11 മുതല്‍ വൈകുന്നേരം മൂന്ന് വരെ പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണം; മുന്നറിയിപ്പ്

11 മുതല്‍ വൈകുന്നേരം മൂന്ന് വരെ പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണം; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് ഇന്നും തുടരും. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറഞ്ഞു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

* പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഛഞട ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മാ മുതല്‍ 3 ുാ വരെ കുട്ടികള്ക്ക് നേരിട്ട് ചൂട് ഏല്ക്കുവന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 മാ ീേ 3 ുാ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, അതുപോലെ, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.

* പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.

* യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.

* നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്ജനലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

* അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം

കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം

തിരുവനന്തപുരം:കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കിന്‍ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്. കെ സോട്ടോയുടെ അനുമതി ഉടന്‍ ലഭ്യമാക്കി മറ്റ് നടപടിക്രമങ്ങള്‍ പാലിച്ച് ഒരു മാസത്തിനകം കമ്മീഷന്‍ ചെയ്യുന്നതാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ കൂടി സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള സ്റ്റാന്റേര്‍ഡ് ഗൈഡ്ലൈന്‍ രൂപീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ബേണ്‍സ് യൂണിറ്റുകളെ ശക്തിപ്പെടുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ശേഖരിച്ച് പ്രിസര്‍വ് ചെയ്ത് വച്ച് ആവശ്യമുള്ള രോഗികള്‍ക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുകയാണ് സ്‌കിന്‍ ബാങ്കിലൂടെ ചെയ്യുന്നത്. അപകടങ്ങളാലും പൊള്ളലേറ്റും ത്വക്കിന് കേടുപാട് സംഭവിച്ചവര്‍ക്ക് പകരം ത്വക്ക് വച്ച് പിടിപ്പിച്ചാല്‍ അണുബാധയുണ്ടാകാതെ ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാനാകും. കൂടാതെ രോഗിയെ വൈരൂപ്യത്തില്‍ നിന്നും രക്ഷിക്കാനുമാകും. മറ്റ് അവയവങ്ങള്‍ പോലെ ത്വക്ക് ദാനം ചെയ്യാനുള്ള അവബോധം ശക്തമാക്കണം.

പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ബേണ്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാന മെഡിക്കല്‍ കോളജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ സജ്ജമാക്കി. ആലപ്പുഴ, കണ്ണൂര്‍, കൊല്ലം മെഡിക്കല്‍ കോളജുകളില്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ആരംഭിച്ചത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു. എറണാകുളം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ബേണ്‍സ് യൂണിറ്റുകളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബേണ്‍സ് യൂണിറ്റ് സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളില്‍ കൂടി ബേണ്‍സ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ബേണ്‍സ് യൂണിറ്റുകള്‍ സ്റ്റാന്റേഡൈസ് ചെയ്യാനുള്ള പ്രൊപ്പോസല്‍ 15 ദിവസത്തിനകം വര്‍ക്കിംഗ് ഗ്രൂപ്പ് ചേര്‍ന്ന് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ഏകീകൃത ചികിത്സാ പ്രോട്ടോകോള്‍ രൂപീകരിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഏകോപിപ്പിക്കാനുള്ള സംവിധാനമൊരുക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

മെഡിക്കല്‍ കോളജുകളിലെ ബേണ്‍സ് ഐസിയുവില്‍ സജ്ജമാക്കിയ തീവ്ര പരിചരണ സംവിധാനത്തിലൂടെ അണുബാധയേല്‍ക്കുന്നത് പരമാവധി കുറയ്ക്കാനും എത്രയും വേഗം രോഗിക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും സഹായിക്കുന്നു. 20 ശതമാനം മുതല്‍ പൊള്ളലേറ്റ രോഗികള്‍ക്കുള്ള വിദഗ്ധ ചികിത്സയാണ് ബേണ്‍സ് ഐസിയുവിലൂടെ നല്‍കുന്നത്.

പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം

പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം

തിരുവനന്തപുരം: പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്നായ ഇന്നലെ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധന. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 96. 42 കോടിയുടെ മദ്യമാണ്. കൂടുതല്‍ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ്.

കഴിഞ്ഞ വര്‍ഷം പുതുവര്‍ഷത്തലേന്ന് കേരളം കുടിച്ചത് 95.69 കോടിയുടെ മദ്യമായിരുന്നു. കഴിഞ്ഞവര്‍ഷം ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ 94.77 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. ക്രിസ്മസ്-പുതുവത്സര സീസണില്‍ ഇത്തവണ ആകെ വിറ്റത് 712.05 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ്-പുതുവത്സര സീസണില്‍ 697.05 കോടിയുടെ മദ്യമാണ് വിറ്റത്.

ഏതാണ്ട് 2.28 കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണയുണ്ടായത്. ഇത്തവണ രവിപുരം ഔട്ട്‌ലെറ്റില്‍ നിന്നും 92.31 ലക്ഷം രൂപയുടെ മദ്യമാണ് പുതുവത്സരത്തലേന്ന് വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലെറ്റില്‍ 86.65 ലക്ഷം രൂപയുടെ മദ്യം വില്‍പ്പന നടത്തി. മൂന്നാം സ്ഥാനം കൊച്ചി കടവന്ത്ര ഔട്ട്‌ലെറ്റിനാണ്. 79.09 ലക്ഷം രൂപയുടെ മദ്യമാണ് കടവന്ത്രയില്‍ വിറ്റത്.

വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

തിരുവനന്തപുരത്ത് നടക്കുന്ന 63മത് സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് മടവൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഇന്ന് രാവിലെ10 മണിക്ക് എൻഎസ്എസ് എച്ച്എസ്എസിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ബിജു കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിലെ ഗ്രാമ പഞ്ചായത്തിലെസ്കൂളുകളിലെ പ്രഥമ അധ്യാപകർ, അധ്യാപകർ, രക്ഷകർതൃ പ്രതിനിധികൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ, സാംസ്കാരിക പ്രവർത്തകർ എസ് പി സി, എൻ സി സി, ജെ ആർ സി കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്ത ജാഥ പഞ്ചായത്ത് പരിധിയിൽ ആഘോഷഭരിതമാക്കി. ജാഥയ്ക്ക് വാർഡ് മെമ്പർ മോഹൻദാസ് നന്ദി പറഞ്ഞു.

സനാതനധര്‍മത്തിന്റെ വക്താവല്ല ശ്രീനാരായണ ഗുരു; പറഞ്ഞതില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സനാതനധര്‍മം സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സനാതനധര്‍മത്തിന്റെ വക്താവല്ല ശ്രീനാരായണ ഗുരു അത് തിരുത്താന്‍ നേതൃത്വം നല്‍കിയ ആളാണെന്നും മുഖ്യമന്ത്രി തിരുവന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. ശ്രീനാരായണ ഗുരുവിനെ സനാതധര്‍മത്തിന്റെ ഭാഗമായി അവതരിപ്പിക്കേണ്ട കാര്യമില്ലെന്നാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരു സനാതന ധര്‍മത്തിന്റെ വക്താവാണെന്ന് രണ്ടുവര്‍ഷം മുന്‍പ് ഒരുയോഗത്തില്‍ കേന്ദ്രമന്ത്രിയായ ബിജെപി നേതാവാണ് പറഞ്ഞത്. അത് ശരിയല്ലെന്ന് അന്നുതന്നെ താന്‍ പറഞ്ഞു. അത് തിരുത്തുന്നതിന് നേതൃത്വം നല്‍കിയ ആളാണ് ശ്രീനാരായണഗുരുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേത്രത്തില്‍ കയറുമ്പോള്‍ പുരുഷന്‍മാര്‍ ഷര്‍ട്ട് മാറേണ്ടതില്ലെന്ന കാര്യം പൊതുവില്‍ എല്ലാവരും അംഗീകരിക്കുന്നതാണ്. സച്ചിദാനന്ദസ്വാമിയാണ് അന്ന് ഇക്കാര്യം ആദ്യം അവിടെ പറഞ്ഞത്. ശ്രീനാരയണ ആരാധാനലായങ്ങളില്‍ ഉടുപ്പൂരി അകത്തുകയറുക എന്ന സമ്പ്രദായം വേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ടെന്ന്് അദ്ദേഹം പറഞ്ഞു. പിന്നിടുള്ള പ്രസംഗത്തില്‍ താന്‍ അത് നല്ല തീരുമാനമാണെന്ന് പറയുകയുണ്ടായി. കുറച്ചുമുന്‍പ് തന്നെ കാണാന്‍ വന്ന ദേവസ്വം ബോര്‍ഡ് അധികൃതരും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ദേവസ്വം ബോര്‍ഡാണ് അക്കാര്യം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനുള്ള ശ്രമം കൂടുതല്‍ ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനുള്ള ശ്രമം കൂടുതല്‍ ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനുള്ള ശ്രമം കൂടുതല്‍ ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ 49 അദാലത്തുകളാണ് പൂര്‍ത്തീകരിച്ചത്. ഇനി 29 അദാലത്തുകളാണ് ബാക്കിയുള്ളത്.

ഇന്നലെ വരെ അദാലത്തിലേക്ക് 36,931 പരാതികളാണ് ആകെ ലഭിച്ചത്. ഇതില്‍ 12,738 പരാതികള്‍ക്ക് തീര്‍പ്പുകല്‍പ്പിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 19,253 പരാതികളില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. 4,940 പരാതികള്‍ക്കാണ് അദാലത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയാതെ വന്നിട്ടുള്ളത്. ഇതില്‍ പകുതിയിലേറെ അദാലത്തിന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് പുറത്തുള്ളതും നിയമപ്രശ്‌നങ്ങള്‍ അടക്കമുള്ളതും അദാലത്തിന്റെ സമയപരിധിയില്‍ തീര്‍പ്പാക്കാന്‍ കഴിയാത്തതുമാണ്. ഈ പ്രക്രിയ ഇവിടെ അവസാനിക്കുകയല്ല. പരാതികള്‍ പരിഹരിക്കാനുള്ള ശ്രമം കൂടുതല്‍ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളില്‍ പലഘട്ടങ്ങളില്‍ അദാലത്തുകള്‍ സംഘടിപ്പിച്ചിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 2023 ഏപ്രില്‍ -മെയ് മാസങ്ങളില്‍ താലൂക്ക് തലത്തില്‍ കരുതലും കൈതാങ്ങും എന്ന പേരില്‍ അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അദാലത്തുകള്‍ ഫലപ്രദമായി സംഘടിപ്പിച്ചു. ഇതിലൂടെ നിരവധി പേരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞു. കളക്ടറേറ്റിലേയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് അദാലത്തുകള്‍ നടന്നത്. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സമയബന്ധിതമായി തന്നെ പരിഹാരം കണ്ടെത്താന്‍ സാധിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.