റെയിൽവേ ട്രാക്കിലിരുന്ന് പബ്‌ജി കളി; മൂന്ന് കൗമാരക്കാർക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം

റെയിൽവേ ട്രാക്കിലിരുന്ന് പബ്‌ജി കളി; മൂന്ന് കൗമാരക്കാർക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം

ബിഹാർ: വെസ്റ്റ് ചമ്പാരൻ ജില്ലയിൽ റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി കളിക്കുന്നതിനിടയിൽ ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം. ഇയർഫോണ്‍ വച്ചതിനാൽ ട്രെയിൻ വരുന്നത് കുട്ടികൾ അറിഞ്ഞില്ല. ഫുർകാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് അപകടത്തിൽ മരിച്ചത്.
മുഫാസിൽ പൊലീസ് സ്റ്റേഷൻ്റെ കീഴിലുള്ള നർകതിയാഗഞ്ച്-മുസാഫർപൂർ റെയിൽവേ സെക്ഷനിലാണ് അപകടമുണ്ടായത്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു. സദർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ വിവേക് ​​ദീപ്, റെയിൽവേ പൊലീസ് എന്നിവർ സംഭവ സ്ഥലത്തെത്തി അപകടമുണ്ടായ സാഹചര്യം അന്വേഷിച്ചു.

വീട്ടിൽ കയറിയ കള്ളൻ വീട്ടമ്മയുടെ താലി തിരിച്ചു കൊടുത്തിട്ട് മാലയുമായി കടന്നു

വീട്ടിൽ കയറിയ കള്ളൻ വീട്ടമ്മയുടെ താലി തിരിച്ചു കൊടുത്തിട്ട് മാലയുമായി കടന്നു

വെഞ്ഞാറമൂട്: വീട്ടമ്മയുടെ മാലമോഷ്ടിക്കാനത്തിയ കള്ളൻ മാലയുമായി കടന്നെങ്കിലും താലി തിരികെ നൽകി. ചെമ്പൂര് പരമേശ്വരം ശിവപാർവതിയിൽ പാർവതിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് മാസം ഗർഭിണിയായ പാർവതിയും മാതാവും കുഞ്ഞുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിൻ്റെ പിൻവാതിൽ തുറന്ന് ഉള്ളിൽ കടന്ന മോഷ്ടാവ് പാർവതിയുടെ കുഞ്ഞിന്റെ അരഞ്ഞാണം അറുത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞതോടെയാണ് മോഷ്ടാവ് അകത്ത് കയറിയ വിവരം പാർവതിയും മാതാവും അറിയുന്നത്. ആർമി ഉദ്യോഗസ്ഥനായ ഭർത്താവ് സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു മോഷണം നടന്നതെന്നതിനാൽ പരിഭ്രാന്തരായ ഇരുവരും ബഹളം വക്കാൻ ശ്രമിച്ചു.

ഇതോടെ, മോഷ്ടാവിൻ്റെ ശ്രദ്ധ പാർവതിയുടെ കഴുത്തിലേക്കായി. മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ഭീഷണിയെ തുടർന്ന് പാർവതി കഴുത്തിൽ കിടന്ന രണ്ട് പവൻ തൂക്കമുള്ള മാല നൽകി. ഒപ്പം അലമാരയിൽ ഉണ്ടായിരുന്ന മാതാവിന്റെ അരപ്പവൻ വരുന്ന മാലയും കവർന്ന കള്ളൻ മുറി മുഴുവൻ അരിച്ചു പെറുക്കി. എന്നാൽ ഒന്നും ലഭിക്കാതിരുന്ന മോഷ്ടാവ് കൂടുതൽ എന്തെങ്കിലും ലഭിക്കുമോ എന്നറിയാൻ ഇരുവരെയും ഭീഷണിപ്പെടുത്തിയെങ്കിലും മറ്റൊന്നും ലഭിച്ചില്ല. അതേസമയം കെട്ടുതാലിയാണ് തിരികെ നൽകണമെന്ന് അപേക്ഷിച്ചതോടെ താലി ഊരി നൽകിയാണ് മോഷ്ടാവ് കടന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തെ തുടർന്ന് പാർവതി വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ഷാരോൺ കൊലക്കേസിൽ വിധി 17ന്

ഷാരോൺ കൊലക്കേസിൽ വിധി 17ന്

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ ജനുവരി 17ന് വിധി. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായി. കാമുകനായ ഷാരോൺ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.

മൂന്നു ദിവസമായി നടന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് വിധി പറയാനായി കേസ് മാറ്റിയത്. ഗ്രീഷ്‌മയ്‌ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. ​ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമല കുമാരൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവർ തെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടർ വ്യക്തമാക്കി.

എന്നാൽ ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി ഗ്രീഷ്മ ജൂസിൽ വിഷം ചേർത്തു നൽകിയിരുന്നു. ജൂസ് ചലഞ്ചിനു മുൻപായി പാരസെറ്റമോളിനെക്കുറിച്ച് ഗ്രീഷ്മ ഗൂഗിളിൽ തിരഞ്ഞത് പനി ആയതുകൊണ്ടാണെന്ന് പ്രതിഭാഗം വാദിച്ചു. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മ ആത്മഹത്യ ചെയ്യുന്നതിനാണ് വിഷത്തെക്കുറിച്ച് സെർച്ച് ചെയ്തത്. ഗ്രീഷ്മ മുഖം കഴുകാനായി ശുചിമുറിയിൽ കയറിയ സമയം തിളപ്പിച്ചാറ്റിയ കഷായം ഷാരോൺ രാജ് കുടിച്ച ശേഷം വീട്ടിൽനിന്നു പോയി എന്നാണ് പ്രതിഭാഗം വാദിച്ചത്. ഈ വാദങ്ങൾ കെട്ടുകഥകൾ ആണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

2022 ഒക്ടോബർ പത്തിനാണ് ഷാരോൺ രാജ് വിഷം ഉള്ളിൽചെന്ന് അവശനിലയിലായത്. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാതിരുന്നതിനെ തുടർന്നാണ് കൊല ആസൂത്രണം ചെയ്തത്. ഷാരോൺ രാജിനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകിയെന്നാണ് കേസ്. 11 ദിവസം കഴിഞ്ഞാണ് മെഡിക്കൽ കോളജ് ഐസിയുവിൽ ഷാരോൺ രാജ് മരിച്ചത്. സാഹചര്യ തെളിവുകളെയാണ് പ്രോസിക്യൂഷൻ ആശ്രയിക്കുന്നത്. ഷാരോണിന്റെ മരണമൊഴിയും, ഗ്രീഷ്മ ചതിച്ചതായി ഷാരോൺ സുഹൃത്ത് റെജിനോട് പറഞ്ഞതും കേസിൽ നിർണായകമായി.

സംസ്ഥാന സ്കൂൾ കലോത്സവം; നീരീക്ഷണം ശക്തമാക്കി ഇൻ്റലിജൻസും വിജിലൻസും

സംസ്ഥാന സ്കൂൾ കലോത്സവം; നീരീക്ഷണം ശക്തമാക്കി ഇൻ്റലിജൻസും വിജിലൻസും

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നീരീക്ഷണം ശക്തമാക്കി ഇൻ്റലിജൻസും വിജിലൻസും. നിരീക്ഷണത്തിന് പ്രത്യേക പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ജഡ്ജസിനെയും ഇടനിലക്കാരയും സസൂഷ്മം നിരീക്ഷിക്കാനാണ് നീക്കം. പ്രധാന വേദികളിൽ നിരീക്ഷണത്തിന് പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്.

പ്രശ്നബാധിത വേദികളിൽ പരിശോധനക്ക് പ്രത്യേക ഉദ്യോഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്. പരാതികൾ ഉണ്ടങ്കിൽ ഉദ്യോഗസ്ഥരെ നേരിട്ടറിയിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു. കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

എംടിയുടെ സ്മരണാർത്ഥം സെൻട്രൽ സ്റ്റോഡിയത്തിൽ ഒരുക്കിയിരിക്കുന്ന പ്രധാനവേദിയായ എംടി നിളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. ഉദ്‌ഘാടനത്തിന് മുൻപായി കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തവും അരങ്ങേറി. മുഖ്യമന്ത്രി അടക്കമുള്ള വിശിഷ്ട വ്യക്തികൾ കൽവിളക്ക് തെളിച്ചതോടെയാണ് 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കമായത്.

കലാകേരളത്തിൻ്റെ കൗമാരപ്രതിഭകൾ 25 വേദികളിലായാണ് മികവ് തെളിയിക്കാൻ മാറ്റുരയ്ക്കുന്നത്. 11 മണിയോടെ എല്ലാ വേദികളിലും മത്സരം ആരംഭിക്കും. പുത്തരിക്കണ്ടത്തെ ഭക്ഷണശാലയിൽ രാവിലെ മന്ത്രി കെ എൻ ബാലഗോപാൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്തതോടെ ഊട്ടുപുര സജീവമായി. 25 വേദികളിലായി നടക്കുന്ന 249 മത്സരയിനങ്ങളിൽ പതിനായിരത്തിലേറെ കൗമാരപ്രതിഭകളാണ് പങ്കെടുക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ ഒപ്പനയും സംഘനൃത്തവും ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മാർഗംകളിയും ആദ്യദിനം തന്നെ വേദികളെ ആവേശത്തിലാഴ്ത്തും.

ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതി; കെബി ഗണേഷ് കുമാര്‍

ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതി; കെബി ഗണേഷ് കുമാര്‍

തിരുവന്തപുരം: ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അതില്‍ മാറ്റം വരുത്തണമോയെന്നത് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍. അതില്‍ ഭരണാധികാരികള്‍ക്ക് നിര്‍ദേശമുണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാം. ക്ഷേത്രാചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

‘ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമുണ്ട്. അത് തീരുമാനിക്കുക ക്ഷേത്രത്തിലെ തന്ത്രിമാരാണ്. ഭരണാധികാരികള്‍ക്ക് ഒരുമാറ്റം വേണമെന്നുണ്ടെങ്കില്‍ തന്ത്രികളുമായി ചര്‍ച്ച ചെയ്‌തോ, അല്ലെങ്കില്‍ ദേവപ്രശ്‌നം വച്ചുനോക്കിയോ തീരുമാനിക്കാം. അതാണ് ഹിന്ദുക്ഷേത്രങ്ങളിലെ രീതി. ഏത് മതത്തിലായാലും ഓരോ ദേവലായത്തിനും അതിന്റെതായ ആചാരമുണ്ട്. അതനുസരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അല്ലെങ്കില്‍ അങ്ങോട്ടു പോകണ്ട’- ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് കയറുന്നതില്‍ അഭിപ്രായം പറയാനില്ലെന്ന് രമേശ് ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു. അതാത് മതസാമുദായിക സംഘടനകള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കട്ടെ. അത്തരം വിവാദങ്ങളിലേക്ക് പോകാന്‍ തങ്ങളാരും ഉദ്ദേശിക്കുന്നില്ല. അതൊക്കെ മതസാമദായിക നേതാക്കള്‍ തീരുമാനിക്കേണ്ടതാണ്. കോണ്‍ഗ്രസിന് ഏതെങ്കിലും ഒരു മതത്തോട് പ്രത്യേക പ്രീണനമോ, അകല്‍ച്ചയോ ഇല്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുകയെന്നതാണ് സമീപനം. അത് തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

ടവർ സ്ഥാപിക്കുന്നതിനെതിരെ വൻ പ്രതിഷേധം

ടവർ സ്ഥാപിക്കുന്നതിനെതിരെ വൻ പ്രതിഷേധം

കണിയാപുരം ജാവ കോട്ടേജിൽ ജനങ്ങൾ തിങ്ങി താമസിക്കുന്ന ഭാഗത്ത് പുതുതായി സ്ഥാപിക്കാൻ ഒരുങ്ങുന്ന മൊബൈൽ ടവർ ആൾതാമസം കുറഞ്ഞ ഭാഗത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിൽ നടത്തിയ പ്രതിഷേധ സമരം കലാനികേതൻ, കെ പി ആർ എ പ്രസിഡന്റ് എം എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി അംഗങ്ങൾ നിസാം കടവിളാകം, സൈഫുദ്ദീൻ, നാസർ. ടി, റഹീം സാർ അനിൽ, കബീർ ആലായി തുടങ്ങിയവർ സംസാരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് നാളുകൾ പങ്കെടുത്തു.