by Midhun HP News | Jan 1, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: പുതുവര്‍ഷത്തില്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം 1.30 ലക്ഷം കടന്നു. ഡിസംബര്‍ 31 മുതല്‍ പുതുവര്‍ഷ പുലര്‍ച്ചെ വരെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തവരുടെ കണക്കാണിത്. ഡിസംബര്‍ മാസത്തില്‍ മാത്രം 32,35,027 പേര്‍ യാത്ര ചെയ്തതോടെ പ്രതിമാസ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന നേടി. ഡിസംബറില്‍ യാത്രാടിക്കറ്റ് ഇനത്തില്‍ 10.15 കോടി രൂപ വരുമാനം നേടി മറ്റൊരു നേട്ടവും മെട്രോ കൈവരിച്ചു. മുന്‍വര്‍ഷം ഡിസംബറിലെ യാത്രക്കാരുടെ ആകെ എണ്ണം 29,59,685 ഉം വരുമാനം 9, 24, 69, 402 ഉം ആയിരുന്നു.
ജൂലൈ മുതല്‍ പ്രതിദിനം ഒരു ലക്ഷത്തിലേറെ യാത്രക്കാരെ നേടുന്ന മെട്രോ കഴിഞ്ഞ രണ്ടുവര്‍ഷമായി തുടര്‍ച്ചയായി പ്രവര്‍ത്തന ലാഭവും ഉണ്ടാക്കി. 2023 സാമ്പത്തിക വര്‍ഷം 5.35 കോടിയായിരുന്ന പ്രവര്‍ത്തന ലാഭം 2024 സാമ്പത്തിക വര്‍ഷം 22.94 കോടി രൂപയായാണ് വര്‍ധിച്ചത്. പ്രതിദിന യാത്രക്കാരുടെ എണ്ണം 1.5 ലക്ഷത്തിലെത്തിക്കാനാണ് 2025 ല്‍ ലക്ഷ്യമിടുന്നതെന്ന്് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
by Midhun HP News | Jan 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
കഴിഞ്ഞ വര്‍ഷം തമിഴ് പിന്നണി ഗായകന്‍ പി കെ വീരമണി ദാസനായിരുന്നു പുരസ്‌കാരം. 2012ലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിവരാസനം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. നിരവധി അയ്യപ്പ ഭക്തിഗാനങ്ങള്‍ കൈതപ്രം രചിച്ചിട്ടുണ്ട്.
2022 ലെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിനാണ് നല്‍കിയത്. 2023ലെ പുരസ്‌കാരം ലഭിച്ചത് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരന്‍ തമ്പിക്കായിരുന്നു.
by Midhun HP News | Jan 1, 2025 | Latest News, ജില്ലാ വാർത്ത
63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആവശ്യാർത്ഥം വിദ്യാർത്ഥികളിൽ നിന്നും ഉല്പന്നങ്ങൾ ശേഖരിച്ച് കലവറ നിറയ്ക്കലിന് കൈമാറുന്നതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് ഗവ. മോഡൽ വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂൾ, ആറ്റിങ്ങലിൽ നിന്നും ശേഖരിച്ച ഉൽപ്പന്നങ്ങൾ സ്കൂളിലെ എസ് പി സി, എൻ എസ് എസ്, ജെ ആർ സി, എൻ എസ് എസ് തുടങ്ങിയ സന്നദ്ധ സംഘടനകളിലെ വിദ്യാർത്ഥികളിൽ നിന്നും ആറ്റിങ്ങൽ മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി ഏറ്റുവാങ്ങി.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, പി ടി എ പ്രസിഡന്റ് സന്തോഷ് എസ്, സ്കൂൾ പ്രിൻസിപ്പൽ എസ്. ജവാദ്, ഹെഡ്മാസ്റ്റർ അനിൽകുമാർ കെ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഹസീന എ , സ്റ്റാഫ് സെക്രട്ടറി ജിമ്മി വൈ, ഡോ. മുഹമ്മദ് ഷെജിർ, സുനിൽകുമാർ എം, ദിവ്യ എം എസ്സ്, സീന വൈ എസ്സ്, ഷീബ എ എ, ആശാദേവി, സൈജാറാണി തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Jan 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്വര്‍ണവും വലിയേറിയ രത്‌നങ്ങളും വ്യാപാര ആവശ്യത്തിനായി ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകാന്‍ ഇന്നുമുതല്‍ ഇ വേ ബില്‍ നിര്‍ബന്ധമാക്കി. പത്തുലക്ഷമോ അതിലേറെയോ വിലയുള്ളവയ്ക്കാണ് ഇത് ബാധകം. വില്‍ക്കുന്നതിനോ പ്രദര്‍ശിപ്പിക്കുന്നതിനോ കൊണ്ടുപോകുമ്പോഴും ഇത് ബാധകമാണ്. ഹാള്‍മാര്‍ക്ക് ചെയ്യാനോ പണിചെയ്യാനോ കൊണ്ടുപോകുമ്പോഴും ഇവേ ബില്‍ നിര്‍ബന്ധമാണ്.
by Midhun HP News | Jan 1, 2025 | Latest News, ജില്ലാ വാർത്ത
തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ്. കൊല്ലപ്പെട്ട ലിവിനെ പിടിയിലായ 14 കാരനാണ് കുത്തിയത്. ഒറ്റക്കുത്തിലാണ് യുവാവിനെ കൊന്നത്. കത്തി പൊലീസ് കണ്ടെടുത്തു. തര്‍ക്കത്തിനിടെ 14 കാരന്‍ ലിവിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.
സംഭവത്തില്‍ പതിനാലും പതിനാറും വയസ്സുള്ള രണ്ടുപേരാണ് പിടിയിലായത്. പ്രതികള്‍ ലഹരിക്ക് അടിമകളാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതികള്‍ കഞ്ചാവ് വലിക്കുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി പിടിയിലായ 14 കാരന്റേത് തന്നെയാണെന്ന് പൊലീസ് കണ്ടെത്തി.
പ്രതികള്‍ക്ക് മുമ്പും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. മോഷണക്കേസില്‍ ഇരുവരും പിടിയിലായിട്ടുണ്ട്. അന്ന് പ്രായത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം. ഒമ്പതാം ക്ലാസിൽ വച്ച് മുമ്പ് സ്കൂളിൽ നിന്നും പുറത്താക്കിയിരുന്നു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു നടപടി. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 8:45 നായിരുന്നു സംഭവം. തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെട്ടു. രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം എത്തിയത് ലിവിന്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
by Midhun HP News | Jan 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സംസ്ഥാനത്തെത്തും. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാജേന്ദ്ര ആർലേക്കറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. നാളെയാണ് ഗവർണർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക.
വ്യാഴാഴ്ച രാവിലെ 10.30 ന് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാറിന് മുമ്പാകെയാണ് രാജേന്ദ്ര ആർലേക്കർ സത്യപ്രതിജ്ഞ നടത്തുക. ബിഹാറിൽ നിന്നാണ് രാജേന്ദ്ര ആർലേക്കറെ കേരള ഗവർണറായി മാറ്റി നിയമിച്ചത്.
ആര്‍എസ്എസിലൂടെ വളര്‍ന്നു വന്ന നേതാവാണ് ഗോവ സ്വദേശിയായ 70 കാരൻ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍. ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് ആര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ഗോവയില്‍ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ തിളങ്ങിയിരുന്നു. ആര്‍ലേകര്‍ സ്പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്.
Recent Comments