കിഫ്ബിയെ നയിച്ചത് രാഷ്ട്രീയ താത്പര്യങ്ങള്‍, ഏറ്റവുമധികം പദ്ധതികള്‍ കണ്ണൂരില്‍: അടിമുടി മാറ്റണമെന്ന് ധവളപത്രം

കിഫ്ബിയെ നയിച്ചത് രാഷ്ട്രീയ താത്പര്യങ്ങള്‍, ഏറ്റവുമധികം പദ്ധതികള്‍ കണ്ണൂരില്‍: അടിമുടി മാറ്റണമെന്ന് ധവളപത്രം

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന കിഫ്ബിക്കെതിരെ നിശിത വിമര്‍ശനവുമായി പുതിയ സര്‍ക്കാരിന്റെ ധവളപത്രം. പത്തുവര്‍ഷക്കാലം കിഫ്ബിയെ നയിച്ചത് സംസ്ഥാന താല്പര്യങ്ങളല്ല, രാഷ്ട്രീയ താത്പര്യങ്ങള്‍ ആയിരുന്നെന്നാണ് വ്യാഴാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വെച്ച ധവളപത്രം പറയുന്നത്.

അടിസ്ഥാനസൗകര്യ വികസനത്തിനായി കിഫ്ബി മുടക്കിയ ആകെ തുകയില്‍ 20 ശതമാനവും കണ്ണൂര്‍ ജില്ലയിലായിരുന്നെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സിപിഎമ്മിന്റെ ചുവപ്പുകോട്ടയായ കണ്ണൂര്‍ ജില്ല മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി കമ്മ്യൂണിസ്‌റ് നേതാക്കളുടെ ജന്മസ്ഥലവുമാണ്.

നിലവില്‍ കിഫ്ബിയുടെ കട ബാധ്യത 21,000 കോടി രൂപയാണ്. ഏറ്റെടുത്ത പദ്ധതികള്‍ക്കായി മറ്റൊരു 35,000 കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. കിഫ്ബിയുടെ കട ബാധ്യത സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. കണ്ണൂരിന് ശേഷവും തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് കിഫ്ബി കൂടുതല്‍ പണം മുടക്കിയത്, അകെ തുകയുടെ 17 ശതമാനം. അത് കഴിഞ്ഞാല്‍ എറണാകുളം, 11 ശതമാനം. ഈ മൂന്നു ജില്ലകളിലുമായാണ് കിഫ്ബിയുടെ 50 ശതമാനം പണവും മുടക്കിയത്. ഇങ്ങനെ മൂന്നു ജില്ലകളില്‍ മാത്രമായി ഇത്രയധികം പണം മുടക്കാന്‍ യാതൊരു ന്യായീകരണവുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാനവ വികസന സൂചികയുടെ മാനദണ്ഡങ്ങളോ സാമ്പത്തിക ആവശ്യങ്ങളോ ഒന്നും കണക്കിലെടുത്തായിരുന്നില്ല കിഫ്ബിയുടെ ഫണ്ട് വിതരണമെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.

കിഫ്ബി സിഇഓ ആയിരുന്ന കെ എം എബ്രഹാമിന് 2017 ല്‍ ധനവകുപ്പിന്റെ എക്‌സ്-ഒഫീഷ്യോ സെക്രട്ടറിയുടെ അധികാരങ്ങള്‍ നല്‍കിയതിനെയും ധവളപത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ഈ നടപടി സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസ് ചട്ടങ്ങളുടെ ലംഘനമായിരുന്നു. ഗവണ്മെന്റിനു വേണ്ടി ഉത്തരവുകളിറക്കാന്‍ ഗവണ്മെന്റിനു പുറത്തുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത് നല്ല ധന മാനേജ്‌മെന്റ് നടപടി ആയിരുന്നില്ല.

കിഫ്ബി ധീരമായൊരു കണ്ടെത്തല്‍ ആയിരുന്നെങ്കിലും അതിന്റെ അടിസ്ഥാന തത്വങ്ങളില്‍ മാറ്റങ്ങള്‍ വന്നു. കിഫ്ബിയുടെ കടമെടുപ്പ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പില്‍ പെടും. സര്‍ക്കാര്‍ കടമെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ചെലവിലാണ് കിഫ്ബിയുടെ കടമെടുപ്പ്. കിഫ്ബി ഇപ്പോഴുള്ള രീതിയിലല്ല തുടരേണ്ടത് എന്ന് സിഎജി തന്നെ മുന്‍പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വേണ്ട മാറ്റങ്ങള്‍ എങ്ങനെ വരുത്താം എന്നാണ് ഇനി ചിന്തിക്കേണ്ടതെന്നും ധവളപത്രത്തില്‍ പറയുന്നു.

മുന്‍ കാബിനറ്റ് സെക്രട്ടറി ഡോ. കെഎം ചന്ദ്രശേഖര്‍, ഫിനാന്‍സ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. സി വീരമണി, സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. നാരായണ എന്നിവരടങ്ങുന്ന ടീമാണ് ധവളപത്രം തയ്യാറാക്കിയത്.

കെ എസ് എഫ് ഇ ആറ്റിങ്ങൽ മെയിൻ ബ്രാഞ്ചിൽ ഹാർമണി ചിറ്റ്സ് സീരീസ്-3 ശാഖാതല നറുക്കെടുപ്പ് നടത്തി

കെ എസ് എഫ് ഇ ആറ്റിങ്ങൽ മെയിൻ ബ്രാഞ്ചിൽ ഹാർമണി ചിറ്റ്സ് സീരീസ്-3 ശാഖാതല നറുക്കെടുപ്പ് നടത്തി

ആറ്റിങ്ങൽ: കെ.എസ്.എഫ്.ഇ. ആറ്റിങ്ങൽ മെയിൻ ബ്രാഞ്ചിൽ ഹാർമണി ചിറ്റ്സ് സീരീസ്-3 ശാഖാതല നറുക്കെടുപ്പ് 2026 മേയ് 29-ന് രാവിലെ 11 മണിക്ക് നടന്നു. ആറ്റിങ്ങൽ നഗരസഭ വാർഡ് 18 കൗൺസിലർ കെ. സതി നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്.ഇ തിരുവനന്തപുരം റൂറൽ റീജിയൺ അസിസ്റ്റൻ്റ് ജനറൽ മാനേജർ എൻ. കേശവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

ഹാർമണി ചിറ്റ്സ് സീരീസ്-3 വരിക്കാർക്കായി സംഘടിപ്പിച്ച നറുക്കെടുപ്പിൽ രണ്ട് ഭാഗ്യശാലികളെയാണ് വിജയികളായി തിരഞ്ഞെടുത്തത്. വിജയികൾക്ക് മൊബൈൽ ഫോൺ അല്ലെങ്കിൽ 20,000 രൂപ ക്യാഷ് പ്രൈസ് സമ്മാനമായി ലഭിക്കും.

ചിട്ടി നമ്പർ 28/2025-248-ലെ വരിക്കാരിയായ ലിസ്സ പാങ്ക്രബാസും ചിട്ടി നമ്പർ 1/2026-24-ലെ വരിക്കാരിയായ എൻ. സുശീലയും നറുക്കെടുപ്പിലെ വിജയികളായി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും കെ.എസ്.എഫ്.ഇ. ആറ്റിങ്ങൽ മെയിൻ ബ്രാഞ്ച് അധികൃതർ നന്ദി രേഖപ്പെടുത്തി.

ആറ്റിങ്ങൽ നഗരസഭസാക്ഷരതാ മിഷൻ തുല്യതാ കോഴ്സുകൾക്ക് അഡ്‌മിഷൻ ആരംഭിച്ചു

ആറ്റിങ്ങൽ നഗരസഭസാക്ഷരതാ മിഷൻ തുല്യതാ കോഴ്സുകൾക്ക് അഡ്‌മിഷൻ ആരംഭിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പും കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും സംയുക്തമായി നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം.

ഹയർസെക്കണ്ടറി തുല്യത

22 വയസ്സ് പൂർത്തിയായ പത്താം ക്ലാസ്സ്/ പത്താംതരം തുല്യത കോഴ്സ് വിജയിച്ചവർക്കും +1, +2 ക്ലാസ്സുകളിൽ പഠനം നിർത്തിയവർക്കും കോഴ്സിൽ ചേരാവുന്നതാണ്. ഹയർസെക്കണ്ടറി തുല്യത കോഴ്സ് ഫീസ് 2600+20 രൂപ. ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന എസ്.സി.വിഭാഗക്കാർക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും.

പത്താംതരം തുല്യത

17 വയസ്സ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർക്കും 8, 9 ക്ലാസ്സുക ളിൽ പഠനം നിർത്തിയവർക്കും പത്താം ക്ലാസ്സ് പാസ്സാവാത്തവർക്കും കോഴ്‌സിന് ചേരാവുന്നതാണ്. പത്താംതരം തുല്യത കോഴ്സ് ഫീസ് 1950+20 രൂപ. ജാതി സർട്ടിഫിക്കറ്റ് ഹാജരാ ക്കുന്ന എസ്.സി. വിഭാഗക്കാർക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും

നാലാംതരം ഏഴാംതരം തുല്യതാ കോഴ്‌സുകളിലേയ്ക്കും അഡ്‌മിഷൻ ആരംഭിച്ചിട്ടുണ്ട്.

വിശദവിവരങ്ങൾക്ക് വിളിക്കുക: 9446272192

സൗജന്യയാത്ര ഏതൊക്കെ ബസ്സുകളില്‍?; ഇനി 10 ദിവസം മാത്രം, പദ്ധതി ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും

സൗജന്യയാത്ര ഏതൊക്കെ ബസ്സുകളില്‍?; ഇനി 10 ദിവസം മാത്രം, പദ്ധതി ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കണം എന്നതില്‍ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് തീരുമാനമെടുക്കും. യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച സ്ത്രീകളുടെ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. അത് എങ്ങനെ നടപ്പാക്കണം, മാനദണ്ഡങ്ങള്‍ വേണോ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.

മുഖ്യമന്ത്രി അറിയിച്ചത് അനുസരിച്ച് പദ്ധതി നടപ്പാക്കാന്‍ ഇനി 10 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. കാബിനറ്റിന്റെ ഇന്നത്തെ അജണ്ടയില്‍ ഇല്ലെങ്കിലും, പ്രത്യേക വിഷയമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. നിലവില്‍ ഓര്‍ഡിനറി- ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളില്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന് 90 കോടി രൂപയാണ് സര്‍ക്കാരിന് അധികബാധ്യതയായി വരുന്നത്. ഇത് എങ്ങനെ കണ്ടെത്തും എന്നത് അടക്കം മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്യും.

ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ പദ്ധതി നടപ്പിലാക്കാനാണ് ഗതാഗതമന്ത്രി സി പി ജോണ്‍ നിര്‍ദേശം മുന്നോട്ടുവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കെഎസ്ആര്‍ടിസിയുടെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് മന്ത്രിയുടെ നിലപാട്. എന്നാല്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ കൂടി പദ്ധതി നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രി വിഡി സതീശന്‍ ആഗ്രഹിക്കുന്നത്. കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിടുന്നതിലും മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

അധ്യാപക  ഒഴിവ്

അധ്യാപക ഒഴിവ്

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. എൽ പി എസ് രാമച്ചംവിള സ്കൂളിൽ എൽ പി എസ് ടി വിഭാഗത്തിലുള്ള ഒരു ഒഴിവിലേക്ക് നാളെ (05/06/2026 വെള്ളിയാഴ്ച) രാവിലെ 11.30 ന് സ്കൂളിൽ വച്ച് അഭിമുഖം നടത്തുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എന്ത്?; ധവളപത്രം ഇന്ന് നിയമസഭയില്‍

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എന്ത്?; ധവളപത്രം ഇന്ന് നിയമസഭയില്‍

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വിഡി സതീശനാണ് ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും. ഇന്നുരാവിലെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ ധവളപത്രം വിശദമായി ചര്‍ച്ച ചെയ്യും.

കഴിഞ്ഞ പത്തുവര്‍ഷത്തെ സര്‍ക്കാരിന്റെ വരുമാന ചോര്‍ച്ചയും ധൂര്‍ത്തും ധവളപത്രത്തില്‍ ഇടംപിടിക്കുമെന്നാണ് സൂചന. കിഫ്ബി ഉണ്ടാക്കിയ സാമ്പത്തിക ബാദ്ധ്യത, നികുതി പിരിവിലെ പ്രശ്‌നങ്ങള്‍, കേന്ദ്രത്തില്‍ നിന്ന് പല ഇനങ്ങളിലായി ലഭിച്ചിട്ടുള്ള തുക, ഇതിന്റെ ചെലവഴിക്കല്‍, വകമാറ്റി ചെലവഴിക്കല്‍ തുടങ്ങിയ കാര്യങ്ങളും വിശദമായി പ്രതിപാദിച്ചേക്കും. സര്‍ക്കാര്‍ ഖജനാവിന്റെ ഇപ്പോഴത്തെ കൃത്യമായ അവസ്ഥയും വ്യക്തമാക്കും.

സംസ്ഥാനത്തിന്റെ നിലവിലെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് വിസ്മയിപ്പിക്കുന്ന ഒരു ധവളപത്രം വരുന്നുണ്ടെന്നും അതില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക വീഴ്ചകള്‍ക്കുള്ള കൃത്യമായ മറുപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ സഭയില്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തില്‍ നിന്ന് മുമ്പ് എന്ത് കിട്ടി, ഇപ്പോള്‍ എന്ത് കിട്ടുന്നില്ല എന്നതിനെക്കുറിച്ചെല്ലാം ധവളപത്രത്തില്‍ വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.

എന്നാല്‍ ധവളപത്രം എന്ന ഉമ്മാക്കി കാണിച്ച് തങ്ങളുടെ വായടപ്പിക്കാന്‍ നോക്കേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. ധവളപത്രം വരുമ്പോള്‍ അതിന് പറയേണ്ട മറുപടി ആ ഘട്ടത്തില്‍ കൃത്യമായി പറയുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയും ഇന്ന് അവസാനിക്കും. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി വിഡി സതീശന്‍ മറുപടി പറയും.