അമ്മയുടെയും മകളുടെയും നൃത്ത സന്ധ്യ കൗതുകമായി

അമ്മയുടെയും മകളുടെയും നൃത്ത സന്ധ്യ കൗതുകമായി

അമ്മയുടെയും മകളുടെയും നൃത്ത സന്ധ്യ ശ്രദ്ദേയമായി. ചെമ്പകമംഗലം കുടവൂർ ശിവ ക്ഷേത്രത്തിലാണ് ആലിയാരുകോണം കൈലാസത്തിൽ സസുനാ തമ്പിയും മകൾ സ്വാതി എസ്സും കൂടി നൃത്ത സന്ധ്യ അവതരിപ്പിച്ചത്. മകൾ സ്വാതി 5 വർഷമായി നൃത്തം പഠിച്ചുവരുകയാണ്. അമ്മയുടെ അരങ്ങേറ്റം കൂടിയായിരുന്നു. സുധീർ ഭർത്താവും സ്വാതിഷ് മകനുമാണ്. വിജു ശങ്കർ എന്ന അധ്യാപകന്റെ കീഴിലാണ് ഇരുവരും നൃത്തം അഭ്യസിക്കുന്നത്.

കപ്പില്‍ ആര് മുത്തമിടും?, സ്‌കൂള്‍ കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്; തൃശൂരും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം

കപ്പില്‍ ആര് മുത്തമിടും?, സ്‌കൂള്‍ കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്; തൃശൂരും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ആവേശകരമായ ഫോട്ടോ ഫിനിഷിലേക്ക് കടക്കുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് ആര് കപ്പില്‍ മുത്തമിടും എന്നാണ്. മത്സരവേദികളിലെല്ലാം പൊടിപാറും പോരാട്ടമാണ് നടക്കുന്നത്. 117 പവന്‍ സ്വര്‍ണക്കപ്പിന്റെ അവകാശത്തിനായി തൃശൂര്‍, കണ്ണൂര്‍ ജില്ലകള്‍ പൊരിഞ്ഞ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്.

10 മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 965 പോയിന്റുമായി തൃശൂരാണ് ഒന്നാമത്. 961 പോയിന്റുമായി നിലവിലെ ചാമ്പ്യന്‍മാരായ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്താണ്. തൊട്ടു പിന്നില്‍ 959 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്ത് ഉണ്ട്. കണ്ണൂര്‍ മുന്‍വര്‍ഷത്തെ ചാമ്പ്യന്മാരാണ്. കോഴിക്കോടും പാലക്കാടുമായിരുന്നു രണ്ടും മൂന്നും സ്ഥാനത്ത്. ആകെയുള്ള 249 ഇനങ്ങളില്‍ പത്തുമത്സരം മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. ചൊവ്വാഴ്ച ഉച്ചയോടെ ഇരുന്നൂറിലേറെ ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയായി. സമാപനദിവസമായ ബുധനാഴ്ച പകല്‍ രണ്ടോടെ മത്സരങ്ങള്‍ പൂര്‍ത്തിയാകും. നാലിന് സ്വര്‍ണക്കപ്പ് വേദിയിലെത്തും. നടന്മാരായ ടൊവിനോ തോമസും ആസിഫ് അലിയും മുഖ്യാതിഥികളാകും.

സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്താണ്. തിരുവനന്തപുരം കാര്‍മെല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാം സ്ഥാനത്തും മാനന്തവാടി എംജിഎംഎസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്. അവസാന ദിനമായ ഇന്ന് ഹയര്‍ സെക്കന്ററി വിഭാഗം ആണ്‍ കുട്ടികളുടെ നാടോടി നൃത്തം, ഹൈസ്‌കൂള്‍ വിഭാഗം വഞ്ചിപ്പാട്ട്, ട്രിപ്പിള്‍ ജാസ്, ഹൈസ്‌ക്കൂള്‍ വിഭാഗം കഥാ പ്രസംഗം തുടങ്ങിയ മത്സരങ്ങള്‍ ഉണ്ട്.

നിയമസഭ പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു

നിയമസഭ പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് തന്നെ അറിയപ്പെടുന്ന സാഹിത്യ ഉത്സമായി കെഎൽഐബിഎഫ് മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.വായന തളിർക്കുന്ന അനുഭവം നിലനിൽക്കുന്ന നാടാണ് കേരളമെന്നും ഇ- റീഡിംഗ് വന്നിട്ടും പുസ്തകം കൈയ്യിൽ എടുത്ത് ഗന്ധം അറിഞ്ഞ് വായിക്കുന്നവരുടെ നാടാണിതെന്നും അദ്ദേഹം പറഞ്ഞു.

അത്യധികം സന്തോഷത്തോടെയാണ് നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ നിൽക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.രണ്ടുമൂന്നു വർഷങ്ങൾ കൊണ്ടുതന്നെ ഇന്ത്യയിലെ അറിയപ്പെടുന്ന സാഹിത്യോത്സവങ്ങളുടെ മാപ്പിൽ അടയാളപ്പെടുത്തപ്പെടും വിധം ഇതു ശ്രദ്ധേയമായി എന്നതാണ് ഒന്ന്. പല കാര്യങ്ങളിലും ഇതര നിയമസഭകൾക്കും ഇന്ത്യൻ പാർലമെന്റിനു തന്നെയും മാതൃക കാട്ടിയിട്ടുള്ള കേരള നിയമസഭയ്ക്ക് സാഹിത്യോത്സവത്തിന്റെ കാര്യത്തിലും മാതൃക കാട്ടാൻ കഴിയുന്നു എന്നതാണ് മറ്റൊന്ന്.നമ്മുടെ ഇളംതലമുറയെ അക്ഷരങ്ങളുടെ, പുസ്തകങ്ങളുടെ വെളിച്ചത്തിലേക്കു വലിയ തോതിൽ ആകർഷിക്കുന്ന വിധത്തിലാണത് നടത്തപ്പെടുന്നത് എന്നതും, പുറത്തുനിന്നു വളരെ പ്രമുഖരായ സാഹിത്യപ്രതിഭകൾ എത്തുന്നുവെന്നതും അവരുമായി ആശയവിനിമയം നടത്താൻ കേരളത്തിലെ വായനാസമൂഹത്തിന് ഇത് അവസരമൊരുക്കുന്നു എന്നതും നമുക്കെല്ലാം സന്തോഷം നൽകുന്ന കാര്യമാണ്.

കേരള നിയമസഭയ്ക്ക് സാഹിത്യപ്രതിഭകൾ ഒരിക്കലും അന്യരായിരുന്നിട്ടില്ല. പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും തോപ്പിൽ ഭാസിയും മുതൽ പ്രൊഫ. എം കെ സാനുവും കവി കടമ്മനിട്ട രാമകൃഷ്ണനും വരെയായി എത്രയോ പ്രഗത്ഭർ നമ്മുടെ സഭയിൽ അംഗങ്ങളായിരുന്നിട്ടുണ്ട്. സാഹിത്യ പ്രതിഭകൾ ദേശീയതലത്തിലെ പരമോന്നത പുരസ്‌കാരങ്ങൾ നാടിനും ഭാഷയ്ക്കും സംസ്‌കാരത്തിനുമായി നേടിത്തരുമ്പോൾ, അവരെ ഏകകണ്ഠമായി പ്രശംസിച്ച ചരിത്രവും ഈ സഭയ്ക്കുണ്ട്.

സഭയിൽ അംഗങ്ങളായിരുന്ന ഇ എം എസ്, അച്യുതമേനോൻ, പി ഗോവിന്ദപ്പിള്ള തുടങ്ങി എത്രയോ പ്രമുഖർ സാഹിത്യരംഗത്തുകൂടി സംഭാവനകൾ ചെയ്തവരാണ് എന്നതിന്റെ സ്മരണയുയർത്തുന്ന പശ്ചാത്തലവും നമുക്കുണ്ട്. അതുകൊണ്ടൊക്കെത്തന്നെ, നിയമസഭ പുസ്തകോത്സവം നടത്താൻ തീരുമാനിച്ചതിൽ പ്രത്യേകമായ ഒരു ഔചിത്യ ഭംഗിയുണ്ടെന്നും അത് ഗംഭീരമായ വിജയമാകുന്നു എന്നത് നമ്മുടെ അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎൽഐബിഎഫ് ഇന്ത്യയിലെ തന്നെ മികച്ച ലിറ്ററി ഫെസ്റ്റ് ആയി മാറിയെന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു.ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികവ് പുലർത്താനായി. ലിറ്ററി ഫെസ്റ്റ് ഒരു ചെറുത്ത് നിൽപ്പാണ്. എല്ലാവർക്കും നിയമസഭയിലേക്ക് കടന്നു വരാമെന്നും ഇതിൻ്റെ പങ്കാളിയാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങില്‍ മലയാള സര്‍ഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നല്‍കിയ എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാര്‍ഡ് സമ്മാനിച്ചു.ജനുവരി 13 വൈകിട്ട് നടക്കുന്ന സമാപന ചടങ്ങ് നടന്‍ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. നടന്‍ ഇന്ദ്രന്‍സിനെ ചടങ്ങില്‍ ആദരിക്കും. പ്രശസ്ത ശ്രീലങ്കന്‍ സാഹിത്യകാരി വി വി പദ്മസീലി മുഖ്യാതിഥിയാകും. പുസ്തകോത്സവത്തിലെ വിവിധ വിഭാഗങ്ങളില്‍ രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. 250 സ്റ്റാളുകളിലായി 166ലധികം ദേശീയ അന്തര്‍ദേശീയ പ്രസാധകര്‍ അണിനിരക്കുന്ന മേളയില്‍ 313 പുസ്തകപ്രകാശനങ്ങള്‍ക്കും 56 പുസ്തക ചര്‍ച്ചകള്‍ക്കും വേദിയൊരുങ്ങും.

നോട്ടീസ് നല്‍കാതെ കെട്ടിടങ്ങള്‍ പൊളിക്കരുത്; മാര്‍ഗനിര്‍ദേശം

നോട്ടീസ് നല്‍കാതെ കെട്ടിടങ്ങള്‍ പൊളിക്കരുത്; മാര്‍ഗനിര്‍ദേശം

തിരുവനന്തപുരം: സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മറ്റ് വകുപ്പുകള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. ഉടമയ്‌ക്കോ താമസക്കാരനോ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ പൊളിക്കാന്‍ പാടില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

2024 നവംബര്‍ 13 ന് പുറപ്പെടുവിച്ച പൊളിക്കലുകളെക്കുറിച്ചുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനുള്ള സംസ്ഥാന നടപടികളുടെ ഭാഗമായാണ് ഈ നീക്കം. നോട്ടീസ് നല്‍കി 15 ദിവസത്തെ സാവകാശം അനുവദിക്കണം.പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് എല്ലാ പങ്കാളികളെയും അറിയിക്കാന്‍ അധികാരികള്‍ പ്രത്യേക വെബ് പോര്‍ട്ടല്‍ ആരംഭിക്കുമെന്നും മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

വൈദ്യുതി ബിൽ ഓൺലൈനായി അനായാസം അടയ്ക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

വൈദ്യുതി ബിൽ ഓൺലൈനായി അനായാസം അടയ്ക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: വൈദ്യുതി ബിൽ തികച്ചും അനായാസമായി, ഒരധികച്ചെലവുമില്ലാതെ, ഓൺലൈനായി അടയ്ക്കാൻ നിരവധി മാർ​ഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെഎസ്ഇബി. KSEB എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനിലോ wss.kseb.in എന്ന വെബ്സൈറ്റിലോ പ്രവേശിച്ച് ഡയറക്റ്റ് നെറ്റ്ബാങ്കിങ് അല്ലെങ്കിൽ Rupay ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ബിൽ അടയ്ക്കുമ്പോൾ യാതൊരുവിധ ട്രാൻസാക്ഷൻ ഫീസും ഈടാക്കുന്നില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, , ഫെഡറൽ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങളിൽ അക്കൗണ്ട് ഉള്ളവർക്ക് ഡയറക്റ്റ് നെറ്റ്ബാങ്കിങ് സൗകര്യം ലഭ്യമാണെന്നും കെഎസ്ഇബി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫെഡറൽ ബാങ്ക് ഗേറ്റ് വേയിലൂടെ 2000 രൂപ വരെയുള്ള പേയ്മെൻ്റ് നടത്തുന്നതിന് ട്രാൻസാക്ഷൻ ചാർജ് ഉണ്ടാവില്ല.ലോ ടെൻഷൻ വൈദ്യുത ഉപഭോക്താക്കൾക്ക് തങ്ങളുടെ 13 അക്ക കൺസ്യൂമർ നമ്പർ വിർച്വൽ അക്കൗണ്ട് നമ്പരായി ഉപയോഗിച്ച് NEFT/RTGS വഴി ബില്ലടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

കുറിപ്പ്:

വൈദ്യുതി ബിൽ തികച്ചും അനായാസമായി, ഒരധികച്ചെലവുമില്ലാതെ, ഓൺലൈൻ അടയ്ക്കാനുള്ള നിരവധി മാർഗ്ഗങ്ങളാണ് കെ എസ് ഇ ബി ഒരുക്കിയിരിക്കുന്നത്.

KSEB എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനിലോ wss.kseb.in എന്ന വെബ്സൈറ്റിലോ പ്രവേശിച്ച് ഡയറക്റ്റ് നെറ്റ്ബാങ്കിംഗ് അല്ലെങ്കിൽ Rupay ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ബിൽ അടയ്ക്കുമ്പോൾ യാതൊരുവിധ ട്രാൻസാക്ഷൻ ഫീസും ഈടാക്കുന്നില്ല.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, , ഫെഡറൽ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങളിൽ അക്കൗണ്ട് ഉള്ളവർക്ക് ഡയറക്റ്റ് നെറ്റ്ബാങ്കിംഗ് സൗകര്യം ലഭ്യമാണ്.

ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫെഡറൽ ബാങ്ക് ഗേറ്റ് വേയിലൂടെ 2000 രൂപ വരെയുള്ള പെയ്മെൻ്റ് നടത്തുന്നതിന് ട്രാൻസാക്ഷൻ ചാർജ് ഉണ്ടാവില്ല

ലോ ടെൻഷൻ വൈദ്യുത ഉപഭോക്താക്കൾക്ക് തങ്ങളുടെ 13 അക്ക കൺസ്യൂമർ നമ്പർ വിർച്വൽ അക്കൗണ്ട് നമ്പരായി ഉപയോഗിച്ച് NEFT/RTGS വഴി ബില്ലടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Virtual Account Number : KEB<13 Digit consumer Number>

Beneficiary Name : Kerala State Electricity Board Ltd.

Bank & Branch : South Indian Bank, Trivandrum Corporate

IFSC Code : SIBL0000721

ഇവ കൂടാതെ, UPI/Online Banking/ Debit Card/ Credit Card എന്നീ മാർഗ്ഗങ്ങളുപയോഗിച്ചും വൈദ്യുതി ബിൽ അടയ്ക്കാം

കുന്നുവാരം യു പി സ്കൂളിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കുന്നുവാരം യു പി സ്കൂളിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളയമ്പലം ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ കുന്നുവാരം
യു പി സ്കൂളിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിൽ 100 ഇൽപരം ആളുകൾ പങ്കെടുത്തു. ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീജ നിർവഹിച്ചു. ക്യാമ്പിൽ തിമിര നിർണയം, കാഴ്ച പരിശോധന തുടങ്ങി സൗജന്യ ചികിത്സ കൂപ്പണും നൽകി. ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിന്റെ പി ആർ ഒ സജിത്ത് ക്യാമ്പിന് നേതൃത്വം നൽകി.