ആലംകോട് മുസ്ലീം ജമാഅത്ത് പുതുതായി നിര്‍മ്മിച്ച എച്ച്.എസ് മസ്ജിദ് വിശ്വാസികൾക്കായി തുറന്നു കൊടുത്തു

ആലംകോട് മുസ്ലീം ജമാഅത്ത് പുതുതായി നിര്‍മ്മിച്ച എച്ച്.എസ് മസ്ജിദ് വിശ്വാസികൾക്കായി തുറന്നു കൊടുത്തു

ആലംകോട് മുസ്ലീം ജമാഅത്ത് പുതുതായി നിര്‍മ്മിച്ച എച്ച്.എസ് മസ്ജിദ്, ചീഫ് ഇമാം കുമ്മനം നിസാമുദീൻ അസ്ഹരി വിശ്വാസികൾക്കായി തുറന്നു കൊടുത്തു. ജമാഅത്ത് പ്രസിഡന്റ് നാസറുദ്ദീൻ മുസ്ലിയാർ, ഷിഹാബുദ്ദീൻ ഫൈസി, നിഹാൽ അൽ ഹാദി, ജമാഅത്ത് പരിപാലന സമിതി അംഗങ്ങൾ തുടങ്ങി ആയിരത്തോളം പേർ പങ്കെടുത്തു.

മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ 4 സീസൺസ് ജനുവരി 31 ന്

മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ 4 സീസൺസ് ജനുവരി 31 ന്

മലയാളത്തിലാദ്യമായി ജാസ്, ബ്ളൂസ്, ടാംഗോ സംഗീത കോമ്പോയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ “4 സീസൺസ് ” ജനുവരി 31 ന് തീയേറ്ററുകളിലെത്തുന്നു.

സംഗീത വഴിയിൽ തൻ്റേതായൊരു സ്ഥാനവും ഐഡൻ്റിറ്റിയും സ്ഥാപിക്കാൻ തീവ്രമായി ശ്രമിക്കുന്ന ഒരു ടീനേജുകാരൻ. കല്യാണ ബാൻറ് സംഗീതകാരനിൽ നിന്നും ലോകോത്തര മ്യൂസിക്കൽ ബാൻ്റായ റോളിംഗ് സ്റ്റോണിൻ്റെ മത്സരാർത്ഥിയാകുന്നിടം വരെയുള്ള കഠിനധ്വാനത്തിൻ്റെയും പോരാട്ടവീര്യത്തിൻ്റെയും കഥ പറയുന്ന ചിത്രം കൂടിയാണ് 4 സീസൺസ്.

സ്കൂൾ ജീവിതത്തിൻ്റെ കലണ്ടർ ഇയറിൽ, മാറി വരുന്ന നാല് ഋതുക്കൾക്കനുസരിച്ച്, കൗമാരക്കാരുടെ മാനസിക, വൈകാരികാവസ്ഥകളിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയും ചിത്രം കടന്നുപോകുന്നു.

മോഡൽ രംഗത്തു നിന്നെത്തിയ അമീൻ റഷീദാണ് സംഗീതജ്ഞനായ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയാകുന്നത് ഡാൻസറായ റെയാ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നർമ്മകല, ബിന്ദു തോമസ്, പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസ്സി സുനിൽ, ലക്ഷ്മി സേതു, രാജ് മോഹൻ, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന എന്നിവർക്കൊപ്പം ദയാ മറിയം, വൈദേഗി, സീതൾ, ഗോഡ്‌വിൻ, അഫ്രിദി താഹിർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബാനർ – ട്രാൻസ്ഇമേജ് പ്രൊഡക്ഷൻസ്, നിർമ്മാണം, ഛായാഗ്രഹണം – ക്രിസ് എ ചന്ദർ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – വിനോദ് പരമേശ്വരൻ, എഡിറ്റിംഗ് – ആർ പി കല്യാൺ, സംഗീതം – റാലേ രാജൻ (USA), ജിതിൻ റോഷൻ, ഗാനരചന – കൈതപ്രം ദാമോദരൻ നമ്പൂതിരി, ഡോ. സ്മിതാ പിഷാരടി, ചന്തു എസ് നായർ, വിനോദ് പരമേശ്വരൻ, ആലാപനം – മധു ബാലകൃഷ്ണൻ, സൈന്ധവി, സത്യപ്രകാശ്, അഭിലാഷ് വെങ്കിടാചലം, ശരണ്യ ശ്രീനിവാസ് (ഗായകൻ ശ്രീനിവാസിൻ്റെ മകൾ), ഗായത്രി രാജീവ്, പ്രിയാ ക്രിഷ്, സിനോവ് രാജ്, ക്രിസ് വീക്ക്സ്, അലക്സ് വാൻട്രൂ, റാലേ രാജൻ, കല- അർക്കൻ എസ് കർമ്മ, കോസ്റ്റ്യും – ഇന്ദ്രൻസ് ജയൻ, ചമയം – ലാൽ കരമന, കോറിയോഗ്രാഫി – സുനിൽ പീറ്റർ, കിച്ചാ, ശ്രുതി ഹരി, അമീൻ റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -സജി വിൽസൺ, വിതരണം – ട്രാൻസ്ഇമേജ് പ്രൊഡക്ഷൻസ് & കൃപാനിധി സിനിമാസ്, ഡിസൈൻസ് – കമ്പം ശങ്കർ, പിആർഓ – അജയ് തുണ്ടത്തിൽ.

മുക്കുപണ്ടം പണയം വെക്കാൻ ശ്രമം; യുവതിയും യുവാവും പിടിയിൽ

മുക്കുപണ്ടം പണയം വെക്കാൻ ശ്രമം; യുവതിയും യുവാവും പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച രണ്ടു പേര്‍ പിടിയിലായി. നെടുമങ്ങാട് റൂറൽ മേഖലയിലാണ് സംഭവം. പാങ്ങോട് കൊച്ചാലം മൂട് സ്വദേശി ഇര്‍ഷാദ്, സുഹൃത്ത് ഭരതന്നൂർ സ്വദേശി നീന എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഉഴമലയ്ക്കൽ – കുര്യത്തി ജംഗ്ഷനിലെ ലക്ഷ്മി ഫൈനാൻസ് എന്ന സ്വർണ്ണ പണയ സ്ഥാപനത്തിലാണ് ഇരുവരും ചേര്‍ന്ന് മുക്കുപണ്ടം പണയം വെയ്ക്കാൻ ശ്രമിച്ചത്.ഇരുവരും നൽകിയ വള പണയം വെച്ച് 40000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. വള കടയുടമ ഉരച്ചുനോക്കിയപ്പോള്‍ സംശയം തോന്നി.

യഥാര്‍ത്ഥ സ്വര്‍ണമാണോയെന്ന കാര്യത്തിൽ സംശയം തോന്നിയതോടെ ഉടമ ആധാര്‍ രേഖ ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഇരുവരെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുയായിരുന്നു.

സ്നേഹ ദേവിന്‍റെയും ശ്രീകലയുടേയും ജീവിതം കീഴ്മേൽ മറിഞ്ഞു; ഒടുവിൽ കൈകോർത്ത് മടക്കം

സ്നേഹ ദേവിന്‍റെയും ശ്രീകലയുടേയും ജീവിതം കീഴ്മേൽ മറിഞ്ഞു; ഒടുവിൽ കൈകോർത്ത് മടക്കം

തിരുവനന്തപുരം: അരുവിപ്പുറത്ത് നെയ്യാറിൽ ദമ്പതികളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെയാണ്. ഏക മകന്റെ അകാല മരണം ഉണ്ടാക്കിയ വേദനയിൽ ജീവിക്കുകയായിരുന്ന സ്നേഹ ദേവും ഭാര്യ ശ്രീകലയും കൈകൾ കൂട്ടിക്കെട്ടി നദിയിൽ ചാടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരുവർഷം മുൻപാണ് ഏകമകൻ ശ്രീദേവ് പെട്ടെന്നുണ്ടായ നെഞ്ചുവേദന കാരണം മരിച്ചത്. മലയാള മാസപ്രകാരമുള്ള ശ്രീദേവിന്റെ ചരമദിനത്തിലാണ് മാതാപിതാക്കളും ജീവനൊടുക്കിയത്.

മകൻറെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് പാവങ്ങളെ സഹായിക്കുന്നതിനിടെയാണ് നാടിനെ നടുക്കി ദമ്പതികളുടെ മരണം. മുട്ടട അറപ്പുറം ലൈനിലൂടെ നടന്ന് എസ്‍ ഡികെ സദനത്തിലേക്ക് കടക്കുമ്പോൾ ആദ്യം കാണുന്നത് ശ്രീദേവ് സ്നേഹദേവ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് എന്ന ബോർഡാണ്. ശ്രീദേവ് ഉപയോഗിച്ചിരുന്ന കാർ ഇപ്പോഴും പോർച്ചിൽ കിടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്താണ് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി ശ്രീദേവിന്‍റെ പെട്ടന്നുളള മരണം. ലോ അക്കാദമിയിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ശ്രീദേവ്. ഒരു രാത്രിയിൽ പെട്ടെന്ന് തളർന്ന് വീണായിരുന്നു ശ്രീദേവിന്റെ മരണം.

ഇതോടെ സ്നേഹദേവിന്‍റെയും ശ്രീകലയുടേയും ജീവിതവും കീഴ്മേല് മറിഞ്ഞു. ഏക മകന്‍റെ വിയോഗം ഇരുവർക്കും താങ്ങാൻ കഴിയുന്നതായിരുന്നില്ല. ടൂഷൻ സെന്‍ററുകളിലെ അധ്യാപക ജോലി രണ്ട് പേരും നിര്‍ത്തി. മകന്‍റെ ഓർമ്മ എന്നും നിലനിര്‍ത്താൻ ട്രസ്റ്റ് രൂപീകരിച്ച് പാവപ്പെട്ടവര്‍ക്ക് അത്താണിയായി. ശ്രീദേവിന്‍റെ ഒന്നാം ചരമവാർഷികം അടുത്തിരിക്കെ ഒരു തീർത്ഥാടന യാത്ര പോകുമെന്ന് അടുത്തിടെ ബന്ധുക്കളോട് സൂചിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് വരെ ഇരുവരും വീട്ടിൽ ഉണ്ടായിരുന്നു. യാത്ര പറയാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് രാത്രിയിൽ ഫോണിൽ സന്ദേശം അയച്ചപ്പോൾ അത് എന്നത്തേക്കുമുള്ള യാത്ര പറച്ചിലെന്ന് പക്ഷെ ബന്ധുക്കളും അറിഞ്ഞില്ല. ജീവിതത്തിലെന്ന പോലെ പരസ്പരം കൈകൾ കോർത്ത് പിടിച്ചാണ് ഇരുവരും മരണത്തിന്റെ ആഴങ്ങളിലേക്കിറങ്ങിയത്. സ്കൂളിൽ പഠിക്കുമ്പോൾ ശ്രീദേവ് ഉപയോഗിച്ചിരുന്ന ബെൽറ്റ് അപ്പോഴും സ്നേഹദേവിന്‍റെ അരയിൽ ഉണ്ടായിരുന്നു.

കിണറ്റിലകപ്പെട്ട മദ്ധ്യവയസ്കനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

കിണറ്റിലകപ്പെട്ട മദ്ധ്യവയസ്കനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

ആറ്റിങ്ങൽ: മണമ്പൂർ പഞ്ചായത്തിൽ മണമ്പൂർ ഹോസ്പിറ്റലിന് സമീപം ചരിവിള പുത്തൽ വീട്ടിൽ പ്രഗത്ഭൻ എന്നയാളാണ് 55 അടി താഴ്ചയും 6 അടി വെള്ളവുമുള്ള കിണറ്റിലകപ്പെട്ടത്. ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ എസ്.ബി.അഖിലിൻ്റെ നേതൃത്വത്തിൽ അസ്സി. സ്റ്റേഷൻ ഓഫീസർ വ.സജ്ജുകുമാർ,ഗ്രേഡ് അസ്സി: സ്റ്റേഷൻഓഫീസർ സി.ആർ. ചന്ദ്രമോഹൻ, സീനിയർ ഫയർ ഓഫീസർ എം.എസ്. ബിജോയ്, ഫയർ ഓഫീസർമാരായ സനു,സാൻ, മിഥുൻ, അമൽജിത്, ഫയർ ഓഫീസർ ഡ്രൈവർ ശരത് ലാൽ, എച്ച്.ജി .ജയരാജ് എന്നിവരടങ്ങുന്ന ടീമാണ് നെറ്റും റോപ്പും ഉപയോഗിച്ച് അദ്ദേഹത്തെ രക്ഷപ്പെടുത്തി ഹോസ്പിറ്റലിൽ എത്തിച്ചത്‌. ഫയർ ഓഫീസർ.മിഥുൻ ആണ് കിണറ്റിലിറങ്ങിയത്.

ഗവൺമെന്റ് ഐടിഐ ആറ്റിങ്ങലിൽ ഡ്രൈവർ കം മെക്കാനിക് ട്രേഡിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഗവൺമെന്റ് ഐടിഐ ആറ്റിങ്ങലിൽ ഡ്രൈവർ കം മെക്കാനിക് ട്രേഡിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഗവൺമെന്റ് ഐടിഐ ആറ്റിങ്ങലിൽ 2025 ഫെബ്രുവരി ബാച്ചിലേക്കുള്ള ഡ്രൈവർ കം മെക്കാനിക് ട്രേഡിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആറുമാസത്തെ എസ് സി വി ടി ട്രേഡ് ആയ ഡ്രൈവർ കം മെക്കാനിക് കോഴ്സിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ട്രേഡ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗവൺമെന്റ് പൊതുമേഖല, പ്രൈവറ്റ് സ്ഥാപനങ്ങളിൽ ഡ്രൈവർ തസ്തികയിലും ഓട്ടോമൊബൈൽ സർവീസ് സ്ഥാപനങ്ങളിൽ ടെക്നീഷ്യൻ തസ്തികയിലും നിരവധി അവസരങ്ങൾ.

ഉയർന്ന നിലവാരത്തിലുള്ള ഡ്രൈവിംഗ് വിജ്ഞാനവും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് വേണ്ടുന്ന പരിശീലനവും ആണ് ഈ ട്രെഡിലൂടെ ലഭിക്കുക. പൂർണ്ണമായും സൗജന്യമായി ഡ്രൈവിംഗ് പരിശീലനവും ശേഷം ഡ്രൈവിങ്‌ ലൈസൻസും കരസ്ഥമാക്കാം.

യോഗ്യത:

01 01 2025 ന് 18 വയസ്സ് തികഞ്ഞിരിക്കണം.

10 ആം ക്ലാസ് തോറ്റവർക്കും അപേക്ഷിക്കാം.

അപേക്ഷ നൽകുന്നതിനായി ആറ്റിങ്ങൽ ഐടിഐയിൽ നേരിട്ട് എത്തി 100 രൂപ ഫീ ഒടുക്കി നിർദിഷ്ട ഫോമിൽ അപേക്ഷയും എസ്എസ്എൽസി, ആധാർ എന്നിവയുടെ പകർപ്പും നൽകുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 31 -01 25 5 PM