by Midhun HP News | Jan 30, 2025 | Latest News, ജില്ലാ വാർത്ത
ആലപ്പുഴ: ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മരുമകള്‍ ഷെറിനെ വിട്ടയക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഒരു മന്ത്രിയുടെ പ്രത്യേക താത്പര്യമാണെന്ന് കാരണവരുടെ ബന്ധുവും കേസിലെ ഒന്നാം സാക്ഷിയുമായ അനില്‍ കുമാര്‍ ഓണമ്പള്ളില്‍. ഷെറിനു മാത്രം ശിക്ഷയിളവ് ലഭിച്ചതിനു പിന്നില്‍ ഉന്നതരുടെ സ്വാധീനമുണ്ടെന്നു കരുതണം. മറ്റാര്‍ക്കും കിട്ടാത്ത പരിഗണന ഷെറിന് കിട്ടുന്നത് എന്തുകൊണ്ടാണെന്നും അനില്‍ ചോദിച്ചു. ജയിലില്‍ അവര്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷെറിനെ വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ ബന്ധുക്കള്‍ കൂടിയാലോചിച്ച് നിയമനടപടി സ്വീകരിക്കും. കൂട്ടുപ്രതികള്‍ക്കു ലഭിക്കാത്ത പരിഗണന ഷെറിനു മാത്രം ലഭിച്ചത് എന്തുകൊണ്ടെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജയില്‍ ഉപദേശകസമിതിയുടെ നിര്‍ദേശാനുസരണമാണ് തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അതേ ജയിലില്‍ കഴിയുന്ന മറ്റ് മൂന്ന് സ്ത്രീകളുടെ പരോളിനുള്ള അപേക്ഷയും ഉപദേശക സമിതിക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ അതൊന്നും അംഗീകരിക്കാതെ ഷെറിന് മാത്രമാണ് സര്‍ക്കാര്‍ ശിക്ഷായിളവ് അനുവദിച്ചത്. വിടുതലിനുള്ള ആദ്യ അപേക്ഷ തന്നെ അംഗീകരിക്കുന്ന അസാധാരണ പരിഗണനയും ഷെറിന് ലഭിച്ചെന്നും ഇവര്‍ പറയുന്നു
2009 നവംബര്‍ 9 നാണ് ഭാസ്‌കര കാരണവര്‍ കൊല്ലപ്പെടുന്നത്. കേസില്‍ മരുമകള്‍ ഷെറിന്‍ ഒന്നാം പ്രതിയും ഷെറിന്റെ കാമുകന്‍ കോട്ടയം സ്വദേശി ബാസിത് അലി, സുഹൃത്ത് കൊച്ചി കളമശ്ശേരി സ്വദേശി നിധിന്‍, കൊച്ചി ഏലൂര്‍ സ്വദേശി ഷാനു റാഷിദ് എന്നിവരെയും പ്രതികളാക്കി. 2010 ജൂണ്‍ 11 ന് കോടതി ഷെറിന് മൂന്ന് ജീവപര്യന്തവും രണ്ട് ജീവപര്യന്തവും വിധിച്ചു. ഹൈക്കോടതിയും സുപ്രീം കോടതിയും വിധി ശരിവച്ചു.
ഷെറിന്‍ ജീവപര്യന്തത്തിന്റെ ഏറ്റവും കുറഞ്ഞ കാലയളവായ 14 വര്‍ഷം പൂര്‍ത്തിയായത് 2023 നവംബര്‍ 12ന്. പിന്നീട് വെറും 9 മാസത്തിനുളളില്‍ മോചന ഫയല്‍ ജയിലില്‍ തയാറായി. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാള്‍ 14 വര്‍ഷം പൂര്‍ത്തിയായാല്‍ ജയില്‍ സൂപ്രണ്ട് തന്നെ അക്കാര്യം ഉപദേശക സമിതിയെ അറിയിക്കും. എന്നാല്‍ ആദ്യ വര്‍ഷം തന്നെ അപേക്ഷ പരിഗണിക്കാറില്ല. ശിക്ഷ കാലയളവില്‍ വിവിധ വര്‍ഷങ്ങളിലായി 452 ദിവസം ഷെറിന്‍ പരോളില്‍ പുറത്തായിരുന്നു. അത് ഒഴിക്കിയാല്‍ 13 വര്‍ഷവും 9 മാസവും മാത്രമാണ് ഷെറിന്‍ ജയിലില്‍ കഴിഞ്ഞത്.
ജയിലിലെ നല്ലനടപ്പുകൊണ്ടാണ് ശിക്ഷയിളവിനു പരിഗണിച്ചതെന്ന് കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശക സമിതിയംഗം എംവി സരള പറഞ്ഞു. ഉപദേശകസമിതി നല്ല രീതിയില്‍ പരിശോധന നടത്തിയാണു റിപ്പോര്‍ട്ട് നല്‍കിയത്. എല്ലാ റിപ്പോര്‍ട്ടുകളും അവര്‍ക്ക് അനുകൂലമായിരുന്നു. പുറത്തുവിട്ടാല്‍ പ്രശ്‌നമുണ്ടാകില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജയില്‍വകുപ്പിന്റെ റിപ്പോര്‍ട്ടും അനുകൂലമായിരുന്നു. പ്രത്യേകിച്ച് ഒരു മുന്‍ഗണനയും ഉപദേശകസമിതി നല്‍കിയിട്ടില്ല.
ഷെറിന്‍ മാനസാന്തരപ്പെട്ടു. ഇപ്പോള്‍ കുറ്റവാസനയില്ല. സ്വഭാവത്തില്‍ ഒരുപാടു മാറ്റംവന്നു.ജയിലിലെ പ്രവര്‍ത്തനത്തെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. എല്ലാക്കാലത്തും ഒരാളെ കുറ്റവാളിയായി കാണുന്നതു ശരിയല്ലെന്നും സരള പറഞ്ഞു. ജയില്‍ ഡിജിപി അധ്യക്ഷനായ 7 അംഗ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധികളെല്ലാം സിപിഎം നേതാക്കളാണ്. മുന്‍ എംഎല്‍എമാരും സിപിഎം സംസ്ഥാന നേതാക്കളുമായ കെകെ ലതിക, കെഎസ് സലീഖ, മഹിള അസോസിയേഷന്‍ നേതാവ് എംവി സരള എന്നിവരടങ്ങിയ സമിതിയാണ് ഷെറിനെ മോചിപ്പിക്കാനുള്ള ആദ്യ ഫയല്‍ ആഭ്യന്തര വകുപ്പിന് കൈമാറുന്നത്.
ഷെറിന്‍ നല്ല കുട്ടി എന്ന സര്‍ട്ടിഫിക്കറ്റാണ് പൊലീസും ജയില്‍ വകുപ്പും നല്‍കിയത്. ജയില്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, ജോലി ചെയ്യാതിരിക്കല്‍ തുടങ്ങി വിവിധ കാരണങ്ങള്‍ക്ക് ശിക്ഷ എന്ന തരത്തില്‍ നാല് തവണ ജയില്‍ മാറ്റത്തിന് വിധേയയാളാണ് ഷെറിന്‍. ഇതു മറച്ചുവെച്ചാണ് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ചുരുക്കത്തില്‍ ജയില്‍ ജീവിതത്തില്‍ ലഭിച്ച വിഐപി പരിഗണന മോചന ഫയലിലും ഷെറിന്‍ ലഭിച്ചുവെന്നാണ് ആരോപണം.
by Midhun HP News | Jan 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബാലരാമപുരത്ത് കിണറ്റില്‍ മരിച്ച നിലയില്‍ രണ്ടു വയസ്സുകാരിയെ കണ്ടെത്തിയത് മുത്തച്ഛന്‍ മരിച്ച് പതിനാറാം ദിവസം. ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെയാണ് മുത്തച്ഛന്‍റെ മരണാനന്തര ചടങ്ങുകള്‍ നടക്കാനിരിക്കെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ ശ്രീതുവിന്റെ അച്ഛനാണ് 16 ദിവസം മുന്‍പ് മരിച്ചത്.
കിണറിന്റെ മുകള്‍ ഭാഗം മൂടിയിരുന്നു. എന്നാല്‍ രാവിലെ പരിശോധന നടത്തുമ്പോള്‍ കിണറിന്റെ ഒരു ഭാഗത്തെ വിരി മാറിയതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്നാണ് പൊലീസ് ഫയര്‍ഫോഴ്‌സിനെ വിളിച്ചു വരുത്തി കിണറ്റില്‍ പരിശോധന നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. വീടിന് പുറത്തിറങ്ങാത്ത കുട്ടിയാണിതെന്നും, ചുറ്റുമതിലുള്ള കിണറ്റില്‍ കുട്ടി വീണതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
കുഞ്ഞിന്റെ അമ്മ ശ്രീതുവിന്റെ അച്ഛന്‍ മരിച്ചതിനു പിന്നാലെ 30 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി വീട്ടുകാര്‍ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്നും പരസ്പര ബന്ധമില്ലാത്ത മൊഴിയായതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കുടുംബമാണിതെന്ന് നാട്ടുകാര്‍ സൂചിപ്പിച്ചു.
സംഭവദിവസം വീട്ടില്‍ കുഞ്ഞിന് പുറമെ, അച്ഛന്‍ ശ്രീജിത്ത്, അമ്മ ശ്രീതു, അമ്മാവന്‍ ഹരികുമാര്‍, മുത്തശ്ശി, മരിച്ച കുഞ്ഞിന്റെ നാലു വയസ്സുകാരിയായ സഹോദരി എന്നിവരാണ് ഉണ്ടായിരുന്നത്. മൂത്ത കുട്ടിയെ ശുചിമുറിയില്‍ കൊണ്ടുപോകാനായി, രണ്ടു വയസ്സുകാരിയെ എടുത്ത് അച്ഛന്റെ അടുത്ത് കിടത്തിയെന്നാണ് അമ്മ ശ്രീതു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ കുഞ്ഞ് അമ്മ ശ്രീതുവിനൊപ്പമായിരുന്നുവെന്നാണ് അച്ഛന്‍ ശ്രീജിത്തിന്റെ മൊഴി. താന്‍ നല്ല ഉറക്കത്തിലായിരുന്നുവെന്നും സംഭവമൊന്നും അറിഞ്ഞില്ലെന്നും അയാള്‍ പറയുന്നു. അതേസമയം മാതാപിതാക്കള്‍ക്കൊപ്പമാണ് കുഞ്ഞ് ഉണ്ടായിരുന്നതെന്നാണ് മുത്തശ്ശിയും അമ്മാവനും പൊലീസിനോട് പറഞ്ഞത്. വീട്ടുകാരുടെ പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിനെ കുഴക്കുന്നത്.
by Midhun HP News | Jan 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ധനവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വികസന, കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡി പി ബി നൂഹിനെ ഗതാഗത വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായി നിയമിച്ചു. കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ സിഎംഡി സ്ഥാനവും നൂഹ് വഹിക്കും. പകരം ഡോ. അശ്വതി ശ്രീനിവാസിന് സപ്ലൈകോയുടെ ചുമതല നല്‍കി.
കൃഷി വികസന, കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുല്ലയെ സാമൂഹിക നീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ഫിഷറീസ് ഡയറക്ടര്‍ ബി. അബ്ദുള്‍ നാസറിനെ കായിക, യുവജന കാര്യ വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായി നിയമിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ഫിഷറീസ് ഡയറക്ടര്‍ എന്നീ തസ്തികകളുടെ അധിക ചുമതല കൂടിയുണ്ട്.
by Midhun HP News | Jan 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നത്.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പില്‍ പറഞ്ഞു. അതേസമയം ഇന്നും നാളെയും തെക്കന്‍, മധ്യ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
by Midhun HP News | Jan 30, 2025 | Latest News, ജില്ലാ വാർത്ത
2024-25 സാമ്പത്തിക വർഷത്തിലെ മികച്ച സംരംഭകർക്കുള്ള വ്യവസായ വകുപ്പിന്റെ പുരസ്കാരം ഹരിതാമൃതം എം ഡി വീണാസുനു കടയ്ക്കാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയിൽ നിന്നും ഏറ്റുവാങ്ങി.
കടക്കാവൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ഷീല, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ യമുന, വിവിധ വാർഡിലെ മെമ്പർമാർ, ഹരിതാമൃതം CEO ബിനു വി കുട്ടൻ, ഡയറക്ടറുമാരായ ശ്രീകല, ശരത്ചന്ദ്രൻ ജനപ്രതിനിധികൾ, വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരും കൂടാതെ വിവിധ വ്യവസായ സ്ഥാപനത്തിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
by Midhun HP News | Jan 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസ്സുള്ള കുഞ്ഞിന്റെ മരണത്തില്‍ അടിമുടി ദുരൂഹതയെന്ന് പൊലീസ്. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു ആണ് മരിച്ചത്. മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മാവന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
സംഭവം നടന്ന വീട് പൊലീസ് പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്. രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ കാണാനില്ലെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. മുത്തശ്ശിയാണ് കുഞ്ഞിനെ കാണാനില്ലെന്ന് അറിയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ ആള്‍മറയുള്ള കിണറ്റില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നത്.
പുലര്‍ച്ചെയോടെയാണ് കുഞ്ഞിനെ കാണാതായതെന്നാണ് വിവരം. കുട്ടിയുടെ മരണത്തില്‍ കുടുംബാംഗങ്ങളുടെ മൊഴികളില്‍ വൈരുധ്യമുള്ളതായി പൊലീസ് സൂചിപ്പിച്ചു. കുഞ്ഞിനെ അച്ഛന്റെ അടുത്ത് കിടത്തിയാണ് പോയത്. പുലര്‍ച്ചെ 5.15 ഓടെ കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്ന് അമ്മ ശ്രീതു പൊലീസിനോട് പറഞ്ഞു. അതേസമയം അമ്മയ്‌ക്കൊപ്പമാണ് കുഞ്ഞ് ഉണ്ടായിരുന്നതെന്നാണ് അച്ഛന്‍ ശ്രീജിത്തിന്റെ മൊഴി.
വീടിന്റെ ചായ്പില്‍ കയറുകള്‍ കുരുക്കിട്ട നിലയില്‍ പൊലീസ് കണ്ടെത്തി. കൂട്ടത്തോടെ ആത്മഹത്യ ചെയ്യാന്‍ കുടുംബം പദ്ധതിയിട്ടിരുന്നോയെന്ന സംശയവും ഉയരുന്നുണ്ട്. കുഞ്ഞിന്റെ അമ്മ ശ്രീതുവിന്റെ അച്ഛന്‍ 16 ദിവസം മുമ്പാണ് മരിച്ചത്. ഇതിനു പിന്നാലെ 30 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി വീട്ടുകാര്‍ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്നും പരസ്പര ബന്ധമില്ലാത്ത മൊഴിയായതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല.
കുട്ടിയുടേത് കൊലപാതകമാണെന്ന നിഗമനത്തില്‍ അച്ഛന്‍ ശ്രീജിത്ത്, അമ്മ ശ്രീതു, അമ്മാവന്‍ ഹരികുമാര്‍, മുത്തശ്ശി എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പുലര്‍ച്ചെ വീട്ടില്‍ പുറത്തു നിന്നാരെങ്കിലും വന്നിരുന്നോയെന്ന് പൊലീസ് അന്വേഷിച്ചിരുന്നു. സമീപ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച പൊലീസ് പുറത്തു നിന്നാരും എത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് വീട്ടുകാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.
കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരൻ കിടന്നിരുന്ന മുറിയിൽ തീപിടിത്തമുണ്ടായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞതായി എം വിന്‍സെന്‍റ് എംഎൽഎ പറഞ്ഞു. തീ അണച്ചതിനു ശേഷം തിരികെയെത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു എന്നാണ് ഇവർ പറഞ്ഞത്. അമ്മാവന്റെ മുറിയിൽ മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നു. ഫയർഫോഴ്സ് നടത്തിയ തിരിച്ചിലിലാണ് കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും എം വിൻസെന്റ് എംഎൽഎ പറഞ്ഞു.
Recent Comments