by Midhun HP News | Feb 1, 2025 | Latest News, ജില്ലാ വാർത്ത
കവി ഓരനല്ലൂർ ബാബു എഴുതിയ നാവായിക്കുളത്തിൻ്റെ സമഗ്ര ചരിത്രം ഉൾക്കൊള്ളുന്ന പുസ്തകം ‘നാവായിക്കുളത്തിൻ്റെ ഇതിഹാസം’ എന്ന ചരിത്ര പുസ്തകം കല്ലമ്പലം പ്രസ് ക്ലബിനു വേണ്ടി ഗ്രനഥകാരനിൽ നിന്നും മനോരമ ലേഖകൻ എം.എസ്.മനു ഏറ്റുവാങ്ങി.
കേരള കൗമുദി ഓഫിസിൽ നടന്ന ചടങ്ങിൽ എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. വർക്കല താലൂക്കിലെ ഏറ്റവും വലിയ പഞ്ചായത്തായ നാവായിക്കുളത്തിൻ്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്നതാണ് ഈ പുസ്തകം. ചരിത്ര അന്വേഷികൾക്ക് എക്കാലത്തും സഹായകരമാകും വിധത്തിൽ ചുരുക്കത്തിൽ ലളിതമായി സ്പർശിച്ചു പോകുന്ന വായന അനുഭവം നൽകുന്ന പുസ്തകം. ഇതൊരു മാതൃകയാക്കി പഞ്ചായത്തുകൾ മുൻകൈ എടുത്ത് ഇത്തരത്തിൽ പൈതൃക സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്താൻ സംവിധാനം ഉണ്ടാക്കണം എന്ന ആവശ്യം പ്രകൃതി സ്നേഹികളും ചരിത്ര അന്വേഷകരും ആവശ്യപ്പെടുന്നു. പുതിയ തലമുറക്ക് ഇത്തരം ചരിത്ര രേഖകൾ വലിയ സഹായകരമാകും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
by Midhun HP News | Feb 1, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: മഹാത്മാഗാന്ധി കുടുംബ സംഗമത്തിന് ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കമായി. താഴംപള്ളി വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. വാർഡ് പ്രസിഡൻ്റ് ലിപിൻ ലോറൻസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു .
കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് വെളിവാക്കുന്നത് ബിജെപിയുടെ അധികാര താൽപര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബീഹാർ നിയമസഭയാണെന്ന് തെറ്റിദ്ധരിച്ചാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് അദ്ദേഹം പരിഹസിച്ചു.
രാജ്യത്തിന്റെ സമഗ്ര വികസനത്തിനായി തുക വകയിരുത്തേണ്ട കേന്ദ്ര ബഡ്ജറ്റ് ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രമായി ചിലവഴിക്കുന്നത് വരാൻ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ തങ്ങളുടെ അധികാരം ഉറപ്പിക്കാൻ വേണ്ടിയാണെന്നും, കേന്ദ്രത്തിന്റെ ഈ നടപടി തകർക്കുന്നത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ മാത്രമല്ല രാജ്യത്തിന്റെ ദേശീയ കാഴ്ചപ്പാടിനെ കൂടിയാണെന്നും കെ.പി ശ്രീകുമാർ കൂട്ടിച്ചേർത്തു. മത്സ്യബന്ധന മേഖലയെ പൂർണ്ണമായും അവഗണിക്കുന്ന നയമാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ജെ ആനന്ദ്, കെ.എസ് അജിത് കുമാർ, കെ.പി രാജശേഖരൻ നായർ, എഫ്. ജെഫേഴ്സൺ, ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ആർ അഭയൻ, മംഗലപുരം ബ്ലോക്ക് പ്രസിഡണ്ട് എം.എസ് നൗഷാദ്, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.എസ് അനൂപ്, മണ്ഡലം പ്രസിഡണ്ട്മാരായ മോനി ശാർക്കര, സുനിൽ പെരുമാതുറ, എം.എ ജബ്ബാർ, കീഴുവിലം ബിജു, കടയറ ജയചന്ദ്രൻ, കോൺഗ്രസ്സ് മണ്ഡലം ഭാരവാഹികളായ എസ്.എം.ഷഹീർ, മനുമോൻ.ആർ.പി, വി.ബേബി, ഷൈജു വലിയകട, ബ്ലോക്ക് ഭാരവാഹികളായ വർഗ്ഗീസ്, ജയന്തി കൃഷ്ണ, ജെറോം, ജോയി ലിയോൺസ്, പുതുക്കരി സുരേഷ്, അശോകൻ പഴഞ്ചിറ തുടങ്ങിയവർ പങ്കെടുത്തു. മഹാത്മാഗാന്ധി കുടുംബ സംഗമങ്ങൾ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ വരുന്ന 75 വാർഡുകളിലും നടത്തുവാൻ തീരുമാനിച്ചതായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.ആർ അഭയൻ അറിയിച്ചു.
by Midhun HP News | Feb 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 2025ലെ കേന്ദ്ര ബജറ്റില്‍ കേരളത്തിനോടുള്ള സമീപനം അങ്ങേയറ്റം നിരാശാജനകമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രാഷ്ട്രീയമായി താല്‍പര്യമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ അനുവദിച്ചുവെന്നതാണ് ബജറ്റില്‍ പൊതുവെ കാണുന്നത്. എല്ലാവരോടും തുല്യസമീപനമല്ല ഉണ്ടായത്. കേരളത്തിന് ന്യായമായ ചില ആവശ്യങ്ങളുണ്ടായിരുന്നു. കേരളത്തിന് നല്ലതോതില്‍ സാമ്പത്തികമായി വെട്ടിക്കുറവ് ഉണ്ടായെന്നും ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വയനാട് ദുരന്തത്തിനു വേണ്ടിയുള്ള പക്കേജ് ന്യായമാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല. 20 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ സ്‌കീമായിരുന്നു വിഴിഞ്ഞം. അതും പരിഗണിച്ച് പ്രത്യേകമായി പണം അനുവദിച്ചിട്ടില്ല. പ്രധാനമായി അനുവദിക്കേണ്ട സ്ഥാപനങ്ങളോന്നും അനുവദിച്ചിട്ടില്ല. അഞ്ച് ഐഐടികളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ബജറ്റില്‍ പറഞ്ഞിട്ടുള്ളതെന്നും ധനമന്ത്രി പറഞ്ഞു. 2025ലെ ബജറ്റില്‍ നിക്ഷേപം, എക്‌സ്‌പോര്‍ട്ട്, വികസനം എന്നിവ മാത്രമാണ് പരിഗണിച്ചിട്ടുള്ളത്.
എല്ലാ ഗവ. സെക്കന്‍ഡറി സ്‌കൂളുകളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് ഉറപ്പാക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. എന്നാല്‍ കേരളത്തില്‍ ഇതിനകം തന്നെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉള്ളതിനാല്‍ ആ വകയിലും പണം കേരളത്തിന് ലഭിക്കില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരമില്ലത്താണ് ഈ ബജറ്റ്. വളത്തിന്റെ സബ്‌സിഡി 3400 കോടി, പെട്രോളിയം സബ്‌സിഡി 2600 കോടിയായി കുറഞ്ഞു. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയ്ക്കായി ഒരു രൂപപോലും ഉയര്‍ത്തിയിട്ടില്ല. വിള ഇന്‍ഷൂറന്‍സിന് 3600 കോടിയാണ് കുറച്ചത്. പൊതുവില്‍ ബജറ്റില്‍ നിക്ഷേപം വരുന്ന കാര്യങ്ങളൊന്നുമില്ലെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
by Midhun HP News | Feb 1, 2025 | Latest News, ജില്ലാ വാർത്ത
കായിക്കര പോസ്റ്റ് ഓഫീസിന്റെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ്, ആധാർ അക്കൗണ്ട് മേള.
5 വയസിൽ താഴെ ഉള്ള കുട്ടികൾക്കു ആധാർ രജിസ്ട്രേഷൻ സൗജന്യമായി പോസ്‌റ്റോഫീസ് മുഖേന ചെയ്ത് കൊടുക്കുന്നു.
ആവശ്യമായ രേഖകൾ :
1.കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ്
2.രക്ഷിതാവിന്റെ ( ആരുടെ അഡ്രസ്സിൽ ആണോ കുഞ്ഞിന് ആധാർ ലഭ്യമാക്കേണ്ടത് ) ആധാർ കാർഡ് 3.രക്ഷിതാവിന്റെ ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പർ
കൂടാതെ, പോസ്‌റ്റോഫീസിൽ നിലവിലുള്ള സേവിങ്സ് സ്കീംമുകളുടെ മേളയും ഇതോടൊപ്പം നടത്തുന്നു.
ആവശ്യമായ രേഖകൾ :
ആധാർ കോപ്പി, പാൻകാർഡ് കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ.
സ്ഥലം : കായിക്കര ആശാൻ സ്മാരക ഹാൾ
തീയതി : 1/02/2025 ( ശനി )
സമയം : 10.30 മുതൽ വരെ
കൂടുതൽ വിവരങ്ങൾക്ക്, 7994227916 / 7217737689
by Midhun HP News | Feb 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് അമ്മ ശ്രീതുവിന്റെ മൊഴി. കരിക്കകം സ്വദേശിയായ ജ്യോത്സ്യൻ ശംഖുമുഖം സ്വദേശി ദേവിദാസന് 30 ലക്ഷം നല്‍കിയെന്നാണ് ശ്രീതു പൊലീസിന് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ജ്യോത്സ്യൻ ദേവിദാസനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. എന്നാല്‍ പണം വാങ്ങിയെന്ന ആരോപണം ജ്യോത്സന്‍ നിഷേധിച്ചു.
തനിക്കെതിരെയുള്ളത് കള്ളപ്പരാതിയാണെന്ന് ദേവിദാസന്‍ പറഞ്ഞു. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. ജ്യോത്സ്യൻമാരെ വക്രീകരിച്ച് കാണിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും സംശയമുണ്ട്. ഹരികുമാറിന് എഴുതാനും വായിക്കാനും എണ്ണാനും അറിയില്ലെന്നും ദേവിദാസന്‍ പറഞ്ഞു. ഹരികുമാറിനോട് മകനോടെന്ന പോലെ പ്രത്യേക സ്‌നേഹം ഉണ്ടായിരുന്നു. മാനസിക വൈകല്യം സഹിക്കാനാവാതെ വന്നതോടെയാണ് ജോലിയില്‍ നിന്ന് ഒഴിവാക്കിയതെന്നും ദേവീദാസന്‍ പറഞ്ഞു.
അതേസമയം, ദേവേന്ദുവിനെ അമ്മാവന്‍ കിണറ്റിലെറിഞ്ഞ് കൊന്നത് സഹോദരിയോടുള്ള കടുത്ത വൈരാഗ്യം മൂലമാണെന്നാണ് പൊലീസ് പറയുന്നത്. പ്രതി ഹരികുമാറിനെതിരെ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഹരിയുടെ അനാരോഗ്യകരമായ താല്‍പര്യങ്ങള്‍ ദേവേന്ദുവിന്റെ അമ്മ ശ്രീതു എതിര്‍ത്തിരുന്നു. കുഞ്ഞ് കാരണം തന്നോടുള്ള സ്‌നേഹവും ശ്രദ്ധയും ശ്രീതുവിന് കുറഞ്ഞതായും ഹരി കരുതി. ഇതിനെല്ലാം കാരണം കുട്ടിയാണെന്ന് കരുതിയ ഹരിക്ക് കുഞ്ഞിന്റെ കരച്ചില്‍ പോലും അരോചകമായി തോന്നി. കൊലപാതകം നടന്ന രാത്രി ഹരി അയച്ച വാട്‌സപ് സന്ദേശത്തിന് ശ്രീതു അനുകൂല മറുപടിയും നല്‍കിയില്ല. ഇത് കൊല്ലാനുള്ള പെട്ടെന്നുള്ള പ്രകോപന കാരണമായെന്നും പൊലീസ് പറയുന്നു.
റിമാന്‍ഡിലായ പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കുട്ടിയെ കൊലപ്പെടുത്തിയെന്ന് ഹരി കുമാര്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും കൊലപാതക കാരണം കണ്ടുപിടിക്കാനാകാതെ കുഴങ്ങുകയാണ് പൊലീസ്. ഹരികുമാര്‍ ഇടയ്ക്കിടെ മൊഴി മാറ്റുന്നതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. കുട്ടിയെ കൊല്ലണമെന്ന് ഉള്‍വിളി തോന്നിയതോടെയാണ് കുറ്റം നടത്തിയതെന്നാണ് ഇന്ന് ഹരികുമാര്‍ പൊലീസിനു നല്‍കിയ മൊഴി. കൊല്ലാന്‍ തോന്നിയപ്പോള്‍ കൊന്നു എന്നാണ് ഹരി കുമാര്‍ പറയുന്നത്. പ്രതി ചില സമയങ്ങളില്‍ മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്ന് റൂറല്‍ എസ്പി കെഎസ് സുദര്‍ശന്‍ പറഞ്ഞു.
ഹരി കുമാറും കുട്ടിയുടെ അമ്മ ശ്രീതുവും തമ്മിലുള്ള ബന്ധവും പൊലീസിനെ വലയ്ക്കുന്നുണ്ട്. തൊട്ടടുത്ത മുറികളില്‍ താമസിക്കുന്ന ഇവര്‍ വാട്‌സാപ്പില്‍ വിഡിയോ കോളുകള്‍ ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതാണ് ഇവരുടെ ബന്ധത്തെക്കുറിച്ച് പൊലീസില്‍ സംശയമുണര്‍ത്തിയത്. ഹരികുമാര്‍ ശ്രീതുവിനോട് വഴിവിട്ട അടുപ്പം കാണിച്ചിരുന്നെന്നാണ് സൂചന. ശ്രീതു ഇതിനോട് വഴങ്ങാത്തതിലുള്ള വൈരാഗ്യത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി ആദ്യം പൊലീസിനോട് മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടെല്ലാം പരസ്പര വിരുദ്ധമായ മൊഴിയാണ് ഹരി കുമാര്‍ നല്‍കുന്നത്. ചില ഘട്ടങ്ങളില്‍ പൊലീസിനോട് തട്ടിക്കയറുകയും ചെയ്തിരുന്നു.
by Midhun HP News | Feb 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
സ്വന്തമായോ അല്ലെങ്കില്‍ ഇ-സേവ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍ടിഒ, ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ്, സബ് ആര്‍ടിഒ ഓഫീസുകളില്‍ സ്‌പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.
Recent Comments