കേരള സ്കൂൾ കലോത്സവം : അറബിക് സെമിനാർ നാളെ

കേരള സ്കൂൾ കലോത്സവം : അറബിക് സെമിനാർ നാളെ

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അറബി ഭാഷാ സെമിനാർ നാളെ (തിങ്കൾ) രാവിലെ 10 മണിക്ക് തൈക്കാട് ശിശുക്ഷേമ ഹാളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. അറബിക് കലോത്സവം ചെയർപേഴ്സൺ ഷാജിത നാസർ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സെഷനിൽ മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും. അഡ്വ.ആൻ്റണി രാജു എം.എൽ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് ഐ.എ.എസ്, അറബിക് കലോത്സവ കൺവീനർ റഷീദ് മദനി, വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

തുടർന്ന് നടക്കുന്ന സംസ്ഥാന അറബിക് സെമിനാറിൽ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് അസി.പ്രൊഫസർ ഡോ. സാബിർ നവാസ് വിഷയം അവതരിപ്പിച്ചു സംസാരിക്കും. സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ഹാരിസ് ടി. പി. മോഡറേറ്റർ ആയിരിക്കും. സെമിനാറിൻറെ സമാപനത്തിൽ ഭാഷാ പണ്ഡിതരെ ആദരിക്കും.

ആറ്റിങ്ങൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കരിയർ ഗൈഡൻസ് തൊഴിൽമേള സംഘടിപ്പിച്ചു

ആറ്റിങ്ങൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കരിയർ ഗൈഡൻസ് തൊഴിൽമേള സംഘടിപ്പിച്ചു

ആറ്റിങ്ങൽ നഗരസഭാ സാക്ഷരതാമിഷൻ പത്താം തരം തുല്യത 17-ാം ബാച്ച് , +2 തുല്യതാ 7-ാം ബാച്ചിലെയും വിജയികളെ അനുമോദിക്കുന്ന വിജയോൽസവവും സാക്ഷരതാ മിഷൻ പഠിതാക്കൾക്കായി ആറ്റിങ്ങൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കരിയർ ഗൈഡൻസ് തൊഴിൽമേളയും ആറ്റിങ്ങൽ നഗരസഭാ ചെയർ പേഴ്സൺ അഡ്വ. എസ് കുമാരി ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഗിരിജ ടീച്ചർ അധ്യക്ഷയായിരുന്നു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീജ.എസ്, വാർഡ് കൗൺസിലർ ബിനു, എംപ്ലോയ്മെന്റ് കരിയർ ഗൈഡൻസ് ഓഫീസർ ഷമീർ, സെന്റർ കോ-ഓഡിനേറ്റർമാരായ മിനിരേഖ.ജി ആർ, ബിന്ദു. കെ ആർ, അദ്ധ്യാപകരായ മുഹമ്മദ് ഷാഫി, ഷൈനി, അരുണ, ജിൻഷ, ദിവ്യ, സൻസ, ശ്രുതി, ഷിജു പ്രേരക്മാരായ ഹരികുമാർ, ശോഭ തുടങ്ങിയവരും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു.

നാഷണൽ പോസ്റ്റൽ & ആർ. എം. എസ് പെന്ഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നടന്നു

നാഷണൽ പോസ്റ്റൽ & ആർ. എം. എസ് പെന്ഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നടന്നു

നാഷണൽ പോസ്റ്റൽ & ആർ. എം. എസ് പെന്ഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആറ്റിങ്ങൽ ഭജന മഠം ഹാളിൽ പീതാമ്പരകുറുപ്പ് മുൻ എം. പി ഉദ്ഘാടനം ചെയ്തു. പുല്ലമ്പാറ പൂക്കുഞ്ഞു, ഡോ. വി. എസ് അജിത് കുമാർ, ആനക്കുഴി ഷാനവാസ്‌ എന്നിവർ പങ്കെടുത്തു.

സുമനസുകളുടെ കനിവ് തേടുന്നു

സുമനസുകളുടെ കനിവ് തേടുന്നു

മഞ്ഞപിത്തം രോഗബാധിതനായി ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ച് കിംസ് ഹോസ്പിറ്റലിൽ എംഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഊരുപൊയ്ക സ്വദേശിയായ കൃഷ്ണകുമാറിന് ഒരു ദിവസം 60,000 രൂപയ്ക്ക് മുകളിലാണ് ചികിത്സ ചിലവ് വേണ്ടി വരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിനെ സഹായിക്കാൻ താല്പര്യമുള്ളവർ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മൊബൈൽ നമ്പർ: 70 34 26 40 24

നിയമസഭാ സമ്മേളനം ജനുവരി 17ന് തുടങ്ങും, ഫെബ്രുവരി 7ന് ബജറ്റ്

നിയമസഭാ സമ്മേളനം ജനുവരി 17ന് തുടങ്ങും, ഫെബ്രുവരി 7ന് ബജറ്റ്

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ 13ാം സമ്മേളനം ജനുവരി 17ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും. ജനുവരി 20,21 തീയതികളില്‍ നന്ദിപ്രമേയ ചര്‍ച്ച നടക്കും. 23ന് ആദ്യഘട്ട സമ്മേളനം അവസാനിക്കും.

ഫെബ്രുവരി ഏഴിനാണ് സംസ്ഥാന ബജറ്റ് അവതരണം. ഫെബ്രുവരി 10 മുതല്‍ 13 വരെ ബജറ്റ് ചര്‍ച്ച നടക്കും. മാര്‍ച്ച് 28 വരെ നിയമസഭാ സമ്മേളനം നീണ്ടുനില്‍ക്കും.

‘കലക്കൻ കല’യിൽ അലിഞ്ഞ് തലസ്ഥാനം; കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം

‘കലക്കൻ കല’യിൽ അലിഞ്ഞ് തലസ്ഥാനം; കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം ദിനത്തിലെ മത്സരങ്ങൾ പുരോ​ഗമിക്കുന്നു. ഒന്നാം വേദിയിൽ അരങ്ങേറിയ സംഘ നൃത്തം പതിവു പോലെ നിറങ്ങളുടെ വിസ്മയ കാഴ്ച തന്നെയൊരുക്കി. സംഘ നൃത്തം നിറഞ്ഞ സ​ദസിലാണ് അരങ്ങേറിയത്. ഒപ്പന മത്സരം കാണാനും നിരവധി പേർ എത്തി. മം​ഗലം കളി മത്സരവും കാണികളെ ആകർഷിച്ചു. പളിയ, ഇരുള നൃത്തങ്ങളും കാണികൾക്കു കൗതുകമായി.

ചൂരൽമല ദുരന്തം അതിജീവിച്ച വെള്ളാർമല സ്കൂളിലെ കുട്ടികളുടെ അതിജീവന നൃത്തവും ആദ്യ ദിനത്തിലെ ശ്രദ്ധേയ അവതരണമായി. വെള്ളാർമല സ്കൂളിലെ ഏഴ് കുട്ടികൾ ഉദ്ഘാടന വേദിയിൽ സംഘ നൃത്തം അവതരിപ്പിച്ചു. നൃത്തം കളിച്ച ഏഴ് കുട്ടികളും ചൂരൽമലയുടെ ചുറ്റുവട്ടത്തുള്ളവരാണ്. രണ്ട് പേർ ദുരന്തത്തിന്റെ ഇരകളുമായിരുന്നു. ഇവരുടെ വീടുകൾ ദുരന്തത്തിൽ തകർന്നു.

36 മത്സരങ്ങൾ പൂർത്തിയായപ്പോൾ പോയിന്റ് പട്ടികയിൽ കണ്ണൂര്‍, കോഴിക്കോട് ജില്ലകളാണ് മുന്നിൽ. ഇരു ജില്ലകള്‍ക്കും 180 പോയിന്‍റുകള്‍ വീതം. രണ്ടാം സ്ഥാനത്ത് തൃശൂര്‍. അവര്‍ക്ക് 179 പോയിന്‍റുകള്‍.

ഹയർ സെക്കൻഡറി വിഭാഗത്തിൽ 83 പോയിന്റുകളുമായി കണ്ണൂരാണ് മുന്നില്‍. 81 പോയിന്‍റുകളുമായി തിരുവനന്തപുരം കണ്ണൂര്‍, എറണാകുളം ജില്ലകളിൽ ഒപ്പത്തിനൊപ്പം നിൽക്കുന്നു.ഹൈസ്‌കൂൾ വിഭാഗത്തിൽ തൃശൂരാണ് മുന്നിൽ കുതിക്കുന്നത്. അവർക്ക് 101 പോയിന്റുകൾ. 99 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 97 പോയിന്റുമായി കണ്ണൂർ മൂന്നാമതും നിൽക്കുന്നു.

സ്കൂളുകളിൽ ആലത്തൂർ ​ഗുരുകുലമാണ് മുന്നിലുള്ളത്. അവർക്ക് 35 പോയിന്റുകൾ. 31 പോയിന്റുമായി കണ്ണൂർ സെന്റ് തേരാസസാണ് രണ്ടാമത്. തിരുവനന്തപുരം കാർമൽ സ്കൂളാണ് മൂന്നാമത്. അവർക്ക് 25 പോയിന്റുകൾ. പതിനൊന്നു മണിയോടെയാണ് കലാമത്സരങ്ങൾക്കു തുടക്കമായത്. അനന്തപുരിയിലേക്ക് എട്ടു വർഷങ്ങൾക്കു ശേഷമാണ് സംസ്ഥാന സ്‌കൂൾ കലോത്സവം വിരുന്നെത്തുന്നത്.

2016ൽ തിരുവനന്തപുരത്തു നടന്ന കലോത്സവത്തിൽ കിരീടം ചൂടിയത് കോഴിക്കോട് ജില്ലയായിരുന്നു. പാലക്കാടായിരുന്നു റണ്ണറപ്. കഴിഞ്ഞ വർഷം കൊല്ലത്തു നടന്ന സംസ്ഥാന കലോത്സവത്തിൽ കണ്ണൂരായിരുന്നു ചാംപ്യൻമാർ. കോഴിക്കോട് രണ്ടാം സ്ഥാനത്തായിരുന്നു.