ആറ്റിങ്ങലിൽ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി

ആറ്റിങ്ങലിൽ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി

ആറ്റിങ്ങലിൽ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി.ഗുരുതര പരിക്കേറ്റ യുവാവ് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ആണ്.

ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി നിഖിൽ ആണ് ചികിത്സയിൽ കഴിയുന്നത്. 31 ന് രാത്രി പത്തിനും പത്തരയ്ക്കും ഇടയിലായിരുന്നു സംഭവം. വീടിന് അടുത്ത് താമസിക്കുന്ന സുഹൃത്തായ അഖിലിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു നിഖിൽ. സുഹൃത്തിന്റെ വീട്ടിൽ എത്തിയ സമയം അഖിലിന്റെ അച്ഛൻ മദ്യപിച്ച് ബഹളം ഉണ്ടാക്കുകയായിരുന്നു. തുടർന്ന് അഖിലും അച്ഛനും തമ്മിൽ ഉന്തും തള്ളും നടന്നു. നിഖിൽ ഇരുവരെയും പിടിച്ചു മാറ്റുകയും പിന്നീട് റോഡിൽ വന്നു നിൽക്കുകയും ചെയ്തു.

വാക്കേറ്റവും ഉന്തും തള്ളും നടന്നതിന് ദൃക്സാക്ഷി നിഖിൽ ആണെന്നും പോലീസ് വരുമ്പോൾ നീ സാക്ഷി പറയണം എന്നും അഖിലിന്റെ അച്ഛൻ പറഞ്ഞു. തുടർന്ന് ഈ വിഷയം അറിഞ്ഞെത്തിയ ആറ്റിങ്ങൽ പോലീസ് റോഡിൽ നിൽക്കുകയായിരുന്നു നിഖിലിനെ ഒരു കാരണവും കൂടാതെ മർദ്ദിച്ചു എന്നാണ് പരാതി. നിഖിലിന്റെ ദേഹമാസകലം അടിയേറ്റ പാടുകളും കൈക്ക് പൊട്ടലുമുണ്ട്. കണ്ടാൽ അറിയുന്ന അഞ്ചോളം പോലീസുകാർ ചേർന്നാണ് നിഖിലിനെ മർദ്ദിച്ചത് എന്നാണ് ആരോപണം.

ഇരട്ടകളായ ഒരു വയസ്സുള്ള രണ്ടു കുട്ടികളുടെ അച്ഛനാണ് നിഖിൽ. അമ്മ ഉൾപ്പെടെയുള്ളവർ വാടകവീട്ടിലാണ് കഴിയുന്നത്. ഡിസ്കിന് പ്രശ്നമുള്ള നിഖിൽ നേരത്തെ തന്നെ ചികിത്സയിലാണ്. അമ്മ ജയ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി. എന്നാൽ തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ല എന്നും മുഖ്യമന്ത്രി, മറ്റ് ഉന്നത പോലീസ് മേധാവികൾ തുടങ്ങിയവർക്കും പരാതി നൽകുമെന്ന് കുടുംബം പറഞ്ഞു. തന്റെ മകൻ മദ്യപാനി അല്ല എന്നും ഒരു പെറ്റി കേസ് പോലും ഇതുവരെയും ഉണ്ടായിട്ടില്ല എന്നും അമ്മ പറയുന്നു.
എന്നാൽ ഈ ഭാഗത്ത് കുറച്ച് ആളുകൾ ചേർന്ന് ഉണ്ടായ സംഘർഷം പിരിച്ചുവിടാൻ പോലീസ് ശ്രമിക്കുന്നതിനിടെയാണ് നിഖിലിന് മർദ്ദനമേറ്റതെന്ന് പോലീസ് ഭാഷ്യം.

ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

‘കേരളം ഒരു മിനി പാകിസ്താൻ ആണ്’ എന്ന ബിജെപി നേതാക്കൻമാരുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചു കൊണ്ട് ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
ആറ്റിങ്ങലിൽ പ്രതിഷേധ പ്രകടനം നടത്തി.

ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.ബിഷ്ണുവിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ മണ്ഡലം പ്രസിഡന്റ്മാരായ ആർ എസ് പ്രശാന്ത്, ഒറ്റൂർ രതീഷ്, പഞ്ചായത്ത് പ്രസിഡന്റ്‌ ശശികല,കൗൺസലർ രമാ ദേവി, രവി കുമാർ, ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കന്നട പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയ കൃഷ്ണവേണി ബി

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കന്നട പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയ കൃഷ്ണവേണി ബി

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കന്നട പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയ കൃഷ്ണവേണി ബി. ആറ്റിങ്ങൽ കുന്നുവാരം വാരണക്കോട്ടു മഠത്തിൽ ബിനുവിന്റെയും രഞ്ജിനി ശർമയുടെയും മകളായ കൃഷ്ണവേണി ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർഥിനിയാണ്.

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പ്രവര്‍ത്തിപ്പിച്ചു; ചരിത്ര നേട്ടം കുറിച്ച് ഐഎസ്ആര്‍ഒ

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പ്രവര്‍ത്തിപ്പിച്ചു; ചരിത്ര നേട്ടം കുറിച്ച് ഐഎസ്ആര്‍ഒ

ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പ്രവര്‍ത്തിപ്പിച്ച് ഐഎസ്ആര്‍ഒ. റീലൊക്കേറ്റബിള്‍ റോബോട്ടിക് മാനിപ്പുലേറ്റര്‍ ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ (RRM-TD) പരീക്ഷണമാണ് ഐഎസ്ആര്‍ഒ വിജയകരമായി പരീക്ഷിച്ചത്. തിരുവനന്തപുരത്തെ ഐഎസ്ആര്‍ഒ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റ് വികസിപ്പിച്ച നടക്കും യന്ത്രക്കൈയുടെ പ്രവര്‍ത്തന വിഡിയോ ഐഎസ്ആര്‍ഒ എക്‌സില്‍ പങ്കിട്ടു.

പിഎസ്എല്‍വി സി 60 ദൗത്യത്തിന്റെ ഭാഗമായാണ് യന്ത്രക്കൈ ബഹിരാകാശത്തേക്കയച്ചത്. ഒരു ബഹിരാകാശ പേടകം അതിന്റെ ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ വിവിധ ആവശ്യങ്ങള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കുന്നതിനുദ്ദേശിച്ചുള്ളതാണ് ഇത്തരം യന്ത്രക്കൈകള്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഇത്തരം സംവിധാനമുണ്ട്. ബഹിരാകാശത്ത് വെച്ച് വസ്തുക്കള്‍ പിടിച്ചെടുക്കാനും അവയെ നീക്കി ഉദ്ദേശിച്ച സ്ഥലത്തേക്ക് കൊണ്ടുവരാനും യന്ത്രക്കൈ ഉപയോഗിക്കും.

ഭാവിയില്‍ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുമ്പോള്‍ ഉപയോഗിക്കാന്‍ പോകുന്ന യന്ത്രക്കൈയുടെ പ്രാഥമിക രൂപമാണ് ഇത്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നടന്ന് നീങ്ങി ആവശ്യമായ നിരീക്ഷണവും അറ്റകുറ്റപ്പണിയുമൊക്കെ നടത്താന്‍ പറ്റുന്ന രീതിയിലാണ് രൂപകല്‍പ്പന. സ്‌പേഡെക്‌സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പിഎസ്എല്‍വി സി 60 റോക്കറ്റിന്റെ നാലാം ഘട്ടത്തെ ഒരു താല്‍ക്കാലിക ഉപഗ്രഹമായി ബഹിരാകാശത്ത് നിലനിര്‍ത്തിയിട്ടുണ്ട്. അതില്‍ വച്ചായിരുന്നു യന്ത്രക്കൈയുടെ പരീക്ഷണം.

പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള കാമറ, സെന്‍സറുകള്‍, പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്വേര്‍ എന്നിവയൊക്കെ ഈ യന്ത്രക്കൈയ്ക്കുണ്ട്. ബഹിരാകാശത്ത് വളരെ വേഗത്തിലാണ് വസ്തുക്കള്‍ സഞ്ചരിക്കുന്നത്. അതിനാല്‍ അവയെ പിടിച്ചുനിര്‍ത്തി സുരക്ഷിതമായി പേടകത്തോട് അടുപ്പിക്കാന്‍ ഇത്തരം സംവിധാനം നിര്‍ണായകമാണ്.

പുതിയ വൈദ്യുത കണക്ഷൻ എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നു; ഇനി ഈ രേഖകൾ മതിയാകും

പുതിയ വൈദ്യുത കണക്ഷൻ എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നു; ഇനി ഈ രേഖകൾ മതിയാകും

തിരുവനന്തപുരം: ഒരു പുതിയ വൈദ്യുത കണക്ഷൻ എടുക്കുന്നതിന് അപേക്ഷയോടൊപ്പം എന്തൊക്കെ രേഖകളാണ് ആവശ്യമായിരിക്കുന്നത്? കെ.എസ്.ഇ.ബി ലിമിറ്റഡ് 2018 നവംബർ‍ 2ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം രണ്ട് രേഖകൾ മാത്രമാണ് ആവശ്യമായി വരുന്നത്. കണക്ഷൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതി​ന്റെ ഭാ​ഗമായാണ് രേഖകളുടെ എണ്ണം വെട്ടിക്കുറച്ചത്.

അപേക്ഷകന്റെ തിരിച്ചറിയൽ‍ രേഖ, വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണ് ഹാജരാക്കേണ്ടത്. വൈദ്യുത കണക്ഷനായി നൽകേണ്ട അപേക്ഷയ്ക്കൊപ്പമാണ് ഇവ സമർപ്പിക്കേണ്ടത്.

തിരിച്ചറിയൽ‍ രേഖയായി ഇലക്ടറൽ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രെവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ഗവൺമെന്റ് / ഏജൻസി/ പബ്ലിക്ക് സെക്റ്റർ യൂട്ടിലിറ്റി നൽകുന്ന ഫോട്ടോ ഉൾപ്പെട്ട കാർഡ്, പാൻ, ആധാർ, വില്ലേജിൽ നിന്നോ മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോ​ഗിക്കാം.

അപേക്ഷകന് സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് കെട്ടിടത്തിൻ്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപെടുത്തിയ പകർപ്പ് (ഏതെങ്കിലും ഗസ്റ്റഡ് ഓഫീസർ/KSEBL ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും), നടപ്പ് സാമ്പത്തിക വർഷത്തെ കരമടച്ച രസീതിന്റെ കോപ്പി, വാടകക്കാരനെങ്കിൽ വാടകകരാറിന്റെ പകർപ്പും മേൽപ്പറഞ്ഞ രേഖകളിൽ ഏതെങ്കിലും ഒന്നും, മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന താമസക്കാരൻ എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കണം.

ചൈനയിലെ വൈറല്‍ പനി വ്യാപനത്തില്‍ ജാഗ്രത

ചൈനയിലെ വൈറല്‍ പനി വ്യാപനത്തില്‍ ജാഗ്രത

തിരുവനന്തപുരം: ചൈനയില്‍ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാര്‍ത്തകളില്‍ സംസ്ഥാനത്തിന് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തുന്നതായും ഗര്‍ഭിണികള്‍ പ്രായമുള്ളവര്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യമായിരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

‘ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയില്‍ വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ നാമെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. മഹാമാരിയാകാന്‍ സാധ്യത കല്‍പ്പിക്കുന്നതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതോ ആയ വൈറസുകളെ ഒന്നും ചൈനയില്‍ ഈ അവസരത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്ല. എങ്കിലും മലയാളികള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട് എന്നതിനാലും, ചൈനയുള്‍പ്പെട ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും പ്രവാസികള്‍ നമ്മുടെ നാട്ടിലേക്ക് എത്തുന്നതിനാലും നാം ജാഗ്രത പുലര്‍ത്തണം’

‘ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് മൂന്ന് തരത്തിലുള്ള വൈറസുകളാകാം ചൈനയില്‍ ഭീതി പടര്‍ത്തുന്ന രീതിയില്‍ ശ്വാസകോശ അണുബാധകള്‍ ഉണ്ടെങ്കില്‍ അവക്ക് കാരണം. . ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി), കോവിഡ് 19 ന്റെ ചില വകഭേദങ്ങള്‍, ഇന്‍ഫ്‌ലുവന്‍സ എ വൈറസ്ബാധകള്‍ എന്നിവയാണ് അവ. മഹാമാരിയായി മാറത്തക്കവണ്ണം ഉള്ള ജനിതക വ്യതിയാനങ്ങള്‍ ഇവയില്‍ ഒന്നിലും തന്നെ സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല. എങ്കിലും നേരത്തെ സൂചിപ്പിച്ചതുപോലെ നാം കരുതിയിരിക്കണം. മേല്‍പ്പറഞ്ഞ മൂന്നുതരം വൈറസുകളില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് ആണ് താരതമ്യേന നമുക്ക് അപരിചിതമായ വൈ

റസ്. ഈ വൈറസിനെ കണ്ടെത്തിയത് 2001ല്‍ മാത്രമാണെങ്കിലും കഴിഞ്ഞ 50 വര്‍ഷത്തില്‍ കൂടുതലായി കേരളം ഉള്‍പ്പെടെ ലോകത്തിന്റ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും, പ്രത്യേകിച്ചും കുട്ടികളില്‍ ഈ വൈറസ് വ്യാപനം ഉണ്ടായിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. നമുക്ക് തന്നെ മുന്‍പ് വന്നുപോയ ജലദോഷപ്പനി ഈ വൈറസ് കാരണമാകാം. അതുകൊണ്ടുതന്നെ എച്ച്എംപിവിയെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാന്‍ കഴിയില്ല. കേരളത്തിലും കുട്ടികളില്‍ ഈ വൈറസ് കൊണ്ടുള്ള അണുബാധകളും ചില അവസരങ്ങളില്‍ ന്യൂമോണിയകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നമ്മുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ രോഗം കണ്ടെത്താനുള്ള സംവിധാനങ്ങളും ഉണ്ട്. വൈറസില്‍ കാര്യമായ ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടില്ല എങ്കില്‍ എച്ച്എംപിവി വളരെയധികം ഭീതി വരുത്തുന്ന ഒരു സാഹചര്യം സൃഷ്ടിക്കാന്‍ സാധ്യത കുറവാണ്. എങ്കിലും നമ്മുടെ നാട്ടില്‍ പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്. അതാണ് നിലവില്‍ നാം ചെയ്യുന്നത്. അതോടൊപ്പം ചൈന ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന പക്ഷം അവരെയും പ്രത്യേകമായി നിരീക്ഷിക്കുന്നതാണ്. എന്നാല്‍ പ്രവാസികള്‍ക്ക് പ്രത്യേകമായ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ നിലവില്‍ ആവശ്യമില്ല.’

‘നേരത്തെ പറഞ്ഞ വൈറസ് വിഭാഗങ്ങളില്‍ രണ്ടാമത്തേത് കോവിഡ് 19 ന്റെ പുതിയ ജനിതക വ്യതിയാനങ്ങളാണ്. മറ്റൊരു മഹാമാരിയാകാന്‍ സാധ്യത കല്‍പിക്കപ്പെടുന്ന വൈറസുകളില്‍ കോവിഡ് 19 ന്റെ പുതിയ ജനിതക വ്യതിയാനങ്ങള്‍ക്ക് ഇപ്പോഴും പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ചൈനയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന തരത്തില്‍ ന്യൂമോണിയ രോഗം പടരുന്നുണ്ടെങ്കില്‍, അതിന് കാരണങ്ങളില്‍ ഒന്ന് കോവിഡിന്റെ പുതിയ ജനിതകവ്യതിയാനങ്ങള്‍ ആണെങ്കില്‍ നാം കരുതിയിരിക്കണം.

എങ്കിലും നേരത്തെ തന്നെ കോവിഡ് വന്നിട്ടുള്ള ആളുകള്‍ക്കും കോവിഡ് രോഗത്തിനെതിരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ള ആളുകള്‍ക്കും പുതിയ ജനിതക വ്യതിയാനം അപകടകരമായ രോഗാവസ്ഥ ഉണ്ടാക്കാന്‍ സാധ്യത കുറവാണ്. പക്ഷെ അണുബാധ പടരുന്ന സാഹചര്യം ഉണ്ടായാല്‍ പ്രായമുള്ളവരെയും രോഗികളെയും അത് ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നാം കരുതിയിരിക്കണം. ഇനിയും പൂര്‍ണമായി അപ്രത്യക്ഷമായിട്ടില്ലാത്ത കോവിഡ് 19 ജനിതക വ്യതിയാനങ്ങള്‍ തിരിച്ചുവരുന്ന ഒരു സാഹചര്യം ഉണ്ടായാലും അതിനെ നേരിടാനും സംസ്ഥാനം സുസജ്ജമാണ്. സംസ്ഥാനത്തെവിടെയും കോവിഡ് 19 സമാനമായ ലക്ഷങ്ങള്‍ ക്ലസ്റ്ററുകളായി രൂപപ്പെടുന്ന സാഹചര്യം നേരിടാന്‍ നാം തയ്യാറായിരിക്കണം.’

‘മേല്‍പ്പറഞ്ഞ വൈറസ് വിഭാഗങ്ങളില്‍ മൂന്നാമത്തെത് ഇന്‍ഫ്‌ലുവന്‍സ എ എന്ന വിഭാഗത്തില്‍പ്പെടുന്ന, പ്രാഥമികമായി ജന്തുക്കളില്‍ നിന്നോ പക്ഷികളില്‍ നിന്നോ ഉത്ഭവിച്ച് പിന്നീട് മനുഷ്യരിലേക്ക് കടന്നെത്തുന്ന ഇന്‍ഫ്‌ലുവന്‍സ വിഭാഗത്തില്‍ പെടുന്ന വൈറസ് ബാധകളാണ്. കേരളം ഇന്ന് ഏകാരോഗ്യ സമീപനത്തിലൂടെ നേരിടാന്‍ ശ്രമിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗങ്ങളുടെ ഒരു വിഭാഗമാണ് ഇന്‍ഫ്‌ലുവന്‍സ. മാത്രമല്ല, വിവിധങ്ങളായ വൈറസ് ബാധകളില്‍ മഹാമാരികളാകാന്‍ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്നതും ഇന്‍ഫ്‌ലുന്‍സ വിഭാഗത്തില്‍പ്പെട്ട പനികള്‍ക്കാണ്. ചൈനയില്‍ ഇപ്പോള്‍ പൊട്ടപ്പുറപ്പെട്ടിരിക്കുന്ന രോഗാണുബാധയില്‍ ഇന്‍ഫ്‌ലുവന്‍സ രോഗത്തിന് എത്രത്തോളം സ്വാധീനം ഉണ്ട്, ഉണ്ടെങ്കില്‍ അത് ഏതുതരം ഇന്‍ഫ്‌ലുവന്‍സ ആണ് തുടങ്ങിയ കാര്യങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. എങ്കിലും ഒ1ച1 പോലെ നിലവില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇന്‍ഫ്‌ലുന്‍സ വൈറസില്‍ അപകട സ്വഭാവമുള്ള പുത്തന്‍ ജനിതക വ്യതിയാനങ്ങളോ പുത്തന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസ് തന്നെയോ കടന്നുവന്നതായി നിലവില്‍ റിപ്പോര്‍ട്ടുകളില്ല. എങ്കിലും ഇന്‍ഫ്‌ലുവന്‍സാ രോഗങ്ങളുടെ നിരീക്ഷണ സംവിധാനവും നാം ശാക്തീകരിക്കുകയാണ്. ഇന്‍ഫ്‌ലുന്‍സ രോഗവ്യാപനത്തെപ്പറ്റിയുള്ള നമ്മുടെ പ്രധാന ഉത്കണ്ഠ, അത് ഗര്‍ഭിണികള്‍ക്ക് അപൂര്‍വ്വമായെങ്കിലും അപകടം വരുത്താം എന്നതാണ്. അതിനാല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ മാസ്‌കുകള്‍ ഉപയോഗിക്കുകയും ശ്വാസകോശ അണുബാധയുള്ള ആളുകളില്‍ നിന്നും അകലം പാലിക്കുകയും വേണം.’

‘ചൈനയില്‍ നിന്നും പുത്തന്‍ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഒന്ന് രണ്ട് കാര്യങ്ങള്‍ നാം പരിഗണിക്കേണ്ടത്തുണ്ട്. ചൈനയിലുണ്ടാകുന്ന രോഗാണു ബാധകളെ ലോകം മുഴുവന്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതുകൊണ്ടും അതിന് കൂടുതല്‍ വാര്‍ത്താപ്രാധാന്യം ഉള്ളതുകൊണ്ടും വാര്‍ത്തകള്‍ പര്‍വതീകരിക്കാനുള്ള സാധ്യതകള്‍ ഉണ്ട് എന്നതാണ് ഒന്നാമത്തെ കാര്യം. 2000 ആണ്ടില്‍ ഉണ്ടായ സാര്‍സിന് ശേഷവും 2019ല്‍ ഉണ്ടായ കോവിഡ് 19 മഹാമാരിക്ക് ശേഷവും ചൈനയുടെ രോഗനിരീക്ഷണ സംവിധാനം വളരെ ശക്തമായി എന്നതിനാല്‍ സത്യത്തില്‍ ഉണ്ടാകുന്ന അണുബാധകളുടെ സിംഹഭാഗവും ചൈന കണ്ടെത്തുന്നു എന്നതാണ് എന്നുള്ളതാണ് രണ്ടാമത്തെ വസ്തുത. ലോകത്തിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതല്‍ കാലം ലോക്ക്ഡൗണ്‍ അനുഭവിച്ച ഒരു രാജ്യമാണ് ചൈന എന്നതുകൊണ്ട് തന്നെ ഇപ്പോഴും കോവിഡ് 19 സമൂഹത്തില്‍ പൂര്‍ണ്ണമായും വ്യാപിച്ചിട്ടില്ല എന്നാണ് മറ്റൊരു വിലയിരുത്തല്‍. നീണ്ടുനില്‍ക്കുന്ന ലോക്ഡോണുകള്‍ കോവിഡിന്റെ മാത്രമല്ല, ഇന്‍ഫ്‌ലുന്‍സ, ഒങജഢ എന്നിവ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെയും വ്യാപനം താല്‍ക്കാലികമായി കുറയ്ക്കുകയും ലോക്ക് ഡൌണ്‍ പിന്‍വലിക്കുമ്പോള്‍ പ്രസ്തുത അണുബാധകള്‍ തിരിച്ചുവരികയും ചെയ്യുന്ന അവസ്ഥയുണ്ടാക്കും. അതുകൊണ്ടുതന്നെ ഇപ്പോള്‍ ബാധിച്ചു കൊണ്ടിരിക്കുന്ന വൈറസ് അണുബാധകള്‍ ചൈനക്ക് പുറത്ത് വളരെയധികം ഭീഷണി ഉയര്‍ത്താന്‍ സാധ്യതയില്ല എന്നും ഒരു വിലയിരുത്തലുണ്ട്. എങ്കിലും നാം ജാഗ്രത കൈവെടിയാന്‍ പാടില്ല.’

‘ഹ്യൂമന്‍ മെറ്റാന്യൂമോണിയ വൈറസ് ഉള്‍പ്പെടെയുള്ള അണുബാധകള്‍ കുഞ്ഞുങ്ങളെയും പ്രായാധിക്യം ഉള്ളവരെയും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവരും മറ്റു ഗുരുതരമായ രോഗങ്ങള്‍ ഉള്ളവര്‍ പാലിയേറ്റീവ് ചികിത്സ എടുക്കുന്ന ആളുകള്‍ തുടങ്ങിയവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. രോഗങ്ങള്‍ ഉള്ള സമയത്ത് കുഞ്ഞുങ്ങളെ സ്‌കൂളില്‍ വിടരുത്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ച്ചയായും മാസ്‌കുകള്‍ ഉപയോഗിക്കണം. നിലവില്‍ ഭയപ്പെടേണ്ട യാതൊരു സാഹചര്യങ്ങളും ഇല്ല. ചൈനയിലെ അവസ്ഥ നാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും രീതിയില്‍ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുള്ള രോഗാണുബാധ കണ്ടെത്തുന്ന പക്ഷം വളരെ വേഗത്തില്‍ തന്നെ അതിനെ നിയന്ത്രിക്കാനും നമുക്ക് കഴിയും.’ ആരോഗ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.