം ജ്യോത്സൻ നിഷേധിച്ചു. തനിക്കെതിരെയുള്ളത് കള്ളപ്പരാതിയാണെന്ന് ദേവിദാസൻ പറഞ്ഞു. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ദേവിദാസൻ വ്യക്തമാക്കിയിരുന്നു.

മീഡിയ അക്കാദമി ഫെലോഷിപ്പിന്  2025 ഫെബ്രുവരി 5 വരെ അപേക്ഷിക്കാം

മീഡിയ അക്കാദമി ഫെലോഷിപ്പിന് 2025 ഫെബ്രുവരി 5 വരെ അപേക്ഷിക്കാം

മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കുളള കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഫെലോഷിപ്പ് തുക.

അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം. മാധ്യമ പഠന വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപരിശീലന രംഗത്തുള്ള അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല.

സൂക്ഷ്മവിഷയങ്ങള്‍, സമഗ്രവിഷയങ്ങള്‍, സാധാരണ വിഷയങ്ങള്‍ എന്നു മൂന്നായി തരംതിരിച്ചാണ് ഫെലോഷിപ്പ് നല്‍കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് ഫെലോഷിപ്പ് നല്‍കില്ല. പട്ടികജാതി-പട്ടികവര്‍ഗ-മറ്റ് അര്‍ഹവിഭാഗങ്ങള്‍, കുട്ടികള്‍, സ്ത്രീകള്‍, നവോത്ഥാന പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എന്നീ വിഭാഗത്തിലുള്ള പഠനങ്ങള്‍ക്കു മുന്‍ഗണന നല്‍കും. പഠനങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് ഉണ്ടാകണം. അപേക്ഷാഫോറവും നിയമാവലിയും അക്കാദമി വെബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. (www.keralamediaacademy.org).

കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2422275 എന്ന നമ്പറില്‍ ബന്ധപ്പെടാം. അപേക്ഷയും സിനോപ്സിസും 2025 ഫെബ്രുവരി 5-നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 682 030 എന്ന വിലാസത്തില്‍ ലഭിക്കണം.

ആറ്റുകാൽ പൊങ്കാല: അവലോകന യോ​ഗം ചേർന്നു

ആറ്റുകാൽ പൊങ്കാല: അവലോകന യോ​ഗം ചേർന്നു

തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് 30 വാര്‍ഡുകള്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൊങ്കാല ദിവസമായ മാര്‍ച്ച് 13ന് ജില്ലയ്ക്ക് അവധി നല്‍കുന്നതിന് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ആറ്റുകാല്‍ ട്രസ്റ്റ് ഓഫീസില്‍ ചേര്‍ന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപഉത്സവങ്ങളില്‍ നിര്‍ബന്ധിത പിരിവ് പാടില്ല. ഉൽസവദിവസങ്ങളിലു൦ , പ്രത്യേകിച്ച് പൊങ്കാല ദിനത്തിലു൦ ഭക്ഷണം, വെള്ളം വിതരണം ചെയ്യല്‍ എന്നിവയില്‍ അതീവ ശ്രദ്ധ വേണം. ദൂരദേശങ്ങളില്‍ നിന്ന് വിളക്കുകെട്ടുമായി വരുന്നവര്‍ ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്നും പരസ്യങ്ങൾ കോടതിയുടെ അനുമതി വാങ്ങി മാത്രം സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി, കുടിവെള്ള ക്ഷാമം പരിഹരിക്കല്‍, ഓടകള്‍ വൃത്തിയാക്കല്‍, ടോയ്‌ലറ്റ് സംവിധാനങ്ങള്‍, മാലിന്യ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ മാര്‍ച്ച് 29വരെ റണ്‍വേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിമാന സര്‍വ്വീസുകള്‍ നടത്തുന്നില്ല. അതിനാല്‍ പൊങ്കാല ദിവസത്തില്‍ എയര്‍ക്രാഫ്റ്റ് മാര്‍ഗ്ഗേനയുള്ള പുഷ്പവൃഷ്ടി ഉണ്ടാവില്ല.

കോര്‍പ്പറേഷന്‍ പരിധിയിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും പൊങ്കാലയുടെ തലേ ദിവസം വെകുന്നേരം 6 മുതല്‍ പൊങ്കാല ദിവസം വൈകുന്നേരം 6വരെ മദ്യനിരോധനം ഏര്‍പ്പെടുത്തും. ആറ്റുകാല്‍ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട വിവിധ ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള ഭരണാനുമതിക്കായി സര്‍ക്കാരിലേക്ക് നല്‍കേണ്ട എസ്റ്റിമേറ്റുകള്‍ അടിയന്തരമായി നല്‍കണമെന്ന് വിവിധ നിര്‍വഹണ ഏജന്‍സികള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

കുറ്റമറ്റ രീതിയില്‍ പൊങ്കാല മഹോത്സവം നടത്തുന്നതിന് ബന്ധപ്പെട്ട എല്ലാവരും മുന്‍കൈയ്യെടുക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍ദ്ദേശിച്ചു. ആറ്റുകാല്‍ പൊങ്കാലയില്‍ ഹരിതപ്രോട്ടോകോള്‍ പാലിക്കുമെന്നും പെട്രോള്‍ പമ്പുകള്‍ക്ക് സമീപം അടുപ്പ് കൂട്ടുന്നത് ഭക്തജനങ്ങള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അനുകുമാരി അറിയിച്ചു. സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി ആണ് പൊങ്കാലയുടെ നോഡല്‍ ഓഫീസര്‍.

പൊങ്കാല കഴിഞ്ഞ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ അതിവേഗം നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാലിന്യം നീക്കം ചെയ്യുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ സഹകരണം ഉണ്ടാകണമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

പൊങ്കാലയോടനുബന്ധിച്ച് മൂവായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ രണ്ട് ഘട്ടങ്ങളിലായി വിന്യസിക്കുമെന്നും വിവിധയിടങ്ങളില്‍ പാര്‍ക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് അറിയിച്ചു. വഴിയോര കടകള്‍ റോഡില്‍ ഇറക്കി കച്ചവടം നടത്തുന്നത് നിയന്ത്രിക്കുമെന്നും ക്ഷേത്ര പരിസരത്ത് കൊടിതോരണങ്ങളും മറ്റ് അനധികൃത പരസ്യങ്ങളും ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിക്കുമെന്നും 450 ജീവനക്കാര്‍, 30 ഫയര്‍ എന്‍ജിനുകൾ, ആറ് ആംബുലന്‍സ് എന്നിവ വിന്യസിപ്പിക്കുമെന്നും ഫയര്‍ ആന്റ് സേഫ്റ്റി അധികൃതര്‍ അറിയിച്ചു.

പൊങ്കാല മഹോത്സവ ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ രാത്രി 10വരെ മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കുമെന്നും കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് 24 മണിക്കൂറും മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരെ ആറ്റുകാല്‍ എത്തിക്കും.

വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥർ, വാർഡ് കൗൺസിലർമാർ, ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു.

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 13 ന്

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 13 ന്

ചിറയിൻകീഴ്:ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 13 ന് നടക്കും. രാവിലെ 10.15 ന് പണ്ടാര അടുപ്പിൽ തീ തെളിക്കും. 11.30 ന് നിവേദ്യവും നടക്കും.