ഖോ-ഖോ ലോകക്കപ്പ്: ചരിത്രമെഴുതി ഇന്ത്യ, ആറ്റിങ്ങലിനും അഭിമാനം

ഖോ-ഖോ ലോകക്കപ്പ്: ചരിത്രമെഴുതി ഇന്ത്യ, ആറ്റിങ്ങലിനും അഭിമാനം

ആറ്റിങ്ങൽ: പ്രഥമ ഖോ-ഖോ ലോകക്കപ്പിൽ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചതിൽ ആറ്റിങ്ങലുകാർക്ക് ഒരുപടി കൂടുതൽ അഭിമാനിക്കാം. എങ്ങനെയെന്നല്ലേ, ലോകക്കപ്പിൽ മുത്തമിട്ട പുരുഷ ഇന്ത്യൻ ടീമിന്റെ മാനേജർ ഒരു ആറ്റിങ്ങലുകാരനാണ്. ആറ്റിങ്ങലിന്റെ കായിക മേഖലയിൽ മാത്രമല്ല, സർവമുഖ സാന്നിധ്യമായ അവനവഞ്ചേരി ശാന്തിനഗർ ‘സിതാര’യിലെ ജി വിദ്യാധരൻ പിള്ള.

ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അരീനയിൽ
ജനുവരി 13 മുതൽ 19 വരെ നടന്ന ഖോ ഖോ ലോകകപ്പിൽ ഇന്ത്യൻ പുരുഷ ടീമിനൊപ്പമായിരുന്നു വിദ്യാധരൻ പിള്ള. കായികതാരങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയും വിജയ തന്ത്രങ്ങൾ പറഞ്ഞുകൊടുത്തും പ്രോത്സാഹനം നൽകിയും ടീം മാനേജർ എന്ന നിലയിൽ തന്റെ ഔദ്യോഗിക കർമം അദ്ദേഹം കൃത്യമായി നിർവഹിച്ചു. ഖോ ഖോ എന്ന കായിക ഇനത്തിൽ ആർജിച്ചെടുത്ത അറിവും ഇത്രയും നാളത്തെ അനുഭവ സമ്പത്തും നേതൃപാഠവവും ഇതിന് ഏറെ സഹായിച്ചെന്ന് വിദ്യാധരൻ പിള്ള പറയുന്നു. ഫൈനലിൽ നേപ്പാളിനെതിരെ 54-36 എന്ന സ്‌കോറിനാണ് ഇന്ത്യൻ പുരുഷ ടീം വിജയം ഉറപ്പിച്ചത്. ആറ് ഭൂഖണ്ഡങ്ങളിലായി 23 രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ 20 പുരുഷ ടീമുകളും 19 വനിതാ ടീമുകളുമാണ് മത്സരിച്ചത്.

2025-ലെ ഖോ ഖോ ലോകകപ്പിൻ്റെ വിജയം കായിക ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഇന്ത്യയുടെ ഏറ്റവും പഴയ പരമ്പരാഗത ഗെയിമുകളിലൊന്നിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവരാൻ ഇടയാക്കുമെന്നതിൽ സംശയമില്ല. ഈ വിജയം രാജ്യത്തുടനീളമുള്ള യുവ അത്‌ലറ്റുകളെ ഖോ ഖോ പിന്തുടരാൻ പ്രചോദിപ്പിക്കുമെന്ന് ‘പിള്ള സാർ’ പറയുന്നു.

ചെറുപ്പത്തിൽ തന്നെ ആറ്റിങ്ങലിലെ കായിക താരം എന്ന നിലയിൽ ഉയർന്നുവന്ന വിദ്യാധരൻ പിള്ള ഇന്ന് ഖോ ഖോ എന്ന കായിക ഇനത്തിന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തികളിലൊരാളായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് പ്രഥമ ഖോ ഖോ ലോകക്കപ്പിൽ ഇന്ത്യൻ ടീം മാനേജർ പദവി ഇദ്ദേഹത്തിന്റെ കൈകളിലേക്ക് ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യ ഏൽപ്പിച്ചതും. 2023ൽ മലേഷ്യയിൽ നടന്ന ഇന്റർനാഷണൽ ഖോ ഖോ ടെസ്റ്റ്‌ സീരീസിലും
ഇന്ത്യൻ ടീമിന്റെ സീനിയർ കോച്ച് ആയിരുന്നു ഇദ്ദേഹം.
നിലവിൽ കേരള ഖോ ഖോ അസോസിയേഷന്റെയും ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും വൈസ് പ്രസിഡന്റാണ്. ഖോ ഖോ പരിശീലകനായി സർക്കാർ സർവീസിൽ പ്രവേശിച്ച ഇദ്ദേഹം ജില്ലാ സ്പോർട്സ് ഓഫീസറായാണ് വിരമിച്ചത്. ഓർമകളിലൂടെ ഇന്നും ജീവിക്കുന്ന, കായികാധ്യാപികയായിരുന്ന ശ്യാമളയാണ് ഭാര്യ.

കായിക മേഖലയിൽ മാത്രമല്ല, ആറ്റിങ്ങലിൽ സർവതല സ്പർശിയായി വിവിധ മേഖലകളിൽ ഇദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ട്. ലയൻസ് , റോട്ടറി, വൈസ്മെൻ തുടങ്ങി ക്ലബുകളുടെ ഭാരവാഹിയായും പ്രവർത്തിക്കുന്നു.

ഖോ-ഖോ ലോകക്കപ്പിലെ മറ്റു മലയാളി സാന്നിധ്യം

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഒരേയൊരു മലയാളി കായിക താരമാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ഉഴമലയ്ക്കൽ കുര്യാത്തി സ്വദേശിയായ നിഖിൽ. ടൂർണമെന്റിലെ ഒന്നൊഴികെ എല്ലാമത്സരങ്ങളിലും കളത്തിലിറങ്ങിയ നിഖിൽ ഭൂട്ടാനെതിരായ മത്സരത്തിൽ ബെസ്റ്റ് ഡിഫൻഡറായിരുന്നു. നേപ്പാളിനെതിരായ ഫൈനലിൽ രണ്ട് പോയിന്റുകൾ നേ‌ടുകയും ഡിഫൻസിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി കെ. മണികണ്ഠൻ നായർ, മലപ്പുറം നിറമരുതൂർ സ്വദേശി വത്സൻ പി.കെ, കേരള ഖോ ഖോ അസോസിയേഷൻ സെക്രട്ടറി ജി രാധാകൃഷ്ണൻ എന്നിവരാണ് ഒഫിഷ്യൽസായി ഉണ്ടായിരുന്ന മറ്റു മലയാളി സാന്നിധ്യം.

✍️റിപ്പോർട്ട്‌: ആമിന ഇ.

താന്നിമൂട് സ്കൂളിൽ പ്രഭാത ഭക്ഷണം ആരംഭിച്ചു

താന്നിമൂട് സ്കൂളിൽ പ്രഭാത ഭക്ഷണം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജി.ജി ട്രസ്റ്റിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണ പരിപാടി പെരിങ്ങമ്മല ചല്ലിമുക്ക് , താന്നിമൂട് ഗവ. ട്രൈബൽ എൽ.പി. സ്കൂളിൽ ആരംഭിച്ചു. പെരിങ്ങല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനു മടത്തറ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഭാത ഭക്ഷണം സ്കൂൾ ലീഡർ അളകനന്ദക്ക് നൽകികൊണ്ടാണ് നിർവഹിച്ചത് .

എസ്.എം.സി. ചെയർമാൻ നാസിമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജിജി ചാരിറ്റബിൾ ട്രസ്റ്റ് അംഗം മുരളി പദ്ധതി വിശദീകരിച്ചു. 2023 – 24 എൽ.എസ് .എസ് പരീക്ഷയിൽ സ്കോളർഷിപ് നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഷിഹാബുദ്ദീൻ , റിട്ട. അധ്യാപകൻ അബ്ദുൾ അസീസ് , ഹാഷിം റാവുത്തർ , സഫീർ ഖാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രഥമ അധ്യാപിക ജമനിസാ ബീഗം സ്വാഗതവും അൻസാറുദ്ദീൻ ടി.എ നന്ദിയും പറഞ്ഞു.

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നടി ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്ത സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജുഎബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജയിൽ മേധാവി ബൽറാം കുമാ‍ർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് നടപടി. റിമാൻഡിൽ കഴിയവേ ബോബി ചെമ്മണ്ണൂരിന്‍റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി സൂപ്രണ്ടിൻ്റെ മുറിയിൽ കൂടിക്കാഴ്ചക്ക് അവസരം നൽകിയെന്നാണ് ജയിൽ മേധാവിയുടെ കണ്ടെത്തൽ. ജയിൽ ചട്ടങ്ങൾ ലംഘിച്ചുള്ള നടപടിയായതിനാലാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്.

കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ

കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ

തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. കായംകുളം സ്വദേശി ആതിര(30)യാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. രാവിലെ പതിനൊന്നരയോടെയാണ് വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്.

കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യ ആണ് ആതിര. ഭർത്താവ് ജോലി കഴിഞ്ഞു മടങ്ങി എത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടത്. യുവതിയുടെ സ്‌കൂട്ടറും വീട്ടിൽ കാണാനില്ല. ക്ഷേത്ര കമ്മിറ്റി താമസിക്കാൻ എടുത്തു നൽകിയ വീട്ടിലായിരുന്നു സംഭവം. ഭർത്താവുമായി താമസിച്ചു വരികയായിരുന്നു. യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

എറണാകുളം സ്വദേശിയാണ് ഇയാളെന്നു വിവരം. ഈ യുവാവ് രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയിരുന്നെന്നു പോലീസിന് വിവരം ലഭിച്ചു. ഇൻസ്റ്റഗ്രാം വഴിയാണ് ആതിര യുവാവുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. 8.30 ന് ശേഷമാണ് കൊലപാതകം നടന്നതെന്ന് സംശയം. 8.30ന് ആതിര മകനെ സ്കൂളിൽ അയക്കുന്നത് അയൽ വാസികൾ കണ്ടിരുന്നു. അതിനാൽ ഇതിന് ശേഷമാകും കൃത്യം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

1 സി 2025; വധശിക്ഷ കിട്ടി ഈ വർഷം എത്തുന്ന ആദ്യ പ്രതി

1 സി 2025; വധശിക്ഷ കിട്ടി ഈ വർഷം എത്തുന്ന ആദ്യ പ്രതി

തിരുവനന്തപുരം: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് അട്ടക്കുളങ്ങര വനിതാ ജയിലിൽ ഈ വർഷം എത്തുന്ന ഒന്നാം നമ്പർ പ്രതിയാണു ​ഗ്രീഷ്മ. 1 സി 2025 എസ്എസ് ​ഗ്രീഷ്മ എന്നാകും ഇനി ജയിൽ രേഖകളിൽ.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടെങ്കിലും സുപ്രീം കോടതി വിധിയുള്ളതിനാൽ എകാന്ത തടവിൽ പാർപ്പിക്കില്ല. മാത്രമല്ല റിമാൻഡ് തടവുകാരിയായി ഒന്നര വർഷത്തോളം ഇവിടെ കഴിഞ്ഞതിനാൽ പല തടവുകാരേയും ​ഗ്രീഷ്മയ്ക്കു പരിചയവുമുണ്ട്. ആദ്യ നാലഞ്ച് ദിവസം ​ഗ്രീഷ്മ ജയിലിൽ ഉദ്യോ​ഗസ്ഥരുടെ നിരീക്ഷണത്തിലാകും. അതിനു ശേഷം പുറത്തിറക്കും. എന്നാൽ മറ്റു തടവുകാർക്കു ലഭിക്കുന്ന പരോളോ സാധാരണ അവധിയോ ലഭിക്കില്ല.

വിധിയുടെ പകർപ്പു ലഭിച്ചാൽ ഒരു മാസത്തിനകം ഹൈക്കോടതിയിൽ അപ്പീൽ നൽകാം. എന്നാൽ അഞ്ചാറു വർഷം കഴിഞ്ഞേ ഇത്തരം ഹർജികൾ പരി​ഗണിക്കാറുള്ളു. വധശിക്ഷ ഹൈക്കോടതി ശരിവച്ചാൽ സുപ്രീം കോടതിയെ സമീപിക്കാം.

കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായത് കേരളത്തില്‍; കണക്ക് പുറത്തുവിട്ട് കേന്ദ്രം

കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായത് കേരളത്തില്‍; കണക്ക് പുറത്തുവിട്ട് കേന്ദ്രം

തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായത് കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍. ജനുവരിക്കും ഡിസംബര്‍ ആറിനുമിടയില്‍ സംസ്ഥാനത്ത് 66 കോവിഡ് മരണങ്ങളുണ്ടായെന്നും കണക്കുകള്‍ പറഞ്ഞു. കര്‍ണാടകത്തില്‍ 39 പേരും മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളില്‍ മുപ്പതിലധികംപേര്‍ മരിച്ചതായും കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ പറഞ്ഞു.

2023-ല്‍ സംസ്ഥാനത്ത് 87,242 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 516 പേര്‍ മരിക്കുകയുംചെയ്തു. 2022-ല്‍ 15,83,884 പേര്‍ക്ക് രോഗം ബാധിക്കുകയും 24,114 പേര്‍ മരിക്കുകയുംചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 5597 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇപ്പോള്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങളൊന്നുമില്ല. 2023 നവംബറില്‍ സ്ഥിരീകരിച്ച ജെഎന്‍ 1 എന്ന വകഭേദമാണ് ഇപ്പോഴുള്ളത്. നിര്‍ബന്ധമല്ലാത്തതിനാല്‍ സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ കുറഞ്ഞിട്ടുണ്ട്. പനിക്കൊപ്പം ശ്വാസതടസ്സമോ മറ്റ് ഗുരുതരരോഗങ്ങളോ ഉള്ളവരോട് മാത്രമാണ് ആര്‍ടിപിസിആര്‍. പരിശോധന നടത്താന്‍ ആവശ്യപ്പെടുന്നത്.