നഗരൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

നഗരൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

നഗരൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. നഗരൂർ പുല്ലുതോട്ടം ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടവരിൽ ഒൻപതോളം സ്ത്രീകൾക്കാണ് കടന്നൽ കുത്തേറ്റത്.
പത്മിനി (66), ബിന്ദു (44), വിനി (49),വൈജയന്തി (70), മിനി (44), വസന്ത (75), ഷെർലി (52),ബിജി (43), സുധർമ്മിണി(70) എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ കിളിമാനൂർ കേശവപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

കിളിമാനൂരിൽ അച്ഛനെ കൊന്ന മകൻ കസ്റ്റഡിയിൽ

കിളിമാനൂരിൽ അച്ഛനെ കൊന്ന മകൻ കസ്റ്റഡിയിൽ

കിളിമാനൂരിൽ അച്ഛനെ കൊന്ന മകൻ കസ്റ്റഡിയിൽ. കിളിമാനൂർ പെരുന്തമൻ സ്വദേശി ഹരികുമാർ (52) ആണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ കഴിയവേ മരണം സംഭവിക്കുകയായിരുന്നു. മകൻ ആദിത്യ കൃഷ്ണ (24) ആണ് കിളിമാനൂർ പോലീസിന്റെ കസ്റ്റഡിയിൽ ആയത്. കഴിഞ്ഞ 15 ന് വൈകിട്ടാണ് വീട്ടിൽ അച്ഛനും മകനും തമ്മിൽ വാക്കേറ്റം ഉണ്ടായത്. അമ്മയുടെ ഫോൺ ആദിത്യൻ എടുത്തിരുന്നു. പൈസ ചോദിച്ച് നൽകാത്തിനെ തുടർന്നാണ് വാക്കേറ്റം ഉണ്ടായത്.

അച്ഛനെ മകൻ പിടിച്ച് തള്ളിയപ്പോൾ ആണ് കല്ലിൽ തട്ടി തലയ്ക്ക് ക്ഷതമേറ്റ്
സ്വകാര്യ ആശുപത്രിയിലായത്. തുടർന്ന് 16 -ന് മെഡിക്കൽ കോളെജിലും കൊണ്ട് പോയി. ഇന്ന് വെളുപ്പിന് 3 മണിക്ക് മരണം സംഭവിക്കുകയായിരുന്നു .

‘പൊന്നുമോന് നീതി കിട്ടി’, കൂപ്പുകൈകളോടെ പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍

‘പൊന്നുമോന് നീതി കിട്ടി’, കൂപ്പുകൈകളോടെ പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ വധശിക്ഷ വിധിച്ചു കൊണ്ടുള്ള കോടതി വിധി പ്രതി ഗ്രീഷ്മ നിര്‍വികാരയായിട്ടാണ് കേട്ടത്. വിധി പ്രസ്താവിച്ചുകൊണ്ടുള്ള, നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജിയുടെ നിരീക്ഷണങ്ങളെല്ലാം തലകുനിച്ച് നിര്‍വികാരതയോടെ ഗ്രീഷ്മ കേട്ടുനില്‍ക്കുകയായിരുന്നു. കേസില്‍ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ച മൂന്നാം പ്രതി നിര്‍മലകുമാരന്‍ നായരും നിര്‍വികാരതയോടെയാണ് വിധി കേട്ടത്.

വിധി പ്രസ്താവത്തിന് മുമ്പ് ഷാരോണിന്റെ മാതാപിതാക്കളെ കോടതി അടുത്തേക്ക് വിളിപ്പിച്ചിരുന്നു. കോടതി വിധി പ്രസ്താവിച്ചതോടെ, തൊഴുകൈകളോടെ ഷാരോണിന്റെ മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു. ജപമാലയോടെ പ്രാര്‍ത്ഥനയോടെയാണ് ഷാരോണിന്റെ അമ്മ കോടതിയില്‍ ഇരുന്നത്. പൊന്നുമോന് നീതി കിട്ടിയെന്ന് ഷാരോണിന്റെ അമ്മ പ്രിയ പ്രതികരിച്ചു. നീതിപീഠത്തിനും പൊലീസിനും നന്ദി പറയുന്നതായി ഷാരോണിന്റെ സഹോദരൻ പറഞ്ഞു. തൂക്കുകയര്‍ വിധിച്ചത് കേട്ട് പ്രതി ഗ്രീഷ്മയുടെ കുടുംബം പൊട്ടിക്കരഞ്ഞു.

സംസ്ഥാനത്ത് വധശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിയാണ് ഗ്രീഷ്മ. സംസ്ഥാനത്ത് വധശിക്ഷ വിധിക്കപ്പെട്ട് ജയിലിലുള്ള രണ്ടാമത്തെ സ്ത്രീയാണ് ഗ്രീഷ്മ. ശാന്തകുമാരി കൊലപാതകക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഫീഖ ബീവിയാണ് വധശിക്ഷ കാത്തു കഴിയുന്ന മറ്റൊരാള്‍. രണ്ടു ശിക്ഷാവിധിയും പ്രസ്താവിച്ചത് നെയ്യാറ്റിന്‍കര കോടതിയാണ്. സംസ്ഥാനത്ത് ഇതുവരെ 39 പേരാണ് വധശിക്ഷ വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിഞ്ഞിരുന്നത്. തൂക്കുകയര്‍ വിധിക്കപ്പെട്ട 40-മത്തെ പ്രതിയാണ് ഗ്രീഷ്മ.

പ്രതിയുടെ പ്രായം പരി​ഗണിക്കാൻ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. ഗ്രീഷ്മ ചെയ്തത് സമർഥമായ കൊലപാതകമാണ്. ആന്തരികാവയവങ്ങൾ അഴുകിയാണ് ഷാരോൺ മരിച്ചത്. ഘട്ടം ഘട്ടമായി കൊലപാതകം നടത്താനാണ് പ്രതി ശ്രമിച്ചത്. ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം കേസ് അന്വേഷണത്തെ വഴിതിരിച്ചു വിടാനായിരുന്നു. ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം പ​രി​ഗണിക്കാൻ കഴിയില്ലെന്നും തൂക്കുകയർ വിധിച്ചുകൊണ്ട് കോടതി പറഞ്ഞു.

ഇസ്‌കഫ് രചനാ മത്സര പുരസ്കാരം ആര്യൻ എസ് ബി നായർക്ക് നൽകി

ഇസ്‌കഫ് രചനാ മത്സര പുരസ്കാരം ആര്യൻ എസ് ബി നായർക്ക് നൽകി

ആറ്റിങ്ങൽ: ഇന്ത്യയിലെ ആദ്യത്തെ സമാധാന സൗഹൃദ പ്രസ്ഥാനമായ ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ്) വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരത്തിൽ ആര്യൻ എസ് ബി നായർ ഒന്നാം സ്ഥാനം നേടി വിജയിച്ചു. ‘പരിസ്ഥിതിയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ നടത്തിയ രചനയ്ക്കാണ് സമ്മാനം ലഭിച്ചത്. മാനവീയം വീഥിയിൽ എം ടി വാസുദേവൻ നായർ നഗറിൽ വച്ച് നടന്ന ഇസ്‌കഫ് സംസ്ഥാന സമ്മേളനത്തിൽ വച്ച് സാഹിത്യകാരൻ ഡോ ജോർജ് ഓണക്കൂറിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനായി. മുൻ എം.പി. സുരേഷ് കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. ഇസ്‌കഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബിജയ് കുമാർ പട്ഹാരി
മുഖ്യാതിഥിയായി. അഡ്വ. പ്രശാന്ത് രാജൻ, എസ്. ഹസൻ, രാജീവ് തുടങ്ങിയവർ സംസാരിച്ചു.

ചെറു കഥാകാരനും ഹ്രസ്വ ചിത്ര സംവിധായകനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെയും കവയിത്രി ബിന്ദു നന്ദനയുടെയും മകൻ ആണ് ആര്യൻ. കൊടുവഴന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണ്.

ജനുവരി 30ന് എല്ലാ ഓഫീസുകളിലും 2 മിനിറ്റ് മൗനാചരണം

ജനുവരി 30ന് എല്ലാ ഓഫീസുകളിലും 2 മിനിറ്റ് മൗനാചരണം

തിരുവനന്തപുരം: മഹാത്മാ ​ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ എല്ലാ ഓഫീസുകളിലും മൗനാചരണം. ഈ മാസം 30ന് ​ഗാന്ധിജിയുടെ 77ാം രക്തസാക്ഷിത്വ ദിനത്തിലാണ് ചടങ്ങ്.രാവിലെ 11 മണിക്കാണ് രണ്ട് മിനിറ്റ് നീളുന്ന മൗനാചരണം. സ്വാതന്ത്ര്യ സമരത്തിൽ വീര മൃത്യു വരിച്ചവരെ അനുസ്മരിച്ചാണ് മൗനാചരണം.

നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിന്‍റെ മതിലിൽ തകർത്തു

നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിന്‍റെ മതിലിൽ തകർത്തു

പള്ളിക്കൽ: നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിൽ ഇടിച്ച ശേഷം വീടിന്‍റെ മതിലിൽ ഇടിച്ചു നിന്നു. കാട്ടുപുതുശേരി മൊട്ടമൂട് ജങ്ഷന് സമീപം ഉച്ചയോടെ ആയിരുന്നു സംഭവം. ആയൂരിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവറുടെ കാലിലെ മസിൽ വലിഞ്ഞതോടെയാണ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങളിലും വീടിന്‍റെ മതിലിലും ഇടിച്ചു നിന്നത്. അപകട സമയത്ത് ബസിൽ ഇരുപതോളം യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ല. മിനി പിക്കപ്പിലും പോസ്റ്റിലും ഇടിച്ച ശേഷമാണ് ബസ് റോഡിൽ നിന്നും തെന്നിമാറി സമീപത്തെ വീടിന്‍റെ മതിലിൽ ഇടിച്ചു നിന്നത്. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ ചില്ലുകളും മുൻഭാഗവും തകർന്നു. പിക്കപ്പിനും കേടുപാടുകളുണ്ട്. ആറ്റിങ്ങൽ ആയൂർ സർവീസ് നടത്തുന്ന റഹ്മാനിയ ബസ് ആണ് അപകടത്തിൽപ്പെട്ടത്